സമദൂരം ശരിദൂരം..
ആപ്തവാക്യം അല്പം പഴയതാണെങ്കിലും മുന്നണി രാഷ്ട്രീയത്തിൽ ഇപ്പോൾ കരുത്താർജിച്ച് നിൽക്കുന്ന മുദ്രാവാക്യ സമാനമായ ആ പ്രയോഗം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകാൻ ആർക്കും കഴിയില്ല. കുരുക്കഴിക്കാൻ തീർത്തും എളുപ്പമല്ലാത്ത കരുത്തുറ്റ പ്രയോഗമാണ് അത്. പെരുന്നയിലെ കരയോഗ വിലാസം തേടി യു.ഡി.എഫ് നേതാക്കൾ യാത്ര തുടങ്ങുന്നതിന് എത്രയോ മുൻപ്, ബാന്ധവം കഴിഞ്ഞ് ഊരിവെച്ച ചെരുപ്പ് പോലും എടുക്കാതെ ഇടതു നേതൃത്വം മടങ്ങി കാതങ്ങൾ പിന്നിട്ടിരിക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് എക്കാലവും കേൾക്കുന്ന ഏറ്റവും വലിയ വിലപേശലിന്റെ പേരാണ് സമദൂരം. ആരാണ് ഈ ദൂരം തീരുമാനിക്കുക? അത് സമുദായ നേതാക്കൾ ഒറ്റയ്ക്കല്ല. ആ ആശയത്തിലേക്ക് കൂടുതൽ അടുത്തുവരുന്നത് ആരാണ് അവരുടെ യോഗം പോലിരിക്കും കൂട്ടുകെട്ട്. പൊതുവേ ജാതി സമുദായങ്ങളോട് വലിയ അടുപ്പം ഒന്നും കാട്ടാറില്ലെന്ന് കരുതപ്പെട്ടിരുന്ന ഇടത് പക്ഷം ചുവട് മാറ്റിയ വിവരം അറിയാത്ത പോലെയാണ് 2025ലെ യു.ഡി.എഫ് നേതൃത്വം.
എൻ.എസ് എസിനെയും എസ്.എൻ.ഡി.പിയേയും ഒരുപോലെ അകറ്റിയ രാഷ്ട്രീയ പാപ്പരത്തമാണ് തിരഞ്ഞെടുപ്പിന്റെ തൊട്ടുപടിവാതിൽക്കൽ നാം കണ്ടത്. എല്ലാ സമുദായത്തെയും തങ്ങൾ ഒരുപോലെ ഇഷ്ടപ്പെടുന്നുവെന്ന് എല്ലാവരെയും ബോധിപ്പിക്കേണ്ട ബാധ്യത ഇരു മുന്നണികൾക്കും കക്ഷികൾക്കും ഉണ്ട്. ഇല്ലെന്ന് എത്ര പറഞ്ഞാലും സമുദായ കക്ഷികളുടെ ശക്തി കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാൻ ആർക്കും കഴിയില്ല.
മുൻപ് കെ. കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും കെ.എം. മാണിയുടെയും കാലത്തെ യു.ഡി.എഫ് നേതൃത്വം ന്യൂനപക്ഷങ്ങൾ സ്വന്തം പോക്കറ്റിൽ ഉണ്ടെന്ന് അറിയുമ്പോഴും പ്രബല സമുദായ നേതാക്കളെ വെറുപ്പിക്കാറില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ പാലം തകർന്ന് വൈകാരിക വിദ്വേഷ രാഷ്ട്രീയത്തിന്റെ ഈഗോകളിലേക്ക് പുതുകാല നേതാക്കൾ ചുരുങ്ങിപ്പോയോ?
രാഷ്ട്രീയ ശരണം വിളികൾ
9 വർഷത്തെ പിണറായി ഭരണത്തിൽ ഹൈന്ദവ സമുദായത്തെ വേദനിപ്പിച്ചുവെന്ന് വ്യാഖ്യാനിക്കാവുന്ന ശബരിമല സ്ത്രീ പ്രവേശന വിവാദം എത്ര തന്ത്രപരമായാണ് ഇടത് നേതൃത്വം വരുത്തിയിലാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പും ജീവൻ മരണ പോരാട്ടമായി സി.പി.എം കാണുന്നു. ഭരണത്തുടർച്ച ഒരു പ്രതീക്ഷയുടെ മുദ്രാവാക്യമായി അവർ ഉയർത്തുന്നു. എന്നാൽ ഒട്ടനവധി ഭരണ വിരുദ്ധ വികാരങ്ങൾ ആയുധമായി കൈവശമുള്ളപ്പോഴും ദൈനംദിന പത്രവാർത്തകളുടെ, ചാനൽ ചർച്ചകളുടെ ക്ഷണിക നേരത്തെ വിവാദ പെയ്ത്തിൽ മുങ്ങി പോവുകയാണ് പ്രതിപക്ഷം.
വി.ഡി. സതീശൻ ശബരിമലയെ മറന്നു പോയി. എന്നാൽ പിണറായി വിജയൻ ശബരിമലയെ ഓർത്തുകൊണ്ടിരുന്നു. അതാണ് വ്യത്യാസം! എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വാക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സമുദായത്തിന്റെ അവസാന വാക്കാണെന്ന് ആരും പറയില്ല. എന്നാൽ മുന്നണികളെ ഭയപ്പെടുത്താനുള്ള കരുത്ത് ആ സമുദായ നേതാവിന് ഇന്നുമുണ്ട്. രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ അവതരിപ്പിച്ച നിമിഷം മുതൽ എൻ.എസ്.എസ് നേതൃത്വം പ്രതിപക്ഷ നേതാവുമായി നല്ല ബന്ധത്തിലല്ല. അതേസമയം, സംഘടനയ്ക്ക് രാഷ്ട്രീയമില്ലെന്ന് സുകുമാരൻ നായർ ആണയിടാറുണ്ട്.
അത് വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പിക്ക് വേണ്ടി പച്ചയായി രാഷ്ട്രീയം പറയുന്നത് പോലെയല്ല. പറയാതെ പറയുകയാണ് നായർ ശൈലി. ഇപ്പോൾ സമദൂര ചിന്ത മുന്നണികളെ അലട്ടുമ്പോൾ, പിണറായി വിജയൻ തന്റെ സംഘടനയുമായി നല്ല ബന്ധം പുലർത്തി വരികയാണെന്ന വെളിപ്പെടുത്തലും സുകുമാരൻ നായർ നടത്തി. എന്നാൽ യു.ഡി.എഫ് നേതാക്കൾ ആരും പെരുന്നയിലേക്ക് തിരിഞ്ഞു നോക്കാറില്ല. സുകുമാരൻ നായരുടെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക: '
മന്നത്ത് ആചാര്യൻ മുതൽ സ്വീകരിച്ച നിലപാടാണ് സമദൂരം. സംഘടനയ്ക്ക് രാഷ്ട്രീയമില്ല.
ശബരിമല വിഷയത്തിൽ എൻ.എസ്.എസിന്റെ നിലപാടിലല്ല മാറ്റമുണ്ടായിരിക്കുന്നത്. സർക്കാരിന്റെ നിലപാടിലാണ്. ഒരു രാഷ്ട്രീയപാർട്ടിക്കൊപ്പവും എൻ.എസ്.എസ് ഇല്ല. ഈ വിഷയത്തിൽ ആരും ചർച്ചയ്ക്കായി എൻ.എസ.്എസ് ആസ്ഥാനത്തേയ്ക്ക് വരേണ്ടതില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
വിധി വന്നപ്പോൾ ഇടതുസർക്കാർ സ്വീകരിച്ച സമീപനമല്ല ഇപ്പോഴവർക്ക്. അവർക്ക് വേണമെങ്കിൽ യുവതികളെ കയറ്റാമായിരുന്നു. അതുണ്ടായില്ല. അതിൽ തങ്ങൾക്ക് വിശ്വാസ്യത തോന്നി. എൻ.എസ്്.എസ് ഒരു വിഷയത്തിൽ നിലപാട് സ്വീകരിക്കുന്നത് മെറിറ്റ് അനുസരിച്ചാണ്. ഒരു സർക്കാരിന്റെയും മുന്നിൽ മുട്ടുമടക്കിനിൽക്കേണ്ട കാര്യമില്ല. ഒരു ഔദാര്യവും കേന്ദ്ര, കേരള സർക്കാരുകളിൽനിന്ന് സ്വീകരിച്ചിട്ടില്ല. അർഹതപ്പെട്ടതു പോലും കിട്ടിയിട്ടില്ല.
മറ്റൊന്ന്, പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം. അതെന്തിനാണ് സംഘടിപ്പിച്ചതെന്ന് എല്ലാവർക്കും അറിയാം. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് ആദ്യംതന്നെ ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോയപ്പോൾ ബി.ജെ.പി ഉണ്ടായിരുന്നില്ല. കോൺഗ്രസും ആദ്യം രംഗത്തുവന്നില്ല. വികാരപരമായ വിഷയമായി ഇത് മാറുന്നു എന്നു കണ്ടപ്പോഴാണ് അവരൊക്കെ നാമജപത്തിെലാക്കെ പങ്കാളികളായത്.
ബി.ജെ.പിക്ക് അന്നും ഇപ്പോഴും കേന്ദ്രത്തിൽ ഭരണമുണ്ട്. അവരുടെ നേതാവ് വി. മുരളീധരൻ അന്ന് പറഞ്ഞത് കേന്ദ്രം ആചാരം സംരക്ഷിക്കാൻ നിയമം ഉണ്ടാക്കുമെന്നാണ്. എന്നിട്ട് എന്താണുണ്ടായത്. ഇവരെന്താണ് ഒന്നും ചെയ്യാഞ്ഞത്? അതേസമയം, എൻ.എസ്.എസ് ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചു. അതിപ്പോൾ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. സംസ്ഥാന സർക്കാർ നിയമം മാറ്റുമെന്ന് പറയുകയല്ല, ആചാരം സംരക്ഷിച്ചുകൊണ്ട് തീർഥാടനം നടത്തിയശേഷം അതിൽ ഉറച്ചുനിന്ന് വികസനം നടത്തുകയാണ്. തങ്ങൾ അതിനെ രാഷ്ട്രീയമായല്ല കാണുന്നത്. ക്ഷേത്രവും വിശ്വാസവും നിലനിന്നു പോകണമെന്ന് ആഗ്രഹിക്കുന്നവരൊക്കെ അതിനൊപ്പം നിലകൊള്ളും.
യുവതീപ്രവേശനത്തിന് അനുകൂലമായി സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ് മൂലം മാറ്റാത്തത് നിയമപ്രശ്‌നമാണ്. സംസ്ഥാന സർക്കാർ ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അത് വിശ്വസിക്കാം എൻ.എസ്.എസ് നേതാവിന്റെ വാക്കുകൾ.
പാലം പണിയാൻ കോൺഗ്രസ്
കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്നറിഞ്ഞതോടെ നായർ സമുദായത്തെ പ്രീണിപ്പിക്കാൻ കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് വരെ രംഗത്തിറങ്ങേണ്ടിവന്നു. പെരുന്നയുമായി നല്ല ബന്ധമുള്ള പി.ജെ.കുര്യനെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും ആദ്യം അയച്ചു നോക്കി. നായർ വേണ്ടത്ര വഴങ്ങിയില്ല എന്ന് തോന്നിയപ്പോൾ സതീശന്റെ മനസ്സ് വകവയ്ക്കാതെ അടവുനയം മാറ്റാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു.
സമുദായ നേതാക്കളുടെ 'തിണ്ണ നിരങ്ങില്ല' എന്ന പഴയ പ്രസ്താവന അവിടെ കിടക്കുന്നിടത്തോളം സതീശന് ഇക്കാര്യത്തിൽ മുന്നിൽനിന്ന് കളിക്കാൻ കഴിയില്ല. സുകുമാരൻ നായരെ കണ്ടു മടങ്ങിയ തിരുവഞ്ചൂരിന്റെ മുഖം പ്രസന്നമായിരുന്നില്ല. എന്താണ് സംസാരിച്ചത് എന്ന് പോലും പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഹൈക്കമാന്റിലേക്ക് പറന്നതോടെ കാര്യങ്ങൾ കൈവിട്ടു. കോൺഗ്രസ് നേതാക്കൾ ഒന്നൊന്നായി സുകുമാരൻ നായരെ പുകഴ്ത്താൻ തുടങ്ങി. അതിനിടെ ഇപ്പുറത്ത് വി.എൻ. വാസവനെ പോലുള്ള ഇടത് നേതാക്കൾ ഈഴവ സമുദായ നേതാവ് വെള്ളാപ്പള്ളി നടേശനേയും കണക്കറ്റ് പുകഴ്ത്തുന്ന കാഴ്ച രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
ഏതായാലും, ശരി ദൂരം എന്നത് വസ്തുനിഷ്ഠമായ കാര്യത്തിൽ ആയിരിക്കണമെന്നും ശബരിമല വിഷയത്തിൽ ഒഴികെ എൻ.എസ്.എസ് ഒരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ല എന്നുമാണ് പി.ജെ. കുര്യനെ പോലുള്ള നേതാക്കൾ വ്യാഖ്യാനിച്ചത് വിഷമിക്കുന്നത്. ഏതായാലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരുമ്പോൾ അറിയാം സമദൂരത്തിന്റെ കരുത്ത്.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1