ദുരന്തം നേരിട്ടവരുടെ പാക്കേജിൽ ദുരിതം കുത്തിനിറയ്ക്കരുതേ...

AUGUST 14, 2024, 8:54 PM

സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രതിപക്ഷം അഖിൽ മാരാരാണ്. ജോജു ജോർജിനെ നായകനാക്കി 'ഒരു താത്വിക അവലോകനം' എന്ന സിനിമയെടുത്തിട്ടുണ്ട് അഖിൽ. മാരാർ സ്‌പെഷ്യൽ എന്ന പേരിലുള്ള അഖിലിന്റെ യൂട്യൂബ് ചാനലിൽ ഒരു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. 150ഓളം വീഡിയോകൾ ചെയ്തിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് ആദ്യ വാരത്തിൽ യൂട്യൂബിലിട്ട വീഡിയോ വൈറലായി. കെ.എസ്.എഫ്.ഇ. വിദ്യാശ്രീ പദ്ധതിയിൽപ്പെടുത്തി നൽകിയ ലാപ് ടോപ്പുകൾക്കായി മുഖ്യമന്ത്രി 81.43 കോടി രൂപ കെ.എസ്.എഫ്.ഇക്ക് നൽകിയതാണ് വിവാദമായത്.

ആ 81.43 കോടി രൂപ കെ.എസ്.എഫ്.ഇയുടേതാണെന്ന് കെ.എസ്.എഫ്.ഇയും അതല്ല ആ തുക പട്ടികജാതി/വർഗ വിദ്യാർത്ഥികൾക്ക് പഠിക്കാനായി സ്‌കൂളുകൾക്ക് സൗജന്യമായി ലാപ്‌ടോപ്പ് നൽകാൻ ചിട്ടിക്കമ്പനിക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും നൽകിയതാണെന്ന് മുഖ്യമന്ത്രിയും അവകാശപ്പെട്ടതാണ് മാരാരെ കുഴക്കിയത്. ഇതു സംബന്ധിച്ച കണക്കുകളും കാര്യങ്ങളും വിശദീകരിക്കുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്. പകരം കാക്കനാട് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ അഖിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

1 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് അഖിൽ സംഭാവന ചെയ്തിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ 187 ഓളം പേർ ദുരിതാശ്വാസനിധിയെക്കുറിച്ച് പോസ്റ്റിട്ടിട്ടുണ്ട്. അവർക്കെല്ലാം എതിരെ കേസുണ്ടോയെന്ന് അറിയില്ല. എങ്കിലും ലോകമെങ്ങുമുള്ള മലയാളികൾ വയനാടിനായി കൈ കോർക്കുമ്പോൾ ഇത്തരം വിവാദങ്ങളുയരാതെ നോക്കാൻ സർക്കാരും, സർക്കാരിന്റെ വിമർശകരും ശ്രദ്ധിക്കേണ്ടതായിരുന്നു.

vachakam
vachakam
vachakam

മനമുരുകിക്കഴിയുന്ന മേപ്പാടിക്കാർ

ദുരന്തം കഴിഞ്ഞ് രണ്ടാഴ്ചകൾ പിന്നിട്ടു കഴിഞ്ഞു. ഇന്നലെ (ചൊവ്വ) രാത്രിയാണ് ക്യാമ്പിൽ നിന്നു മാറുന്നവർക്കായുള്ള വാടക നിശ്ചയിച്ചത്. 6000 രൂപയാണ് വാടക. ക്യാമ്പിൽ കഴിയുന്ന ഓരോരുത്തർക്കും പ്രതിദിനം 300 രൂപ നൽകുന്നു. എന്നാൽ ദുരന്തബാധിതർക്ക് വാഗ്ദാനം ചെയ്ത പതിനായിരം രൂപ അവർക്ക് ഇതേവരെ കിട്ടിത്തുടങ്ങിയെന്നു പറയാനാവില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയവർക്ക് തുക അതാതു ബാങ്കിലേക്ക് അയച്ചു തുടങ്ങിയെന്ന് റവന്യൂ മന്ത്രി പറഞ്ഞതു കേട്ടു. റവന്യൂ വകുപ്പിന്റെ 300ഓളം ഉദ്യോഗസ്ഥർ വയനാട്ടിൽ ഇപ്പോൾ കർമ്മനിരതരാണ്.

സർട്ടിഫിക്കറ്റുകൾ പുതിയതായി നൽകാനുള്ള ക്യാമ്പും, നശിച്ചു പോയ കെട്ടിടങ്ങളുടെ വൃക്ഷങ്ങളുടെയും കന്നുകാലികളുടെയും മറ്റും കണക്കെടുക്കുന്ന പി.ഡബ്ലി.യു.ഡി. ഉൾപ്പെട്ട വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരും വയനാട്ടിൽ തമ്പടിച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന സർക്കാർ ക്വാർട്ടേഴ്‌സുകൾ, പി.ഡബ്ലിയു.ഡി ഇറിഗേഷൻ വകുപ്പുകളുടെ കെട്ടിടങ്ങൾ എന്നിവയെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തുന്നു. എന്നാൽ, ദുരന്തബാധിതരോടുള്ള ചില സമീപനങ്ങളിൽ മാറ്റം വേണ്ടതല്ലേ? ഉദാഹരണത്തിന് ബന്ധുവീടുകളിലേക്ക് താമസം മാറ്റുന്നവർക്ക് 6000 രൂപ നൽകില്ലത്രെ. അതുകൊണ്ട് ജനം ക്യാമ്പ് വിട്ടുപോകാത്ത അവസ്ഥയാണുള്ളത്. കിടപ്പു രോഗികളുള്ള കുടുംബങ്ങൾ ക്യാമ്പിൽ അനുഭവിക്കുന്ന ദുരിതം ഈ സർക്കാർ കാണാതെ പോയതെന്തേ?

vachakam
vachakam
vachakam

അന്ന് വേണ്ട, ഇപ്പോൾ 'വേണ്ട' ണം !

ആഗസ്റ്റ് 8ന് വയനാട് കളക്ടറുടെ വാട്‌സാപ്പ് ന്ദേശത്തിൽ വയനാട്ടിലേക്ക് ഒന്നും അയയ്‌ക്കേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. അന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും അതുതന്നെ പറഞ്ഞു. ഇപ്പോൾ മന്ത്രി റിയാസ് അഭ്യർത്ഥിച്ചിട്ടുള്ളത് ക്യാമ്പ് വിട്ട് സർക്കാർ കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കായി ഗൃഹോപകരണങ്ങളും മറ്റും സംഭാവന ചെയ്യണമെന്നാണ്. ദുരിതാശ്വാസ നിധിയിൽ നിന്ന് ഇത്തരം സാധാനങ്ങൾ ദുരിതബാധിതർക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് സർക്കാരിന് വാങ്ങി നൽകിക്കൂടേയെന്ന് ജനം ചോദിക്കുന്നുണ്ട്.
പല ഭക്ഷ്യവസ്തുക്കളും ഉപയോഗ ശൂന്യമായി പോകാതിരിക്കാൻ പ്രാദേശിക പ്രസ്ഥാനങ്ങളും കൂട്ടായ്മകളും സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കുറേയേറെ ബിസ്‌ക്കറ്റ് പാക്കറ്റുകളുടെ ലോഡുകളെത്തി. അത് തൊട്ടടുത്തുള്ള സ്‌കൂളിലെ കുട്ടികൾക്ക് രണ്ട് പാക്കറ്റ് വീതം നൽകിക്കൊണ്ടാണ് അവ നശിച്ചു പോകാതെ പ്രാദേശിക കൂട്ടായ്മകൾ ജാഗ്രത കാണിച്ചത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് മേപ്പാടി. സീറോ മലബാർ, മലങ്കര കത്തോലിക്ക, ലത്തീൻ, ക്‌നാനായ  ക്രിസ്തീയ സമൂഹങ്ങളുടെ പ്രാതിനിധ്യം ഇവിടെയുണ്ട്. സി.എസ്.ഐ. സഭയ്ക്കുമുണ്ട് മേപ്പാടി ടൗണിനരികെ ഒരു പള്ളി. ഈ പള്ളിക്ക് സമീപത്താണ് പൊതു ശ്മശാനം. അവിടെ വിറകുകൊണ്ടും ഗ്യാസ് കൊണ്ടും പ്രവർത്തിപ്പിക്കുന്ന മൃതദേഹ സംസ്‌ക്കരണ സംവിധാനങ്ങളുണ്ട്. ഈ ശ്മശാനത്തിന്റെ ചുമതല തുടക്കം മുതലേ 'സേവാ ഭാരതി' ഏറ്റെടുത്തിരുന്നു.

vachakam
vachakam
vachakam

മേപ്പാടി ടൗണിലുള്ള മുസ്ലീം പള്ളിയിലായിരുന്നു ആ സമുദായത്തിൽപെട്ടവരുടെ ഖബറുകൾ തീർത്തത്. ശ്മശാനം കുറെക്കൂടി വിസ്തൃതമാക്കിയിട്ടും ഖബറുകൾക്ക് സ്ഥലം കണ്ടെത്താനാവാതെ വന്നപ്പോൾ സമീപ പ്രദേശങ്ങളിലെ മുസ്ലീം ദേവാലയങ്ങളിലും ഖബറുകൾക്കായി സ്ഥലമൊരുക്കേണ്ടി വന്നു. വളരെ നിശ്ശബ്ദമായി വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങാകുന്നവർ നിരവധി. ജെ.സി.ബി ഓണേഴ്‌സ് അസോസിയേഷൻ, സൗജന്യമായി ഡ്രൈവർമാർക്ക് ഭക്ഷണപ്പൊതികളും ചായയും വെള്ളവുമെല്ലാമെത്തിക്കുന്നതായി കണ്ടു.

കത്തോലിക്കാ സഭയും വയനാടിനൊപ്പം

വയനാടിനായി സമഗ്ര പാക്കേജാണ് കെ.സി.ബി.സി. പ്രസിഡന്റ് അത്യുന്നത കർദ്ദിനാൾ ക്ലീമീസ് ബാവാ പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും (ആഗസ്റ്റ് 13,14) കെ.സി.ബി.സി. സംഘം അവിടെയുണ്ടായിരുന്നു. ബുധനാഴ്ച ബത്തേരി രൂപതാ കാര്യാലയത്തിൽ കൂടിയ ബിഷപ്പുമാരുടെയും കാരിത്താസിന്റെ ദേശീയ, സംസ്ഥാന ഭാരവാഹികളുടെയും യോഗം ഈ പാക്കേജിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.

മാനന്തവാടി, കോഴിക്കോട്, ബത്തേരി, കണ്ണൂർ, കോട്ടയം (ക്‌നാനായ) രൂപതകളിൽ നിന്നുള്ള ക്രൈസ്തവരെയാണ് ദുരന്തം ബാധിച്ചിട്ടുള്ളത്. എല്ലാ കത്തോലിക്കാ രൂപതകളും ഞായറാഴ്ചത്തെ (ചില രൂപതകൾ രണ്ടാഴ്ചകളിലെയും) സഞ്ചിപ്പിരിവ് ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള സർക്കുലർ ദേവാലയങ്ങളിൽ വായിക്കുകയുണ്ടായി.

വീട് നിർമ്മിക്കാം, പക്ഷെ എവിടെ?

ദുരിതബാധിതർക്ക് വീട് നിർമ്മിച്ചു നൽകാൻ കെ.സി.ബി.സിയും, പല വ്യക്തികളും കോർപ്പറേറ്റുകളും യൂണിയനുകളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അതിനുള്ള സ്ഥലം നിർണ്ണയിക്കാനുള്ള സർക്കാർ നടപടികൾ പൂർത്തിയായിട്ടില്ല. ബോബി ചെമ്മണ്ണൂർ ഏ.വി.ടി. ഗ്രൂപ്പിൽ നിന്ന് വാങ്ങിയ 1000 ഏക്കർ ദുരന്ത സ്ഥലത്തു നിന്നകലെയല്ല. ഹാരിസൺ മലയാളത്തിന്റെ തേയിലത്തോട്ടവും ഇവിടെ അടുത്താണ്. വയനാട്ടിലെ മനുഷ്യവാസ യോഗ്യമായ ഭൂമിയുടെ 50 ശതമാനവും തേയിലത്തോട്ടങ്ങളാണ്. ഇതിൽ പകുതിയും എം.ജി. രാജമാണിക്യം റിപ്പോർട്ടനുസരിച്ച് സർക്കാർ തിരിച്ചു പിടിക്കേണ്ട ഹാരിസൺ മലയാളത്തിന്റെ തേയിലത്തോട്ടങ്ങളാണ്.

