ക്യാപ്ടൻ വിവിധ കോടതികളിലായി ഓടി നടക്കുകയാണ്. ഇന്നത്തെ സുപ്രീം കോടതി വിധിയിലൂടെ കപ്പിത്താന് ഒരാഴ്ച സമയം നീട്ടിക്കിട്ടിയെങ്കിലും, '' സർ, ഈ കപ്പലിന് ഒരു ശക്തനായ കപ്പിത്താനുണ്ട്. ഇത് മുങ്ങില്ല '' എന്ന് പറഞ്ഞ പഴയ വീണ മന്ത്രിക്ക് പുതിയ കേസുകളെ ഓർത്ത് ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞു.
'ക്യാപ്ടന്റെ' മുമ്പിൽ പൂങ്കണ്ണീര്. അന്നത്തെ സ്പീക്കർക്കു മുമ്പിൽ വിതുമ്പൽ. മുൻമന്ത്രി വീണാ ജോർജ്ജിന്റെ അഭിനയമികവിൽ രാഷ്ട്രീയ കേരളം 'പെരുത്ത് സന്തോഷ' ത്തിലാണ്. രണ്ട് കെ.എസ്.യു.ക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പരിയാരം മെഡിക്കൽ കോളേജിൽ നഴ്സുമാരുമായി സെൽഫിയെടുത്ത മന്ത്രിയുടെ അഭിനയം അന്നേ ചാനലുകളിൽ കണ്ട് കൈയടിച്ചവരാണല്ലോ നാം.
എന്നാലും ഒരു വീട്ടമ്മയായ മന്ത്രിയെ മാരകായുധങ്ങളുമായി ആക്രമിച്ച 'കുട്ടി കോൺഗ്രസു' കാരെക്കുറിച്ച് അന്ന് എന്തെല്ലാമാണ് പിണറായിയും ഷംസീറും പറഞ്ഞതെന്ന് ചാനലുകാർ ആൽക്കൈവ്സിൽ തപ്പിയെടുത്ത് ജനങ്ങൾക്കു മുമ്പിൽ പുനരവതരിപ്പിച്ചിട്ടുണ്ട്. ''എന്റെ സാറേ, ഞാനൊന്നും കണ്ടിട്ടില്ല സാറേ, മന്ത്രിമാഡം പറഞ്ഞതുകൊണ്ടാണ് അങ്ങനെയൊരു മൊഴി നൽകിയതെന്ന ഗൺമാൻ അഭിലാഷിന്റെ കുമ്പസാരത്തോടുകൂടി, ഇനി മുൻമന്ത്രി വീണയെ കാത്തിരിക്കന്നത്, പഴയ പ്രതികളുടെ മാനനഷ്ടനഷ്ടപരിഹാരക്കേസുകളായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.
വീണാ ജോർജിനെ മന്ത്രിയാക്കാൻ മൗനസമ്മതം നൽകിയ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ഉദയഭാനു പത്മകുമാർ ഗ്രൂപ്പുകാരുടെ നിഴൽ യുദ്ധങ്ങൾ വീറോടെ നടക്കുന്നുണ്ട്. ഒരു പഴയ ബി.ജെ.പി. നേതാവിന്റെ കക്ഷത്തിൽ തലവെച്ചു കൊടുത്ത പത്തനംതിട്ടയിലെ സി.പി.എം. നേതാക്കൾ പരസ്പരം അങ്കം വെട്ടിക്കളിക്കുകയാണിപ്പോൾ. ഇതിനിടെ പാർട്ടി വേദികളിലേക്കൊന്നും പോകാതെ സ്വന്തം 'ആരോഗ്യം' സൂക്ഷിച്ച് ജീവിക്കുകയാണ് മുൻമന്ത്രി വീണ. പക്ഷെ മന്ത്രി മുരളീധരന്റെ പുതിയ ഹിറ്റ് ലിസ്റ്റിൽ ഈ വീണയാണ് നമ്പർ വൺ ശത്രു.
സി.പി.എംൽ ഇ.ഡി.യും മെസിയും കിഫ്ബിയുമെല്ലാം പാർട്ടിയെ തകർക്കാനുള്ള കോൺഗ്രസ്ബി.ജെ.പി. ഡീലാണെന്ന് സൈബർ സഖാക്കൾ കരഞ്ഞു നിലവിളിക്കുന്നു. കോൺഗ്രസിലാകട്ടെ, കർട്ടനു പിന്നിലെ കത്തിവേഷത്തെക്കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുന്നു. സർക്കാർ തിങ്കളാഴ്ചകൂടി അവധിയായി പ്രഖ്യാപിച്ചതോടെ തലസ്ഥാന നഗരം മൂകമാണ്. സമരമില്ല. ബഹളമില്ല.
സെക്രട്ടറിയേറ്റിൽ ചില ഓഫീസുകളിൽ മാത്രമേ ആളനക്കമുള്ളൂ. ഒക്ടോബറിലെ ശമ്പളത്തിൽ ഡി.എ.കുടിശ്ശിക സർക്കാർ നൽകാൻ പോകുന്നുവെന്ന പ്രഖ്യാപനം ഏതായാലും ജീവനക്കാരെ സന്തോഷഭരിതരാക്കിയിട്ടുണ്ട്. ഈ സന്തോഷത്തിനു പിന്നാലെ ശമ്പളക്കമ്മീഷന്റെ കാലാവധി വർദ്ധിപ്പിക്കുമെന്ന വാർത്തയും ജീവനക്കാരെ ഹാപ്പിയാക്കി. ഇങ്ങനെ ജീവനക്കാരെ ഹാപ്പിയാക്കിയതോടെ ജനസ്പർശം എന്ന പേരിലുള്ള 'ഫയൽനീക്ക മഹോത്സവം' കൂടുതൽ വിജയിച്ചേക്കാം.
കിഫ്ബി എന്ന കൊള്ളസങ്കേതം
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കേരളത്തിന്റെ 'അടിസ്ഥാന സൗകര്യ വികസന ബോർഡ്' എന്ന് വിശേഷിപ്പിക്കാവുന്ന കിഫ്ബിയിൽ നടന്ന 'അടിച്ചുമാറ്റൽ' വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. ഡോ. തോമസ് ഐസക്കിന്റെ ഭാവനാ സന്തതിയാണ് കിഫ്ബി. അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ബജറ്റിനു പുറത്തുള്ള കടമെടുക്കൽ എളുപ്പമാക്കാവുന്ന സാമ്പത്തിക സംരംഭമായിട്ടാണ് ഡോ.ഐസക്കിന്റെ തലച്ചോറിൽ കിഫ്ബി പിറന്നതെങ്കിലും, രണ്ടാം പിണറായി സർക്കാർ അതിനെ ഒരു സമാന്തര സർക്കാർ സംവിധാനമായി രൂപാന്തരപ്പെടുത്തുകയായിരുന്നു. ഇതിനുവേണ്ടി 2016ൽ നിയമസഭയിൽ രണ്ട് ഭേദഗതികൾ കൊണ്ടുവന്നു.
അതിൽ ആദ്യത്തേത് കിഫ്ബിയിൽ സി.എ.ജി.ഓഡിറ്റ് വേണ്ടെന്നുള്ളതായിരുന്നു. രണ്ടാമതായി വിനിയോഗത്തെക്കുറിച്ചുള്ള വിശദാംശങ്ങളും സി.എ.ജി.ക്ക് നൽകേണ്ടതില്ലെന്നായിരുന്നു. ഏറെ വിചിത്രമെന്നു പറയട്ടെ, ഈ ഭേദഗതികൾ നിയമസഭ പാസാക്കിയത് ഏകകണ്ഠേനയാണ്. ബജറ്റിനു പുറത്തുനിന്ന് കടമെടുക്കുകയാണെങ്കിൽ സർക്കാർ ഗ്യാരന്റി നൽകേണ്ടതില്ലെന്നായിരുന്നു കീഴ്വഴക്കം. എന്നാൽ ബജറ്റിനു പുറത്തുനിന്ന് കടമെടുക്കാനും, ഇങ്ങനെ കടമെടുക്കുന്നതിന് സർക്കാർ ഗ്യാരന്റി നൽകാനും സർക്കാർ തയ്യാറായി.
അന്ന് ധനവകുപ്പ് മന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാലും, ധനകാര്യ സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹയും ഫയലിൽ എതിർപ്പ് രേഖപ്പെടുത്തി കുറിപ്പിട്ടു. ഇതോടെ ബിശ്വനാഥ് സിൻഹയ്ക്ക് ധനകാര്യവകുപ്പിലെ കസേര പോയി. സിൻഹയെ 'ചവിട്ടി തിരുമ്മി' ശരിയാക്കാൻ ആഭ്യന്തര വകുപ്പിലേക്ക് മാറ്റുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി നേരിട്ട് ഫയലിലെ തടസ്സങ്ങൾ നീക്കി കിഫ്ബിക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകുകയായിരുന്നു.
40 സ്റ്റാഫിന് 498 സ്റ്റാഫ്!
കിഫ്ബിയുടെ ഓഫീസ് പൂർണ്ണമായും എയർകണ്ടിഷൻഡ് ചെയ്തതാണ്. ഈ ആഡംബരസൗധത്തിൽ മുഖ്യമന്ത്രിയുടെ ഒരു തരികിട സംവിധാനത്തിലൂടെയാണ് നിയമനം. 40 പേരെ കിഫ്ബിയിൽ നിയമിക്കാൻ ധനവകുപ്പ് അനുമതി നൽകിയെങ്കിലും പിണറായിയുടെ ഇഷ്ടക്കാരുടെ നിര നീണ്ടപ്പോൾ കിഫ്ബിയിൽ സ്റ്റാഫിന്റെ എണ്ണം 498 പേരായി. കിഫ്ബിയുടെ സി.ഇ.ഒ. തന്നെയാണ്, ഈ സംവിധാനത്തിന്റെ എക്സ് ഒഫീഷ്യോ സെക്രട്ടറി. അതുകൊണ്ടുതന്നെ കെ.എം. എബ്രഹാം എന്ന വീരശിരോമണിയാണ് കിഫ്ബിയുടെ പ്രധാനമന്ത്രി.
കിഫ്ബിയുടെ ചക്രവർത്തി പിണറായിയതുകൊണ്ട് നിയമനങ്ങളും ഫണ്ട് അടിച്ചുമാറ്റലുമെല്ലാം സുഗമമായി നടന്നുവെന്നാണ് നിയമസഭയുടെ മേശപ്പുറത്തുവച്ച കിഫ്ബിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
കിഫ്ബിയെ ഇങ്ങനെ കയറൂരിവിട്ടാൽ സംസ്ഥാനത്തിന്റെ കടമെടുപ്പിനെ ബാധിക്കുമെന്ന് ധനമന്ത്രിയും ധനകാര്യവകുപ്പ് സെക്രട്ടറിയും മുന്നറിയിപ്പായി ഫയലിൽ കുറിച്ചിട്ടും പിണറായി നേരിട്ട് എല്ലാ തടസ്സങ്ങളും നീക്കി. ഇന്ധന സെസായുള്ള 2 ശതമാനവും മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും കിഫ്ബിയുടെ അക്കൗണ്ടിലേക്ക് ദിവസേന നേരിട്ട് ലഭിക്കാൻ തക്ക തീരുമാനവും പിണറായിയുടേതുതന്നെ.
ബജറ്റിലില്ല, പക്ഷെ പണികിട്ടും
സംസ്ഥാന ബജറ്റിൽ കിഫ്ബിയെക്കുറിച്ച് പ്രത്യക്ഷമായ പരാമർശമൊന്നുമില്ലെങ്കിലും സർക്കാർ വക പണം വന്നുതുടങ്ങിയതോടെ അതിന്റെ പ്രവർത്തനത്തിന്റെ എല്ലാ ഔദ്യോഗിക സ്വഭാവവും നഷ്ടപ്പെട്ടു. കിഫ്ബിക്ക് വായ്പയെടുക്കാൻ സർക്കാർ ഗ്യാരന്റി നൽകുന്നതുകൊണ്ടുതന്നെ കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. ഇതിനെതിരെ കേരളം സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ വിചാരണ പൂർത്തിയായിട്ടുമില്ല. ഈ കേസ് വാദിക്കാനും സർക്കാർ ചെലവിട്ടത് നികുതിപ്പണമാണെന്നുകൂടി ഓർമ്മിക്കേണ്ടതുണ്ട്.
ഇപ്പോൾ കിഫ്ബിയുടെ അക്കൗണ്ടിൽ 30,000 കോടി രൂപയുണ്ടെന്ന മുൻമന്ത്രി ഡോ. ഐസക്കിന്റെ പ്രസ്താവന അദ്ദേഹത്തിനു തന്നെ വിഴുങ്ങേണ്ടിവന്നു. തുക തിരുത്തി 10,000 കോടി രൂപയാക്കിയെങ്കിലും സർക്കാരിന്റെ കണക്കിൽ ഇപ്പോൾ 6000 കോടി രൂപയോളമേ കിഫ്ബിയുടേതായിട്ടുള്ളു.
രണ്ട് വൻ വിഡ്ഢിത്തങ്ങളാണ് പിണറായി ചെയ്തത്. ഒന്നാമതായി 9.5 ശതമാനം വരെ പലിശയ്ക്ക് കിഫ്ബിയെ വായ്പയെടുക്കാൻ അനുമതി നൽകി. പദ്ധതി നിർവഹണത്തിനായി ചെലവഴിക്കാതെ 7.5 ശതമാനം പലിശ മാത്രം കിട്ടുന്ന ബാങ്കുകളിൽ ഈ തുകയത്രയും നിക്ഷേപിച്ചു. ഇത് മൂലം പുതിയ സർക്കാരിന് സംഭവിച്ച നഷ്ടം തന്നെ കോടികളാണ്. കിഫ്ബി മൂലം സർക്കാരിന്റെ പുതിയ ബാധ്യത 70,000 കോടി രൂപയാണെന്ന് പുതിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കല്ലുവെട്ടാൻ കുഴികൾക്ക് കോടികൾ
കണ്ണൂരിലും പാലക്കാട്ടുമാണ് കിഫ്ബി ഏറ്റവും കൂടുതൽ ഭൂമി വാങ്ങിക്കൂട്ടിയത്. കണ്ണൂരിൽ കല്ല് വെട്ടിയെടുത്ത പാതാളഗർത്തങ്ങളുള്ള ഭൂമിക്ക് ഏക്കറിന് രണ്ടര കോടി രൂപ വിലയിട്ടാണ് കിഫ്ബിക്കു വേണ്ടി കിൻഫ്ര വാങ്ങിയത്. പാലക്കാട്ടാണെങ്കിൽ കുരുപ്പ പോലും മുളയ്ക്കാത്ത പ്രദേശമാണ് വ്യവസായ പാർക്കുകൾ സ്ഥപിക്കാനെന്ന പേരിൽ കിൻഫ്ര വാങ്ങിയത്. ഇതെല്ലാം സഖാക്കളുടെ 'ബെനാമി' പേരിലുള്ള ഭൂമികളാണ്. മലബാർ ദേവസ്വം ബോർഡിന്റെ പേരിലുള്ള ഏക്കർ കണക്കിനു ഭൂമിയും തണ്ടപ്പേര് മാറ്റി കിൻഫ്രയ്ക്ക് നൽകിയെന്ന് പരാതിയുണ്ട്.
കണ്ണൂർ ആർ.ഡി.ഒ. ആയിരുന്ന നവീൻ ബാബുവിന് അന്ന് ചില പാർട്ടിക്കാർ നടത്തുന്ന ഈ 'കള്ളക്കച്ചവട'ത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, ഈ ഇടപാടുകളുടെ ഫയലുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നും, കണ്ണൂരിലെ പാർട്ടിവൃത്തങ്ങളിൽ സംസാരമുണ്ടായിരുന്നു. പാർട്ടി വിട്ട ഡിഫി നേതാവ് മനു തോമസ് ഈ 'കള്ള ഡീലുകൾ' പാർട്ടിയെ തകർക്കുമെന്ന മുന്നറിയിപ്പും അന്ന് നൽകിയിരുന്നു.
കോഴിക്കോട്ടെ ഒരു ഭൂമി ബ്രോക്കറുടെ തിരോധാനം കോഴിക്കോട് മുതൽ കണ്ണൂർ വരെ നീളുന്ന പാർട്ടി വക ഭൂമി ഇടപാടുകളുടെ പിന്നാമ്പുറക്കഥകളുമായി ബന്ധിപ്പിച്ച് ചിലർ പറയുന്നുണ്ട്. വയനാട് തുരങ്കപ്പാതയ്ക്കു വേണ്ടി സ്ഥലമെടുത്തതും കോഴിക്കോടിന്റെ നഗര മധ്യത്തിലെ പൂട്ടിയിട്ടിരുന്ന ഒരു സ്റ്റീൽ നിർമ്മാണ സംരംഭത്തിന്റെ ഏക്കർ കണക്കിനു ഭൂമി ഒരു ഗുജറാത്തി കമ്പനിക്ക് നക്കാപിച്ച വിലയ്ക്ക് സർക്കാർ വിറ്റതുമെല്ലാം ഈ ആരോപണങ്ങളുടെ ഉപകഥകളാണ്.
കർട്ടനു പിന്നിലെ കത്തിവേഷങ്ങൾ
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പാർട്ടി വിലക്കിയിട്ടും നിരന്തരം പ്രസ്താവനകൾ നടത്തുന്ന കോൺഗ്രസുകാരെ എന്തു വിളിക്കും നാം? ഒരു പ്രതിപക്ഷമെന്ന നിലയിൽ കേരളത്തിലെ സി.പി.എം. എല്ലും തോലുമാണിപ്പോൾ. കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ്. ഭരണത്തിന് വളരെ സ്മൂത്തായി കാര്യങ്ങൾ നടത്താമെന്നിരിക്കെ, അവർക്ക് വൻ വിജയം നൽകിയ ജനത്തിനു മുമ്പിൽ അടൂരാനും മറ്റും നടത്തുന്ന ഹാസ്യനാടകങ്ങൾ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടേ?
ദേശീയ തലത്തിലായാലും കോൺഗ്രസിന് കൂടുതൽ ജനപിന്തുണ ലഭിച്ചുവരുന്നുണ്ട്. ബി.ജെ.പി.യിലേക്ക് പോയി സ്വപ്നമാളികകൾ പണിയാൻ ആഗ്രഹിച്ച തരൂരിനെപോലുള്ള നേതാക്കൾ പോലും ഇപ്പോൾ മോദി സ്തുതിക്ക് തയ്യാറല്ല. അത്തരമൊരു രാഷ്ട്രീയ ക്യാൻവാസിൽ കോൺഗ്രസിന്റെ മുഖത്ത് കരിവാരിത്തേയ്ക്കാനുള്ള ചില നേതാക്കളുടെ ശ്രമങ്ങൾ അപലപിച്ചേ പറ്റൂ.
കോൺഗ്രസിൽ മാത്രമല്ല, ഉദ്യോഗസ്ഥ തലത്തിലും പഴയ 'ചുവപ്പൻ പ്രേമികൾ' സർക്കാരിനിട്ട് പണിയുന്നുണ്ട്. കോട്ടയത്തെ ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ 'മരം മുറി ഉത്തരവും' ചാലക്കുടിയിലെ ബേക്കറിക്ക് വീര്യം കുറഞ്ഞ വൈൻ വിൽക്കാൻ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അറിയാതെ നൽകിയ അനുമതിയും ഈ 'ഊടൻ പണി' കൾക്ക് ഉദാഹരണങ്ങളാണ്.
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ ഇനിയും പിണറായി ഭരിക്കാനെത്തുമെന്ന് സ്വപ്നം കാണേണ്ട.
അഴിമതി അന്വേഷണങ്ങളുടെ ഉരുൾപൊട്ടലിൽ പിണറായി വിജയന് ഇനി പിടിച്ചുനിൽക്കാനാകുമോ? കാരണം, മലയാളിയെയും കേരളത്തെയും കൊള്ളയടിച്ച പണം കൊണ്ട് കിരീടമുണ്ടാക്കിയാൽ, അത് ആ 82കാരന്റെ തലയിൽ എക്കാലത്തും ഉറച്ചിരിക്കുമോ? അഴിമതിക്കഥകൾ അങ്ങനെ കാണ്ഡം കാണ്ഡമായി പുറത്ത് വരികകയല്ലേ?
ആന്റണിചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
