മനം മാറുന്ന (ഐഷ) പോറ്റിമാരും കനവു കാണുന്ന കാവിപ്പടയും

JANUARY 14, 2026, 7:44 AM

വി.ഡി.സതീശനും കൂട്ടരും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞതു പോലെയാണ് കാര്യങ്ങൾ. കേരളത്തിൽ ഇനി അധികാരത്തിലേക്ക് അരനാഴിക മാത്രം. രാഷ്ട്രീയ കേരളത്തിലെ കൊച്ചുകൊച്ചു ഭൂകമ്പങ്ങൾ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസത്തിന്റെ കോട്ടകൾ അനുദിനം തകർക്കുകയണോ? രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരപ്പിക്കും വിധമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കിട്ടിയ ജനപിന്തുണ. തൊട്ടു പിന്നാലെ, സി.പി.എമ്മിന്റെ മുഖങ്ങളായി വാർത്താ ചാനലുകളിലും മറ്റും പരിലസിച്ചിരുന്നവർ പോലും ഇടതുപക്ഷത്തെ കയ്യൊഴിഞ്ഞ് മറുകണ്ടം ചാടുന്ന ദയനീയ കാഴ്ചയാണ് കേരളം കണ്ടത്.

സി.പി.എമ്മിന് വേണ്ടി കള്ളം പറഞ്ഞ് മടുത്തു എന്നാണ് അവരിൽ ഒരാൾ പറഞ്ഞത്. മുഖച്ഛായ മിനുക്കാൻ പി.ആർ. ഏജൻസികളെയും സർക്കാർ വകുപ്പുകളെയും മുന്നിൽ നിർത്തി കോടികൾ മുടക്കുന്നതിനിടെയാണ് സ്വന്തം പാളയത്തിൽ നിന്ന് പിണങ്ങി പോകുന്നവരുടെ വക തിരിച്ചടി. ചില വക്താക്കൾ പോയത് ബി.ജെ.പിയിലേക്കാണ് എന്നറിയുമ്പോഴാണ് അറിയാതെ പോകുന്ന അന്തർധാരകൾ ഇടതു നേതൃത്വത്തെ ഞെട്ടിക്കുന്നത്. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാൽ വികസനമുണ്ടാവില്ലെന്നും പറഞ്ഞുകൊണ്ടാണ് സി.പി.എം സഹയാത്രികൻ റെജി ലൂക്കോസ് കളം വിട്ടത്.

ഇടുക്കിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നരോപിച്ചു പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട സി.പി.എം മുൻ എം.എൽ.എ എസ്.രജേന്ദ്രൻ ബി.ജെ.പിയിലേക്ക് എന്ന് ഉറപ്പിച്ചു കഴിഞ്ഞു. സി.പി.എമ്മുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് 'രജേന്ദ്രൻ ഓപ്പറേഷന് ' പിന്നിൽ. ബി.ജെ.പി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട് രജേന്ദ്രൻ. വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. അത് വികസനവുമായി ബന്ധപ്പെട്ടതുകൂടിയാണ് രജേന്ദ്രൻ അടിവരയിടുന്നു.

vachakam
vachakam
vachakam

ബി.ജെ.പി കേരളത്തിൽ പ്രയോഗിക്കുന്ന വികസന മന്ത്രം കുറേശെ എങ്കിലും ഏൽക്കുന്നു എന്നാണ് ഇതെല്ലാം നൽകുന്ന സൂചന. കോഴിക്കോട് കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സുപ്രധാന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം ബി.ജെ.പി സ്വന്തമാക്കി. എൽ.ഡി.എഫ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് ഈ വിജയം കൈവന്നത്. പാലക്കാട് സി.പി.എം മുൻ ഏരിയ സെക്രട്ടറി വി.ആർ.രാമകൃഷ്ണൻ ബി.ജെ.പിയിൽ ചേർന്നു. 42 വർഷം അട്ടപ്പാടിയിലെ സി.പി.എം സജീവ പ്രവർത്തകനായിരുന്ന വി.ആർ.രാമകൃഷ്ണൻ അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷിക്കുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ ഇത്തരം കാഴ്ചകൾ സാധാരണമാകും എന്ന് വേണം കരുതാൻ.