സർക്കാർ പലപ്പോഴും എല്ലാം ഒറ്റയ്ക്ക് ചെയ്യാമെന്ന മൂഢസ്വർഗത്തിലാണെന്ന പരാതിയുണ്ട്. വയനാട്ടിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ മേപ്പാടിയിൽ നിന്ന് 10 കിലോ മീറ്റർ മാത്രം അകലെയുള്ള കോഴിക്കോട് രൂപത വകയുള്ള എസ്റ്റേറ്റിൽ നിന്ന് 100 ഏക്കർ സ്ഥലം വിട്ടു നൽകാമെന്നറിയിച്ചിട്ടും സർക്കാർ വഴങ്ങാതെ പോയത് ചരിത്രം. ഒടുവിൽ വയനാട്ടിലല്ലാത്ത വയനാട് മെഡിക്കൽ കോളേജ് സ്ഥാപിച്ചത് വയനാടും കണ്ണൂരും, അതിർത്തി പങ്കിടുന്ന പ്രദേശത്തായി. മാനന്തവാടിയിൽ നിന്ന് ദുർഘടം പിടിച്ച റൂട്ട് പിടിച്ചാലേ 'വയനാട്ടിലെ' മെഡിക്കൽ കോളജിലെത്തൂ. കത്തോലിക്കാ സഭയുടെ മൂന്ന് സ്‌കൂളുകളിൽ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

ഇവിടേയ്ക്കുള്ള ഭക്ഷ്യ വിഭവങ്ങളും മറ്റും ഇന്നലെ (ചൊവ്വ) സുൽത്താൻ പേട്ട് പോലുള്ള രൂപതകളിൽ നിന്നും കൃപാസനം പോലുള്ള ധ്യാന കേന്ദ്രങ്ങളിൽ നിന്നുമെത്തിയത് മേപ്പാടി സെന്റ് ജോസഫ്‌സ് ദേവാലയത്തിലും മറ്റും സൂക്ഷിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സാധന സാമഗ്രികൾ നിരന്തരം വയനാട്ടിലെത്തുന്നുണ്ട്. പക്ഷെ അവ വേണ്ടവിധം കൈകാര്യം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നുണ്ടോ? വയനാട് ദുരന്തത്തെ നെഞ്ചിലേറ്റിയവരിൽ ഏതെങ്കിലും തരത്തിലുള്ള വേർതിരിവുകളുണ്ടെങ്കിൽ അവ ദുരീകരിക്കാൻ വയനാട്ടിൽ ഇനിയും ഒരു സർവകക്ഷി, സർവ മത നിഷ്പക്ഷ കൂട്ടായ്മ രൂപീകരിക്കാൻ ഇനിയും വൈകിയിട്ടില്ല.

എല്ലാ മതങ്ങളെയും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഇത്തരം ദുരന്ത നിമിഷങ്ങളിൽ 'വേലി കെട്ടാതെ' ഒപ്പം നിർത്താൻ ഇനിയെങ്കിലും സർക്കാർ ശ്രദ്ധിച്ചാൽ നല്ലത്. അങ്ങനെ നമുക്ക് പുതിയ വയനാടിനൊപ്പം പുതിയ കേരളവും കെട്ടിപ്പടുക്കാൻ കഴിയും.

പുനരധിവാമോ, മൂലമ്പിള്ളിക്കാരെ മറന്നോ?

പുനരധിവാസം എന്ന പദം സർക്കാർ ഫയലുകളിൽ ഒരു മുഴുത്ത തെറിയായി മാറിക്കഴിഞ്ഞു. വെറും ആരോപണമല്ല ഇത്.  വല്ലാർപാടത്തേയ്ക്കുള്ള റെയിൽപ്പാതയ്ക്കുവേണ്ടി മൂലമ്പിള്ളിയിൽ നിന്ന് കുടിയിറക്കിയ  318 കുടുംബങ്ങളുടെ ഗതി എന്തായി? എൻഡോസൾഫാൻ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കളക്ടർ റിപ്പോർട്ട് നൽകാതെ തടസ്സം നിൽക്കുന്നുവെന്ന് സർക്കാർ രേഖാമൂലം ഹൈക്കോടതിയിൽ എഴുതിക്കൊടുത്തത് മറന്നുപോയോ? സുനാമിയിലും ഓഖി ചുഴലിക്കാറ്റിലും വേരറ്റുപോയ കുടുംബങ്ങളെ നാം എത്രത്തോളം സഹായിച്ചിട്ടുണ്ട്? ഓഖി ചുഴലിക്കാറ്റിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു.

2000 കോടി രൂപയുടെ ധനസഹായ പാക്കേജ് കേന്ദ്രത്തോട് അന്ന്  ചോദിക്കുകയുണ്ടായി. കേന്ദ്രം വിശദമായ റിപ്പോർട്ട് ചോദിച്ചു. റിപ്പോർട്ട് തയ്യാറാക്കാൻ ഹൈദ്രാബാദിലെ ഒരു ഏജൻസിയെ സർക്കാർ സമീപിച്ചു. അവർ ഒരു കോടി രൂപ പ്രതിഫലം ചോദിച്ചതോടെ 'പാക്കേജ്' കട്ടപ്പുറത്തായി. പിന്നീട് മന്ത്രിസഭയിൽ ഓഖി ദുരിതാശ്വാസം ചർച്ചയ്ക്കു വന്നതേയില്ല.
കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ. രാജൻ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് പുനരധിവാസ ഭവനങ്ങൾ പൂർത്തിയാക്കുന്നതുവരെ വീട്ടു വാടക നൽകുമെന്ന് പറയുന്നത് കേട്ടു. മൂലമ്പിള്ളിക്കാരോടും പറഞ്ഞത് വാടക തരുമെന്നായിരുന്നു.

സർക്കാർ വാടക നൽകുന്നതിൽ അനാസ്ഥ കാണിച്ചതോടെ, മൂന്നു മൂലമ്പിള്ളിക്കാർ ആത്മഹത്യ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ ഭരണ കാലത്തല്ല, അതുകൊണ്ട് ഞങ്ങൾ  കുറ്റക്കാരല്ല എന്ന് മന്ത്രി രാജൻ ന്യായീകരിക്കുമായിരിക്കാം. പക്ഷെ സർക്കാരെന്നു പറയുന്നതിലെ 'കണ്ടിന്യൂവിറ്റി' മറക്കാതിരുന്നാൽ അങ്ങനെ 'ഞഞ്ഞാ പിഞ്ഞ' പറയുവാൻ കഴിയുമോ?
പുനരധിവാസം, ദുരിതാശ്വാസം, റീബിൽഡ് കേരള, പുതിയ വയനാട് തുടങ്ങിയ പദങ്ങൾക്ക് സർക്കാർ ഫയലുകളിൽ വന്നിരിക്കുന്ന മൂല്യത്തകർച്ച അതിഭയങ്കരമാണ്. ഓഖി ചുഴലിക്കാറ്റിൽ പെട്ട് വീട് നഷ്ടപ്പെട്ടവർ ഇപ്പോഴും തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിലും ഫിഷറീസ് സ്‌കൂളിലും താമസിക്കുന്നുണ്ട്. പുനരധിവാസത്തെക്കുറിച്ച് 'ജഗ പൊഗ' ലൈനിൽ ഡയലോഗ് പറയുന്ന മന്ത്രിമാരോട് ആരെങ്കിലും പഴയ പുനരധിവാസ ചരിതങ്ങൾ ചോദിക്കാത്തതെന്തേ?

ആരെങ്കിലും സൗജന്യമായി വിളമ്പി വയ്ക്കുന്ന കഞ്ഞിപ്പാത്രത്തിൽ പോലും മണ്ണ് വാരിയിടുന്ന രീതി ചിലപ്പോൾ നമ്മുടെ സർക്കാരിനുണ്ട്. അല്ലെങ്കിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ശ്രീ സത്യസായി ബാബ ഓർഫനേജ് ട്രസ്റ്റ് സൗജന്യമായി നിർമ്മിച്ചു നൽകിയ വീടുകൾ കൈമാറാതെ പൊളിഞ്ഞു വീഴാനിടയാക്കുമായിരുന്നോ? ഒന്നും രണ്ടുമല്ല, 81 വീടുകളാണ് ട്രസ്റ്റ് നിർമ്മിച്ചു നൽകിയിരുന്നത്. സർക്കാരിന്റെ ഈ അനാസ്ഥയെക്കുറിച്ച് കേരളാ ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയ ഗുരുതരമായ കണ്ടെത്തലുകൾ 2023 സെപ്തബർ 21 ലെ ഹൈക്കോടതിയുടെ വെബ് സൈറ്റിലെ രേഖകളിലുണ്ട്. ഒന്ന് വായിച്ചു നോക്കണേ.. പ്ലീസ്.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam