യു.എസ് ആയുധപ്പുരയിലെ ഏറ്റവും ശക്തമായ ആയുധം: ബി-2 ബോംബര്‍ വിമാനങ്ങള്‍ 37 മണിക്കൂര്‍ നിര്‍ത്താതെ പറന്നതെങ്ങനെ?

JUNE 22, 2025, 9:26 AM

ഞെട്ടിക്കുന്ന നീക്കമാണ് ഞായറാഴ്ച പുലര്‍ച്ചെ അമേരിക്ക നടത്തിയത്. ബി-2 സ്റ്റെല്‍ത്ത് ബോംബറുകളും ബങ്കര്‍-ബസ്റ്റര്‍ ബോംബുകളും ഉപയോഗിച്ച് ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ സൈനിക ആക്രമണം നടത്തി. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളെയാണ് അമേരിക്ക ലക്ഷ്യംവച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ ഇറാന്റെ ഏറ്റവും ശക്തമായ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍ ഏകദേശം 37 മണിക്കൂര്‍ നിര്‍ത്താതെ പറന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെഹ്റാന്റെ ആണവ പദ്ധതിയില്‍ വളരെ വിജയകരമായ ആക്രമണം നടത്തി.  

അമേരിക്കന്‍ ആയുധപ്പുരയിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍. ഞായറാഴ്ച പുലര്‍ച്ചെ മിസോറിയില്‍ നിന്ന് പറന്നുയര്‍ന്ന ബി-2 ബോംബറുകള്‍ 37 മണിക്കൂര്‍ യാത്ര ചെയ്ത് ഇറാനിലെ ആണവ ലക്ഷ്യങ്ങള്‍ ആക്രമിച്ച് ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറച്ച ശേഷം യുഎസിലേക്ക് മടങ്ങുകയായിരുന്നു. ഏകദേശം 2 ബില്യണ്‍ ഡോളര്‍ വിലയുള്ള നൂതന ജെറ്റാണ് ഇത്. മിസോറി വ്യോമതാവളത്തില്‍ നിന്ന് ഇറാനിലേക്കും പിന്നീട് യുഎസിലേക്കും ഏകദേശം 11,400 കിലോമീറ്റര്‍ സഞ്ചരിച്ചു എന്നാണ് വിവരം. ഓപ്പറേഷനില്‍, ഫോര്‍ഡോയിലെ ആക്രമണത്തില്‍ ആറ് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു. അതേസമയം 30 ടോമാഹോക്ക് മിസൈലുകള്‍ മറ്റ് രണ്ട് ആണവ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചു.

ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും സമാധാനം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഭാവിയില്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ഇറാന് മുന്നറിയിപ്പ് നല്‍കി ട്രംപ് രംഗത്ത് വന്നിരുന്നു. 

ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍

ലോകത്ത് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും രഹസ്യത്മകവുമായ വിമാനങ്ങളില്‍ ഒന്നാണ് ബി-2 സ്പിരിറ്റ്. ശീതയുദ്ധകാലത്ത് നോര്‍ത്ത്‌റോപ്പ് ഗ്രുമ്മന്‍ വികസിപ്പിച്ചെടുത്ത ബോംബര്‍ ആണിത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം 21 എണ്ണം മാത്രമാണ് ആകെ നിര്‍മ്മിച്ചിട്ടുള്ളത്. ഓരോ വിമാനത്തിനും ഏകദേശം 2.1 ബില്യണ്‍ ഡോളര്‍ ചെലവ് വരും. 1988 മുതല്‍ 2000 വരെയുള്ള കാലയളവിലാണ് ഈ വിമാനം നിര്‍മിക്കപ്പെട്ടത്.

അതായത് യുഎസ് വ്യോമസേനയുടെ നട്ടെല്ലാണ് ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ എന്ന് വേണമെങ്കില്‍ പറയാം. ലോകത്തിലെ ഏറ്റവും അതിജീവിക്കാന്‍ കഴിയുന്ന വിമാനങ്ങളില്‍ ഒന്നായി ഇത് മാറി. ഏറ്റവും സങ്കീര്‍ണ്ണമായ പ്രതിരോധ സാങ്കേതിക വിദ്യയുള്ള ഈ വിമാനം, കുറഞ്ഞ നിരീക്ഷണക്ഷമത, എല്ലാ ഉയരത്തിലും സഞ്ചരിക്കാനുള്ള കഴിവ്, ഏറ്റവും സങ്കീര്‍ണ്ണമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലേക്ക് തുളച്ചുകയറാനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ടതാണ്.

ഇറാനിലെ ഫോര്‍ഡോ ആണവ കേന്ദ്രം ലക്ഷ്യമാക്കി യുഎസ് ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആണ് വര്‍ഷിച്ചത്. ബോംബിംഗ് ദൗത്യങ്ങളില്‍ മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ വഹിക്കാന്‍ കഴിവുള്ള ഒരേയൊരു അമേരിക്കന്‍ യുദ്ധവിമാനമാണ് ബി-2. ജിബിയു-57 എന്നത് അമേരിക്കന്‍ സൈന്യത്തിന്റെ ആയുധ ശേഖരത്തിലെ ഏറ്റവും ശക്തമായ, ആണവമല്ലാത്ത ബങ്കര്‍ ബസ്റ്റര്‍ ബോംബാണ്.

13,600 കിലോഗ്രാം ഭാരമുള്ള ഇത് ഭൂമിക്കടിയിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബങ്കറുകള്‍, ആണവ നിലയങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍ തുടങ്ങിയവ തകര്‍ക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. 60 മീറ്ററോളം ആഴത്തിലുള്ള മണ്ണും കട്ടിയുള്ള കോണ്‍ക്രീറ്റും തുളച്ചുകയറി സ്ഫോടനം നടത്താന്‍ തക്ക പ്രഹരശേഷിയുള്ളതാണ് ഇത്. ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രം പോലുള്ള, മലനിരകള്‍ക്കുള്ളില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന അതീവ രഹസ്യ സ്വഭാവമുള്ള കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ജിബിയു-57 ന് മാത്രമേ സാധിക്കൂ.

മാത്രമല്ല ശത്രുരാജ്യങ്ങളുടെ റഡാറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിവുള്ള വിമാനങ്ങളില്‍ ഒന്നാണ് ഇത്. പ്രത്യേക രൂപകല്‍പ്പനയും കോട്ടിംഗുകളും റഡാര്‍ സിഗ്നലുകളെ പ്രതിഫലിപ്പിക്കുന്നത് കുറയ്ക്കുന്നു. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 11,000 കിലോമീറ്ററിലധികം ദൂരം പറക്കാന്‍ ഇതിന് കഴിയും. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്നത് ഇതിന്റെ പ്രവര്‍ത്തന ക്ഷമത കൂടുതല്‍ വര്‍ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വിലകൂടിയ യുദ്ധവിമാനങ്ങളില്‍ ഒന്നാണ് ബി-2. ഓരോ വിമാനത്തിനും ഏകദേശം 2.1 ബില്യണ്‍ ഡോളര്‍ വരെയാണ് ചെലവ് കണക്കാക്കുന്നത്. നിലവില്‍ യുഎസ് വ്യോമസേനയ്ക്ക് ഏകദേശം 19 ബി-2 വിമാനങ്ങളാണ് ഉള്ളത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam