'മോദിജീ, കോൺഗ്രസുകാരിൽ നിന്ന് എനിക്ക് പ്രൊട്ടക്ഷൻ വേണം... ആര്, ആരോട് എപ്പോൾ പറഞ്ഞിരിക്കാം?

JANUARY 28, 2026, 7:09 AM

മമ്മൂട്ടി സിനിമാ നിർമ്മാതാക്കൾക്ക് പണം പലിശയ്ക്ക് നൽകുന്ന ഒരു സെമി ഗുണ്ടയായി അഭിനയിക്കുന്ന ഒരു സിനിമയുണ്ട്. സിനിമയുടെ പേര് ഷൈലോക്ക്. ആ സിനിമയിൽ സിദ്ധിഖ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രമായ കമ്മീഷണറോട് മമ്മൂട്ടിയുടെ കഥാപാത്രം തനിക്ക് ''പ്രൊട്ടക്ഷൻ വേണം, സാറേ എനിക്ക് പ്രൊട്ടക്ഷൻ വേണ'' മെന്ന് തമാശ രൂപേണ പറയുന്ന ഒരു രംഗമുണ്ട്. ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രി മോദിജിയോട്, യു.ഡി.എഫ്. ഭരണം വന്നാൽ തനിക്ക് പ്രൊട്ടക്ഷൻ വേണമെന്ന് 'കാര്യമായി തന്നെ' ഇതിനകം പറഞ്ഞു കഴിഞ്ഞോ?

വാർത്തകളിൽ പരതുമ്പോൾ, മുഖ്യമന്ത്രി പദമൊഴിഞ്ഞാൽ ഉണ്ടാകാൻ സാധ്യതയുള്ള നാളുകളിലേക്ക് പിണറായി ഒരു 'ഓപ്ഷൻ ബി' പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞതായി തോന്നും. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ മോദിജിയെ തന്നെ തിരക്കിട്ട് പങ്കെടുപ്പിച്ച്, ഭാവിയിൽ സ്വന്തം തടി കേടാകാതിരിക്കാനുള്ള തന്ത്രമൊരുക്കുകയാണോ പിണറായി? 

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ആഴം പിണറായിക്കറിയാം. കൂടെയുള്ള ചില 'പൊട്ടന്മാർ' ഭരണവിരുദ്ധ വികാരമില്ലെന്നു പറയുമ്പോഴും, ഈ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കാരിൽ പെട്ടവർ തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പഞ്ഞിക്കിടുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഒരു തൂക്കു സഭയുടെ ആനുകൂല്യത്തിൽ ബി.ജെ.പിയുടെ പുറത്തുനിന്നുള്ള പിന്തുണയിൽ ഭരണം പിടിക്കാനാവുമോയെന്നാണ് പിണറായി ചിന്തിക്കുന്നത്. അതിനായി ന്യൂനപക്ഷ വിരുദ്ധരുടെയും, തീവ്ര ഹൈന്ദവ ഭൂരിപക്ഷത്തിന്റെയും വോട്ടുകൾ സമാഹരിക്കാനുള്ള തന്ത്രങ്ങൾക്കാണ് എ.കെ.ജി. സെന്ററിൽ 'ബ്ലൂ പ്രിന്റ്' തയ്യാറാക്കിവരുന്നത്. 

vachakam
vachakam
vachakam

യു.ഡി.എഫ്. സർക്കാരിനെ പേടിക്കേണ്ട

നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരത്തിൽ വന്നാലും പിണറായിക്കും മന്ത്രിമാർക്കുമെതിരെയുള്ള അന്വേഷണമെല്ലാം വെറുതെ 'ശൂ' ആയിപ്പോകും. കേരളാ രാഷ്ട്രീയ ചരിത്രം തന്നെ അതിനു തെളിവാണ്. യു.ഡി.എഫ്. മന്ത്രിമാർക്കെതിരെ വൻതോതിൽ അഴിമതിയാരോപണങ്ങൾ ഉന്നയിച്ചാണ് അധികാരത്തിലേറിയതെങ്കിലും, രണ്ടു തവണ ഇടതുമുന്നണി ഭരിച്ചിട്ടും ആ അഴിമതിയാരോപണങ്ങൾ ഒന്നുപോലും തെളിയിക്കാൻ പിണറായിയും കൂട്ടരും ചെറുവിരലനക്കിയില്ല. ഐ.എൻ.ടി.യു.സി നേതാവ് ചന്ദ്രശേഖരൻ ഉൾപ്പെട്ട കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയാരോപണത്തിൽ ഇപ്പോഴും സി.ബി.ഐ. അന്വേഷണത്തിന് അനുമതി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.

അങ്ങനെയെങ്കിൽ അടുത്ത ഭരണം കിട്ടിയില്ലെങ്കിൽ പിണറായി പേടിക്കേണ്ടതാരെയാണ്? തീർച്ചയായും കേന്ദ്ര സർക്കാർ ഏജൻസികളെ തന്നെയാകും. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് സംസ്ഥാന ഭരണത്തിൽ ഒരു 'റോൾ' നൽകാൻ പിണറായി കരുക്കൾ നീക്കിക്കഴിഞ്ഞിട്ടുണ്ട്. വിഴിഞ്ഞം ചടങ്ങിൽ മുഖ്യമന്ത്രിക്കുവേണ്ടി പ്രധാനമന്ത്രി കാത്തുനിന്നതും, അദ്ദേഹത്തെ മോദി തന്നെ കൈപിടിച്ച് സ്റ്റേജിൽ കയറ്റിയതുമെല്ലാം ചാനലുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. അതേ ചടങ്ങിൽ ഇടതുഭണത്തെക്കുറിച്ച് കമാന്നൊരക്ഷരം പറയാൻ മോദിയോ, മോദിയെ കുറ്റപ്പെടുത്താൻ പിണറായിയോ തുനിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

ബി.ജെ.പി.യുടെ പാർട്ടി പരിപാടിയിൽ ശബരിമലയിൽ നിന്ന് സ്വർണ്ണം കട്ടവരെ ശിക്ഷിക്കുമെന്നു മാത്രമാണ് മോദി പറഞ്ഞത്. അൽപ്പസ്വൽപ്പം വിമർശനമെല്ലാം ഇടതുഭരണത്തിനെതിരെ മോദി പറഞ്ഞുവെന്നതും യാഥാർത്ഥ്യമാണ്. പക്ഷെ, തുടർച്ചയായി പ്രധാനമന്ത്രിയെ പേരെടുത്ത വിമർശിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് പിണറായി. 'ഭരണം പോയാലുള്ള' കാലഘട്ടത്തെ അഭിമുഖീകരിക്കാൻ ബി.ജെ.പിയെ പരോക്ഷമായി കേരളത്തിൽ സഹായിക്കുകയെന്ന തന്ത്രം ഒളിഞ്ഞിരിപ്പുണ്ടോ?

പാർട്ടിയുടെ ജീർണതയത്രയും പുറത്ത്?

മലബാറിലെ മനുഷ്യരിൽ നിന്ന് മനുഷ്യത്വം ഊറ്റിക്കളഞ്ഞ ചില നേതാക്കളുണ്ട്. ഇവർ സി.പിഎമ്മിൽ കയറിപ്പറ്റിയ അവസരവാദികളായ പ്രാദേശിക നേതാക്കളാണ്. പാർട്ടി തലപ്പത്തെ അഴിമതി പ്രാദേശിക സംവിധാനങ്ങളിലേക്കും ക്യാൻസർ പോലെ പടരുകയായിരുന്നു. ആ ജീർണ്ണതയുടെ പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമായെങ്കിലും അത് വകവച്ചുകൊടുക്കാൻ പിണറായി സന്നദ്ധനായില്ല. ഇപ്പോൾ മണ്ണ് മാഫിയ, ക്വാറി മാഫിയ, റിയൽ എസ്റ്റേറ്റ് മാഫിയ, മയക്കുമരുന്ന് മാഫിയ തുടങ്ങിയ മാഫിയകളുടെ സ്വാധീനം പ്രാദേശിക പാർട്ടി നേതാക്കളെ പോലും കളങ്കിതരാക്കി കഴിഞ്ഞു. 

vachakam
vachakam
vachakam

മാഫിയാ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പ്രാദേശിക നേതാക്കൾ, ജനങ്ങളുടെ ദുരിതമേറ്റുകയാണുണ്ടായത്. ഇതുമൂലം പ്രാദേശികമായ പ്രശ്‌നങ്ങൾ കത്തിനിന്ന പല തദ്ദേശ വാർഡുകളിലും പാർട്ടി സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തായെന്ന് വോട്ടിംഗ് നിലവാരം തന്നെ സൂചിപ്പിക്കുന്നു. ഉദാഹരണമായി പയ്യന്നൂരിലെ കാര വാർഡിൽ ജയിച്ചത് വൈശാഖ് എന്ന ചെറുപ്പാരനായിരുന്നു. പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവച്ചാണ് ആ പഴയ സി.പി.എം. കാരൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിച്ചത്. വൈശാഖ് ജയിച്ചുവെന്നു മാത്രമല്ല, പാർട്ടി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്താവുകയും ചെയ്തു. 

പാർട്ടിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കുഞ്ഞിക്കൃഷ്ണൻ പഴയ വി.എസ്. ഗ്രൂപ്പുകാരനാണ്. ആരോപണ വിധേയനായ ടി.ഐ. മധുസൂദനാകട്ടെ, പാർട്ടിയിലെ പുത്തൻകൂറുകാരനാണ്. പയ്യന്നൂരിലെ പാർട്ടിയുടെ ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരത്തിൽ മുഴുവനും ഏ.സി. മുറികളാണ്. ആ മുറികളിൽ നടക്കുന്ന മീറ്റിംഗിലേക്ക് എത്തുന്ന ''കട്ടൻ ചായയും പരിപ്പു വടയും'' മാത്രമാണ് മാറ്റിമില്ലാത്തവ. ഏഷ്യാനെറ്റ് ന്യൂസിലാണ് കുഞ്ഞിക്കൃഷ്ണൻ തന്റെ ആരോപണം പരസ്യമാക്കിയതെങ്കിലും,

ഇതേ ആരോപണങ്ങൾ 2022ൽ തന്നെ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചിരുന്നു. ഇപ്പോൾ പയ്യന്നൂർ സഹകരണ ബാങ്ക് സെന്റിന് 4 ലക്ഷം രൂപ വിലയുള്ള ചതുപ്പ് ഭൂമി സെന്റിന് 20 ലക്ഷം രൂപ വിലയ്ക്ക് വാങ്ങിയതും പാർട്ടിയെ കുഴപ്പത്തിലാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്‌സൺ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പാർട്ടിയിലെ വിഷയങ്ങൾ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നു പറയുമ്പോൾ ആ ധാർഷ്ട്യത്തിന്റെ ശൈലി സി.പി.എമ്മിനെ സ്‌നേഹിക്കുന്ന പലരെയും വേദനിപ്പിക്കും. കണ്ണൂർ ജില്ല സി.പി.എമ്മിന്റെ കോട്ടയായിരുന്നുവെന്ന ഭൂതകാലം മറയുമ്പോൾ, അവിടെ മധുസൂദനെതിരെ സമരം നയിക്കാൻ ബി.ജെ.പിക്ക് അണികളുണ്ടായെന്നത് നമ്മെ അമ്പരപ്പിക്കുന്നു.

ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭൂസ്വത്തും സ്വർണ്ണവുമെല്ലാം ചിലർ തട്ടിയെടുത്തതിൽ പാർട്ടിക്ക് പങ്കില്ലെന്ന് നേതാക്കൾ ആണയിടുന്നു. എന്നാൽ, ആ വാക്കുകൾ ഹൈന്ദവർ വെള്ളം തൊടാതെ വിഴുങ്ങാൻ തയ്യാറല്ല. തിരുവനന്തപുരം ജില്ലയിലെ 90ഓളം ഏരിയാ കമ്മിറ്റിയംഗങ്ങൾ പാർട്ടി വിട്ടുകഴിഞ്ഞു. ദൈവത്തിന്റെ പണം പോലെതന്നെ, രക്തസാക്ഷികൾക്കായി പാർട്ടി പിരിച്ച ഫണ്ടുകളും സഖാക്കൾ പവിത്രമായി കരുതുന്നു. കണ്ണൂരിലായാലും തിരുവനന്തപുരത്തായാലും പാർട്ടി ഫണ്ട് പിടുങ്ങിയവരെ ഇപ്പോൾ ഉന്നതപദവികൾ നൽകി ആദരിക്കുകയാണ്. സർക്കാർ പണം അഴിമതിയിലൂടെ പാർട്ടി സ്വന്തമാക്കുന്നുണ്ടെന്ന ആരോപണം പണ്ടു മുതലേയുണ്ട്. എന്നാൽ, രാഷ്ട്രീയ സംഘട്ടനങ്ങളിൽ മരിച്ചു വീണ രക്തസാക്ഷികൾക്കായി പൊതുജനങ്ങൾ നൽകിയ പണം എന്തിന്, എങ്ങനെ ചെലവഴിച്ചുവെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന കണ്ണൂരിലെ യുവ ജില്ലാ സെക്രട്ടറിയുടെ കർക്കശ നിലപാട് എത്ര അപലപനീയമാണ്?

മറന്നോ, നവീൻ ബാബുവിന്റെ മരണം? 

കണ്ണൂർ ഏ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമായ മരണത്തിനു പിന്നിൽ മലബാർ ദേവസ്വം ബോർഡ് വക ക്ഷേത്രഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്ന ചിലരുടെ കറുത്ത കരങ്ങളുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ചുറ്റുമുള്ള ഒരു ഉപജാപക സംഘം പല ക്ഷേത്രഭൂമികളും കൈവശം വച്ചുകൊണ്ടിരിക്കുന്നതായി നവീൻബാബുവിന്റെ റിപ്പോർട്ടിലുണ്ടായിരുന്നുവെന്ന് അന്ന് പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ ആരോപണം സംബന്ധിച്ച ഒരന്വേഷണവും പിൽക്കാലത്ത് നടന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ജനുവരി 17നുണ്ടായ ഒരു ഹൈക്കോടതി വിധി ഒരു മാധ്യമവും  കൊണ്ടാടിയില്ല.

മലബാർ ദേവസ്വത്തിൽപെട്ട കല്ലേക്കുളങ്ങര ഏരൂർ ക്ഷേത്രം വക 694.32 ഏക്കർ ഭൂമി, ആ ഭൂമി കൈവശം വച്ചിരിക്കുന്നവർ തിരികെ നൽകണമെന്ന ഹൈക്കോടതി വിധിയുടെ പിന്നാമ്പുറക്കഥകൾ തേടി ഒരു മാധ്യമവും  പോയതേയില്ല. അതായത് പാർട്ടി ഫണ്ട് മാത്രമല്ല, പാവനമെന്ന് കരുതുന്ന ക്ഷേത്ര സ്വത്തുക്കളും അധികാരം ഉപയോഗിച്ച് ആരെല്ലാമോ ചേർന്ന് തട്ടിയെടുത്തുണ്ടാവാമെന്ന ചിന്ത വ്യാപകമാണ്. ഈ 'പ്രൊപ്പഗാൻഡ' യുടെ ഫലം നേടാൻ സി.പി.എം. ഗ്രാമങ്ങളിൽ ബി.ജെ.പി. വലവിരിച്ചു കഴിഞ്ഞു. കോൺഗ്രസിനേക്കാൾ 'ഗുണ്ടാ' സഖാക്കളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ 'മോദിയുടെ ഗ്യാരന്റി' മതിയെന്ന് ചില വിമതർ ചിന്തിക്കുന്നു.

വി.എസി.ലൂടെ വിമതരിലേക്ക്?

