2024 ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ആരാണെന്ന ചോദ്യത്തിന് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും ചന്ദ്ര ബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍ തന്നെ ഏറ്റവും ചെറിയ വോട്ട് വളര്‍ച്ച കൊണ്ട് വലിയ നേട്ടം കൊയ്തത് ടിഡിപിയാണ്. വെറും 0.06 ശതമാനം വോട്ട് കുറഞ്ഞപ്പോഴും 13 സീറ്റുകളുടെ നേട്ടമാണ് തെലുഗു ദേശം പാര്‍ട്ടി കൈവരിച്ചത്.
കഴിഞ്ഞ തവണ ദേശീയ തലത്തില്‍ ടിഡിപി നേടിയത് 2.04 ശതമാനം വോട്ടുകളായിരുന്നു. മൂന്ന് സീറ്റുകളും. ഇത്തവണ വോട്ട് വിഹിതം 1.98 ശതമാനമാണ്. സീറ്റുകള്‍ 16. വോട്ട് വിഹിതത്തില്‍ ചെറിയ ഇടിവുണ്ടായപ്പോള്‍ സീറ്റുകളില്‍ വലിയ നഷ്ടമുണ്ടായ ആന്ധ്ര പ്രദേശിലെ പാര്‍ട്ടി വൈ എസ് ആര്‍ സിപി യാണ്. കഴിഞ്ഞ തവണ നേടിയ 2.53 ശതമാനം വോട്ട് വിഹിതം ഇത്തവണ 2.06 ശതമാനമായപ്പോള്‍ ജഗന് നഷ്ടമായത് 18 സീറ്റുകളാണ്. കഴിഞ്ഞ തവണത്തെ 22 ല്‍ നിന്ന് വൈ എസ് ആര്‍ സിപി 4 ല്‍ എത്തി.
ബിജെപിയും കോണ്‍ഗ്രസും
ദേശീയ തലത്തില്‍ ബിജെപി കഴിഞ്ഞ തവണ 37.3 ശതമാനം വോട്ട് നേടി 303 സീറ്റുകള്‍ സ്വന്തമാക്കി. ഇക്കുറി ഇത് 36.56 ശതമാനമായി കുറഞ്ഞു. സീറ്റുകളുടെ എണ്ണം 240 ആയും പരിമിതപ്പെട്ടു.കേവലം 0.74 ശതമാനം വോട്ട് വ്യത്യാസത്തില്‍ ബിജെപിക്ക് നഷ്ടമായത് 63 സീറ്റുകളാണ്. 2019 ല്‍ 19.46 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിനുണ്ടായിരുന്നത് 52 സീറ്റുകളായിരുന്നു. എന്നാല്‍ ഇക്കുറി ഇത് 21.19 ശതമാനമാക്കി ഉയര്‍ത്തി 99 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. 0.73 ശതമാനം വോട്ട് വളര്‍ച്ചയില്‍ കോണ്‍ഗ്രസിന് അധികം നേടാനായത് 47 സീറ്റുകള്‍. സഖ്യകക്ഷികള്‍ക്ക് വേണ്ടി സീറ്റുകള്‍ വിട്ടു വീഴ്ച ചെയ്യേണ്ടി വന്നത് ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും വോട്ട് വിഹിതത്തെ ബാധിച്ചിട്ടുണ്ട്.
വോട്ടും സീറ്റും ഉയര്‍ത്തി സമാജ് വാദി പാര്‍ട്ടി
അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി കഴിഞ്ഞ തവണ നേടിയത് 2.55 ശതമാനം വോട്ടായിരുന്നു. കിട്ടിയ സീറ്റുകള്‍ അഞ്ചും. അവിടെ നിന്ന് ഇത്തവണ വോട്ട് ശതമാനം 4.58 ശതമാനമാക്കി. വോട്ട് ഷെയര്‍ രണ്ട് ശതമാനം കൂടിയപ്പോള്‍ സീറ്റുകളുടെ എണ്ണം എട്ടിരട്ടിയോളം വര്‍ധിച്ചു. കഴിഞ്ഞ തവണത്തെ 5 ഇത്തവണ 37 ആയി.
മമതയുടെ ബംഗാളില്‍
മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ സീറ്റിലും വോട്ടിലും വളര്‍ച്ചയുണ്ടാക്കി. കഴിഞ്ഞ തവണ ദേശീയ തലത്തില്‍ 4.06 ശതമാനം വോട്ടായിരുന്നു ടിഎംസി പിടിച്ചത്. അത് ഇത്തവണ 4.37 ശതമാനമായി. സീറ്റുകള്‍ 22 ല്‍ നിന്ന് 29 ആയി. വോട്ട് വളര്‍ച്ച 0.31 ശതമാനമായി.
ഡിഎംകെ വോട്ടും സീറ്റും കുറഞ്ഞു
തമിഴകത്ത് ഡിഎംകെയുടെ ദേശീയ വോട്ട് വിഹിതം നേരിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ തവണ 2.34 ശതമാനം വോട്ട് വിഹിതം നേടിയ ഡിഎംകെ ഇത്തവണ നേടിയത് 1.82 ശതമാനം വോട്ടുകളാണ്. സീറ്റുകള്‍ കഴിഞ്ഞ തവണ നേടിയ 24 ല്‍ നിന്ന് ഇത്തവണ 22 ആയി. വോട്ട് കുറഞ്ഞെങ്കിലും മുന്നണി ഘടക കക്ഷികള്‍ക്കിടയില്‍ മികച്ച രീതിയില്‍ സീറ്റ് വിഭജനം നടത്തി തമിഴ് നാട്ടിലെ 39 ല്‍ 39 സീറ്റും പിടിക്കുന്നതില്‍ ഡി എം കെ വിജയിച്ചു. എഐഎഡിഎംകെയാകട്ടെ കഴിഞ്ഞ തവണ 1.35 ശതമാനം വോട്ട് നേടി ഒരു സീറ്റ് നേടിയപ്പോള്‍ ഇക്കുറി 1.31 ശതമാനം വോട്ടുമായി സംപൂജ്യരായി.
സിപിഎമ്മും സിപിഐയും
കേരളമടക്കം ഉള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണ നാല് സീറ്റാണ് സിപിഎം നേടിയത്. ഒരു സീറ്റിന്റെ വര്‍ധന. കേരളത്തിലെ ആലത്തൂര്‍ സീറ്റും തമിഴ് നാട്ടിലെ ദിണ്ടിഗല്‍ മധുര സീറ്റുകളും രാജസ്ഥാനിലെ സിക്കാറും നേടിയ സിപിഎം വോട്ട് ശതമാനത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടില്ല.കഴിഞ്ഞതവണ 1.75 ശതമാനമായിരുന്നത് ഇത്തവണ 1.76 ശതമാനമായി. അതായത് 0.01 ശതമാനം വര്‍ധന. സിപി ഐ സീറ്റുകളുടെ എണ്ണത്തില്‍ ഇത്തവണ മാറ്റമില്ല. തമിഴ്നാട്ടിലെ തിരുപ്പൂരും നാഗപട്ടണവും കൊണ്ട് തൃപ്തിപ്പെട്ട സിപിഐ യുടെ വോട്ട് വിഹിതം കഴിഞ്ഞ തവണ 0. 58 ശതമാനമായിരുന്നത് ഇത്തവണ 0.51 ശതമാനമായി കുറഞ്ഞു.
കേരളത്തിലേയ്ക്ക് വരുമ്പോള്‍
സംസ്ഥാനത്തെ കണക്കുകളില്‍ വലിയ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. സിപിഐ മുസ്ലീം ലീഗ് പാര്‍ട്ടികള്‍ക്കും വോട്ട് വിഹിതം വര്‍ധിച്ചപ്പോള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ട് വിഹിതത്തില്‍ കുറവുണ്ടായി. കേരളത്തില്‍ ഇക്കുറി ബിജെപി 16.38 ശതമാനം വോട്ട് നേടി ഒരു സീറ്റ് സ്വന്തമാക്കി. കഴിഞ്ഞ തവണത്തെ 13 ശതമാനത്തില്‍ നിന്നാണ് ബിജെപി വളര്‍ച്ച. സിപിഐക്ക് വോട്ടുകളില്‍ വളര്‍ച്ചയുണ്ടായി.
കഴിഞ്ഞ തവണ 6.08 % ആയിരുന്നത് 6.14 ശതമാനം ആയി ഉയര്‍ന്നെങ്കിലും സീറ്റൊന്നും കിട്ടിയില്ല. 25.97 ശതമാനത്തില്‍ നിന്ന് സിപിഎം വോട്ട് വിഹിതം 25.82 ശതമാനമായി കുറഞ്ഞു. ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 37.46 ല്‍ നിന്ന് കോണ്‍ഗ്രസ് വോട്ട് വിഹിതം 35.06 ശതമാനമായി കുറഞ്ഞു. കിട്ടിയ സീറ്റ് 14. മുസ്ലിം ഗീഗിന് വോട്ട് വിഹിതം ഇത്തവണ കൂടി. 5.48 ല്‍ നിന്ന് വോട്ട് വിഹിതം 6.07ശതമാനമായി. രണ്ട് സീറ്റുകളില്‍ ജയിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് 1.38 ശതമാനം വോട്ട് ലഭിച്ചു. മറ്റുള്ളവര്‍ 7.81 ശതമാനം വോട്ട് സ്വന്തമാക്കി.
ദേശീയ തലത്തില്‍ ആര്‍എസ്പി 0.12 ശതമാനം വോട്ട് നേടി ഒരു സീറ്റ് നേടി. ഇക്കുറി ഇത് 0.10 ശതമാനമായി വോട്ട് കുറഞ്ഞെങ്കിലും സീറ്റ് നിലനിര്‍ത്താനായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം 0.07 ശതമാനം വോട്ട് നേടി ഒരു സീറ്റ് സ്വന്തമാക്കിയപ്പോള്‍ ഇക്കുറി 0.04 ശതമാനം വോട്ട് നേടാനേ സാധിച്ചുള്ളൂ. സീറ്റൊന്നും കിട്ടിയുമില്ല. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഒരു സീറ്റ് നേടി. ദേശീയ കക്ഷിയായ ബിഎസ്പിക്ക് ഇക്കുറി 0.25 ശതമാനം വോട്ട് നേടാനായി.
കര്‍ണാടകയും ജെഡിഎസും
കഴിഞ്ഞ തവണത്തേതില്‍ നിന്ന് വോട്ട് വിഹിതം കുറഞ്ഞ പാര്‍ട്ടികളിലൊന്നാണ് ജെഡിഎസ്. പക്ഷേ കര്‍ണാടകയില്‍ നിന്ന് സീറ്റുകളുടെ എണ്ണം അവര്‍ കൂട്ടി. കഴിഞ്ഞ തവണത്തെ 0.56 ശതമാനത്തില്‍ നിന്ന് വോട്ട് വിഹിതം ഇത്തവണ 0.34 ശതമാനമായി. സീറ്റ് ഒന്നില്‍ നിന്ന് രണ്ടായി.
മായാവതിയുടെ ബിഎസ്പി
ബിഎസ്പി കഴിഞ്ഞ തവണ 3.64 ശതമാനം വോട്ട് നേടി പത്ത് സീറ്റുകള്‍ സ്വന്തം അക്കൗണ്ടില്‍ എഴുതി ചേര്‍ത്തപ്പോള്‍ ഇക്കുറി 2.04 ശതമാനം വോട്ടോടെ ഒരു സീറ്റ് പോലും നേടാനാകാതെ ദയനീയമായി പരാജയപ്പെട്ടു.
പിളര്‍ന്ന ശിവസേനയും എന്‍സിപിയും
ശിവസേന 2.09 ശതമാനം വോട്ടുമായി പതിനെട്ട് സീറ്റുകള്‍ കഴിഞ്ഞ തവണ നേടി. ഇക്കുറി ശിവസേനകള്‍ രണ്ടായി മല്‍സരിച്ചപ്പോള്‍ ഷിന്‍ഡേ വിഭാഗത്തിന് 1.14 ശതമാനം വോട്ടുമായി കേവലം ഏഴ് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 1.46 ശതമാനം വോട്ടുകളുമായി ഒന്‍പത് സീറ്റുകളില്‍ വിജയിച്ചു.
എന്‍സിപി 1.38 ശതമാനം വോട്ട് നേടി കഴിഞ്ഞ തവണ അഞ്ച് സീറ്റുകള്‍ നേടിയപ്പോള്‍ ഇക്കുറി രണ്ട് പാര്‍ട്ടികളായാണ് മല്‍സരിച്ചത്. എന്‍സിപി എന്‍ഡിഎയുടെ ഭാഗമായ അജിത് പവാര്‍ വിഭാഗം 0.29 ശതമാനം വോട്ട് നേടി ഒരു സീറ്റില്‍ ഒതുങ്ങി. മഹാ വികാസ് അഘാഡിയുടെ ഭാഗമായ എന്‍സിപി ശരദ് പവാര്‍ വിഭാഗം 0.77 ശതമാനം വോട്ട് നേടി ഏഴ് സീറ്റുകളും സ്വന്തമാക്കി.
