ഇലക്ഷനല്ലേ, 'ബലി കുടീര' ങ്ങളല്ല, ബലി മൃഗങ്ങളല്ലേ വോട്ട് വീഴാൻ നല്ലത്?

APRIL 1, 2026, 2:25 PM

ഇലക്ഷൻ ജയിക്കാൻ ഏത് തന്ത്രവും രാഷ്ട്രീയപാർട്ടികൾ പയറ്റും. അതൊന്നും പുതുമയുള്ള കാര്യമല്ല. അളിയനായാലും അമ്മാച്ചനായാലും ഏതെങ്കിലും ദുഷ്‌പേര് മാറ്റാനുള്ള ശത്രു നിർമ്മാർജ്ജന യജ്ഞത്തിൽ ആർക്കും മുഖം നോട്ടമില്ല. സ്ത്രീ പീഡനമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് നല്ലപോലെ വിറ്റുപോകുന്ന ചരക്കാണ്. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പേര് വന്ന സിനിമാക്കാരെ തുറുങ്കിലടച്ചാൽ 'സിനിമാ വ്യവസായ' ത്തിന്റെ 'ഷാപ്പ് പൂട്ടിപ്പോകുമെന്ന് ' ഇടതു സർക്കാരിനറിയാമായിരുന്നു.

അങ്ങനെയാണ് പഴയ എസ്.എഫ്.ഐ.ക്കാരൻ കൂടിയായ രഞ്ജിത്ത് എന്ന സംവിധായകനടക്കമുള്ളവരെ 'തൊടാതെ' പോലീസ് മാറി നിന്നത്. കേസിൽപെടുത്താതിരിക്കാനും 'റേപ്പുകാരുടെ' പട്ടികയിൽ നിന്ന് പേര് വെട്ടാനും സിനിമാക്കാരിൽ നിന്ന് ആരൊക്കെയോ 'വൻതുക' കൈപ്പറ്റിയെന്ന 'ഇല്ലാവചനം' അന്നേ ഇൻഡസ്ട്രിയിൽ പറഞ്ഞു കേട്ടിരുന്നു. ഇരകളോടൊപ്പമെന്ന സർക്കാരിന്റെ നയം കോൺഗ്രസുകാർക്ക് മാത്രമായി സംവരണം ചെയ്തിരുന്ന കാര്യം പണ്ടേ തലസ്ഥാനത്ത് പാട്ടായിരുന്നു.

ഇപ്പോൾ സി.പി.എം.ന്റെയും ഇടതു സർക്കാരിന്റെയും ഈ ദുഷ്‌പേര് മാറ്റാൻ ഒരു 'ഇര'യെ കിട്ടിയ സന്തോഷം ഇടതുപക്ഷത്തിനുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള നിയമസഭാ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതിന്റെ 'നിയുക്ത സ്ഥാനാർത്ഥി ' പദം വരെയെത്തിയ രഞ്ജിത്തിനെ, പണ്ട് ബംഗാളി നടിയുടെ പരാതിയിൽ പൊതിഞ്ഞു പിടിച്ച സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാൻ വരെ ഇപ്പോൾ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. 

vachakam
vachakam
vachakam

അന്ന് ലോകോത്തര കലാകാരനെന്ന കിരീടമണിയിച്ച് രഞ്ജിത്തിനെ രക്ഷിക്കുകയായിരുന്നു മന്ത്രി. ഇപ്പോഴാകട്ടെ ഇത്തരം പരാതികൾ തുടരെത്തുടരെ ഒരാൾക്കെതിരെ വരുന്നത് ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി ചാനലുകൾക്കു മുമ്പിൽ പറഞ്ഞു. ഇതോടെ ഇലക്ഷൻ കാലത്ത് 'ഞാഞ്ഞൂളും പത്തിവിടർത്തിയ' രംഗം കണ്ട് ഈയിടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ രഞ്ജിത്ത് 'കിളിപോയ' മട്ടിലാണ്.

പിരിവിന് കക്കോ, ആ പതിവില്ല കേട്ടോ

രക്തസാക്ഷി ഫണ്ടിലെ തിരിമറി ബാങ്ക് രേഖകളടക്കം വിമത നേതാവ് കുഞ്ഞിക്കൃഷ്ണൻ പുറത്തുവിട്ടു കഴിഞ്ഞു. ആ കണക്കിനെപ്പറ്റി സി.പി.എം. നേതൃത്വം പ്രതികരിച്ചത് 'നോട്ട് പിൻവലിക്കലി' ന്റെ സാങ്കേതികതയിൽ ഊന്നിയാണ്. കട്ടവനെ കിരീടമണിയിച്ച് കൂടെ കൂട്ടുന്നെങ്കിൽ, കളവ് മുതൽ പങ്കുവച്ചിരിക്കാമെന്ന പരാതി പയ്യന്നൂരിലെ പാർട്ടി പ്രവർത്തകരിൽ പരക്കെയുണ്ട്. ധർമ്മടത്ത് പണ്ട് പാട്ടുംപാടി ജയിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ജയിക്കാൻ വയറ്റത്തടിച്ച് പാടുകയാണെന്ന 'വിനയകുനിയ' രീതിയിലാണ് മണ്ഡലത്തിലെ പ്രചരണം മുന്നോട്ട് പോകുന്നത്. 

vachakam
vachakam
vachakam

ആലപ്പുഴയിൽ ജി.സുധാകരൻ കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാർത്ഥിയാണെന്നുള്ള പിണറായിയുടെ പ്രചരണം വിലപ്പോകാനിടയില്ല. സഖാവ് കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തതിനു പിന്നിൽ 'ഇടതുകാർ' തന്നെയെന്ന പ്രചാരണം വിപ്ലവമണ്ണിൽ വ്യാപിച്ചിട്ടുണ്ട്. അഴിമതിക്കാരനെന്നു പറയാനാവാത്തവിധം സുധാകരൻ കളങ്കിതനല്ലെന്നിരിക്കെ, തന്റെ പഴയ സഖാവ് ജീർണ്ണതയുടെ വക്താവാണെന്നാണ് മുഖ്യന്റെ ഡയലോഗ്.

പാർട്ടിയുടെ 'ജീർണ്ണ വഴികൾ' ചൂണ്ടിക്കാണിച്ചതുകൊണ്ടാണോ സുധാകരൻ ജീർണ്ണാവസ്ഥയിലായത്? നമുക്കറിയില്ല. ആലപ്പുഴ ജില്ലയിൽ സി.പി.എം. യു.ഡി.എഫിൽ നിന്ന് കടുത്ത എതിർപ്പ് നേരിടുന്നുണ്ട്. ആ എതിർപ്പ് മറികടക്കാനുള്ള ചരിത്രത്തിലെ അലങ്കാരങ്ങളൊന്നും പാർട്ടിക്ക് പറയാനുമില്ല. സ്വന്തം സഹോദരൻ കൊല്ലപ്പെട്ടതിന്റെ കേസ് വാദിക്കാൻ വീട്ടുവളപ്പിൽ നിൽക്കുന്ന ആഞ്ഞിലി മരം വെട്ടിവിൽക്കേണ്ടിവന്നുവെന്ന് സുധാകരൻ പറയുമ്പോൾ, അതിനൊരു ഗ്രാമീണ സത്യത്തിന്റെ സുഗന്ധമുണ്ട്. ആ നാട്ടുകാർക്കായാലും വോട്ടർമാർക്കായാലും സുധാകരന്റെ ജീവചരിത്രം കാണാപ്പാഠമാണ്. 

ഈ തീരദേശ ജില്ലയിലെ എല്ലാ റോഡുകൾക്കും പാലങ്ങൾക്കും സുധാകരന്റെ മന്ത്രിപദത്തോട് ഗാഢബന്ധമുണ്ട്. അതായത് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യയ്ക്ക് എം.എൽ.എ. സ്ഥാനവും മന്ത്രിക്കസേരയും നൽകണമെന്നുണ്ടെന്ന് ഏ.വിജയരാഘവൻ പറയും. ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും അതേ മാനിഫെസ്റ്റോ തന്നെയാണ് അരച്ചുകുടിച്ച് വായിച്ചിട്ടുള്ളത്. ദശകങ്ങളോളം ഒരു പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ ത്യാഗം സഹിച്ചവരെയെല്ലാം പിണറായിയും കൂട്ടരും വെട്ടിയൊതുക്കിയത് പാർട്ടി ഗ്രാമങ്ങളിൽ പോലും ദോഷം ചെയ്യുമെന്ന് പ്രാദേശിക നേതാക്കൾക്ക് ആശങ്കയുണ്ട്. 

vachakam
vachakam
vachakam

കാട്ടുപോത്തും കാട്ടാനയും പൊതുജനവും 

ഇടതു മുന്നണിക്കെതിരെ പ്രചരണത്തിനിറങ്ങാൻ ഏതായാലും വന്യജീവികൾ രംഗത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മറയൂർ ടൗണിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ നിശബ്ദ പ്രചാരണം, ഏതായാലും യു.ഡി.എഫ്. സ്ഥാനാർത്ഥിയായ എഫ്.രാജായ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ഇടതു സ്ഥാനാർത്ഥിയും ഒരു രാജായാണ് ഏ. രാജാ.  ഈ രാജാ പക്ഷെ നിലം തൊടില്ലെന്ന കാര്യം തീർച്ചയാണ്. വനമേഖലയ്ക്ക് തൊട്ടുകിടക്കുന്ന മണ്ഡലങ്ങളിൽ ഉച്ച കഴിയുമ്പോൾ തന്നെ എല്ലാ മുന്നണികളും പ്രചരണം നിർത്തുകയാണ്. കാരണം, യു.ഡി.എഫിനു വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങുന്ന വന്യജീവികൾ തന്നെ മുഖ്യ കാരണം.