വി.എസ്. അച്ചുതാനന്ദനും, ആ പഴയ സമരനായകൻ 'പലിശ നടേശൻ' എന്ന് വിളിച്ചുകളിയാക്കിയ വെള്ളാപ്പള്ളിക്കും ദേശീയ ബഹുമതികൾ നൽകാൻ സന്നദ്ധരായ കേന്ദ്ര സർക്കാരിന്റെ അണിയറ നീക്കം സൂചിപ്പിക്കുന്നതെന്താണ്? കണ്ണൂർ ഉൾപ്പെട്ട മലബാർ പ്രദേശങ്ങളിൽ ഹൈന്ദവരുടെ വിശ്വാസം തീക്ഷ്ണമാണ്. സഖാവായാലും അല്ലെങ്കിലും അവരുടെ ഉൽസവങ്ങൾ, ആ നാടിന്റെ തന്നെ കലാ സാംസ്‌കാരികാന്തരീക്ഷത്തിന് എക്കാലത്തും പ്രചോദനമേകും. തെയ്യങ്ങൾ പോലുള്ള ഹൈന്ദവ കൂടി വരവിൽ, ഇപ്പോൾ വൻതോതിൽ വർഗീയത പടർത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. എം.ടി.യുടെ കഥാപാത്രങ്ങളിൽ നാം കണ്ടിരുന്ന മനുഷ്യപ്പറ്റും മറ്റും ഇന്ന് ജാതി തിരിച്ച് വിവരിക്കുന്ന ശീലത്തിന് ചില കുബുദ്ധികൾ തുടക്കമിട്ടു കഴിഞ്ഞു. 

ഒരേ സമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും പ്രീണിപ്പിക്കാൻ കേരളത്തിലെ ബി.ജെ.പി. ശ്രമിക്കുന്നുണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ അത്തരത്തിലുള്ള ഒരു ചേരിതിരിവ് അത്രയേറെ എളുപ്പത്തിൽ സാധ്യമാക്കാനാവില്ല. 'മിഷൻ 2026' എന്ന കർമ്മ പദ്ധതിയിൽ ബി.ജെ.പി.നോട്ടമിട്ടിട്ടുള്ളത് 34 നിയമസഭാ മണ്ഡലങ്ങളാണ് 9 മണ്ഡലങ്ങളിൽ 40,000 വോട്ടുകൾ വീതം അവർ നേടി. നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂർ, മലമ്പുഴ, എലത്തൂർ, കാസർകോട്, മഞ്ചേശ്വരം, അരൂർ മണ്ഡലങ്ങളാണിവ.

35,000നും 40,000നും മധ്യേ ബി.ജെ.പിക്ക് വോട്ട് കിട്ടിയത് 12 നിയോജക മണ്ഡലങ്ങളിലാണ്. കോവളം, വട്ടിയൂർക്കാവ്, പാറശ്ശാല, ചിറയിൻകീഴ്, കൊട്ടാരക്കര, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, നാട്ടിക, ഒറ്റപ്പാലം, പാലക്കാട്, മാവേലിക്കര എന്നീ മണ്ഡലങ്ങളാണിവ. വേറെ 13 മണ്ഡലങ്ങളിൽ കൂടി ജയിക്കാനാവുമെന്ന ചിന്ത ബി.ജെ.പിക്കുണ്ട്. പക്ഷെ, ഈ സ്വപ്‌നം പൂവണിയാൻ സി.പി.എം. അണികൾ കനിയണം.

നേതാക്കൾ പറയുന്നതുകൊണ്ടല്ല സ്വന്തം പാർട്ടിക്ക് ഒരു പണി കൊടുക്കാൻ 'താമര' വേണോ ''കൈപ്പത്തി'' വേണോ എന്ന് വോട്ടർമാർ തീരുമാനമെടുക്കട്ടെയെന്ന മട്ടിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. പിണറായിയെ തോൽപ്പിക്കാൻ ഏത് ചിഹ്നമെന്ന ആശയക്കുഴപ്പം താമരയിൽ വോട്ട് കുത്തി പരിഹരിക്കാനുള്ള തന്ത്രങ്ങൾ ഏതായാലും പിണറായി പയറ്റും. സ്വന്തം തടി രക്ഷിക്കാൻ 'താമര ലേഹ്യം' നല്ലതാണെന്ന് പിണറായിക്ക് തോന്നിയാലും അക്കാര്യം വോട്ടർമാർക്കു കൂടി ബോദ്ധ്യപ്പെട്ടേ പറ്റൂ, അവിടെയാണ് സംഗതിയുടെ ഗുട്ടൻസ്.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam