കോരസൺ ഒരു അന്വേഷണകുതുകിയെപ്പോലെ അമേരിക്കയുടെ ഹൃദയാന്തരാളത്തിലേക്ക് ഇറങ്ങിച്ചെന്ന് എഴുതിയ 'നേരും നോവും' എന്ന ലേഖനസമാഹാരത്തിലെ ഓരോ ലേഖനവും വിജ്ഞാനപ്രദവും പ്രശംസനീയവുമാണ്. അതിലെ ആദ്യ പകുതിയുടെ ആസ്വാദനം ഞാൻ നേരത്തെ എഴുതിയിരുന്നു. ബാക്കിഭാഗം വായിച്ചപ്പോൾ എഴുതാതിരിക്കാൻ വയ്യെന്നായി; അത്രയ്ക്ക് ഉൾക്കാഴ്ചയുള്ളതാണ് മറ്റു ലേഖനങ്ങൾ.
അതിൽ മനസ്സിൽതട്ടുന്ന ഒന്നാണ് 'റിബെക്ക - രു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം'. ലേഖകന്റെ അയൽവാസിയായ റിബെക്ക ഒരു ജൂത കുടുംബത്തിലെ അംഗമാണ്. 21 വയസ്സുള്ള റിബെക്കയും ലേഖകന്റെ മകൾ ക്രിസ്റ്റീനയും അടുത്ത കൂട്ടുകാരികളാണ്. മഞ്ഞുമൂടിയ മലയിടുക്കിലൂടെ സാഹസികമായി ഐസ് സ്‌കീയിങ് ചെയ്യുക റിബെക്കക്ക് ഹരമുള്ള വിനോദമാണ്. ഒരിക്കൽ മത്സരിച്ചു സ്‌കീയിങ് നടത്തുമ്പോൾ ആ കായികാഭ്യാസി അപകടത്തിൽ പെടുന്നു; നട്ടെല്ലിന്റെ C1- C2 vertebraക്ക് ക്ഷതമേൽക്കുന്നു. മുഖചലനശേഷി ഒഴികെ കഴുത്തിനു താഴെ ചലനശക്തി നഷ്ടപ്പെടുന്നു.
സ്വന്തമായി ശ്വസിക്കാൻ പോലും കഴിയാതെ, വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്നു. അവളുടെ ശ്വാസംകൊണ്ടു മാത്രം ചലിപ്പിക്കാവുന്ന കസേരയിൽ ഇരുന്നു ജീവിതം നയിക്കുമ്പോൾ, അവൾ ജീവിതത്തിനു നേരെ നീട്ടുന്ന പോസറ്റീവ് സമീപനം ഏറെ പ്രചോദനകരവും ഹൃദ്യവുമായി തോന്നി. റീഹാബിലിറ്റേഷനിലെ സ്റ്റാഫും നഴ്‌സുമാരും കൂടിയാണ് പുതിയ ജീവിതം റിബെക്കക്ക് തയ്യാറാക്കിയത്. ആശുപത്രി ചെലവുകൾക്കും മറ്റും ഒരു മില്യണിലധികം ഡോളർ വേണ്ടിവന്നു. തുടർന്നും ഉള്ള ചെലവുകൾക്കായി ഒരു ഗ്രാമം മുഴുവൻ അവൾക്കായി പണം സമാഹരിക്കുന്നു; പ്രാർത്ഥിക്കുന്നു. റിബെക്കയെ ഇത്രമാത്രം നാട്ടുകാരുടെ പ്രിയങ്കരിയാക്കിയത് അപകടത്തിൽ പെട്ടത് കൊണ്ട് മാത്രമല്ല, അവൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെട്ടതുകൊണ്ട് കൂടിയാണ്.
വിഷാദത്തെ മറികടക്കാൻ അവൾ കമ്പ്യൂട്ടറിൽ പ്രത്യക്ഷപ്പെടുന്ന ഇഷ്ടപ്പെട്ടവരോട് സംസാരിച്ചും സ്വന്തം കണ്ണുകൾകൊണ്ടും ശ്വാസംകൊണ്ടും അവരുടെ ചിത്രങ്ങൾ എടുത്തു അവർക്ക് അയച്ചു കൊടുക്കുന്നു. സ്വന്തം ടിക് ടോക് ഷോകൾ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കുന്നു. കണ്ണുകൾകൊണ്ടു ചെയ്യാവുന്ന അതിനൂതനമായ സാങ്കേതിക വിദ്യ. മുന്നോട്ടുള്ള ജീവിതത്തെപ്പറ്റി റിബെക്കക്ക് നല്ല ബോധ്യമുണ്ടെങ്കിലും അവൾ ഉത്സാഹവതിയാണ്.
'നേരും നോവി' ലെ മറ്റൊരു വിജ്ഞാനപ്രദമായ ലേഖനമാണ് 'സഭ്യതയുടെ ആത്മാവ്'.
ഒരാൾ സമൂഹത്തിൽ എങ്ങനെ പെരുമാറണം, എന്താണ് ശരിയായ മര്യാദ എന്നൊക്കെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നു. സഭ്യതയെ മര്യാദയിൽ നിന്ന് വേർതിരിക്കുകയും അതെങ്ങനെ ജീവിതത്തിന് ഗുണപ്രദമാകുകയും ചെയ്യുന്നുവെന്ന് സൂചിപ്പിക്കുന്നു...
മറ്റുള്ളവരെ മാനിക്കുക എന്നത് അവർ തെറ്റാണെന്ന് തോന്നുമ്പോൾ അവരോട് പറയാൻ കഴിയുക, അല്ലെങ്കിൽ കഠിനസത്യങ്ങൾ പറയുക എന്നാണ്. നമ്മൾ വേണ്ടത്ര സ്വയം മാറാൻ കഴിഞ്ഞാൽ നമുക്ക് ലോകത്തെയും മാറ്റാൻ കഴിഞ്ഞേക്കാം. വ്യക്തികളെയോ സമ്പ്രദായങ്ങളെയോ കുറ്റപ്പെടുത്തുന്നതിനു പകരം, നമുക്ക് നിയന്ത്രിക്കാവുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക. അഗാധമായ അഭിപ്രായ വ്യത്യാസങ്ങളിൽ നിശ്ശബ്ദരാകാതെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുക.
മര്യാദ എന്നാൽ മിനുസപ്പെടുത്തുക അഥവാ അധാർമികത്വത്തിൽനിന്ന് ഒരു മുക്തി. സഭ്യത ഹൃദയത്തിന്റെ ഒരു സ്വഭാവമാണ്. അത് മറ്റുള്ളവരെ ധാർമ്മിക തുല്യരായി കാണുന്നതിനുള്ള ഒരു മാർഗമാണ്. നമ്മുടെ അന്തസ്സുള്ള പെരുമാറ്റം ഉദ്‌ഘോഷിക്കുന്നത് എല്ലാവരും ബഹുമാനത്തിനു അർഹരാണെന്നാണ്. മറ്റുള്ളവരുടെ മനോഭാവം തിരിച്ചറിയാൻ ഒരു തുറന്ന മനസ്സ് വേണം.
'മാറേണ്ടതുണ്ട് അമേരിക്കൻ മലയാളികൾ' എന്നത് വായനക്കാരുടെ ഉള്ളം ജ്വലിപ്പിക്കുന്ന ഒന്നാണ്. അമ്പത് വർഷത്തോളമായി അമേരിക്കയിൽ വസിക്കുന്ന മലയാളികളിൽ പല മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കൻ ജീവിതസാഹചര്യങ്ങളിൽ കുട്ടികൾ വളർന്നു അമേരിക്കയുടെ ഭാഗമാകുമ്പോൾ, അവർക്ക് മലയാളഭാഷയും നമ്മെ നാമാക്കിയ വിശ്വാസങ്ങളും നഷ്ടപ്പെട്ടുപോകുന്നത് വെറുതെ നോക്കിനിൽക്കാനേ കഴിയുന്നുള്ളു.
കുറെയൊക്കെ മലയാളിയായി പിടിച്ചുനിൽക്കാൻ ശ്രമിക്കുമ്പോഴും എന്തിനാണ് ഇതൊക്കെ എന്ന ഒരു തോന്നൽ സംജാതമാകുന്നു. ആകെ ഒരു കുഴച്ചിൽ. ഒന്നിലും അവർക്ക് താല്പര്യവും വിശ്വാസവുമില്ല. എങ്കിലും കേരളരാഷ്ട്രീയവും ഇവിടുത്തെ പള്ളിരാഷ്ട്രീയവും മലയാളം സീരിയലുകളും സോഷ്യൽ മീഡിയയും അവരുടെ ദിനങ്ങൾ നിറച്ചു. കുറെ രാജ്യങ്ങൾ യാത്രചെയ്തു കഴിഞ്ഞപ്പോൾ അതും മടുത്തു. നാട്ടിൽ പോയി നിൽക്കലും മടുത്തു.
ചെറിയ കൂട്ടായ്മയായ ക്ലബ് സംസ്‌കാരവും അല്പം സ്മാളും കുറെ കുന്നായ്മയും വേനലിലെ കൃഷിയും അവരെ ചെറിയ ലോകത്തിലെ വലിയ രാജാവാക്കി. ഓണവും ക്രിസ്തുമസും പെരുന്നാളും ഉത്സവങ്ങളും തിരുവാതിരയും ചെണ്ടയുമൊക്കെ ഇന്നും പലർക്കും ആവേശമാണ്. പക്ഷേ ഇവിടെ വളർന്ന പുതിയ തലമുറയ്ക്കിതൊക്കെ ദഹിക്കാത്തതായി. പുതിയ തലമുറ മലയാളിയെന്നോ ഇന്ത്യാക്കാരെന്നോ അറിയപ്പെടാൻ അത്ര ഔത്‌സുക്യം പ്രകടിപ്പിക്കാതെയായി. ഒന്നിനും താല്പര്യമില്ലാത്ത വലിയൊരു ജനത വിശ്രമജീവിതം മുന്നോട്ട് നീക്കുന്നു. മതസംഘടനകളിൽ തളച്ചിട്ട അമേരിക്കൻ മലയാളികൾ പൊട്ടക്കുളത്തിലെ തവളകളെപ്പോലെ ജീവിതം ജീവിച്ചു തീർക്കുന്നു.
കുട്ടികളിൽ വർധിച്ചുവരുന്ന ആത്മഹത്യകൾ, ക്ഷുദ്രവാസനകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ആരും ഇടപെടാനോ, സഹായം തേടാനോ ശ്രമിക്കാറില്ല! പൊരുത്തപ്പെടാനാവാത്ത എന്തൊേെയാ അമേരിക്കാൻ മലയാളിക്ക് ഉണ്ട് എന്ന് സമ്മതിച്ചേ തീരൂ. വിവാഹം കഴിക്കാനാഗ്രഹിക്കാതെ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ച ചെറുപ്പക്കാർ സമൂഹത്തിനു ഒരു വലിയ പ്രശ്‌നമാകുന്നു...!
ഈ പശ്ചാത്തലങ്ങൾ ഇവിടുത്തെ എഴുത്തുകാർ ഉൾക്കൊള്ളുന്നുണ്ടോ എന്ന് പരിശോധിക്കണം. ചില സാഹിത്യകൃതികൾ ഉണ്ടെങ്കിലും അവ ചർച്ച ചെയ്യപ്പെടുന്നില്ല. അമേരിക്കൻ മലയാളിയുടെ ജീവിതനേർക്കാഴ്ചയുടെ രചനകൾ, ചിത്രങ്ങൾ, സിനിമകൾ മുഖ്യധാരയിയിൽത്തന്നെ ചർച്ച ചെയ്യപ്പെടണം.
ബെന്യാമിന്റെ 'ആടുജീവിതം' മലയാളിയുടെ ഗളത്തിൽ നീറുന്ന വേദന സൃഷ്ടിച്ചുവെങ്കിൽ, എന്തുകൊണ്ട് കഴിവുറ്റ എഴുത്തുകാരുള്ള അമേരിക്കയിൽ നിന്നും അത്തരം ജീവിതകഥകൾ ഉണ്ടാകാത്തത്?
ഒറ്റപ്പെട്ട തുരുത്തുകളിൽ നമുക്ക് നിലനിൽക്കാനാവില്ല. നാട്ടിലെ സ്വപ്‌നങ്ങൾ കണ്ടുകൊണ്ട് ഇവിടെ നാട് സൃഷ്ടിക്കാനാവില്ല! എല്ലാം നഷ്ടപ്പെട്ട് വെറും അമേരിക്കക്കാരൻ എന്ന് ഞെളിഞ്ഞുനടക്കാനും ആവില്ല. എങ്ങോട്ടാണ് അമേരിക്കൻ മലയാളിയുടെ പോക്ക് എന്ന് അഗാധമായി ചിന്തിക്കേണ്ടിയിരിക്കുന്നു...
'ജൂൺ ടീന്ത് അമേരിക്കയ്ക്കു ഒരു പുതിയ സ്വാതന്ത്ര്യദിനം' എന്ന ലേഖനത്തിൽ, ജൂൺ 19വേ അല്ലെങ്കിൽ ജൂൺ ടീന്തിനെപ്പറ്റി പറയുന്നു. ചില അമേരിക്കൻ മലയാളികൾക്ക് ആ വാക്ക് അത്ര സുപരിചിതമല്ല.
1865 ൽ ടെക്‌സാസിൽ അടിമത്വത്തിൽ കഴിയുന്നവരെ തങ്ങൾ സ്വതന്ത്രരായി എന്നുണർത്തിയ പേര്. ടെക്‌സാസിലെ ഗാൽവെസ്റ്റണിലെ അടിമകൾക്ക് അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു ഒടുവിൽ അറിയിച്ച ദിനമായി ജൂൺ ടീന്ത് ആഘോഷിക്കപ്പെടുന്നു. 1863 ജനുവരി 1 ന് പ്രസിഡന്റ് എബ്രഹാം ലിങ്കൺ അടിമത്വത്തിൽ നിന്ന് സ്വതന്തരാക്കാനുള്ള പ്രഖ്യാപനത്തിൽ ഒപ്പ് വെച്ചു. അത് പ്രാബല്യത്തിൽ വരുന്നത് ജൂൺ 19, 1865 ൽ. പ്രസിഡന്റ് ജോ ബൈഡൻ ജൂൺ 17, 2021 ന് ഒപ്പ് വെച്ചപ്പോഴേ അത് പബ്ലിക് ഹോളിഡേ ആയുള്ളൂ.
വർഗ്ഗവൈരം അമേരിക്കയുടെ ആത്മാവിൽ തൊട്ടുനിൽക്കുന്ന വിഷയമാണ്; അതില്ലാതെ അമേരിക്കൻ ചരിത്രമില്ല. 1776 ജൂലൈ 4 അമേരിക്കൻ സ്വാതന്ത്ര്യ ആഘോഷങ്ങൾ... സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ കാപട്യം ഓർമപ്പെടുത്തലാണെന്നും, കറുത്ത വർഗ്ഗക്കാർക്ക് അന്നും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു എന്നും ആഫ്രിക്കൻ അമേരിക്കൻ സാമൂഹ്യപരിഷ്‌കർത്താവായ ഫ്രഡറിക് ഡഗ്ലസ് വാദിക്കുന്നു.
'ബ്ലാക്ക് വാൾസ്ട്രീറ്റ് കത്തിച്ചാമ്പലായതിന്റെ ശതവാർഷികം' എന്ന ലേഖനത്തിൽ 1921 ജൂൺ 1ന് ഓക്‌ലോഹോമയിലെ ടെൽസയിൽ നടന്ന വംശീയ ലഹള അഥവാ 'ടെൽസ കൂട്ടക്കൊല' യെപ്പറ്റി വിതുമ്പുന്നു. മുന്നൂറോളം ആഫ്രിക്കൻ അമേരിക്കക്കാരെ കൂട്ടക്കൊല ചെയ്യുകയും അവരുടെ ഭവനങ്ങളും സൗധങ്ങളും അഗ്‌നിക്കിരയാക്കുകയും ചെയ്ത കരിദിനീ അമേരിക്കൻ ചരിത്രത്തിലെ ലജ്ജിക്കേണ്ട ഒരദ്ധ്യായമാണ്.
ഒന്നാം ലോക മഹായുദ്ധത്തിനുശേഷം അമേരിക്കൻ സമ്പത്സമൃദ്ധിയിൽ കറുത്തവർഗ്ഗക്കാരുടെ പങ്കിന്റെ ഒരു സാക്ഷ്യമായിരുന്നു ഗ്രീൻവുഡ് ഡിസ്ട്രിക്ട്. അമേരിക്കയിൽ കറുത്ത സ്വപ്‌നം ഒരിക്കലും സാധ്യമാകുകയില്ല എന്ന് സ്ഥാപിക്കുന്നതായിരുന്നു ആ നരഹത്യ.
അമേരിക്കൻ എഴുത്തുകാരനായ ബുക്കർ ടി. വാഷിംഗ്ടൺ ഗ്രീൻവുഡ് ഡിസ്ട്രിക്ടിനെ 'ബ്ലാക്ക് വാൾസ്ട്രീറ്റ്' എന്ന് വിശേഷിപ്പിച്ചിരുന്നു. 100 വർഷം മുമ്പുള്ള ഒക്‌ലോഹോമയിലെ ടെൽസ, വ്യവസായികളും ഡോക്ടർമാരും ബാങ്കേഴ്‌സും ഉദ്യോഗസ്ഥരും നിറഞ്ഞ കറുത്തവരുടെ സമ്പന്നമായ ഒരിടമായിരുന്നു.