വയനാട്ടിലെ പല മണ്ഡലങ്ങളും ഇപ്പോൾ തന്നെ യു.ഡി.എഫ്. ജയിച്ച മട്ടാണ്. അത്രയേറെ വന്യജീവി ശല്യം ആ പ്രദേശങ്ങളിലുണ്ട്. ഈ കാട്ടുമൃഗങ്ങളുടെ പ്രശ്‌നം പരിഗണിക്കേണ്ട മന്ത്രി ഏ.കെ. ശശീന്ദ്രനാകട്ടെ, ഇപ്പോൾ വന്യജീവികളുടെ ആക്രമണങ്ങളെപ്പറ്റി പ്രതികരിക്കുന്നതേയില്ല. 
എൻ.സി.പി.യുടെ 'ക്ലോക്ക് ചിഹ്നം' ഇത്തവണ മന്ത്രി ശശീന്ദ്രന് കിട്ടിയില്ല. എങ്കിലും രാഷ്ട്രീയത്തിൽ തന്റെ സമയം കഴിഞ്ഞുവെന്നു പറയുന്നവരോട് ശശീന്ദ്രൻ ഇപ്പോഴും പഴയ 'യൂത്ത'ന്റെ ശൈലിയിൽ തട്ടിക്കയറും. മൽസരമോ, ജയിക്കലോ പ്രധാനമല്ലെന്നും എങ്ങനെയും 'പിരിച്ച് ' ശിഷ്ടകാലം സുഖമായി ജീവിക്കാനാണ് ശശീന്ദ്രൻ ഒരുങ്ങുന്നതെന്നും കരക്കമ്പികളുണ്ട്.

സി.പി.ഐ.യുടെ കാര്യമൊക്കെ എന്താകും?

പിണറായിയെ പലപ്പോഴും കുത്തിനോവിച്ചതിന്റെ പക ഇപ്പോഴും സി.പി.ഐ.യ്‌ക്കെതിരെ അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ചില സർക്കാർ നടപടികൾ വ്യക്തമാക്കുന്നത്. സി.പി.ഐ.ക്കാരനായ കൃഷിമന്ത്രി പി. പ്രസാദിന്റെ സ്വപ്‌നപദ്ധതിയായിരുന്നു കർഷകർക്ക് 5000 രൂപ പ്രതിമാസം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി. എന്നാൽ നാല് ദിവസം മുമ്പ് ധനവകുപ്പ് ആ പദ്ധതി വെട്ടി. പദ്ധതി അഭിലഷണീയമാവില്ലെന്നായിരുന്നു ധനവകുപ്പിന്റെ അഭിപ്രായം. മാത്രമല്ല, പാലക്കാട് ജില്ലയിൽ ഇപ്പോഴും 'നെല്ല് സംഭരണം' പൂർത്തിയാക്കാത്തതും സി.പി.ഐ.യ്ക്ക് പാരയായിട്ടുണ്ട്. 

ഒരു കാര്യം തീർച്ചയാണ്. വല്യേട്ടന്റെ പാർട്ടിയിൽപെട്ടവരെക്കാൾ കൂടുതൽ സി.പി.ഐ. മന്ത്രിമാർ ഇത്തവണ തോൽക്കാൻ ഏറെ സാധ്യതയുണ്ട്. പി.എം.ശ്രീയിൽ സി.പി.ഐ.യുടെ 'നല്ല പിള്ള ചമയൽ' അന്നേ പിണറായിക്ക്  ബോധിച്ചിരുന്നില്ല. സി.പി.ഐ. മന്ത്രിമാർ വിഭാവനം ചെയ്ത എല്ലാ ക്ഷേമപദ്ധതികളും ധനവകുപ്പ് ഇടപെട്ട് 'നിർവീര്യമാക്കപ്പെട്ടു' എന്ന തോന്നൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കൾക്കുണ്ട്. പക്ഷെ ഇലക്ഷനല്ലേ തൽക്കാലം മിണ്ടാതിരിക്കാമെന്ന തന്ത്രമാണ് സി.പി.ഐ. ഇപ്പോൾ പയറ്റുന്നത്. 

'സിഎമ്മി'നെതിരെ മാ.പ്ര.കൾ

കൊല്ലത്ത് വച്ച് പാർട്ടി ചാനൽ കൈരളിയുടെയുടെയും പാർട്ടി പത്രം ദേശാഭിമാനിയുടെയും ചോദ്യങ്ങൾക്കു മാത്രം മറുപടി പറഞ്ഞ് വാർത്താസമ്മേളനം മുഖ്യമന്ത്രി അവസാനിപ്പിച്ചപ്പോൾ മാധ്യമ പ്രവർത്തകർ അതിനെ ചോദ്യം ചെയ്തത് പുതിയൊരു തുടക്കമായി. 'കടക്ക് പുറത്ത് 'എന്ന ധാർഷ്ട്യം നിറഞ്ഞ മാധ്യമപ്രവർത്തകരോടുള്ള സമീപനം തുടരാൻ കഴിയുംവിധം 'പിണറായി 3.0' ഉണ്ടാകാൻ സാധ്യതയില്ലെന്ന തിരിച്ചറിവിലാണ് ഈ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതെന്നുവേണം കരുതാൻ.

ഇത്തവണത്തെ പ്രചരണ വാക്യം പോലും ഇപ്പോൾ ഇടതുപക്ഷത്തെ തിരിഞ്ഞുകൊത്തുന്നുണ്ട്. അതിന് മറയിടാൻ യു.ഡി.എഫ്. ഭരണകാലത്തെ 'ഇരുണ്ടകാല' മെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള മുഖ്യന്റെ എഫ്.ബി.പോസ്റ്റ് മതിയാവില്ലെന്ന് ഇലക്ഷൻ നിരീക്ഷകർ കരുതുന്നു.

വോട്ടർമാരേ ഇരുണ്ടകാലം വന്നേക്കാം

2026 ഏപ്രിൽ 9ന് പോളിംഗ് കഴിഞ്ഞാൽ ഭരണം കിട്ടുമോ ഇല്ലയോ എന്ന യാഥാർത്ഥ്യം ആദ്യം അറിയാൻ പോകുന്നത് സംസ്ഥാന കേന്ദ്ര ഇന്റലിജൻസ് സംവിധാനങ്ങളും ഇലക്ഷൻ കമ്മീഷനുമായിരിക്കാം. വോട്ടർമാരുമായുള്ള 'ഹണിമൂൺ' കാലം വോട്ടുകൾ പെട്ടിയിൽ വീഴുന്നതോടെ കഴിയും. മുടങ്ങാത്ത വൈദ്യുതിയും വെള്ളവും മറ്റ് ജനപക്ഷനിലപാടുകളും തുടരണമെങ്കിൽ പിണറായിക്ക് മൂന്നാമൂഴം കിട്ടണം.

അതുണ്ടായില്ലെങ്കിലോ? കാവൽ മന്ത്രിസഭയിൽ നിന്നുള്ള നിർവികാരതയുടെയും നിസ്സംഗതയുടെയും കുത്തേറ്റ് ജനം വലയും. 'ജനഹിതം' പെട്ടിയിലാക്കി ഏകദേശം ഒരു മാസത്തോളം കാത്തു സൂക്ഷിക്കുന്നതിലെ കോമഡി ഏതായാലും നമുക്ക് മനസ്സിലാകുന്നില്ല. 
ഈസ്റ്റർ ദിനങ്ങളിൽ കേന്ദ്രസർക്കാർ വക പരീക്ഷകളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും സംഘടിപ്പിക്കാൻ തീരുമാനമെടുത്ത ഇലക്ഷൻ കമ്മീഷൻ ബി.ജെ.പി.ക്കുവേണ്ടി കൂടുതൽ ന്യൂനപക്ഷവിരുദ്ധ നടപടികൾക്ക് മുതിരുകയാണോ?

കേന്ദ്ര ന്യൂനപക്ഷ കമ്മീഷനിൽ ഇനിയും ക്രൈസ്തവ നോമിനിയായിട്ടില്ല. അതിനിടെയാണ് എഫ്.സി.ആർ.എ. നിയമഭേദഗതിക്ക് ബി.ജെ.പി. മുതിരുന്നത്. ഈ 'ഒളിപ്പോരിലെ' കുതന്ത്രങ്ങൾ ജനങ്ങൾ മനസ്സിലാക്കില്ലേ? രാജീവ് ചന്ദ്രശേഖർ എന്ന ആർ.സി.യെങ്കിലും ഇക്കാര്യം ചിന്തിക്കണം.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam