കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഒരു അഴിമതി ആരോപണമായിരുന്നു പാമോയിൽ കേസ്. 1991-92കാലഘട്ടത്തിൽ കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
കേരള രാഷ്ട്രീയം ഇളക്കിമറിച്ച പാമോയിൽ കേസ് പുറത്തുകൊണ്ടുവന്നത് ബി.സി ജോജോ എന്ന പത്രപ്രവർത്തകനാണ്. കേരളകൗമുദിയിലൂടേയും കലാകൗമുദിയിലൂടെയുമാണ് ജോജോ ഈ വാർത്ത റിപ്പോർട്ടു ചെയ്തത്. ഉടമയും പത്രാധിപരായിരുന്ന എം.എസ് മണിയും അക്കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനും ഇതിന്റെ പിന്നിലുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ രാഷ്ട്രീയഭാവി പോലും മാറ്റിമറിച്ച ഒന്നായിരുന്നു പാമോയിൽ ഇടപാട്. ആ സമയം ചീഫ് സെക്രട്ടറിയായിരുന്ന പത്മകുമാർ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ, സിവിൽ സപ്ലൈസ് സെക്രട്ടറിയായിരുന്ന സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.ജെ തോമസ്, സിവിൽ സപ്ലൈസ് എംഡിയായിരുന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ തുടങ്ങിയവരായിരുന്നു പ്രതിക്കൂട്ടിൽ.
പവർ ആൻഡ് എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഈ കേസ്. മുൻ ചീഫ് വിജിലൻസ് കമ്മിഷണറായിരുന്ന പി.ജെ തോമസ് ആയിരുന്നു അക്കാലത്ത് കേരളത്തിലെ സിവിൽ സപ്‌ളൈസ് സെക്രട്ടറി. പാമോയിൽ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരനും ടി.എച്ച് മുസ്തഫയും കുറ്റക്കാരല്ല എന്ന് തുടക്കം മുതലേ ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. നിരപരാധികളായ കുറെ ഉദ്യോഗസ്ഥരേയും ലീഡർ കരുണാകനേയും വിടാതെ പിന്തുടർന്നിരുന്ന ഈ അഴിമതിയാരോപണത്തെ കോൺഗ്രസിലെ ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഒന്നിച്ചുനിന്നാണ് നേരിട്ടത്.
വിദേശ ഭക്ഷ്യഎണ്ണ ഇറക്കുമതിക്ക് അഞ്ചു സംസ്ഥാനങ്ങൾക്കാണ് അന്ന് അനുവദിച്ചത്. ലീഡർ കരുണാകരന് നരസിംഹറാവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതിനാൽ ആ സ്വാധീനം ഉപയോഗിച്ചാണ് ഇങ്ങനെ ഒരു ഇറക്കുമതിക്കുള്ള അനുമതി ലഭിച്ചത്. 1991 നവംബർ 27 ബുധനാഴ്ച മന്ത്രിസഭ നടന്നുകൊണ്ടിരിക്കെ ചീഫ് സെക്രട്ടറി എസ്. പത്മകുമാർ ഒപ്പിട്ട ഫയൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ടി.എച്ച് മുസ്തഫക്ക് കൈമാറി. അന്ന് ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഒപ്പു കൂടി വാങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇത് ധനവകുപ്പ് കാണാതെ താൻ എങ്ങനെ ഒപ്പിടും എന്നായി ഉമ്മൻചാണ്ടി. അടുത്ത ക്യാബിനറ്റിൽ തീരുമാനമെടുത്താൽ പോരെ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഈ പരിപാടി ഇവിടെ വച്ച് അവസാനിപ്പിച്ചേക്കാം എന്നായി മുഖ്യമന്ത്രി. ഇനി കാത്തിരിക്കാൻ സമയമില്ല. പ്രധാനമന്ത്രിയെ നിർബന്ധിച്ച് പ്രത്യേക സാങ്ഷൻ വാങ്ങിയതാണ്. നമുക്ക് വേണ്ടെങ്കിൽ ഇത് മറ്റാരെങ്കിലും കൊണ്ടുപോയി കൊള്ളും.
ഇത് കേട്ടതോടെ ഉമ്മൻചാണ്ടി മനസ്സില്ല മനസ്സോടെ അതിൽ ഒപ്പിട്ടു. ഒപ്പം അതിൽ ഒരു കുറിപ്പ് കൂടി എഴുതിവച്ചു. ഉത്തരവ് ഇറക്കിയശേഷം ഫയൽ ധനവകുപ്പിന്റെ അംഗീകാരത്തിന് അയക്കണമെന്ന് ആയിരുന്നു. അത് ക്യാബിനറ്റ് മിനിറ്റ്‌സിൽ രേഖപ്പെടുത്തി. അതുകൊണ്ടുതന്നെ ആ ഫയൽ ധനവകുപ്പിലെത്തി. പതിവുപോലെ ചില തടസ്സങ്ങൾ ഒക്കെ വകുപ്പിലെ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. അത് സിവിൽ സപ്ലൈസ് വകുപ്പ് പിന്നീട് വിശദീകരണം നൽകിയാൽ മതി. സമയക്കുറവ് പറഞ്ഞു ടെൻഡർ ഇല്ലാതെയാണ് പവർ ആൻഡ് എനർജി എന്ന സിംഗപ്പൂരിലെ സ്ഥാപനത്തിന് ഇറക്കുമതിക്കുള്ള അനുമതി നൽകിയത്. ഇതേത്തുടർന്ന് ഇറക്കുമതി ചെയ്ത പാമോയിൽ വിപണിയിലെ വിലയേക്കാൾ വളരെ കുറച്ചു വിറ്റിട്ടും സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഏതാണ്ട് ഒമ്പതുകോടിയോളം രൂപ ലാഭം ഉണ്ടാക്കി.
ആ അവസരത്തിൽ മുസ്തഫ ഉമ്മൻചാണ്ടിയോട് പറഞ്ഞു: ഇനി എന്തായാലും ഞങ്ങളുടെ വകുപ്പ് ഉമ്മൻചാണ്ടിയോട് പണം എപ്പോഴും എപ്പോഴും ആവശ്യപ്പെടുകയില്ല. ഇത് തമാശയായി പറഞ്ഞതാണെങ്കിലും അതിലൊരു വാസ്തവമുണ്ട്. ഉമ്മൻചാണ്ടിയെ കാണുന്ന നിമിഷം തന്റെ വകുപ്പിനുവേണ്ടി മുസ്തഫ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന് വെറുതെയിരിക്കാൻ കഴിഞ്ഞില്ല 1992 മാർച്ച് 9ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തി സി.എഫ് തോമസ് അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള ചർച്ചയുടെ മൂന്നാം ദിവസം സി.പി.എമ്മിലെ പി.ജെ തങ്കപ്പൻ പാമോയിൽ ഇറക്കുമതിയിൽ ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്നൊരു ആരോപണം ഉന്നയിച്ചു. ടണ്ണിന് 405 ഡോളർ പ്രകാരമാണ് പവർ ആൻഡ് എനർജിയിൽ നിന്ന് എണ്ണ വാങ്ങിയത്.
അതിലും കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് ഒൻപത് കമ്പനികൾ പറഞ്ഞെങ്കിലും അതിന് തയ്യാറായില്ലെന്ന് തങ്കപ്പൻ പറഞ്ഞു. കൂടിയ വിലയ്ക്ക് വാങ്ങിയത് കൊണ്ട് സംസ്ഥാന ഖജനാവിന് നാല് കോടി അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഒരു സുപ്രീംകോടതി ജഡ്ജിയും രണ്ട് ഹൈക്കോടതി ജഡ്ജിമാരും അടങ്ങുന്ന സമിതി ഇത് അന്വേഷിക്കണം. അതിന് കരുണാകരൻ ചുട്ട മറുപടി കൊടുത്തു. കരാർ ഒപ്പു വയ്ക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് എണ്ണ നൽകാൻ ഒറ്റ അപേക്ഷകരും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മറിച്ച് പറയുന്നത് കള്ള് ഷാപ്പ് ലേലം ഉറപ്പിച്ചതിനു ശേഷം കൂടുതൽ ഷാപ്പ് എടുത്തുകൊള്ളാം എന്ന് പറയുന്ന കള്ളുഷാപ്പുകാരനെ പോലെയാണ്. കേരളവും കർണാടകയും ഏറ്റവും കുറഞ്ഞ നിരക്കായ 405 ഡോളറിനാണ് വാങ്ങിയത്. മഹാരാഷ്ട്ര 406 ഡോളറിനും. സി.പി.എം ഭരിക്കുന്ന ബംഗാൾ 407 ഡോളറിനും വാങ്ങി.
എന്റെ റേറ്റ് ഒരു കോടി ആക്കിയതിൽ നന്ദിയുണ്ടെന്നും കരുണാകരൻ പറഞ്ഞു.
1994 ഫെബ്രുവരി 15ന് പുറത്തിറങ്ങിയ പത്രങ്ങളിൽ സി.ഐ.ജിയുടെ അവസാന റിപ്പോർട്ടിനെക്കുറിച്ചുള്ള വാർത്ത പ്രത്യക്ഷപ്പെട്ടു. സർക്കാരിന് പ്രതികൂലമായിരുന്നു റിപ്പോർട്ട്. വില സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിക്കാതെ അധിക വിലയ്ക്ക് 14921 ടൺ പാമോയിൽ ഇറക്കുമതി ചെയ്ത വകയിൽ 3.84 കോടി രൂപയുടെ അധിക ചെലവ് സംഭവിച്ചു എന്നായിരുന്നു സി.ഐ.ജി നിഗമനം. സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷൻ വാങ്ങുന്ന വിലയ്‌ക്കോ അല്ലെങ്കിൽ കഴിഞ്ഞ 30 ദിവസങ്ങളിൽ എസ്.ടി.സി വാങ്ങുന്ന വിലയ്‌ക്കൊ അല്ലെങ്കിൽ കഴിഞ്ഞ 30 ദിവസങ്ങളിൽ എസ്.ടി.സി കൊടുത്ത വിലയുടെ ശരാശരിക്കോ ആവണം ഇറക്കുമതി എന്നായിരുന്നു കേന്ദ്ര നിർദ്ദേശം.
കേരളം നൽകിയ 405 ഡോളർ അതിൽ കൂടുതലാണ്. 1991 നവംബർ 9ന് പവർ ആൻഡ് എനർജി ലിമിറ്റഡ് പ്രതിനിധികളുമായി കരുണാകരൻ ഡൽഹിയിൽ ചർച്ച നടത്തിയതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അക്കാര്യം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്ന് വിശദീകരണം ചോദിച്ച് അയച്ചതിൽ ഉണ്ടായിരുന്നില്ല. പിന്നീട് അത് അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നത് കീഴ്‌വഴക്കത്തിന് വിരുദ്ധമാണ്. റിപ്പോർട്ടിന്റെ തുടക്കത്തിൽ ഡൽഹി ചർച്ചക്കാരും എഴുതിച്ചേർക്കുകയായിരുന്നു. ഈ നടപടിയിൽ ഒരു കള്ളക്കളി വ്യക്തമായിരുന്നു. ഇടപാടിന്റെ പേരിൽ കരുണാകരനെ നേരിട്ട് കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ഡൽഹി ചർച്ച എടുത്തിടുക വഴി മുഖ്യമന്ത്രിയുടെ നേരെ വിരൽ ചൂണ്ടൻ ഒരു പഴുത് ഉണ്ടാക്കുകയായിരുന്നു. അതുതന്നെ വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു കരുണാകരന്റെ രാജിയാണ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടത്.
അത് സാധ്യമല്ല എന്ന് മുഖ്യമന്ത്രി ഉറച്ച സ്വരത്തിൽ തന്നെ പറഞ്ഞു. കുറ്റവാളിയായി ഈ കസേരയിൽ ഒരു ദിവസം പോലും ഇരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ചർച്ച പറ്റില്ലെന്ന് സ്പീക്കർ പി.പി തങ്കച്ചൻ റൂളിംഗ് നൽകി. റിപ്പോർട്ട് സഭയിൽ വച്ചിരുന്നില്ല എങ്കിലും അന്നുതന്നെ ധന വിനിയോഗ ബില്ലിന്റെ ചർച്ചയിൽ ടി.കെ രാമകൃഷ്ണൻ ഇക്കാര്യം എടുത്തിട്ടു. അതിന് മറുപടി പറയാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണ് ചുമതലപ്പെടുത്തിയത്. തികച്ചും ലാഭകരമായ ഒരു ഇടപാട് ആണ് പാമോയിൽ ഇറക്കുമതി. എന്നിട്ടും ഇതിനെ അഴിമതി എന്നു പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്.
രാഷ്ട്രീയ ലക്ഷ്യം മാത്രം വെച്ച് സംസാരിക്കരുത്. എന്തായാലും ഫെബ്രുവരി 27ന് സി.ഐ.ജി റിപ്പോർട്ട് സഭയിൽ വെച്ച് പ്രതിപക്ഷം സഭയുടെ നടുതലത്തിൽ ഇറങ്ങി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബഹളം തുടങ്ങി പിറ്റേന്ന് ചോദ്യോത്തര വേളയിൽ തന്നെ നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ച ശേഷം പ്രതിപക്ഷ നേതാക്കൾ ജാതിയായി രാജഭല്യത്തിൽ കരുണാകരന്റെ രാജീവ് വാങ്ങുന്ന വാങ്ങണമെന്ന് ഗവർണറുടെ ആവശ്യപ്പെട്ടു മാർച്ച് ഒന്നിന് നിയമസഭ രണ്ട് മണിക്കൂർ റിപ്പോർട്ട് ചർച്ച ചെയ്തു. പാമോയിൽ ഇടപാടിനെ കുറിച്ചുള്ള ഓഡിറ്റ് പുതുതായി നിയമിതനായ അക്കൗണ്ടന്റ് ജനറൽ ചുമതല കേൾക്കുന്നതിന് മൂന്ന് ദിവസം മുൻപ് ഓഡിറ്റിന്റെ ചുമതലയുള്ള ജെയിംസ് ജോസഫ് എന്ന ഓഡിറ്റർ ജനറൽ ധൃതിപിടിച്ച് ഒപ്പിട്ട് സി.എ.ജിക്ക് അയക്കുകയായിരുന്നു എന്ന് ചർച്ചയ്ക്കുള്ള മറുപടിയിൽ കെ. കരുണാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ അനാവശ്യമായ ധൃതിയുണ്ടായി.
അക്കൗണ്ട് ജനറൽ ഒപ്പിട്ട കടലാസ് എങ്ങനെ പുറത്തുവന്നു. പ്രതിപക്ഷത്തെ ആർ.എസ്.പി നേതാവ് ബേബി ജോണിന്റെ മാതാവാണ് ജയിംസ് ജോസഫ്. അദ്ദേഹമാണ് റിപ്പോർട്ട് അയച്ചത് പിറ്റേന്ന് ബേബി ജോൺ നിയമസഭയിൽ വ്യക്തിപരമായി വിശദീകരണം നൽകി. സി.എ.ജിക്കുള്ള ഓഡിറ്റ് പേപ്പറിൽ ഒപ്പുവച്ചത്. ജെയിംസ് ജോസഫ് അല്ല അക്കൗണ്ടന്റ് ജനറൽ മിസ്റ്റർ ചക്രവർത്തി ആയിരുന്നു ഒപ്പിട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. താൻ തെറ്റ് ചെയ്തതായി സി.എ.ജി റിപ്പോർട്ടിൽ പരാമർശിക്കാത്തതിനാൽ രാജിയുടെ പ്രശ്‌നം ഉദിക്കുന്നില്ല എന്നാണ് കരുണാകരൻ പറഞ്ഞത്.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1