വംശീയ വേർതിരിവ് അതിശക്തമായിരുന്ന കാലത്ത്, കറുത്തവർക്ക് പരിമിതമായ സാമ്പത്തിക സാധ്യത മാത്രം നിലനിന്നിരുന്നപ്പോഴാണ് ഇത്തരം ഒരു വിജയകഥ, വെറും 10000 പേരുള്ള ടെൽസ ബ്ലാക്ക് സമൂഹത്തിനു സാധ്യമായത്. 1919 ലെ കറുത്തവർക്കെതിരായ വെള്ളക്കാരുടെ കാടത്തമായ റെഡ് സമ്മർ ഭീകരവാഴ്ചയുടെ ഓർമ്മകൾ നിലനിൽക്കെ, സാമ്പത്തികഭദ്രതയ്ക്കു വേണ്ടിയുള്ള കറുത്തവരുടെ ശ്രമങ്ങളും തുല്യതയ്ക്കുവേണ്ടിയുള്ള മുറവിളികളും വെള്ളക്കാരെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. തീവ്രവെള്ളക്കാരുടെ സംഘടനയായ KKK യുടെ ശക്തിയും വെറുപ്പും കൂടിക്കൊണ്ടിരുന്ന കാലം...
1921 മെയ് 30 ന് ഷൂ ഷൈൻ ചെയ്യുന്ന 19 കാരൻ 17 കാരിയുടെ കാലിൽ അറിയാതെ ചവിട്ടി. അവളുടെ നിലവിളി കേട്ട ഒരു വെള്ളക്കാരൻ പോലീസിൽ വിളിച്ചു, 'വെള്ളക്കാരിയെ ബലാത്സംഗം ചെയ്യുവാൻ ഒരു നീഗ്രോ ശ്രമിച്ചു' എന്ന് പരാതിപ്പെട്ടു. പിറ്റേന്ന് പത്രത്തിൽ 'നീഗ്രോ പെൺകുട്ടിയെ ആക്രമിച്ചു' എന്ന വാർത്ത വെള്ളക്കാരിൽ വലിയ വർഗ്ഗീയ വിദ്വേഷം സൃഷ്ടിച്ചു.
തുടർന്നു, ഒരു വെള്ളക്കാരനും കറുത്ത മുൻപട്ടാളക്കാരനും തമ്മിൽ ഏറ്റുമുട്ടി; വെടിപൊട്ടി. അതിലൂടെ ഒരു നരകം തുറന്നു വിട്ടു... 76 വർഷത്തിനുശേഷം ഈ കൂട്ടക്കുരുതിയെക്കുറിച്ചു അന്വേഷിക്കാൻ ഒക്‌ലോഹോമ ശ്രമിച്ചെങ്കിലും എങ്ങുമെത്തിയില്ല! ടെൽസയുടെ മണ്ണിൽ, എത്രയോ വർഗ്ഗീയ വൈരത്തിനു ഇരയായവരുടെ രോദനം ഇപ്പോഴും ഉയരുന്നുണ്ടാവാം...!?
ടെൽസയെ ഓർമ്മപ്പെടുത്താനെന്നോണം, 2021 ജനുവരി 6, അമേരിക്കയെ തിരിച്ചുപിടിക്കാനുള്ള ട്രംപിന്റെ ശ്രമം വെള്ള മേധാവിത്തമനഃസ്ഥിതിയായി അനുമാനിക്കാം.
ചിലപ്പോൾ ചിന്തിക്കും, കോരസൺ ഇന്നത്തെ ട്രംപ് ഭരണത്തിന്റെ കണ്ടെത്തലുകൾ ദീർഘദർശനം ചെയ്തത് സംഗ്രഹിച്ചു ബൈഡൻ അഡ്മിനിസ്ട്രറേഷനു നേരത്തെ അയച്ചുകൊടുത്തിരുന്നെങ്കിൽ എന്ന്... ,
കോരസണിൽ നിന്ന് സമൂഹം ഇനിയും ഉൽക്കൃഷ്ട സംഭാവനകൾ കാത്തിരിക്കുന്നു.
അബ്ദുൾ പുന്നയൂർക്കുളം
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1