ഇന്ത്യയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പിടിമുറുക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ആപ്ലിക്കേഷനുകളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെടുന്ന വ്യാജ ലോണ്‍ ആപ്പുകളുടെ പരസ്യത്തിന്മേലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ച് വരുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പ് ആപ്പുകളുടെ പരസ്യങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നല്‍കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവയാണ് ഇത്തരം ആപ്പുകളെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
ആപ്പുകള്‍ ഇന്ത്യയില്‍ പ്രശ്നമാകുന്നതെങ്ങനെ?
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഡിജിറ്റല്‍ രൂപത്തിലുള്ള വായ്പാ വിപണി വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2023 ല്‍ ഈ വ്യവസായം 350 ബില്ല്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിച്ചുവെന്നും ഏകദേശം 40 ശതമാനം വളര്‍ച്ച നേടിയെന്നും ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ സ്ഥാപനമായ എക്സ്പീരിയനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം ഇതില്‍ ഭൂരിഭാഗവും യഥാര്‍ത്ഥ സ്ഥാപനങ്ങളെങ്കിലും നിരവധി അനധികൃത വായ്പാക്കാരും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ മെറ്റ, ഗൂഗിള്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍, വാട്സാപ്പ് എന്നിവടങ്ങളില്‍ ശ്രദ്ധ നേടിയവയാണ്. വ്യാജ ലോണ്‍ ആപ്പുകളില്‍ നിന്ന് കടമെടുത്ത പലരും എടുത്ത തുകയേക്കാള്‍ അഞ്ചും ആറും ഇരട്ടി തുക തിരിച്ചടയ്ക്കേണ്ടി വരുന്നുണ്ട്. പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇവര്‍ക്ക് നേരെ വലിയ തോതിലുള്ള ഭീഷണികളും ഉയരുന്ന അവസ്ഥയാണ്.
ഭീഷണി താങ്ങാതെ വരുമ്പോള്‍ പലരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ വ്യാജ ലോണ്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുത്ത് ഭീഷണി നേരിട്ട് ആത്മഹത്യ ചെയ്ത 2020 ന് ശേഷമുള്ള ഒരു ഡസനോളം കേസുകളാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള 700 ആപ്പുകളെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭോപ്പാല്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര്യ സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ അക്ഷയ് ബാജ്പേയി പറയുന്നു.
2023 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ആളുകളെ ലക്ഷ്യമിടുന്ന 55 വ്യാജ ലോണ്‍ ആപ്ലിക്കേഷനുകള്‍ തങ്ങള്‍ കണ്ടെത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ് സെക്കിനെ ഉദ്ധരിച്ച് ഔട്ട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ച 15 ല്‍ പരം ചൈനീസ് പേയ്മെന്റ് ഗേറ്റ് വേകളും അവര്‍ കണ്ടെത്തി. ഭോപ്പാലില്‍ രണ്ട് കുട്ടികളുടെ പിതാവായ ഭൂപേന്ദ്ര വിശ്വകര്‍മ മാസങ്ങളോളം ഇത്തരം ലോണ്‍ ആപ്പുകളുടെ റിക്കവറി ഏജന്റുമാരാല്‍ നിരന്തരം ഉപദ്രവിക്കപ്പെട്ടതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആവശ്യപ്പെട്ട പണം തിരികെ അടച്ചില്ലെങ്കില്‍ നഗ്ന ചിത്രം സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഭൂപേന്ദ്ര വിശ്വകര്‍മ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഉപയോക്താക്കളെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാന്‍ സാധ്യതയുള്ള അനധികൃത വായ്പാ, വാതുവെപ്പ് ആപ്പുകളുടെ പരസ്യങ്ങള്‍ അനുവദിക്കാതിരിക്കാന്‍ ഇടനിലക്കാരായ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ അധിക നടപടികള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ അവയുടെ അനന്തര ഫലത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഈ ഇടനിലക്കാരായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമൂഹിക മാധ്യമങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
ഉപയോക്താക്കളുടെ ഡിജിറ്റല്‍ ഫിനാന്‍സ് ആപ്പുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ കെ.വൈ.സി നല്‍കാന്‍ ബാങ്കുകളോട് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തട്ടിപ്പ് ആപ്പുകളെ ഒരു പരിധി വരെ തടയുമെന്നാണ് കരുതുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1