അതിനിടെ, കേരളത്തിൽ ബി.ജെ.പിയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതിൽ തങ്ങളുടെ വീഴ്ചകൾ സി.പി.എം സമ്മതിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബി.ജെ.പിയുടെ വളർച്ചയിൽ ആശങ്ക ഉയർത്തിക്കൊണ്ടുള്ള കരട് പ്രമേയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ ബി.ജെ.പിയെ നേരിടുന്നതിൽ പാർട്ടിയുടെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര നിലപാടുകളിലെ പോരായ്മകൾ എടുത്തുകാണിച്ച രാഷ്ട്രീയ പ്രമേയം സി.പി.എം നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ഐഷയെ പോറ്റിയില്ല

vachakam
vachakam
vachakam

സി.പി.എം ബാനറിൽ മൂന്നുതവണ എം.എൽ.എയായ ഐഷ പോറ്റി കോൺഗ്രസ് പാളയത്തിൽ എത്തിയത് അക്ഷരാർത്ഥത്തിൽ ഇടതിനെ ഞെട്ടിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അയച്ചുകൊടുത്ത കാറിൽ ലോക് ഭവന് മുന്നിലെ കോൺഗ്രസിന്റെ സമരപ്പന്തലിൽ ഐഷ പോറ്റി വന്നിറങ്ങിയപ്പോഴാണ് പാർട്ടി അകറ്റിനിർത്തിയ നേതാവിനെ കോൺഗ്രസ് കൊണ്ടുപോയ കാര്യം പുറംലോകം അറിഞ്ഞത്. ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ ഒരു വർഷം മുമ്പ് ഐഷയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അന്നുമുതൽ നടന്ന രഹസ്യ ചർച്ചകൾക്കൊടുവിലാണ് ഹൈക്ക്മാന്റിന്റെ അനുമതിയോടെ സി.പി.എം നേതാവിന്റെ കോൺഗ്രസ് പ്രവേശം. പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലാതെ സി.പി.എമ്മിൽ തുടരാൻ താൻ അടിമയല്ല എന്നാണ് അവരുടെ തുറന്നുപറച്ചിൽ. ചുരുക്കത്തിൽ, സി.പി.എം അസംതൃപ്തരെ തങ്ങളിലേക്ക് ആകർഷിക്കാൻ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന നീക്കങ്ങൾ ലക്ഷ്യം കാണുന്നുവെന്ന് വേണം തിരിച്ചറിയാൻ.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ലക്ഷ്യമാണെങ്കിൽ ബി.ജെ.പിക്ക് അതൊരു ചവിട്ടുപടിയാണ്. ആ കണക്കുകൂട്ടലിലാണ് ഇരു പാർട്ടികളുടെയും ദേശീയ നേതൃത്വം ഉൾപ്പെടെ സംസ്ഥാനത്ത് മുൻപെങ്ങും കാണാത്ത വിധം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതോടെ ആത്മവിശ്വാസം വർദ്ധിച്ച കേരള ബി.ജെ.പിയെ സജീവമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ തലസ്ഥാനത്ത് നേരിട്ടെത്തി. മിഷൻ കേരളം 2026 എന്ന മൂന്നിന അജണ്ടയുമായി എത്തിയ അമിത് ഷാ, കേരളത്തിൽ ബി.ജെ.പി മുഖ്യമന്ത്രി വരുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോഴത്തെ മുന്നേറ്റം ഒരു തുടക്കം മാത്രമാണെന്നും കേരളത്തിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനൊപ്പം നിയമസഭാ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം സർവ്വേ പൂർത്തിയാക്കുകയും ചെയ്തു.

തിരുവനന്തപുരം കൂടാതെ കാസർഗോഡ്, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകൾ കൂടി ശ്രദ്ധാ കേന്ദ്രമാക്കാനാണ് ബി.ജെ.പിയുടെ നീക്കം. പാർട്ടിയുടെ പ്രൊഫഷണൽ സംഘത്തിൽ പെട്ട മൂന്നു പേരാണ് ഇതിനായി നിയോഗിക്കപ്പെട്ടത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം, സംസ്ഥാന ബി.ജെ.പിയിലെ മത്സരസാധ്യത്തിലുള്ള നേതാക്കളെ കുറിച്ചും രഹസ്യമായ സർവേയാണ് കേന്ദ്രം നടത്തിയത്. ജില്ലാ നേതാക്കൾ പോലും അറിയാതെയായിരുന്നു നീക്കം. ബി.ജെ.പിയുടെ കണക്കുകൂട്ടലിൽ 40 നിയമസഭാ മണ്ഡലങ്ങളിൽ 35% വോട്ട് വിഹിതം ഉണ്ടെന്നാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഗതി മനസ്സിലാക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ചുരുക്കത്തിൽ, സംസ്ഥാനത്തെ പകുതി ജില്ലകളിലെങ്കിലും വലിയ മുന്നേറ്റം നടത്തണമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾ സംബന്ധിച്ച് കേരളത്തിലെ ന്യൂനപക്ഷം അസ്വസ്ഥരാണെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്. അതിനെ മറികടക്കാനുള്ള ഇടപെടലുകളാണ് ബി.ജെ.പിക്ക് മുന്നിലുള്ള വലിയ കടമ്പ.

vachakam
vachakam
vachakam

കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഉപരോധിക്കുന്നുവെന്ന സംസ്ഥാന സർക്കാരിന്റെ വാദം ശരിയല്ലെന്ന് തെളിയിക്കണമെങ്കിൽ വരും മാസങ്ങളിൽ ബജറ്റിന്റെ പടിവാതിൽക്കൽ എങ്കിലും ഉദാര സമീപനം കൂടിയേ തീരൂ. എന്നാൽ കേന്ദ്രത്തിനെതിരായ സമരമുഖങ്ങളിൽ പിണറായി വിജയൻ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന് ആക്ഷേപവുമായി കോൺഗ്രസ് സജീവമാണ്. കേന്ദ്രത്തെ പ്രീണിപ്പിച്ചു കൊണ്ടാണ് ഇ.ഡി. കേസുകൾ ഉൾപ്പെടെ തലയ്ക്കു മീതെ നിൽക്കുന്ന മാരണങ്ങളെ പിണറായി വിജയൻ മറികടക്കുന്നത് എന്നാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. ഇതിനെയും ന്യായീകരിക്കണം. അതിനിടെ എ.ഐ.സി.സി സ്‌ക്രീനിംഗ് കമ്മിറ്റി സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് എത്തിയതും ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗംതന്നെ.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വളരെ സൂക്ഷ്മമായി നടത്തണമെന്ന ധാരണയാണ് അവർക്കുള്ളത്. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനമാണ് കോൺഗ്രസിന്റെ മുന്നിലെ കീറാമുട്ടി. സ്ഥാനാർഥികളെ സംബന്ധിച്ച് സ്വകാര്യ ഏജൻസികൾ നടത്തിയ സർവ്വേ,തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ റിപ്പോർട്ട് എന്നിവയാണ് കോൺഗ്രസ് നേതൃത്വത്തിനു മുന്നിലെ വഴികാട്ടികൾ. ഫെബ്രുവരി രണ്ടാം വാരം സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് നടത്തുമെന്നാണ് സൂചന.

ലൂക്കായുടെ സുവിശേഷം

ഇടതുപക്ഷം വിട്ട് കേരള കോൺഗ്രസ് മാണി വിഭാഗം യു.ഡി.എഫിൽ ചേക്കേറും എന്ന വലിയ രാഷ്ട്രീയ അഭ്യൂഹത്തിന് താൽക്കാലിക വിരാമം ഇട്ടിരിക്കുകയാണ് ചെയർമാൻ ജോസ് കെ. മാണി. അത്തരം ഒരു നീക്കം ഇല്ലെന്ന് ജോസ് മാധ്യമങ്ങളോട് തറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. എങ്കിലും അടുത്ത ദിവസം ചേരുന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയിൽ മറിച്ചൊരു തീരുമാനം ഉണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് സംസ്ഥാന രാഷ്ട്രീയം. അങ്ങനെയെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പിണറായി വിജയന് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയായി അത് മാറും. ജോസ് കെ.മാണിയെ യു.ഡി.എഫ് പാളയത്തിൽ എത്തിച്ചാൽ അത് സി.പി.എമ്മിന് ഉണ്ടാക്കാവുന്ന നഷ്ടത്തേക്കാൾ യു.ഡി.എഫിന് ഉള്ളിലെ സമവാക്യങ്ങൾ താളം തെറ്റുമെന്ന അപകടം മറുവശത്തുണ്ട്.

പാലാ സീറ്റിനെ ചൊല്ലി മാണി സി. കാപ്പനും തൊടുപുഴയെ ചൊല്ലി പി.ജെ. ജോസഫും നടത്തുന്ന കടുംപിടുത്തങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയില്ല. മുസ്ലിംലീഗിന്റെ സീറ്റുകൾ,അധികാരം കിട്ടിയാൽ നടത്തേണ്ട പങ്കുവെപ്പുകൾ, മുന്നണി വിപുലീകരണം ജോസ് കെ. മാണിയുടെ വരവ് എന്നിവ കോൺഗ്രസിന് രാഷ്ട്രീയ കേരളത്തിന് മുന്നിൽ മേനി നടിക്കാൻ നല്ലതാണെങ്കിലും ആത്യന്തികമായി കടുത്ത സമ്മർദ്ദത്തിന് കീഴടങ്ങേണ്ടി വരും യു.ഡി.എഫ് എന്നത് തീർച്ച. ഇടതുമുന്നണി വിടുന്നില്ല എന്ന തീരുമാനം പാർട്ടിയുടെ 5 എം.എൽ.എമാരും ഒരേ മനസ്സോടെ സ്വീകരിക്കുമെന്നാണ് ചെയർമാന്റെ വാദം. എന്നാൽ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് ചോദ്യം അന്തരീക്ഷത്തിൽ ഉണ്ട്.

ബാർകോഴ കേസിൽപ്പെട്ട കെ.എം. മാണിയെ നിയമസഭയിൽ കാലു കുത്താൻ പോലും അനുവദിക്കാതെ നടന്ന സമരവും തുടർന്ന് എല്ലാം മറന്ന് കേരള കോൺഗ്രസ് എം. എൽ.ഡി.എഫിന്റെ ഭാഗമായതും ക്രൈസ്തവ സഭകൾക്ക് യോജിക്കാൻ ആവുന്നതായിരുന്നില്ല. എങ്കിലും നിങ്ങൾ എന്നെ ഓർത്ത് ദുഃഖിക്കേണ്ട എന്ന ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ട് ജോസ് കെ. മാണി എല്ലാ ഊഹപോഹങ്ങളെയും തള്ളിക്കളയുമ്പോഴും ഒന്നോർക്കാം, ഇത് കേരള കോൺഗ്രസാണ്. അധികാരമുള്ളിടത്ത് കേരള കോൺഗ്രസ് എം ഉണ്ടാവും എന്ന ജോസ് കെ. മാണിയുടെ വാക്യങ്ങൾക്ക് എന്താണ് യഥാർത്ഥ അർത്ഥം എന്ന് കാത്തിരുന്ന് കാണാം.

പ്രജിത്ത് രാജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam