നവമാധ്യമങ്ങളിലൂടെ കടന്നുവരുന്ന ചില നുറുങ്ങുകൾ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കാറുണ്ട്. അത്തരമൊന്ന് കഴിഞ്ഞ ദിവസം കാണാനിടയായി. കേരളത്തിലെ ഒരു ക്ലാസ് മുറിയാണ് രംഗം. അക്ഷരവെളിച്ചത്തിലേക്ക് കടന്നുവരുന്ന കൊച്ചുകുട്ടികൾ. മിക്കവാറും എൽകെജിയോ യുകെജിയോ അങ്ങേയറ്റം വന്നാൽ ഒന്നാം ക്ലാസോ, നിഷ്‌കളങ്കമായ നിരവധി ചോദ്യങ്ങൾ ഉയരുന്ന പ്രായം. ചിലതൊക്കെ മുതിന്നവർക്ക്‌പോലും അറിവില്ലാത്തതും അത്ഭുതം ഉളവാക്കുന്നതും ആവാം. യൂണിഫോം ഫ്രോക്കിട്ട ഒരു ബാലിക ടീച്ചറിനോടൊരു ചോദ്യം ചോദിക്കുന്നു. 'ഈ ഗാന്ധിജി എന്താ കുപ്പായം ഇടാത്തത്, ചൂട് എടുത്തിട്ടാ....'
ടീച്ചറുടെ മറുപടി. 'അല്ല, ഗാന്ധിജി കുപ്പായമിടാഞ്ഞതേ.. അന്ന് നമ്മുടെ ഇന്ത്യയിൽ, ഒരുപാട് ആളുകൾക്ക് അന്നേരം കുപ്പായം ഇല്ലായിരുന്നു, അപ്പോ ഗാന്ധിജി പറഞ്ഞു എല്ലാവർക്കും കുപ്പായം ഇല്ലെങ്കിലേ ഞാൻ കുപ്പായം ഇടുന്നില്ലേ എന്ന്... ചൂട് എടുത്തിട്ടല്ല ട്ടോ' ഒരു എൽകെജി കുട്ടിയോട് ഇതുപോലുള്ള കാര്യങ്ങൾ അതു പറയേണ്ട ഈണത്തിൽ ടീച്ചർ പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ വിടർന്ന കണ്ണുകൾ കൂടുതൽ തിളക്കമുള്ളതായി. കാര്യം മനസിലായപോലൊരു മൂളലും വന്നു. ടീച്ചർ പറഞ്ഞതിന്റെ ആഴത്തിലുള്ള അർത്ഥം ഒരുപക്ഷേ ആ കുഞ്ഞിന് പൂർണമായി മനസിലായിട്ടുണ്ടാവില്ല. പക്ഷേ, ഗാന്ധിജിയെക്കുറിച്ചും രാജ്യത്തെക്കുറിച്ചും ആ കുഞ്ഞു മനസിൽ പലതും പതിഞ്ഞിട്ടുണ്ടാവും.
രാജ്യത്തെമ്പാടും മഹാത്മാഗാന്ധിയുടെ നിരവധി ഫോട്ടോകൾ കാണാനാവും. തെരുവുകളിൽ പ്രതിമകളും. ഈ പിഞ്ചുകുട്ടിയും അതെവിടെങ്കിലും കണ്ടിട്ടുണ്ടാവും. ഷർട്ടിടാത്ത, പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നു, ചിലപ്പോൾ ഒരു മേൽമുണ്ടു കഴുത്തിൽചുറ്റി നടക്കുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി. ഏതു ഭാരതീയന്റെയും മനസിൽ പതിഞ്ഞ നാമം, മായാത്ത മുഖം. മായ്ച്ചാലും മായാത്ത ആ രൂപം വികലമാക്കാനുള്ള നീക്കം ഇപ്പോൾ തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരനും അത് അനുവദിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും ശ്രമങ്ങൾ ഉർജിതമാകും.
മഹാത്മാഗാന്ധിയെ ഇകഴ്ത്തിക്കാട്ടാനും ഗാന്ധിജിയുടെ ജീവിതത്തെ പാഠഭേദങ്ങളിലൂടെ അവതരിപ്പിക്കാനും വ്യാപക ശ്രമങ്ങളാണ് നടക്കുന്നത്. മലയാളത്തിലും ചില ഓൺലൈൻ ചാനലുകളിലും മറ്റും ഇത്തരം ശ്രമങ്ങൾ കാണാനാവും. വിഷയം അവതരിപ്പിക്കുന്നവർ പലരും പ്രമുഖരാണ്. അതുകൊണ്ടുതന്നെ ആ വാഗ്വിലാസത്തിലും അവതരണശൈലിയിലും പലരും വീണു പോയേക്കാം. അതുതന്നെയാവും അവരുടെ ലക്ഷ്യവും. അതു സത്യാന്വേഷണമല്ല, സത്യത്തെ വളച്ചൊടിക്കലാണ്.
മഹാത്മാഗാന്ധി ഒരു മനുഷ്യൻ തന്നെയാണ്, അതിമാനുഷനല്ല. അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലും ചില അപസ്വരങ്ങളുണ്ടായിട്ടുണ്ട്. ഒരു മകന്റെ കഥ അതിനു ബലം നൽകുന്നുണ്ടാവും. പക്ഷേ, അതിനപ്പുറം അദ്ദേഹം രാജ്യത്തോടും ഈ ജനതയോടും കാണിച്ച കരുതലും അദ്ദേഹം ഉയർത്തിപ്പിടിച്ച ജീവിത ദർശനങ്ങളും നാം വിലയിരുത്തേണ്ടതില്ലേ. ഏതു മഹാത്മാവാണ് എല്ലാം തികഞ്ഞവരായിരുന്നത്. അവരുടെ ജീവിതം തുറന്ന പുസ്തകമല്ലേ. അതിലെ ചില പേജുകൾ മാത്രമെടുത്ത് ചിലർ വായിക്കുന്നു. വായിക്കേണ്ട പേജുകൾ മറച്ചു പിടിക്കുന്നു.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലും ചെങ്കോട്ടയിൽ വർണശബളമായ സ്വാതന്ത്ര്യദിനച്ചടങ്ങുകൾ നടന്നു.
സ്വാതന്ത്ര്യാനന്തര ഭാരതം എത്രമാത്രം മാറി എന്നു നാം തിരിച്ചറിയുമ്പോൾ സ്വാതന്ത്ര്യപൂർവ ഇന്ത്യയെയും സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളെയും നാം വിസ്മരിക്കരുത്. എത്രയോ പേരുടെ ചോരയും വിയർപ്പും ആണ് ഇന്നത്തെ ഈ ഇന്ത്യ. എത്രയോ പേരുടെ ജീവത്യാഗമാണ് ഈ രാജ്യത്തെ ഇങ്ങനെയൊക്കെ ആക്കിയത്. കാലം ചെല്ലുന്തോറും രാജ്യത്തെ കരുത്തോടെ മുന്നോട്ടു നയിക്കുന്ന ജനാധിപത്യവും അതിന് അടിത്തറ പാകിയ ഇന്ത്യൻ ഭരണഘടനയുമൊക്കെ എത്രയോ മഹാത്മാക്കളുടെ ദീർഘവീക്ഷണത്തിന്റെയും കരുതലിന്റെയും ബാക്കിപത്രമാണ്.
ദാരിദ്ര്യ നിർമാർജനം, സാമൂഹ്യനീതി, സ്ത്രീശക്തീകരണം എന്നിവയെക്കുറിച്ചൊക്കെ വലിയ അവകാശവാദങ്ങളാണ് നാം ഉന്നയിക്കാറുള്ളത്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ന് ഇന്ത്യ. 2047ൽ വികസിത ഇന്ത്യ എന്നതായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിന ചിന്താവിഷയം.
മൊത്തദേശീയ വരുമാനത്തിലുളള വർധനവോ രാജ്യത്തെ സമ്പന്നരുടെ എണ്ണം വർധിക്കുന്നതോ അല്ല വികസനത്തിന്റെ അടിസ്ഥാനം. അയ്യായിരം കോടി രൂപ ചെലവാക്കി വിവാഹമാമാങ്കം നടത്താനുള്ള ശേഷി അംബാനിക്ക് ഈ രാജ്യം നേടിക്കൊടുത്തു. എന്നാൽ മൂന്നുനേരം ഭക്ഷണത്തിന് വകയില്ലാത്ത ലക്ഷക്കണക്കിനാളുകൾ ഇന്നും ഈ രാജ്യത്തുണ്ട്. അതിതീവ്ര ദാരിദ്ര്യ മുക്തി നേടാനുള്ള യജ്ഞത്തിലാണ് കേരള സർക്കാർ പോലും. സ്ത്രീശക്തീകരണത്തെയും സുരക്ഷയെയും വനിതാ സ്വാതന്ത്യത്തെയും കുറിച്ചു വലിയ വായിൽ പറയുന്നവരാണ് നാം. സ്റ്റാൻഡ് അപ് ഇന്ത്യ, പ്രധാനമന്ത്രി മുദ്ര യോജന, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങി ദേശീയ തലത്തിൽ എത്രയോ പദ്ധതികൾ. കേരളത്തിലാണെങ്കിൽ കുടുംബശ്രീ, അഭയകിരണം, സഹായഹസ്തം, എന്റെ കൂട് തുടങ്ങി ഏറെ കർമപദ്ധതികൾ. എന്നാൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ സ്ത്രീസുരക്ഷ വെറുമൊരു പാഴ്‌വാക്കാണെന്ന് തോന്നുന്ന വിധത്തിലാണ്.
ന്യൂഡൽഹിയിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ആ പെൺകുട്ടിയുടെ പേരുപോലും പറയാതെ ''നിർഭയ'' എന്ന നാമത്തിൽ ആ വേദന നാം ഇന്നും പേറുന്നു. നിർഭയയ്ക്കുണ്ടായതിന് സമാനമായൊരു അനുഭവമാണ് കോൽക്കത്തയിലെ വനിതാ ഡോക്ടർക്കുമുണ്ടായത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽനിന്ന് വരുന്ന മറ്റു ചില വാർത്തകളും നമ്മെ പ്രാകൃത യുഗത്തിലേക്ക് കൊണ്ടുപോവുകയാണ്. ദുരഭിമാനക്കൊല അരങ്ങേറുന്നു. ജാതിക്കോമരങ്ങൾ അഴിഞ്ഞാടുന്നു. തമിഴ്‌നാട്ടിലെ ധർമപുരിയിൽ സ്വാതന്ത്ര്യദിനത്തലേന്ന് മധ്യവയസ്‌കയായ ഒരു അമ്മ ജാതിസ്പർധയുടെ കടുത്ത ക്രൂരതയ്ക്ക് ഇരയായി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബസ് സ്റ്റാൻഡിൽ ബസിനകത്ത് കൗമാരക്കാരി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടതും ബംഗളൂരു കോറമംഗലയിൽ കൂട്ടുകാർക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവവും ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് നടന്നത്.
നവോത്ഥാന കഥകളേറെ പറയുന്ന കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും സ്ത്രീകൾ ഇന്നും ഭീതിയുടെ നിഴലിൽതന്നെ. സ്ത്രീസുരക്ഷയ്ക്ക് തടസം നിൽക്കുന്നവരിൽ ചില സ്ത്രീകളുമുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് ജസ്റ്റീസ് ഹേമ കമ്മീഷൻ അഞ്ചു വർഷം മുമ്പു നൽകിയ റിപ്പോർട്ട് വെളിച്ചം കാണുമെന്നായപ്പോൾ എന്തായിരുന്നു ചിലരുടെ തത്രപ്പാട്.കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നുവെന്ന സഹപ്രവർത്തകരിൽ ചിലരുടെ വെളിപ്പെടുത്തൽ അതിഭീകരമായൊരു സാഹചര്യമാണ് വെളിപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങളുടെ മൂലകാരണങ്ങൾ സമൂഹത്തിൽ ആഴത്തിലിറങ്ങിയ ക്രിമിനൽ വേരുകളാണ് വ്യക്തമാക്കുന്നത്.
സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി കുപ്പായം ഇടാതെ നടന്നത് അന്ന് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായിരുന്നു. ഇന്നാണ് ഗാന്ധിജി അങ്ങനെ ചെയ്തിരുന്നതെങ്കിൽ എന്താകുമായിരുന്നു വിമർശനങ്ങൾ. സത്യാഗ്രഹവും നിസഹകരണവുമൊക്കെ സ്വാതന്ത്ര്യസമ്പാദനത്തിൽ നമുക്ക് വലിയ ആയുധങ്ങളായിരുന്നു. ദണ്ഡിയാത്രയും ഉപ്പു സത്യാഗ്രഹവുമൊക്കെ അന്ന് ജനങ്ങളെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്ന് നാം തിരിച്ചറിയണം.
സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്കുള്ള പ്രയാണത്തിലാണ് ഭാരതം. കുതിപ്പിന്റെ നാളുകളിൽ കടന്നുപോന്ന വഴികളും കടക്കാനുള്ള കടമ്പകളും നാം തിരിച്ചറിയണം.
സാമ്പത്തിക ഉന്നമനം മാത്രമല്ല, രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയുണ്ടാകുന്ന സാമ്പത്തിക സുസ്ഥിരതയാണ് പ്രധാനം. കൂടുതൽ സമ്പന്നരെ സൃഷ്ടിക്കുന്നതല്ല സംതൃപ്തരായ കൂടുതൽ പൗരന്മാരുണ്ടാകുക എന്നതാണ് പ്രധാനം. അതെ ഹാപ്പിനെസ് ഇൻഡെക്‌സിൽ ഇന്ത്യ ലോകനിലവാരത്തിലേക്ക് ഉയരണം. അതിനുള്ള സാംസ്‌കാരികവും ആത്മീയവുമായ അടിത്തറ ഈ രാജ്യത്തിനുണ്ട്, ഇവിടുത്തെ ജനങ്ങൾക്കുണ്ട്. ആ നേട്ടം കൈവരിക്കുന്നതിലേക്കുള്ള ദൂരം എത്രയും കുറയ്ക്കുവാനാകട്ടെ ഓരോ ഇന്ത്യക്കാരന്റെയും പ്രതിജ്ഞ.
കാലത്തിനൊപ്പം നടക്കാൻ മാത്രമല്ല, കാലത്തെ തിരിച്ചറിയാനും കഴിയുന്ന രാഷ്ട്രനേതാക്കളും ആത്മീയാചാര്യന്മാരുമാണ് രാജ്യത്തെയും സമൂഹത്തെയും നയിക്കേണ്ടത്. അവർക്കുണ്ടാകുന്ന അപചയങ്ങൾ നാടിന്റെ ദുരന്തമായി മാറും. സമ്പന്നരെ വളർത്തുന്ന ഇന്ത്യയല്ല, സമ്പത്ത് വർധിക്കുന്ന ഇന്ത്യയല്ല, ഓരോ പൗരനും ജീവിക്കാനുള്ള സമ്പത്ത് സമ്പാദിക്കാനുതകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് പ്രധാനം. കുപ്പായമില്ലാത്ത സഹപൗരന്മാരുടെ കുറവ് തിരിച്ചറിഞ്ഞതുകൊണ്ടാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി മഹാത്മാഗാന്ധി ആയത്.
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1