'ഡിജിറ്റൽ കോഴ' കൊഴുക്കുന്നു; 'പൊടിക്കുപ്പി' മാറ്റി വിജിലൻസ്

FEBRUARY 26, 2025, 6:23 AM

കേരളത്തിലെ മിക്ക ജില്ലകളിലും കൈക്കൂലി കേസിൽ സർക്കാർ ഉദ്യോഗസ്ഥർ തുടർച്ചയായി പിടിയിലായിക്കൊണ്ടിരിക്കുന്നു. അഴിമതിക്കെതിരെ നടപടി കടുപ്പിച്ചതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ മേഖലയിലും രാഷ്ട്രീയത്തിലും കോഴയുടെ അതിപ്രസരമുള്ളതിന്റെ ധാരാളം അനുഭവങ്ങൾ ജനങ്ങൾ പങ്കുവയ്ക്കുന്നു. സ്വകാര്യ ബസിന്റെ താത്കാലിക പെർമിറ്റ് പുതുക്കി നൽകുന്നതിനായി പണവും മദ്യവും കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം ആർ.ടി.ഒയെ വിജിലൻസ് നടുറോഡിൽ വെച്ച് ഈയിടെ പിടികൂടി. അയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ മദ്യവും റബർ ബാൻഡിൽ ചുരുട്ടി വെച്ച അറുപതിനായിരത്തോളം രൂപയും പിടിച്ചെടുത്തു. ബാങ്കുകളിൽ വലിയ നിക്ഷേപമുള്ളതായി വിവരം ലഭിക്കുകയും ചെയ്തു.

റവന്യു, വില്പന നികുതി ചെക്ക് പോസ്റ്റുകൾ, മേട്ടോർ വാഹനം തുടങ്ങിയ വകുപ്പുകൾ കൈക്കൂലിയുടെ കാര്യത്തിൽ സകല റെക്കാർഡും ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. ഭൂമി തരംമാറ്റാൻ വ്യവസ്ഥ വന്നതോടെ അതിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർക്ക് കൊയ്ത്തുകാലമായി. ഭൂമി തരംമാറ്റ അപേക്ഷ അനുവദിക്കാൻ അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം പിടിച്ചത് അടുത്ത ദിവസമാണ്. ചെക്കുകളിലും ബില്ലുകളിലും കൃത്രിമം കാണിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതിന് പീരുമേട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അറസ്റ്റിലായി. സ്ഥാപനത്തിന് ലൈസൻസ് പുതുക്കി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും പെട്രോൾ പമ്പിനായി ഭൂമിയുടെ തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങിയ പന്തീരാങ്കാവ് വില്ലേജ് ഓഫീസറും തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 3,000 രൂപ കൈക്കൂലി വാങ്ങിയ അതിരപ്പിള്ളി വില്ലേജ് ഓഫീസറും പിടിയിലായത് അടുത്ത ദിവസങ്ങളിലാണ്.

അതിർത്തി ചെക്ക് പോസ്റ്റുകളിലും ഉദ്യോഗസ്ഥരുടെ വസതികളിലും സഹായികളുടെ താവളങ്ങളിലും വിജിലൻസ് റെയ്ഡുകൾ നടത്തിയിരുന്നു. ധാരാളം പണവും ഇവിടങ്ങളിൽ നിന്ന് പിടികൂടി. ജി.എസ്.ടി സംവിധാനം നിലവിൽ വന്നതോടെ അതിർത്തി ചെക്ക് പോസ്റ്റുകൾ പാടേ നീക്കം ചെയ്യേണ്ടതായിരുന്നെങ്കിലും കേരളം ഉൾപ്പെടെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രം ഇവ നിലനിർത്തി. വ്യാപകമായ അഴിമതി നടക്കുന്നുവെന്ന ആക്ഷേപത്തിനിടയിൽ കേരളം ഈയിടെയാണ് ചെക്ക് പോസ്റ്റുകൾ നിറുത്തലാക്കുന്നതിനുള്ള തീരുമാനമെടുത്തത്. ഒരുവിഭാഗം ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ ചരക്കുവണ്ടികൾ തടഞ്ഞിട്ട് പരിശോധനാ പ്രഹസനം നടത്തി പണം തട്ടുന്ന രീതിക്ക് ഇതോടെ അവസാനമാകുമെങ്കിലും വഴിനീളെ പൊലീസിന്റെ പരിശോധനകളും പിരിവും ഇപ്പോഴും നടക്കുന്നുണ്ട്.

vachakam
vachakam
vachakam

റവന്യു വകുപ്പിലും മേട്ടോർ വാഹന വകുപ്പിലും ഒട്ടുമിക്ക സേവനങ്ങളും ഡിജിറ്റലാക്കിക്കഴിഞ്ഞു. എങ്കിലും, മുഖദാവിൽ സങ്കടം ഉണർത്തിച്ചാലേ പല കാര്യങ്ങളും നടന്നുകിട്ടുകയുള്ളൂ എന്ന അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഏറെ സങ്കീർണതകളും അളവറ്റ തോതിലുള്ള കൈക്കൂലി ഇടപാടുകളും. സംസ്ഥാന രൂപീകരണം കഴിഞ്ഞിട്ട് മുക്കാൽ നൂറ്റാണ്ടുകഴിഞ്ഞിട്ടും വില്ലേജ് ഓഫീസ് വഴി നടക്കേണ്ട പോക്കുവരവ് സേവനം ഇന്നും കൈക്കൂലിക്കുള്ള ഏറ്റവും വലിയ ഇനമായി തുടരുന്നു. ആരെങ്കിലും ഒരു തുണ്ടു ഭൂമി വാങ്ങിയാൽ നിയമപ്രകാരം ഉടനടി ലഭിക്കേണ്ട ആധികാരിക രേഖയാണ് വസ്തു പ്രമാണത്തിനൊപ്പമുള്ള പോക്കുവരവ് സർട്ടിഫിക്കറ്റ്. ഈ ഡിജിറ്റൽ കാലത്ത് ഇതിന് ഏറെ സമയമെടുക്കുന്നതിനു പിന്നിൽ കൈക്കൂലി എന്ന മാമൂൽ മാത്രമാണുള്ളത്. ഉദ്യോഗസ്ഥർ വ്യാപകമായി വിജിലൻസ് റെയ്ഡുകളിൽ പിടിയിലായതോടെ ഇന്റേണൽ വിജിലൻസ് വിഭാഗം രൂപീകരിച്ച് തിരുത്താൻ മേട്ടോർ വാഹനവകുപ്പ് നീക്കം തുടങ്ങിയതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ ഗതാഗത കമ്മിഷണർ എച്ച്. നാഗരാജുവിന്റെ ശുപാർശ വകുപ്പ് സെക്രട്ടറിക്കു നൽകി. മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥരെ വകുപ്പിൽ നിന്ന് ഇന്റേണൽ വിജിലൻസ് മേധാവി മുതൽ തഴോട്ടുള്ള പദവികളിലേക്ക് തേടുകയാണ് കമ്മിഷണർ.

ഇടുക്കി ജില്ലയിലാകെ സമ്പൂർണ നിർമാണ നിരോധനം എന്ന പ്രതീതി സൃഷ്ടിച്ച് രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോബിയുടെ കുടക്കീഴിൽ പ്രതിദിനം ആയിരത്തിലധികം ലോഡ് കല്ലും, മെറ്റലും, മണലുമാണ് ജില്ലയിലേക്ക് തമിഴ്‌നാട്ടിൽനിന്നും എത്തുന്നത്. ലൈഫ് ഭവന പദ്ധതിയിൽ വീട് വയ്ക്കുന്നവരുടേയും കടമുറികൾ പണിയുന്നവരുടേയും, കാലിത്തൊഴുത്തുകൾ നിർമിക്കുന്ന ക്ഷീരകർഷകരുടേയുമെല്ലാം അവസ്ഥ ദയനീയമായി. അയൽസംസ്ഥാന ക്വാറി ഉടമകളുമായുള്ള അവിശുദ്ധകൂട്ടുകെട്ട് മൂലം ചില റവന്യൂ ഉദ്യോഗസ്ഥർ പട്ടയഭൂമിയിലുള്ള കല്ല് പൊട്ടിച്ച് വീടിന് തറകെട്ടാൻപോലും അനുവദിക്കുന്നില്ല. പശ്ചിമഘട്ടത്തിൽ തന്നെ ജില്ലയുടെ അതിർത്തിപങ്കിടുന്ന പ്രദേശത്ത് യഥേഷ്ടം കല്ലുകൾ ലഭ്യമാണെങ്കിലും തമിഴ്‌നാട് ലോബിക്കു വഴങ്ങിയുള്ള തന്ത്രം അരങ്ങേറുന്നു. കമ്പംമെട്ട് വഴി ഇടുക്കിയിലേക്കും ബോഡിമെട്ട് വഴി മൂന്നാർ, അടിമാലി മേഖലയിലേക്കും ഇത്തരത്തിൽ നിർമാണ വസ്തുക്കൾ എത്തുന്നു. അതിർത്തി കേന്ദ്രങ്ങളിൽ ഒരു ലോഡിന് 1500 രൂപ വച്ച് ഉദ്യോഗസ്ഥർ വാങ്ങുന്നതായും ആക്ഷേപമുണ്ട്. ഇതനുസരിച്ച് 15 ലക്ഷത്തോളം രൂപ ഒരു ദിവസം കൈക്കൂലി ഇനത്തിൽ ഉദ്യോഗസ്ഥരിലേക്ക് എത്തുന്നു എന്നാണു സൂചന.

തമിഴ്‌നാട്ടിൽ 2500 രൂപയാണ് ഒരു ലോഡ് നിർമാണ സാമഗ്രികൾ ജില്ലയിലേക്ക് കൊണ്ടുവരാൻ പാസ് ഇനത്തിൽ നൽകേണ്ടത്. പക്ഷേ, പാസ് ഒഴിവാക്കി വിടുന്നതിന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു. ലൈഫ് ഭവന പദ്ധതിയിൽ വീട് വയ്ക്കുന്നൊരാൾക്ക് നേരത്തെ 3000 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ലോഡ് കല്ലിന് ഇപ്പോൾ 16,000 രൂപയായി. ഒരു ടോറസ് എംസാൻഡിന് 40,000 രൂപ വരെ നൽകേണ്ടി വരുന്നു. ആകെ നാല് ലക്ഷം രൂപയാണ് ലൈഫ് ഭവന പദ്ധതിക്ക് ലഭിക്കുന്നത്. 1960 ലെ ഭൂനിയമം അനുസരിച്ചുള്ള പട്ടയങ്ങളിലെ വാണിജ്യനിർമാണം പാടില്ലെന്ന ഹൈക്കോടതി വിധിയും ഉമ്മൻ വി. ഉമ്മൻ സമിതിയുടെ നിർദ്ദേശപ്രകാരം പരിസ്ഥിതിനിയമത്തിലെ അഞ്ചാം വകുപ്പ് ഉപയോഗിച്ച് യുപിഎ സർക്കാർ കൊണ്ടുവന്ന ഇഎസ്എ വില്ലേജുകളിലെ ഖനന നിയന്ത്രണവുമാണ് ജില്ലയിലുള്ളത്. എന്നാൽ, സമ്പൂർണ നിർമാണ നിരോധനമാണെന്ന വ്യാഖ്യാനമാണ് ഉദ്യോഗസ്ഥർ നൽകുന്നത്. ഏലത്തോട്ടങ്ങളിൽ കുളം നിർമിച്ച് നനയ്ക്കുന്നതിന് എല്ലാ രേഖകൾ സമർപ്പിച്ചാലും കുളം നിർമിക്കാൻ അനുമതി നൽകാതെ നീട്ടിക്കൊണ്ടു പോവുന്നു ഉദ്യോഗസ്ഥർ. വേനൽക്കെടുതികളിൽ വലയുന്ന കർഷകർക്കിത് അധിക ദുരിതമായി മാറുന്നു.

vachakam
vachakam
vachakam

'ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ്'

അഴിമതിരഹിത ഭരണം ഉറപ്പ് നൽകിയാണ് 2016ൽ ഇടതു മുന്നണി സർക്കാർ അധികാരമേറ്റത്. നാടിനെയും നാട്ടുകാരെയും വരിഞ്ഞു മുറുക്കുന്ന ഈ ദുർഭൂതത്തെ പിടിച്ചു കെട്ടാൻ 'ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ്' എന്ന പേരിൽ കഴിഞ്ഞ വർഷം വിജിലൻസ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. അഴിമതി സംബന്ധിച്ച് പരാതി ലഭിച്ചാൽ എത്രയും വേഗം നടപടി ഉറപ്പാക്കുന്നതിനുള്ളതാണീ പദ്ധതി. എന്നാൽ സർവീസ് മേഖലയിലെ അഴിമതി ലോബി സർക്കാരിന് നിയന്ത്രിക്കാനാകാത്ത വിധം ശക്തിയാർജിച്ചിരിക്കവേ 'ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പ്' നിർജീവമാണ്. വിജിലൻസിന്റെ ഏത് നീക്കങ്ങളെയും മറികടക്കാൻ പുതിയ വഴികൾ കണ്ടെത്തുന്ന ലോബികൾ ശക്തം. മാത്രമല്ല, അഴിമതി പിടികൂടിയാൽ തന്നെ കുറ്റവാളികളെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്നതുൾപ്പെടെ നടപടികളിലേക്ക് നീങ്ങണമെങ്കിൽ സങ്കേതികമായ കടമ്പകളും ഏറെ. ഇതും അഴിമതി ലോബി പ്രയോജനപ്പെടുത്തുന്നു. കക്ഷി രാഷ്ട്രീയ പ്രസരത്തിനു പുറമേ ഉന്നതരുമായുള്ള അഴിമതിക്കാരുടെ വൈയക്തിക സ്വാധീനത്തിനുമുണ്ട് ഈ ദുർഭൂതത്തെ വളർത്തുന്നതിൽ വലിയൊരു പങ്ക്. അഴിമതിക്കേസിൽ പിടിക്കപ്പെട്ട വ്യക്തി ഭരണകക്ഷിക്കാരനോ രാഷ്ട്രീയ തലത്തിൽ സ്വാധീനമുള്ളവരോ പാർട്ടി ഫണ്ടുകളിലേക്ക് സംഭാവന നൽകുന്നവരോ എങ്കിൽ ആ സ്വാധീനമുപയോഗിച്ച് നിയമത്തിന്റെ കുരുക്കുകളിൽ അകപ്പെടാതെ ഊരിപ്പോകുന്നു മിക്ക കേസിലും.

വിജിലൻസിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിലെ ഒരു ചോദ്യത്തിന് നൽകിയ മറുപടി അനുസരിച്ച് രണ്ടാം പിണറായി സർക്കാരിന്റെ കഴിഞ്ഞ ഡിസംബർ വരെയുള്ള മൂന്നര വർഷത്തിനിടെ സംസ്ഥാനത്ത് 393 അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തു. 146 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇക്കാലയളവിൽ വിവിധ സർക്കാർ ഓഫീസുകളിലെ 539 ജീവനക്കാരുടെ അഴിമതികൈക്കൂലി കേസുകൾ വിജിലൻസ് കണ്ടെത്തിയെന്നും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ തന്നെ പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ തന്നെ അപൂർണവും യഥാർഥ അഴിമതി കേസുകളുടെ ചെറിയൊരു അംശവും മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒട്ടുമിക്ക വകുപ്പുകളിലും സർക്കാർ സേവനങ്ങൾ ഓൺലൈൻ സംവിധാനം വഴിയായിട്ടും പണ്ടുതൊട്ടേ അഴിമതിയും കൈക്കൂലിയും കൊടികുത്തി വാഴുന്ന വകുപ്പുകൾ ഇപ്പോഴും ആ സ്വഭാവം വിട്ടിട്ടില്ലെന്ന് ദിവസേന വന്നുകൊണ്ടിരിക്കുന്ന മാദ്ധ്യമവാർത്തകൾ വ്യക്തമാക്കുന്നു. അപേക്ഷ സമർപ്പിച്ച് സേവനം വൈകുമ്പോൾ ആളുകൾ ബന്ധപ്പെട്ട ഓഫീസിലുള്ളവരെ സമീപിക്കുന്നു. അപ്പോഴാകട്ടെ, അപേക്ഷ അനുവദിക്കാതിരിക്കാനുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർ ചില സൂചനകൾ നൽകും. അത് കൈമടക്ക് ആവശ്യമാണെന്ന അറിയിപ്പു തന്നെ. പണ്ടത്തെ പത്തും അൻപതും നൂറും രൂപയൊന്നുമല്ല ഇപ്പോഴത്തെ നാട്ടുനടപ്പ്. കാര്യം നടക്കാൻ, ആയിരവും അയ്യായിരവും ലക്ഷങ്ങൾ തന്നെയും കൈക്കൂലി നൽകേണ്ടിവരുന്നു.

vachakam
vachakam
vachakam

മിക്കപ്പോഴും കൈക്കൂലിക്കാരെ പിടികൂടാൻ വിജിലൻസ് എത്തുന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരത്തേ അറിയും;വ്യക്തമായ തെളിവുകളോടെ കേസ് പിടികൂടാൻ സാധിക്കാത്ത തരത്തിൽ പരോക്ഷ പ്രതിരോധം തീർത്ത് അവർ കാര്യങ്ങൾ ഒതുക്കുകയും ചെയ്തിരിക്കും. ഉദ്യോഗസ്ഥൻ അഥവാ ഉദ്യോഗസ്ഥ കൈക്കൂലി ചോദിച്ച വിവരം ബന്ധപ്പെട്ട കക്ഷികൾ വിജിലൻസിൽ റിപ്പോർട്ട് ചെയ്താൽ, പ്രത്യേകം അടയാളപ്പെടുത്തിയ നോട്ടുകൾ പൊടിയിട്ടു നൽകിയും മറ്റും കെണിയിൽ പെടുത്തിയാണ് വിജിലൻസ് പിടികൂടുന്നത്. ഇതിനെ അതിജീവിക്കാൻ പണം നേരിട്ട് കൈപ്പറ്റാതെ മറ്റു പല മാർഗേണയുമാണ് പല വിരുതന്മാരും നിലവിൽ പണം പോക്കറ്റിലാക്കുന്നത്. ഡിജിറ്റൽ അക്കൗണ്ടുകൾ വ്യാപകമാകുകയും സാധാരണക്കാർ പോലും ഈ സംവിധാനം വൻതോതിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾ പേ ഉപയോഗപ്പെടുത്തിയും മറ്റാരുമറിയാതെ കൈക്കൂലി വാങ്ങാനാകുന്നു. ഇതിനായി ഏജന്റുമാരും സിൽബന്ധികളും രംഗത്തുണ്ടാകും. ഈ ശൃംഖലയുടെ കളി വഴി ബാങ്ക് അക്കൗണ്ടുകളിൽ പിടി വീഴാതെ സുരക്ഷിതമായി ഇടപാടുകൾ നടക്കുന്നു.

സർവീസ് മേഖലയിലെ അഴിമതി നിർമാർജനത്തിന് സൗദി അറേബ്യ അടുത്തിടെ ചില നടപടികൾ സ്വീകരിച്ചത് കേരളത്തിലെ ജനങ്ങൾ ഉറ്റുനോക്കുന്നുണ്ടെങ്കിലും ഇവിടെ അതൊന്നും പ്രയോഗികമാവില്ലെന്ന് ഏവർക്കുമറിയാം. രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കുകയാണ് സൗദി. ഒരു ഉദ്യോഗസ്ഥൻ സർവീസിൽ പ്രവേശിച്ച ശേഷം അയാളുടെ വരുമാനത്തിലുണ്ടാകുന്ന വർധന അഴിമതിവിരുദ്ധ ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കും. ജീവനക്കാരന്റെയോ കുടുംബത്തിന്റെയോ സ്വത്ത് വർധന നിയമപരമായ വരവിനേക്കാൾ കവിഞ്ഞതായി കണ്ടാൽ ജീവനക്കാരെ പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകും. സംശയകരമായ ഇടപടോ സമാനമായ സാഹചര്യങ്ങളോ കണ്ടെത്തിയാലും ജോലിയിൽ നിന്നു നീക്കും. ജീവനക്കാരുടെ ഇടപാടുകളിലും സേവനങ്ങളിലും സുതാര്യത ഇല്ലാതെ വന്നാൽ കർശന നടപടിക്ക് വിധേയമാകും. ഇത്തരത്തിൽ ഫലപ്രദമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാതെ ഇടക്കിടെ വിജിലൻസ് റെയ്ഡുകൾ നടത്തിയതുകൊണ്ട് മാത്രം നാടിന്റെ ശാപമായി മാറിക്കഴിഞ്ഞ അഴിമതിയെ നിർമാർജനം ചെയ്യാനാകില്ലെന്നു കേരള ജനത വിശ്വസിക്കുന്നു.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam