എണ്ണയ്ക്കും പ്രകൃതി വാതകത്തിനുമായി ഇന്ത്യ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയുടെ സമ്പത്ത് വലിയൊരളവില്‍ വിദേശത്തേക്ക് പോകുന്നത് എണ്ണയുടെ ഇറക്കുമതിക്ക് വേണ്ടിയാണ്. എന്നാല്‍ ഇതെല്ലാം വൈകാതെ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. റഷ്യ, സൗദി അറേബ്യ, ഇറാഖ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ വരുന്നത്.
ഇന്ത്യയില്‍ എണ്ണ ഖനനം തുടങ്ങിയിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ആന്ധ്രപ്രദേശിലെ കാകിനാഡ തീരത്തോട് ചേര്‍ന്നാണ് ഖനനം. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഇക്കാര്യം സ്ഥിരീകരിച്ച് കഴിഞ്ഞു. മേഖലയില്‍ ആദ്യമായി ക്രൂഡ് ഓയില്‍ ഖനനം ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്പൂര്‍ണ തോതില്‍ എണ്ണ ഉല്‍പ്പാദനം നടക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളും മന്ത്രി സൂചിപ്പിച്ചു.
കാകിനാഡ തീരത്തിന് നിന്ന് 30 കിലോമീറ്റര്‍ ദൂരെ കടലിലാണ് ഖനനം നടക്കുന്നത്. മൊത്തം 26 എണ്ണ കിണറുകള്‍ മേഖലയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ നാലെണ്ണത്തില്‍ മാത്രമാണ് ഖനനം ആരംഭിച്ചിരിക്കുന്നത്. കൃഷ്ണ ഗോദാവരി നദീ തടത്തോട് ചേര്‍ന്ന മേഖലയിലാണ് എണ്ണ കണ്ടെത്തിയിരുന്നത്. മേഖലയില്‍ എണ്ണ സാന്നിധ്യം അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കിലും ഖനനത്തിന് വേണ്ടി പ്രവര്‍ത്തനം തുടങ്ങിയത് 2016-17 കാലത്താണ്.
കോവിഡ് വ്യാപിച്ചതോടെ ഖനന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയായിരുന്നു. കോവിഡിന് ശേഷം വീണ്ടും പ്രവര്‍ത്തനം സജീവമാക്കിയതോടെയാണ് ഇന്നലെ ഖനനത്തിന് സാധിച്ചത് എന്ന് മന്ത്രി സൂചിപ്പിച്ചു. എണ്ണയും വാതകവും മേഖലയില്‍ നിന്ന് ലഭ്യമാകുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത മെയ് ജൂണ്‍ മാസങ്ങളില്‍ പ്രതിദിനം 45000 ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉല്‍പ്പാദനത്തില്‍ ഏഴ് ശതമാനമാകും ഇത്. പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയാണ് ഖനനത്തിന് ചുക്കാന്‍ പിടിക്കുന്നത്. എണ്ണ ഖനനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു.
നിലവില്‍ ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റഷ്യയില്‍ നിന്നാണ് കൂടുതല്‍ എണ്ണ വാങ്ങുന്നത്. ഇറാഖും സൗദി അറേബ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റഷ്യ വില ഉയര്‍ത്താന്‍ തുടങ്ങിയതോടെ ഇന്ത്യ മറ്റു രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഗയാനയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാര്‍ വൈകാതെ ഒപ്പുവച്ചേക്കുമെന്നാണ് സൂചന.
ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണ വില കുറയ്ക്കാന്‍ സൗദി അറേബ്യ തയ്യാറായിട്ടുണ്ട്. ഇത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നല്‍കുന്ന എണ്ണയ്ക്കാണ് സൗദി അറേബ്യ വില കുറച്ചിരിക്കുന്നത്. ഇതിനിടെയാണ് ഇന്ത്യ ആന്ധ്ര തീരത്തോട് ചേര്‍ന്ന് ഖനനം ആരംഭിച്ചിരിക്കുന്നത്. ഇത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തല്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1