ന്യൂയോര്‍ക്ക്: കഞ്ചാവ് വില്‍പന ന്യൂയോര്‍ക്കില്‍ ഈ വര്‍ഷം അവസാനത്തോടെ ഏകദേശം 8429 കോടി രൂപയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 2022 ല്‍ ആണ് ന്യൂയോര്‍ക്കില്‍ കഞ്ചാവ് നിയമവിധേയമാക്കിയത്. കഴിഞ്ഞ ആഴ്ചവരെ വിപണിയില്‍ 7274 കോടി (863.9 മില്യണ്‍ ഡോളര്‍) രൂപയുടെ കഞ്ചാവ് വില്‍പന നടന്നതായും ഡിസംബര്‍ അവസാനത്തോടെ ഇത് ബില്യണ്‍ ഡോളര്‍ കടക്കുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.
ഓഗസ്റ്റ് വരെ ഇവിടെ ഏകദേശം 4423 കോടി രൂപയുടെ (500 മില്ല്യണ്‍ ഡോളര്‍) കഞ്ചാവ് വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ ഇത് ബിസിനസിനുള്ള ഒരു വലിയ സാധ്യത തുറന്നിരിക്കുകയാണ്. നിലവില്‍ വിപണിയില്‍ ശക്തമായ മുന്നേറ്റമുണ്ടെന്നും സ്റ്റേറ്റ്‌സ് കാന്നബിസ് മാനേജ്മെന്റ് ഓഫീസിന്റെ പോളിസി ഡയറക്ടര്‍ ജോണ്‍ കാഗിയ പറയുന്നു. എങ്കിലും പുതിയ നിയമപ്രകാരം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഇത് ലൈസന്‍സുള്ള കഞ്ചാവിന്റെ ചെറുകിട വില്‍പ്പനക്കാരുടെ വളര്‍ച്ചയ്ക്ക് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023-ല്‍ കഞ്ചാവ് വില്‍പ്പന നടത്താന്‍ ലൈസന്‍സുള്ള 41 റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 245 സ്റ്റോറുകള്‍ ഉണ്ട്. കൂടാതെ കഞ്ചാവിന്റെ ചില്ലറ വില്‍പ്പനയിലൂടെ മാത്രം 22 മില്യണ്‍ ഡോളര്‍ (ഏകദേശം 185 കോടി രൂപ) നികുതി വരുമാനം ലഭിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനുപുറമേ, ന്യൂയോര്‍ക്കില്‍ 1,000 പുതിയ കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങള്‍ കൂടി തുടങ്ങാന്‍ കഴിയുമെന്നും അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ന്യൂയോര്‍ക്കില്‍ കഞ്ചാവ് കൃഷി നിയമവിധേയമായതോടെ കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെടുന്നത് ഒരു ബിസിനസിനുള്ള യോഗ്യതയായി മാറിയിരിക്കുകയാണ്. ഇത്തരം കേസുകളില്‍ ഇന്ത്യയിലെങ്ങാനും ശിക്ഷിക്കപ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ശിക്ഷ. അതായത് കഞ്ചാവ് നിയമവിരുദ്ധമായപ്പോള്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് കഞ്ചാവ് ഇനി നിയമപരമായി വില്‍ക്കാന്‍ സാധിക്കും എന്നത് തന്നെ. അതുകൊണ്ട് തന്നെ ബിസിനസ് ഇപ്പോള്‍ പൊടിപൊടിക്കുകയാണ്. അതിനുള്ള നിയമം ന്യൂയോര്‍ക്ക് സിറ്റി കഴിഞ്ഞ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.
കഞ്ചാവ് നിയമവിധേയമാക്കിയപ്പോള്‍ വില്‍പന ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കഞ്ചാവ് നിയമപരമായി വില്‍ക്കുന്നതിനുള്ള ആദ്യത്തെ 150 ലൈസന്‍സുകളും ന്യൂയോര്‍ക്ക് സംസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു.
സംസ്ഥാനത്തെ ഡെമോക്രാറ്റിക് നേതാക്കള്‍ നടപ്പിലാക്കിയ നയം കഞ്ചാവ് നിയമവിരുദ്ധമായപ്പോള്‍ അറസ്റ്റുചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ആഫ്രിക്കന്‍-അമേരിക്കന്‍, ഹിസ്പാനിക് കമ്മ്യൂണിറ്റികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സഹായകമാകുന്നതാണ്. ഈ സമയം തന്റെ കുടുംബത്തിന് വളരെ ആവേശകരമായ നിമിഷമാണ് എന്നാണ് പിഎച്ച്ഡി ആര്‍ട്ട് ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ 31 കാരനായ ഗുറേറോ പറഞ്ഞത്.
അതായത് ഗുറോറയുടെ സഹോദരന്‍ നേരത്തെ കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഒരു ഔദ്യോഗിക സ്റ്റോര്‍ തുറക്കുന്നതിനും പ്രാദേശികമായി വളര്‍ത്തുന്ന കഞ്ചാവ് വില്‍ക്കുന്നതിനുമുള്ള ലൈസന്‍സ് ലഭിച്ച ആദ്യ 28 അപേക്ഷകരില്‍ ഒരാളായിരുന്നു ഗുറേറോ. 20 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ന്യൂയോര്‍ക്കില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ഒരു വര്‍ഷത്തിലേറെയായി ലൈസന്‍സുകള്‍ നല്‍കി വരുന്നുണ്ട്.
നിയമപരമായ കഞ്ചാവ് വ്യവസായം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് നഗരത്തിലെ ഭരണകൂടം വ്യക്തമാക്കിയത്. ഇതുവഴി വലിയ നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. അതേസമയം കഞ്ചാവ് കൃഷിയ്ക്കും ബിസിനസിനും വേണ്ട യോഗ്യത കേസില്‍ ശിക്ഷിക്കപ്പെട്ടത് മാത്രമല്ല. ലൈസന്‍സുകള്‍ക്ക് യോഗ്യത നേടുന്നതിന് അപേക്ഷകര്‍ക്ക് ലാഭകരമായ മറ്റൊരു ബിസിനസ്സും ഉണ്ടായിരിക്കണം എന്നാണ്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ കഞ്ചാവ് കൈവശം വച്ചതിന് 800,000 അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടെന്ന് 2018 ല്‍ ഒരു സംസ്ഥാന റിപ്പോര്‍ട്ട് കണക്കാക്കുന്നു. 2017-ല്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും കറുത്തവര്‍ഗക്കാരാണ് (48 ശതമാനം), ഹിസ്പാനിക്കുകള്‍ 38 ശതമാനവും.
മറ്റൊരു കാര്യം എടുത്ത് പറയേണ്ടത് കഞ്ചാവ് നിയമവിധേയമാക്കിയതിന് ശേഷം തെരുവിലും പാര്‍ക്കുകളിലും ഭക്ഷ്യവസ്തുക്കളും പൂക്കളുമൊക്കെ വില്‍ക്കുന്ന ഷോപ്പുകളിലും കഞ്ചാവ് സുലഭമാണ്. നിയന്ത്രണങ്ങളുടെ അഭാവം അനധികൃത കച്ചവടക്കാര്‍ക്ക് മുതല്‍ക്കൂട്ടായിട്ടുമുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1