ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തിയപ്പോള്‍ മുതല്‍ ട്രംപ് മുഖ്യ ചര്‍ച്ചാ വിഷയമാണ്. അതിന് കാരണം ഈ രണ്ട് രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ട്രംപ് എന്നത് തന്നെയാണ്. എന്നാല്‍ ഹമാസിന്റെ പേരില്‍ ഇസ്രായേല്‍ ഖത്തറില്‍ ആഞ്ഞടിച്ചപ്പോള്‍ അത് ട്രംപ് അറിയാതെ ആയിരിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അങ്ങനെയൊരു കാര്യം പറയാന്‍ ട്രംപിന് ഒരു മടിയുമില്ല. കാരണം നൊബേല്‍ ആണ്.
പറഞ്ഞുവന്നത് ഇസ്രായേല്‍ ഖത്തറിലെ ആക്രമണത്തെ കുറിച്ച് കാലേക്കൂട്ടി യുഎസിനെ അറിയിച്ചിരുന്നു എന്നതാണ്. എന്നിട്ടും വൈകി, അവസാന നിമിഷം മാത്രം അവരെ അത് ധരിപ്പിക്കാന്‍ തോന്നിയത് മറ്റൊന്നും കൊണ്ടല്ല. ഒടുവില്‍ തങ്ങളെ യുഎസ് അക്കാര്യം അറിയിച്ചുപോലുമില്ലെന്ന് ഖത്തറും പറയുമ്പോള്‍ പുറത്തുവരുന്നത് ട്രംപിന്റെ ഇരട്ട നീതിയോ എന്നത് ചോദ്യചിഹ്നമായി നില്‍ക്കും.
ആക്രമണം നിര്‍ത്താന്‍ കഴിയാത്ത വിധം സമയം വളരെ വൈകിപ്പോയി എന്ന് ട്രംപ് നിസംഗതയോടെ പറയുന്നത് ലോകം മുഴുവന്‍ കേട്ടുനിന്നതാണ്. എന്നാല്‍ ആക്രമണത്തെക്കുറിച്ച് നേരത്തെ തന്നെ ഇസ്രായേല്‍ അറിയിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് സമ്മതിച്ചുവെന്ന് അറിയുമ്പോഴാണ് ട്രംപിന്റെ നീക്കത്തിന്റെ ആഴം തിരിച്ചറിയുക. ദോഹയില്‍ ആക്രമണം ആരംഭിച്ച് പത്ത് മിനിറ്റിനുശേഷമാണ് അമേരിക്കയില്‍ നിന്ന് സന്ദേശം വന്നതെന്ന് ഖത്തര്‍ പറയുന്നു. ട്രംപിനെ എന്നും സഹായിക്കാന്‍ ശ്രമിച്ച അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഖത്തറിലാണ് ആക്രമണങ്ങള്‍ നടന്നത് എന്നതിനാല്‍ തന്നെ ഇപ്പോള്‍ ചോദ്യമുന ഉയരുന്നത് ട്രംപിന് നേരെയാണ്. അതിന് കാരണമാവുന്നത് മറുവശത്തുള്ളത് യുഎസിന്റെ അടുത്ത കൂട്ടരായ ഇസ്രായേല്‍ ആണെന്നതാണ്.
ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദ്ദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഹമാസിന്റെ രാഷ്ട്രീയ നേതൃത്വം ദോഹയില്‍ ഒത്തുകൂടിയപ്പോഴാണ് ഇസ്രായേലി ആക്രമണം ഉണ്ടായത്. നൊബേല്‍ സമ്മാനം എന്ന തന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ട്രംപ് പരിശ്രമിക്കുന്നതിന്റെ സൂചനകളാണ് ഇക്കാണുന്നതെന്ന് ചില നയതന്ത്രജ്ഞര്‍ പറയുന്നത്.
നാല് മാസം മുമ്പ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശന വേളയിലാണ് 400 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 'പറക്കുന്ന കൊട്ടാരം' എന്ന് വിളിക്കപ്പെടുന്ന ഒരു ആഡംബര ബോയിംഗ് 747-8 ജെറ്റ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. മാത്രമല്ല യുഎസിന്റെ നിലവിലെ ഏറ്റവും അടുത്ത സഖ്യ കക്ഷികളില്‍ ഒരാളാണ് അവര്‍. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ അല്‍ ഉദൈദ് എയര്‍ ബേസ് ഇവിടെയാണ് ഉള്ളത്.
ഖത്തറില്‍ നിന്ന് 243.5 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക കരാറുകളും ട്രംപ് കഴിഞ്ഞ സന്ദര്‍ശന വേളയില്‍ നേടിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിലും ഖത്തര്‍ അകമഴിഞ്ഞ് സഹായിച്ചു. ഒപ്പം മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമങ്ങളില്‍ യുഎസിന്റെ വലംകൈ ആയി അവരുണ്ടായിരുന്നു. ഇപ്പോഴത്തെ ഏറ്റവും പുതിയ സാഹചര്യങ്ങളില്‍ ട്രംപിന്റെ നിലപാട് ഖത്തര്‍ എങ്ങനെ നോക്കി കാണുമെന്നതാണ് പ്രധാനം.
നിലവില്‍ ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ഏതാണ്ട് പരാജയമാണ് എന്ന നിഗമനത്തിലാണ് പലരും. കാരണം ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും സുരക്ഷിതരാണ്. ഇനി ഇതിന്റെ പേരില്‍ യുഎസും ഖത്തറും തമ്മില്‍ പിണങ്ങുമോ എന്നതാണ് കണ്ടറിയേണ്ടത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1