ബിജെഡിയും ഒഡീഷയും
വലിയ നഷ്ടമുണ്ടായ മറ്റൊരു പാര്‍ട്ടി ബിജെഡിയാണ്. ഒഡീഷയില്‍ പാര്‍ട്ടി രൂപീകരിക്കപ്പെട്ട് രണ്ട് ദശകത്തിനിപ്പുറം ലോക് സഭയില്‍ ഒറ്റ സീറ്റ് പോലുമില്ലാതെ ബിജെഡി സംപൂജ്യരായി. ബിജെഡി കഴിഞ്ഞ തവണ 1.66 ശതമാനം വോട്ട് നേടി 12 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഇക്കുറി 1.41 ശതമാനം വോട്ട് നേടി പൂജ്യത്തിലേക്ക് ചുരുങ്ങി.
ബീഹാര്‍ പാര്‍ട്ടികള്‍
ജെഡിയു 1.45 ശതമാനം വോട്ട് നേടി പതിനാറ് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഇക്കുറി 1.23 ശതമാനം വോട്ട് നേടി 12 ലേക്ക് ചുരുങ്ങി. ആര്‍ജെഡി 1.08 ശതമാനം വോട്ട് നേടി പൂജ്യത്തിലേക്ക് കഴിഞ്ഞ തവണ ചുരുങ്ങിയിരുന്നു. എന്നാല്‍ ഇക്കുറി ഇവര്‍ നില മെച്ചപ്പെടുത്തി 155 ശതമാനം വോട്ട് നേടി നാല് സീറ്റുകള്‍ നേടി. ചിരാഗ് പാസ്വാന്റെ എല്‍ജെപി 2019 ല്‍ 0.52 ശതമാനം വോട്ട് നേടി ആറ് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഇക്കുറി 0.43 ശതമാനം വോട്ട് നേടി അഞ്ച് സീറ്റ് നേടി.
തെലങ്കാനയില്‍ ബിആര്‍എസ്
കഴിഞ്ഞ തവണ ഉണ്ടായിരുന്ന ചന്ദ്ര ശേഖര റാവുവിന്റെ 1.25 ശതമാനം വോട്ട് വിഹിതം ഇത്തവണ 0.57 ശതമാനമായി. സീറ്റുകള്‍ കഴിഞ്ഞ തവണത്തെ ഒന്‍പതില്‍ നിന്ന് പൂജ്യമായി.
പഞ്ചാബ്
ശിരോമണി അകാലിദള്‍ 0.62 ശതമാനം വോട്ട് നേടി രണ്ട് സീറ്റുകള്‍ കഴിഞ്ഞ തവണ സ്വന്തമാക്കിയപ്പോള്‍ ഇക്കുറി കേവലം 0.29 ശതമാനം വോട്ട് നേടി ഒറ്റ സീറ്റിലൊതുങ്ങി. എഎപി 0.44 ശതമാനം വോട്ട് നേടി ഒരു സീറ്റ് സ്വന്തമാക്കിയപ്പോള്‍ ഇക്കുറി നില മെച്ചപ്പെടുത്തി. 1.13 ശതമാനം വോട്ടുകളും മൂന്ന് സീറ്റുകളും എഎപി സ്വന്തമാക്കി.ഡല്‍ഹിയില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചെങ്കിലും സീറ്റുകള്‍ ലഭിച്ചത് പഞ്ചാബില്‍ നിന്നു മാത്രമായിരുന്നു.
ജെഎംഎം 0.31 ശതമാനം വോട്ട് നേടി ഒരു സീറ്റ് കഴിഞ്ഞ തവണ നേടി. ഇക്കുറി ഇത് 0.38 ശതമാനമാകുകയും മൂന്ന് സീറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഐയുഎംല്‍ 0.26 ശതമാനം വോട്ട് നേടി കഴിഞ്ഞ തവണ മൂന്ന് സീറ്റുകള്‍ സ്വന്തമാക്കി. ഇക്കുറി വോട്ടിങ്ങ് ശതമാനത്തില്‍ നേരിയ വര്‍ദ്ധനയുണ്ടായെങ്കിലും സീറ്റ് മൂന്ന് തന്നെയായി നിലനിന്നു. 0.27 ശതമാനമായാണ് വോട്ട് വര്‍ദ്ധിച്ചത്. എഐഎംഐഎമ്മിന് 0.20 വോട്ട് നേടി രണ്ട് സീറ്റുകള്‍ സ്വന്തമാക്കി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1