യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യ വിഷയമായി ഇന്ത്യ-ഗള്‍ഫ്-ഇസ്രായേല്‍-യൂറോപ്പ് സാമ്പത്തിക ഇടനാഴി. പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിന് നേതാക്കള്‍ ധാരണയിലെത്തി. പാത യാഥാര്‍ഥ്യമായാല്‍ ഏഷ്യ-യൂറോപ്പ് മേഖലയുടെ മുഖഛായ മാറും.
ഇന്ത്യയില്‍ നിന്ന് തുടങ്ങുന്ന പാതയുടെ ആദ്യ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷമായിരുന്നു. പിന്നീട് പങ്കാളിത്ത രാജ്യങ്ങളുടെ നേതാക്കള്‍ വിവിധ ഘട്ടങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി. ഇപ്പോള്‍ നടന്ന അമേരിക്ക-യുഎഇ ചര്‍ച്ച ഇതില്‍ നിര്‍ണായകമാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ മുന്‍കൈ എടുക്കുന്ന പ്രധാന രാജ്യമാണ് യുഎസ്. വാഷിങ്ടണില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം മറ്റൊരു സുപ്രധാന പ്രഖ്യാപനവും ബൈഡന്‍ നടത്തി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയും യുഎഇയും പദ്ധതി സംബന്ധിച്ച ചട്ടക്കൂട് കരാര്‍ ഒപ്പുവച്ചു. മെയ് മാസത്തില്‍ തുടര്‍ ചര്‍ച്ചകളും നടന്നു. ശേഷം യുഎഇ പ്രതിനിധികള്‍ ഇന്ത്യയിലെത്തി ചര്‍ച്ച നടത്തിയ പിന്നാലെയാണ് യുഎഇ പ്രസിഡന്റ് അമേരിക്കയിലെത്തി ചര്‍ച്ച നടത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ആരംഭിക്കുന്ന കപ്പല്‍ പാത യുഎഇയിലേക്കും ശേഷം റെയില്‍പാത സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് കപ്പല്‍ പാത യൂറോപ്പിലേക്കുമാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന ചരക്കുകള്‍ ജിസിസി രാജ്യങ്ങള്‍ വഴി ജോര്‍ദാനിലൂടെ റെയില്‍ മാര്‍ഗം ഇസ്രായേലിലെ ഹൈഫ തുറമുഖത്തെത്തിക്കും. ഇവിടെ നിന്നാണ് യൂറോപ്പിലേക്ക് പോകുക.
ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ ചരക്ക് കടത്തിന് ഈ പാതയെ ആശ്രയിക്കും. ആ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ മുംബൈയിലെത്തിച്ച ശേഷമാകും പുറപ്പെടുക എന്നാണ് വിവരം. ഇതോടെ ഇന്ത്യ മേഖലയിലെ വന്‍ ശക്തിയാകാനുള്ള വഴി ഒരുങ്ങുകയാണ്. പാകിസ്ഥാനിലെ കറാച്ചി വഴി ചൈന നിര്‍മിക്കുന്ന ചരക്കുപാതയ്ക്ക് ബദലാകും ഇന്ത്യയില്‍ നിന്ന് തുടങ്ങുന്ന ഈ സാമ്പത്തിക ഇടനാഴി.
പാത കടന്നുപോകുന്ന രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാകുമെന്ന് ബൈഡനും ശൈഖ് മുഹമ്മദും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രസ്താവനയില്‍ പറയുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്ന ചരക്കു കടത്തായിരിക്കുമിത്. ഏഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നീ മേഖല വ്യാപാര രംഗത്ത് മുന്നേറുമെന്നും പ്രതീക്ഷിക്കുന്നു. ചൈനയുടെ പാതയ്ക്ക് ബദല്‍ എന്ന നിലയിലാണ് അമേരിക്ക ഇതിനെ സഹായിക്കുന്നത്.
യുഎഇയെ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി ജോ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് ശേഷം അമേരിക്ക പ്രതിരോധ പങ്കാളിയായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. സൈനിക-പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും കൂടുതല്‍ ഇളവുകളോടെ സഹകരണം ശക്തമാക്കുമെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൈനിക അഭ്യാസങ്ങളും സൈനിക സഹകരണവും ആയുധ ഇടപാടുകള്‍ക്ക് ഇളവ് നല്‍കലുമെല്ലാം ഇതിന്റെ ഭാഗമായുണ്ടാകും. 2021 ല്‍ ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1