യു.എസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ യു.എസ് പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപിന് തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിന് പിന്നാലെ നേരിയ തോതിലെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ കമലയ്ക്ക് കഴിഞ്ഞു. എന്നാല്‍ ഇതൊന്നുമല്ല ഇവിടെ പറയുന്നത്. അങ്ങ് ദൂരെ ദൂരെ... തമിഴ്നാട്ടിലെ തുളസീന്ദ്ര പുരം എന്ന ഗ്രാമത്തില്‍ ജനങ്ങള്‍ ആഘോഷത്തിമര്‍പ്പിലാണ്. ഗ്രാമത്തിലൊട്ടാകെ ജനങ്ങള്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും നൃത്തം ചെയ്തും ആഘോഷിക്കുകയാണ്.
ഗ്രാമത്തിന്റെ ഓരോ മുക്കിലും കമലയുടെ ബാനര്‍ ഇടം പിടിച്ചുകഴിഞ്ഞു. അവരുടെ വിജയത്തിനായി പ്രത്യേക പ്രാര്‍ഥന പോലും നടത്തുന്നുണ്ട്. ചെന്നൈയില്‍ നിന്ന് 300 കിലോ മീറ്റര്‍ അകലെയാണ് തുളസീന്ദ്ര പുരം എന്ന ചെറിയ ഗ്രാമം. ഈ ഗ്രാമത്തിലാണ് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ മുത്തച്ഛനും മുത്തശിയും ഉള്ളത്.
1958 ലാണ് സ്തനാര്‍ബുദ ഗവേഷകയായിരുന്ന കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്‍ അമേരിക്കയിലേക്ക് കുടിയേറിയത്. ശ്യാമളയുടെ മാതാപിതാക്കള്‍ തുളസീന്ദ്രപുരം സ്വദേശികളാണ്. പത്തൊമ്പതാം വയസില്‍ ഒറ്റയ്ക്കാണ് അമ്മ ശ്യാമള യു.എസിലേക്ക് വന്നതെന്ന് ഒരിക്കല്‍ കമല തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ അമ്മ വളരെ ശക്തയും തങ്ങള്‍ രണ്ട് പെണ്‍മക്കള്‍ക്കും എന്നും പ്രചോദനവും അഭിമാനവും പകരുന്ന അമ്മയും ആയിരുന്നുവെന്ന് കമല ഒരിക്കല്‍ കുറിച്ചിരുന്നു.
അമ്മയുടെ മരണ ശേഷം ചിതാഭസ്മം കടലില്‍ ഒഴുക്കാനായി സഹോദരി മായക്കൊപ്പമാണ് കമല ചെന്നൈയില്‍ എത്തിയത്. മുത്തച്ഛന്‍ പി.വി ഗോപാലന്‍ സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ വ്യക്തിയായിരുന്നു. അഭയാര്‍ഥി പുനരധിവാസത്തില്‍ അഗ്രഗണ്യനായിരുന്ന അദേഹം 1960 കളില്‍ സാംബിയയിലെ ആദ്യ പ്രസിഡന്റിന്റെ ഉപദേശകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
'ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ നയിക്കാനുള്ള തിരഞ്ഞെടുപ്പ് ഒട്ടും എളുപ്പമായിരിക്കില്ലെന്നറിയാം. അവരെയോര്‍ത്ത് ഞങ്ങള്‍ അഭിമാനം കൊള്ളുകയാണ്. ഒരിക്കല്‍ വിദേശീയര്‍ ഇന്ത്യക്കാരെ ഭരിച്ചു. ഇപ്പോള്‍ ഇന്ത്യക്കാര്‍ മറ്റ് രാജ്യങ്ങളിലെ നിര്‍ണായക ശക്തികളായി മാറുകയാണ്'- കമല ഹാരിസിന്റെ നാട്ടുകാരനും ബാങ്ക് മാനേജരുമായ കൃഷ്ണമൂര്‍ത്തി പറയുന്നു.
'വനിതകള്‍ക്കിടയില്‍ താരമാണ് കമല ഹാരിസ്. നാട്ടിലെ ഓരോ സ്ത്രീകളും സ്വന്തം മകളായോ സഹോദരിയായോ ഒക്കെയാണ് അവരെ കാണുന്നത്. എല്ലാവര്‍ക്കും കമലയെ അറിയാം. കുട്ടികള്‍ക്ക് പോലും'- ഗ്രാമപഞ്ചായത്തംഗം അരുള്‍മൊഴി സുധാകര്‍ വ്യക്തമാക്കി.
കമല ഹാരിസ് യു.എസ് വൈസ് പ്രസിഡന്റായപ്പോള്‍ പടക്കം പൊട്ടിച്ചും നഗരങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചുമാണ് ഗ്രാമവാസികള്‍ അന്ന് ആഘോഷിച്ചത്. ഒപ്പം പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ സാമ്പാറും ഇഡ്ലിയും വിളിമ്പി സാമുദായിക സദ്യയൊരുക്കുകയും ചെയ്തു. ഇഡ്ലിയും സാമ്പാറുമാണ് കമലയുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്ന്. ഉന്നത പദവികളിലിരിക്കുമ്പോഴും തന്റെ വേരുകള്‍ കമല മറന്നില്ല എന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്‍മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്റായി മത്സരിക്കാന്‍ നറുക്ക് വീണത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1