പത്ത് വര്‍ഷത്തെ ഇടവേള! മഞ്ഞുരുകുമോ?

OCTOBER 16, 2024, 3:35 PM

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാനില്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. ഇസ്ലാമാബാദ് ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കായി പാകിസ്ഥാനിലെത്തിയതായിരുന്നു എസ് ജയശങ്കര്‍.

ഉച്ചകോടിയില്‍ പങ്കെടുത്തക്കുന്നവര്‍ക്കായി നടത്തിയ ഔദ്യോഗിക വിരുന്നില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി വിദേശകാര്യമന്ത്രി ഹസ്തദാനം നടത്തുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എസ്‌സിഒ നേതാക്കള്‍ക്കുള്ള ഔദ്യോഗിക വിരുന്നിന് ജയശങ്കറിനെ ഷരീഫ് സ്വാഗതം ചെയ്യാനെത്തിയപ്പോഴാണ് ഇരുവരും ഹസ്തദാനം നടത്തിയതും ഇരുപത് സെക്കന്റോളം മാത്രം നീണ്ടുനിന്ന കുശലാന്വേഷണം നടത്തിയതും.

കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി വിള്ളല്‍ വീണ ഇന്ത്യ-പാക് നയതന്ത്ര ബന്ധത്തിന്റെ പുനരുദ്ധാരണത്തിന് ഇത് വെളിച്ചം പകരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. 2015ലും 2016ലും നടന്ന ഭീകരാക്രമണ പരമ്പരയില്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്ക് ആസ്ഥാനമായുള്ള ഭീകരര്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ നയതന്ത്ര ബന്ധം പൂര്‍ണമായും ഇല്ലാതായത്.

അതുകൊണ്ട് തന്നെ ജയശങ്കറിന്റെ പാകിസ്ഥാനിലേക്കുള്ള യാത്ര ഏറെ പ്രാധാന്യമുള്ളതായിരുന്നു. കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങള്‍ക്ക് ഇടയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ആദ്യ മന്ത്രി കൂടിയാണ് എസ് ജയശങ്കര്‍, അതും ഏതാണ്ട് പത്ത് വര്‍ഷത്തിന് ശേഷം. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാനായി സുഷമ സ്വരാജാണ് അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി.

അന്നും ജയശങ്കര്‍ ഒപ്പമുണ്ടായിരുന്നു എന്നതാണ് കൗതുകകരമായ വസ്തുത. അന്ന് സുഷമ സ്വരാജിനൊപ്പം വിദേശകാര്യ സെക്രട്ടറിയുടെ റോളിലായിരുന്നു ജയശങ്കര്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടേക്ക് ചെന്നിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് ഇടയിലും നടന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കുകയായിരുന്നു.

ജയശങ്കറിന്റെ ഇത്തവണത്തെ യാത്രയില്‍ പക്ഷേ ഇന്ത്യ-പാക് നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നത് അജണ്ടയില്‍ ഇല്ലെന്നതാണ് വാസ്തവം. എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് ഈ യാത്രയെന്നും പാകിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നുമാണ് ജയശങ്കര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഭിന്നതയുടെ മഞ്ഞുരുകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടിയാണ് ഇന്ത്യയെ കൂടുതല്‍ ഉഭയകക്ഷി ബന്ധങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഈ വിഷയത്തില്‍ കടുത്ത നിലപാട് തന്നെ ഇപ്പോഴും വച്ചുപുലര്‍ത്തുന്ന സാഹചര്യത്തില്‍ പെട്ടെന്നുള്ള പ്രശ്‌നപരിഹാരം വിഷയത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് സൂചന.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam