ഉറങ്ങിക്കിടന്ന കോൺഗ്രസിന്റെ ഭൂപടത്തിൽ റിക്ടർ സ്‌കെയിലിൽ വൻ ചലനം സൃഷിക്കാനാണോ ശരി തരൂർ ഇടതുപക്ഷ വാഴ്ത്ത് നടത്തിയതെന്ന് സംശയിക്കുന്നവരുടെ കൂട്ടത്തിൽ ഇതെഴുതുന്നയാളുമുണ്ട്. ഒന്നോർത്താൽ മടിയന്മാരുടെ മടയിൽ എന്ന പോലെ, അധികാര നഷ്ടത്തിന്റെ പാപ ബോധവുമായി ദിനരാത്രങ്ങൾ തള്ളി നീക്കുന്നിടത്തേക്കാണ് തരൂരിയൻ മിസൈൽ വന്നു വീണത്.
എല്ലാം നല്ലതിനെന്ന പോലെ വിവാദം ഉണർവിനുള്ള ദിവ്യൗഷധമായി മാറുന്ന കാഴ്ച. ഇല്ലെങ്കിൽ വി.ഡി. സതീശൻ പതിവു പത്രസമ്മേളന വ്യായാമം നടത്തി, കേവലം പ്രസ് റിലീസ് ഇരട്ടക്കോളം വാർത്തകളും ചാനൽ ഹെഡ് ലൈനിൽ രണ്ടു വരി തലക്കെട്ടുമായി ഒതുങ്ങുമായിരുന്നു. ഇപ്പോഴിതാ പഴയ കണക്കു പുസ്തകങ്ങൾ ജനങ്ങൾക്കു മുന്നിൽ വിസ്തൃതമായിരിക്കുന്നു. ഹൈക്കമാന്റു വരെ കൊച്ചു കേരളത്തിന്റെ വ്യാവസായിക വളർച്ചാ വിവാദത്തിൽ പങ്കുചേർന്ന് വെട്ടും തിരുത്തുമായി കളത്തിലിറങ്ങുന്നു.
ഇതിന്റെയെല്ലാം ഗുണം കിട്ടുന്നത് കോൺ ഗ്രസിനു തന്നെയല്ലേ? സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി സഹകരിച്ച് പോകാമെന്ന് തരൂർ ഹൈക്കമാന്റിന് ഉറപ്പു നൽകി തലയൂരുകയും ചെയ്തു. വികസന വിഷയം ചർച്ചയാകുമ്പോൾ പണ്ട് നിയമസഭയിൽ കാര്യങ്ങൾ പഠിച്ച് അവതരിപ്പിച്ചിരുന്ന പഴയ വി.ഡി. സതീശനെ കോൺഗ്രസിന് തിരിച്ചു കിട്ടുകയാണ്. ഇടക്കാലത്ത് മുഖ്യധാരാ മാധ്യമങ്ങളുടെ ഇടതു വിരുദ്ധ പ്രചാരവേലകളുടെ മാത്രം ചുവടുപിടിച്ച് പ്രതിപക്ഷ ദൗത്യം വഴിപാടു പോലെ നിർവഹിച്ചിരുന്ന സതീശൻ, തരൂർ വിവാദത്തോടെ യാഥാർത്ഥ്യം കണ്ടെത്തി ജനസമക്ഷം അവതരിപ്പിക്കാൻ സന്നദ്ധനാവുകയാണ്. ഇതൊരു മാറ്റമാണ്.
അറിഞ്ഞോ അറിയാതെയോ ശശി തരൂർ എന്ന വിശ്വപൗരൻ കൊണ്ടുവന്ന മാറ്റം. ഖദർധാരികളെ എക്കാലത്തും അമ്പരപ്പിക്കുകയും ഭാഷകൊണ്ടും അറിവു കൊണ്ടും വിസ്മയിപ്പിക്കുകയും ചെയ്യുന്ന തരൂർ, പിണറായി സ്തുതിയോടെ നിർവഹിച്ചത് ചരിത്ര ദൗത്യം തന്നെ. ഇതോടെ പാർട്ടി മുഖപത്രവും ഉണർന്നു. എൽ.ഡി.എഫിന്റെ മുൻകാല 'പാപങ്ങൾ' എണ്ണിപ്പറഞ്ഞ് വീക്ഷണം എഡിറ്റോറിയൽ എഴുതി. പതിറ്റാണ്ടുകളായി, എൽ.ഡി.എഫ് വികസനത്തെ ചെറുക്കുകയും നിക്ഷേപത്തെ തടയുകയും ചെയ്തുവെന്ന് സ്ഥാപിക്കാൻ പത്രം പട്ടിക നിരത്തി.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി എ.കെ. ആന്റണി സർക്കാർ വിളിച്ചുചേർത്ത ആഗോള നിക്ഷേപക സംഗമം സി.പി.എം ബഹിഷ്‌കരിച്ചു. ഏഷ്യൻ വികസന ബാങ്ക് (എഡിബി) ഉദ്യോഗസ്ഥരുടെ നേരെ സി.പി.എം എഞ്ചിൻ ഓയിൽ ഒഴിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ മുൻ എൽ.ഡി.എഫ് സർക്കാർ ബുൾഡോസറുകൾ ഉപയോഗിച്ച് ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മനഃപൂർവം തകർത്തു. സ്വകാര്യ സർവകലാശാലകളെയും കമ്പ്യൂട്ടർവൽക്കരണത്തെയും എതിർത്തു. യു.ഡി.എഫ് സർക്കാരിന്റെ കീഴിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് നേതൃത്വം നൽകിയപ്പോൾ സ്വകാര്യ സർവകലാശാലകൾ നിർദ്ദേശിച്ചതിന് നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു.
'നെൽവയലുകൾ സംരക്ഷിക്കാൻ' സി.പി.എം പ്രവർത്തകർ നാണ്യവിളകൾ നശിപ്പിച്ചു. ഇങ്ങനെ നീണ്ടു കുറ്റപത്രം ! അതിനിടെ, ഇംഗ്ലീഷ് വായിക്കാൻ അറിയാവുന്നവർക്ക് തന്റെ ലേഖനം മനസ്സിലാകുമെന്ന് പറഞ്ഞ ശശി തരൂരിനും മറുപടി. ആരാച്ചാർക്ക് അഹിംസ മറുപടിയോ എന്ന തലക്കെട്ടിൽ ഒരുപിടി ഉപമകളോടെ തരൂരിന്റെ പേരെടുത്ത് പറയാതെ തന്നെ രൂക്ഷമായ വിമർശനമാണ് മുഖപ്രസംഗത്തിൽ നിറഞ്ഞത്. കർക്കടക സന്ധ്യയിൽ രാമസ്തുതി ചെല്ലേണ്ടിടത്ത് രാവണസ്തുതി അരുതെന്നും, കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കിയത് സി.പി.എമ്മെന്നും വിമർശനം.
എഴുതിയതിൽ നിന്ന് പിന്നാക്കം പോകാൻ തരൂർ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയതോടെ, ലേഖനത്തെ തള്ളിയും തിരുത്തിയും കോൺഗ്രസ് നേതാക്കൾ സജീവമായി. തരൂരിന്റെ ലേഖനം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അടിക്കാനുള്ള വടിയായി. അതിനിടെ, മുന്നണിപ്പോരാളിയെന്ന റോളിൽ മുസ്ലിംലീഗും വിഷയത്തിലേക്ക് ചാടിവീണു. കുറച്ചുകാലമായി കോൺഗ്രസ് നേതൃത്വവുമായി തണുപ്പൻ ബന്ധം സൂക്ഷിക്കുന്ന ലീഗിന് പണ്ട് അവർ കൈകാര്യം ചെയ്തിരുന്ന വകുപ്പിനെ ചൊറിഞ്ഞപ്പോൾ മിണ്ടാതിരിക്കാനായില്ല. കേരളത്തിൽ വ്യവസായവളർച്ചക്ക് അടിത്തറയിട്ടത് യു.ഡി.എഫ് സർക്കാറുകളാണെന്നും ഇടതുപക്ഷത്തിന്റെ വികസനവിരുദ്ധ സമീപനമാണ് വളർച്ചക്ക് തടസ്സമായിരുന്നതെന്നും മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്റ്റാർട്ടപ്പുകൾക്കുള്ള പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ തുടങ്ങിയത് യു.ഡി.എഫാണ്. എറണാകുളത്തെ കാക്കനാട് കുറുക്കൻ മേഞ്ഞിരുന്ന സ്ഥലമാണ്. ആന്റണി സർക്കാറിന്റെ കാലത്ത് കൊച്ചിയെ ഐ.ടി കേന്ദ്രമാക്കാൻ ഇൻഫോപാർക്കും മറ്റും തുടങ്ങിയാണ് കാക്കനാടിനെ ഇന്നു കാണുന്ന രീതിയിലാക്കിയത്. വ്യവസായമന്ത്രി മാതൃകാപരമെന്നു പറഞ്ഞ കാക്കഞ്ചേരി പാർക്ക്, അതിനെത്തുടർന്ന് വന്നതാണ് കിൻഫ്ര. ഡിജിറ്റൽ കേരള ആയത് അക്ഷയ വന്നതിനാലാണ്. കെ. കരുണാകരൻ, ആന്റണി, ഉമ്മൻചാണ്ടി സർക്കാറുകളുടെ കാലത്തും വ്യവസായ ഭൂപടത്തിൽ വമ്പിച്ച മാറ്റമാണുണ്ടാക്കിയത്. യു.ഡി.എഫ് സർക്കാറിന്റെ എല്ലാ വികസനപദ്ധതികളും ഇടതുപക്ഷം തടഞ്ഞു. എന്നാൽ, യു.ഡി.എഫ് പ്രതിപക്ഷത്തായപ്പോൾ വികസനത്തിനായി സഹകരിച്ചിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങൾ ലീഗ് നിരീക്ഷിക്കുകയാണെന്നും വേണ്ട സമയത്ത് നിലപാട് പറയുമെന്നും കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
സത്യത്തിൽ, ഈ വിവാദം പലർക്കും ഒരു വെടിക്ക് രണ്ടു പക്ഷിയെ വീഴ്ത്താനുള്ള അവസരമായിരുന്നു. അതിൽ ഒരു പക്ഷി പിണറായി വിജയൻ ആണെങ്കിൽ മറ്റേ പക്ഷി സ്വന്തം കൂട്ടിലെ ശശി തരൂർ തന്നെ. യു.ഡി.എഫ് കൺവീനർ എം.എം. ഹസന്റെയും മറ്റും പ്രതികരണം അതാണ് തെളിയിച്ചത്. ഇടതുഭരണത്തിലെ വ്യവസായ പുരോഗതിയെക്കുറിച്ച് ശശി തരൂർ എം.പി ലേഖനത്തിൽ പറഞ്ഞതെല്ലാം അടിസ്ഥാനരഹിതവും വസ്തുത മനസ്സിലാക്കാത്തതുമാണെന്ന് ഹസൻ വിലയിരുത്തി.
വ്യക്തിപരമായി തരൂരിനെ ആക്രമിക്കാനും ഹസൻ മുതിർന്നു. സ്വന്തം മണ്ഡലത്തിൽ ഒരു സംരംഭം തുടങ്ങാൻ എത്രകാലം കാത്തിരിക്കണമെന്ന് അന്വേഷിച്ചിട്ട് ലേഖനം എഴുതിയാൽ അഭിപ്രായത്തിന് വില കൽപിക്കുമായിരുന്നു എന്നാണ് ഹസന്റെ പരിഹാസം. സംസ്ഥാനത്ത് രണ്ട് മിനിറ്റ് കൊണ്ട് ലൈസൻസ് കിട്ടിയ സംരംഭകരുടെ 10 കേസുകൾ ഉദാഹരണമായി തരൂർ ചൂണ്ടിക്കാണിക്കണം. ഇത് കമ്യൂണിസ്റ്റ് സർക്കാറാണെന്ന് തരൂരല്ലാതെ ആരും പറയില്ല. ഇത് കാപിറ്റലിസ്റ്റ് കമ്യൂണിസ്റ്റ് സർക്കാറാണ്. ഗ്ലോബൽ ഇൻവസ്റ്റേഴ്‌സ് മീറ്റിനെ എതിർക്കുകയും സ്മാർട്ട് സിറ്റിയെ റിയൽ എസ്റ്റേറ്റ് കച്ചവടമെന്ന് ആക്ഷേപിക്കുകയും വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം ചെയ്യുകയുമാണ് അവർ ചെയ്തത്.
തരൂർ തനിച്ചല്ല
താൻ രാഷ്ട്രീയത്തിൽ വന്നത് ഫുൾടൈം രാഷ്ട്രീയക്കാരനായിട്ടല്ല. അതുകൊണ്ട് എല്ലാക്കാര്യത്തിലും രാഷ്ട്രീയക്കാരനെപ്പോലെ ചിന്തിക്കില്ല, എല്ലാവർക്കുമുള്ള മറുപടി എന്ന പോലെ ശശി തരൂർ നിലപാട് വ്യക്തമാക്കി. നമ്മൾക്ക് നമ്മുടെ മക്കളെ ഈ സംസ്ഥാനത്തുതന്നെ നിർത്തേണ്ടേ? അതിന് തൊഴിൽ സാധ്യതകൾ വേണ്ടേ? അതിനായി പുതിയ ബിസിനസ് സ്ഥാപിക്കണ്ടേ? ആ ബിസിനസിനുവേണ്ടി പുതിയ നിക്ഷേപങ്ങളുണ്ടാവണ്ടേ? ഇത് ഒന്നര പതിറ്റാണ്ടായി പറയുന്നു തരൂർ വിശദീകരിച്ചു.
എളമരം കരീം മന്ത്രിയായിരുന്നപ്പോൾ ന്യൂയോർക്കിൽ വന്നപ്പോൾ സ്വന്തം ചിലവിൽ 40 നിക്ഷേപകരെ വിളിച്ച് ഒരു പ്രസന്റേഷൻ അവതരിപ്പിക്കാനും കേരളത്തിൽ നിക്ഷേപം നടത്താനും അവരോടാവശ്യപ്പെട്ട മലയാളിയാണ് താനെന്നും ശശി തരൂർ പറഞ്ഞു. എന്നാൽ അവരാരും കേരളത്തിൽ നിക്ഷേപം ചെയ്യാൻ തയ്യാറായില്ല. അതെന്തുകൊണ്ടാണെന്ന് അവരോട് ചോദിച്ചപ്പോൾ കേരളത്തിലെ സർക്കാരിനെ വിശ്വാസമില്ലെന്നാണ് നിക്ഷേപകർ പറഞ്ഞത്.
കേരളത്തിലേതുപോലെ അറിവും സാക്ഷരതയുമുള്ള ജോലിക്കാരെ എവിടെനിന്നുകിട്ടും എന്ന് ചോദിച്ചപ്പോൾ തമിഴ്‌നാട്ടിലെ മലയാളികളായ തൊഴിലാളികളുമായി ക്രോസ് ചെയ്ത് പ്രവർത്തിക്കും,
അവിടെ ചുവന്ന കൊടിയുടെ തടസമുണ്ടാവില്ലെന്നാണ് ഒരു മലയാളിതന്നെ പറഞ്ഞത്. കേരളത്തിൽ നിക്ഷേപം വരാനുള്ള ബുദ്ധിമുട്ട് ചുവന്ന കൊടി ഉയർത്തിനടക്കുന്ന പാർട്ടിതന്നെ മാറ്റിയത് സ്വീകരിക്കപ്പെടേണ്ട കാര്യമല്ലേ? അവർ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ തയ്യാറാണെങ്കിൽ വരാൻ പോകുന്ന വർഷങ്ങളിൽ വേറെ ഒരു പാർട്ടി വന്ന് അതിനെ എതിർക്കാതിരിക്കട്ടേ എന്നാണ് ആ ലേഖനത്തിലൂടെ താൻ ചൂണ്ടിക്കാണിച്ചതെന്നും തരൂർ വ്യക്തമാക്കി. വിവാദങ്ങൾക്കിടയാക്കിയ ശശി തരൂർ എം.പിയുടെ വിവാദ ലേഖനത്തിന് ആധാരമായ റിപ്പോർട്ട് തയാറാക്കിയത് 'സ്റ്റാർട്ടപ് ജിനോം' എന്ന സ്വകാര്യ കൂട്ടായ്മയാണ്. കേരള സ്റ്റാർട്ടപ് മിഷനെ പോലെ ലോകത്തെ വിവിധ പൊതു/സ്വകാര്യ ഏജൻസികളും മന്ത്രാലയങ്ങളുമാണ് ഇവരുടെ ഉപഭോക്താക്കൾ. സ്വന്തം കക്ഷികൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയാറാക്കുന്ന ഡേറ്റകളാണ് ആധികാരികമെന്ന നിലയിൽ ഇവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളുടെ അവലംബം. ഈ റിപ്പോർട്ടിനെ തരൂർ അക്കാദമികമായി സമീപിച്ചതാണ് ഭരണപക്ഷത്തിന് വലിയ പ്രചാരണായുധമായത്.
അതിനിടെ, ഡി.വൈ.എഫ്. ഐ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ് ഫെസ്റ്റിലേക്ക് ശശി തരൂരിനെ നേരിട്ടു ക്ഷണിച്ചും ഇടതുപക്ഷം രാഷ്ട്രീയം കളിച്ചു. തരൂർ എല്ലാ മാസവും ലേഖനമെഴുതുന്നുണ്ട്. എഴുതിയത് തെറ്റാണെങ്കിൽ അടുത്ത മാസം തിരുത്താമെന്ന് പറയുന്ന തരൂർ പക്ഷേ, തെറ്റ് ബോധ്യപ്പെടുത്തണം എന്നും ആവശ്യപ്പെട്ടു. ശശി തരൂർ ചെയ്തതിൽ വലിയ തെറ്റൊന്നുമിലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും ഇതിന് അടിവരയിട്ടു. ആര് നല്ല കാര്യം ചെയ്താലും അംഗീകരിക്കണം. വികസനത്തിന് ആര് മുൻകൈയെടുത്താലും തപ്പുകൊട്ടണം. കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ച് എഴുതിയതല്ല. സ്റ്റാർട്ടപ്പിനെക്കുറിച്ചാണ് ലേഖനം.
ഈ സർക്കാറിനോ മുന്നണിക്കോ 100 ശതമാനം മാർക്ക് കൊടുത്തിട്ടില്ല, വിവാദത്തിനും തരൂർ അടിവരയിട്ടു. മുന്നണികൾക്ക് കേരളത്തിന്റെ വിരിമാറിലൂടെ ഒരു വാഹന പ്രചാരണ ജാഥയോ നാൽക്കവലകളിൽ വിശദീകരണ യോഗങ്ങളോ നടത്തിയാൽപ്പോലും കിട്ടാത്ത ജനശ്രദ്ധയും ഏകോപനവും സൃഷ്ടിക്കാൻ ഈ ഫെബ്രുവരി വിവാദത്തിനായി. അതു തന്നെ അതിന്റെ ഗുണഫലമെന്ന് കോൺഗ്രസുകാരെങ്കിലും തിരിച്ചറിഞ്ഞാൽ മതി. പാളയത്തിൽപ്പട മാറ്റിവച്ചാൽ. പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പും തുടർന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിലുള്ള രാഷ്ട്രീയ ചുറ്റുപാടിൽ.
പ്രജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1