സംഹാരശേഷിയുടെ ഭീകരത നിറയുന്ന സ്ഥിതി വിവരക്കണക്കുകളിലൂടെ സമാനതകളില്ലാത്ത ജലബോംബ് ആയി മാറിക്കഴിഞ്ഞ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ ഉറക്കം കെടുത്തുന്നതിനിടെ മറ്റൊരു വിവാദ ബോംബ് ആയി രൂപപ്പെടുകയാണ് ആണവോർജ നിലയം സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബി ബോർഡിന്റെ അതിമോഹം. ഇതിനിടെ, തുംഗഭദ്രയിൽ നിന്നുയർന്ന മുന്നറിയിപ്പിൽ കേരളവും വിരണ്ടത് സ്വാഭാവികം. കർണാടകയിലെ 71 വർഷം പഴക്കമുള്ള തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടർ ഗേറ്റുകളിലൊന്നു തകരാറിലായതു മൂലം കർണാടകയിലും ആന്ധ്രപ്രദേശിലും ഉയർന്ന ആശങ്ക കേരളത്തിലേക്കു വ്യാപിച്ചത് 130 വയസ് തികയാൻ പോകുന്ന മുല്ലപ്പെരിയാറിനെ മുൻനിർത്തിയായിരുന്നു.
കോതമംഗലത്തിനു സമീപമുള്ള ഭൂതത്താൻകെട്ട് മേഖലയിൽ ആണവ നിലയം സ്ഥാപിക്കാൻ 1980 കളിൽ വിഭാവനം ചെയ്ത പദ്ധതി എം.എ. ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ കൂടിയായിരുന്ന യശഃശരീരനായ പ്രൊഫ.എം.ഐ. വർഗീസിന്റെ നേതൃത്വത്തിൽ പടർന്നു ജ്വലിച്ച പ്രതിഷേധാഗ്‌നിയിൽ ഭസ്മമായത് മറന്നണോ ഇപ്പോൾ അതിലേറെ വിപരീത സാഹചര്യങ്ങൾ നില നിൽക്കവേ പുതിയ നിലയത്തിനായുള്ള നീക്കമെന്ന പ്രതികരണമാണ് പരിസ്ഥിതി വാദികൾ പ്രാഥമികമായി പങ്കുവയ്ക്കുന്നത്. സി.പി.എം ഉൾപ്പെടെ എല്ലാ രാഷ്ടീയ കക്ഷികളും ശാസ്ത്ര സാഹിത്യ പരിഷത്തും പദ്ധതിയെ എതിർക്കുമെന്നു വ്യക്തമായിരിക്കേ യഥാർത്ഥ വിവരങ്ങൾ ഗോപ്യമാക്കി വച്ചുള്ള ഉരുണ്ടു കളിയാണ് സർക്കാർ നടത്തുന്നതെന്ന ആരോപണവും ഉയരുന്നു.
കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യത മാത്രമാണ് വൈദ്യുതി ബോർഡ് ചെയർമാൻ ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി ചർച്ചചെയ്തതെന്നും ആണവനിലയവുമായി മുന്നോട്ടുപോകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞത് അർദ്ധ സത്യമാണെന്ന സൂചനയാണുള്ളത്. സംസ്ഥാനം ഇപ്പോൾത്തന്നെ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ വൈദ്യുതനിലയത്തിൽനിന്ന് 266 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നുണ്ട്. ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ പക്കൽ അധികമുള്ള വൈദ്യുതിയുടെ വിഹിതം വാങ്ങിയെടുക്കാൻ മാത്രമാണിപ്പോഴത്തെ നീക്കമെന്നാണ് മന്ത്രി അറിയിച്ചത്. ആണവനിലയവുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ പോലും നടന്നിട്ടില്ലത്രേ. വിശദമായ ചർച്ചകൾക്ക് ശേഷമാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കേരളത്തിന് പുറത്ത് ആണവനിലയം സ്ഥാപിച്ചാലും സംസ്ഥാനത്തിന് വൈദ്യുതി വിഹിതം കിട്ടും.
അതേസമയം, ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന വൈദ്യുതിമന്ത്രിയുടെ വിശദീകരണം ശരിയല്ലെന്ന വിവരങ്ങളും പിന്നാലെ പുറത്തുവന്നു. കഴിഞ്ഞ വർഷം മുതൽ തുടങ്ങിയ ചർച്ചകളുടെ തുടർച്ചയായി നിലയം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൽപ്പാക്കം ആണവ നിലയം ചെയർമാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പരസ്യമായതോടെയാണ് മന്ത്രിയുടെ വിശദീകരണം പാളിയത്. ആണവനിലയത്തോട് സി.പി.എം എതിരായിരിക്കേ ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കും മുമ്പ് കെ.എസ്.ഇ.ബി ചർച്ചകൾ നടത്തിയ വിവരം പുറത്തുവന്നതോടെ സി.പി.എമ്മിൽ അതൃപ്തി ആളി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയുമായി സംസാരിച്ചതിനെത്തുടർന്നാണ് ചർച്ചകൾ നടത്തിയില്ലെന്നു പരസ്യമായി പറഞ്ഞ്് മന്ത്രി വിഷയം തണുപ്പിച്ചത്.
കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാനാണ് ആണവനിലത്തിന്റെ സാധ്യത കെ.എസ്.ഇ.ബി പരിശോധിക്കുന്നത്. ഒന്നുകിൽ കൽപ്പാക്കം നിലയത്തിൽ നിന്ന് ആണവ വൈദ്യുതി വാങ്ങുക, അല്ലെങ്കിൽ കേരളത്തിന് പുറത്ത് നിലയം സ്ഥാപിച്ച് വൈദ്യുതി വാങ്ങുക, അതുമല്ലെങ്കിൽ കേരളത്തിൽ തന്നെ നിലയം സ്ഥാപിക്കുക ഇങ്ങനെ മൂന്നു നിർദ്ദേശങ്ങളാണുണ്ടായിരുന്നത്. ഊർജ്ജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് ഭാഭാ ആറ്റമിക് റിസർച്ച് സെന്ററുമായും കൽപ്പാക്കം ആണവ നിലയത്തിന്റെ കൈകാര്യ ചുമതലയുള്ള ഭവിനി (ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ്) ചെയർമാനുമായും കഴിഞ്ഞ വർഷം മുതൽ ചർച്ചകൾ നടത്തുന്നുണ്ട്.
ഇതിന്റെ തുടർച്ചയായാണ് ഭവിനി ചെയർമാനും മനേജിംഗ് ഡയറക്ടറുമായ കെ.വി സുരേഷ് കുമാർ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഇക്കഴിഞ്ഞ മെയ് 31ന് അയച്ച കത്തിൽ കേരളം ആണവ നിലയത്തിനായി സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നു. തീര മേഖലയിലാണെങ്കിൽ 625 ഹെക്ടറും മറ്റിടങ്ങളിലാണെങ്കിൽ 960 ഹെക്ടറുമാണു വേണ്ടത്. ആണവ നിലയം സ്ഥാപിക്കാൻ അതിരപ്പള്ളിയും ചീമേനിയും കെ.എസ്.ഇ.ബിയുടെ പരിഗണനയിലുണ്ട്. പക്ഷെ വിവരം പുറത്ത് വന്നതോടെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇക്കാര്യവും നിഷേധിച്ചു.അതിരപ്പിള്ളി, ചീമേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് കെ.എസ്.ഇ.ബിയുടെ പരിഗണനയിലുള്ളതെന്നു ചെയർമാൻ ബിജു പ്രഭാകർ നേരത്തെ പറഞ്ഞിരുന്നു. 220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം.
രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. 7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നൽകണമെന്ന ആവശ്യം ചർച്ചയിൽ കെ.എസ്.ഇ.ബി മുന്നോട്ടുവച്ചു. ബിജു പ്രഭാകറും 2 ഡയറക്ടർമാരുമാണ് ഭാഭാ ആറ്റമിക് റിസർച്ച് സെന്ററുമായും കൽപ്പാക്കം ആണവ നിലയത്തിന്റെ കൈകാര്യ ചുമതലയുള്ള ഭവിനി (ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ്) ചെയർമാനുമായും ആദ്യഘട്ട ചർച്ച നടത്തിയത്. സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയിൽ നിന്നോ ഉടൻ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയർ കോർപറേഷനുമായി ചർച്ച ചെയ്തിരുന്നു. ടെൻഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാൽ, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളത്തിന്റെ നീക്കം.
സംസ്ഥാനത്തെ വൈദ്യുതിനിലയങ്ങളുടെ സ്ഥാപിത ഉൽപാദന ശേഷി 3200 മെഗാവാട്ടാണെങ്കിലും പരമാവധി 1800 മെഗാവാട്ട് ആണ് ഉൽപാദനം. 2030ൽ കേരളത്തിന്റെ ഊർജ ആവശ്യങ്ങൾക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കേണ്ടി വരുമെന്ന കെ.എസ്.ഇ.ബി റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ആണവനിലയത്തിനായുള്ള നീക്കമാരംഭിച്ചത്. കാലം മാറിയെന്നും ആണവനിലയത്തിനെതിരായ ആശയങ്ങൾ തിരുത്തണമെന്നും കെ.എസ്ഇ.ബി റിട്ട. എക്‌സിക്യൂട്ടീവ് എൻജിനീയറും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യ സെക്രട്ടറിയുമായ എം.ജി സുരേഷ് കുമാർ പങ്കുവയ്ക്കുന്ന അഭിപ്രായം തൊഴിലാളി യൂണിയനുകൾ തള്ളിക്കളയില്ലെന്ന ചിന്ത കെ.എസ്.ഇ.ബിയുടെ അമരക്കാർക്കും സി.പി.എം നേതാക്കൾക്കുമുള്ളതായാണ് സൂചന.
ജർമ്മൻ പാഠം
വികസിത രാജ്യങ്ങൾ പലതും ആണവോർജ്ജ നിലയങ്ങളുടെ പ്രവർത്തനം കുറച്ചുകൊണ്ടുവരികയാണെന്ന വസ്തുത കേരളം ഗൗനിക്കുന്നതേയില്ല. ചെർണോബിൽസഹിതം ലോകത്തെയാകെ വിരട്ടിയ ആണവോർജ്ജ നിലയങ്ങളിലെ തകരാറും മറക്കുന്നു. ജർമ്മനിയിൽ ആണവോർജം ചരിത്രമായിക്കഴിഞ്ഞു. രാജ്യത്തെ ആണവ നിലയങ്ങൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് ദശാബ്ദങ്ങളായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനൊടുവിൽ അവസാനത്തെ ആണവനിലയത്തിനും കഴിഞ്ഞ വർഷം താഴിട്ട് പൂട്ടി ജർമ്മനി.
നെക്കാർവെസ്തിം, എംസ്ലൻഡ്, ഐസർ എന്നിവിടങ്ങളിലെ ആണവനിലയങ്ങളാണ് ഏപ്രിൽ മധ്യത്തോടെ സർക്കാർ അടച്ചത്.
ആണവോർജ്ജമുക്തമായി പൂർണമായും ഹരിതോർജത്തിലേക്ക് മാറുക എന്നതാണ് ലക്ഷ്യം. നിതാന്തമായ പരിശ്രമം ഫലം കണ്ടതോടെ ആണവവിരുദ്ധ സംഘടനകളുടെ പ്രവർത്തകർ ബെർലിനിലും മ്യൂണിക്കിലും വമ്പൻ ആഹ്ലാദപ്രകടനമാണ് നടത്തിയത്. ചില പാശ്ചാത്യ രാജ്യങ്ങൾ മാത്രം ആണവോർജത്തിൽ നിക്ഷേപം വർധിപ്പിക്കുമ്പോഴാണ് ആണവയുഗം അവസാനിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി ജർമനി മുന്നോട്ടു പോയത്. ഇത് ഒരു യുഗത്തിന്റെ അവസാനമാണെന്നായിരുന്നു മൂന്ന് റിയാക്ടറുകൾ വൈദ്യുതി ഗ്രിഡിൽനിന്ന് വിച്ഛേദിച്ചതായി സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് സർക്കാർ അറിയിച്ചത്.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1