സത്യത്തിന്റെ വില എന്ത്? വിഷമിപ്പിക്കുന്ന ഒരു ചോദ്യമാണ് ഇത്. കാരണം അത് കൃത്യമായി പറയാൻ ഇപ്പോഴും ഒരു വഴിയും ഇല്ല.
വില വിവര പട്ടികകളിൽ ഒന്നും സത്യത്തിന്റെവില പറയുന്നില്ല. ഓഹരി വിപണികളുടെ നീണ്ട പട്ടികയിലും ഇല്ല അതിന്റെ വില. പണത്തിന് വാങ്ങാവുന്നതോ പണം നേടാൻ വിൽക്കാവുന്നതോ ആണ് അത് എന്ന് ഇതുവരെ ആരും പറയുന്നില്ല. എന്നാൽ സത്യം ഒരു വിലയില്ലാത്ത സാധനമാണോ? ഒരിക്കലും അല്ല.
ഈ ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു അതാണ് എന്നു വരെ ആളുകൾ പറയാറുണ്ട്. അതിനു മാത്രമേ ജയം ഉള്ളൂ എന്നും അതു മാത്രമാണ് ശാശ്വതം എന്നും അത് എല്ലാറ്റിനെയും ജയിക്കുന്നു എന്നും പറയാൻ ഇന്നുവരെ ആർക്കും ഒരു മടിയും ഉണ്ടായിട്ടില്ല. എങ്കിൽ അതിന്റെ വില ഒന്ന് പറയൂ എന്ന് പറഞ്ഞാൽ ആരും തയ്യാറുമില്ല!
അത് അറിയാൻ ഇപ്പോൾ ഒരു ചെറിയ വഴി ഞാൻ കണ്ടു. നമ്മുടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം അറിയാം!
ഞാൻ ഇന്ന രീതിയിലേ പെരുമാറൂ ഇന്ന രീതിയിലേ ചിന്തിക്കൂ എന്നു വരെ നമ്മുടെ ഭരണാധികാരികൾ ദൈവനാമത്തിലോ സ്വന്തം ഉത്തമ വിശ്വാസത്തിലോ ആരുടെയും പ്രേരണ കൂടാതെ ബഹുജന സമക്ഷം ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു ദിവസം.
ഒരാൾ ആ പ്രതിജ്ഞ വായിച്ചു കൊടുക്കുന്നു. നിയുക്ത ഭരണാധികാരികൾ ഒരോരുത്തരായി അത് ഏറ്റുപറഞ്ഞ് മാറിൽ കൈ വെക്കുന്നു.
ഈശ്വരൻ എന്ന നീതിമാന്റെ നിലവാരം പാലിച്ചുകൊണ്ട് പേടിയോ മടിയോ ഒന്നും ഇല്ലാതെ നിഷ്പക്ഷമായി മാത്രമേ എന്തും പ്രവർത്തിക്കൂ എന്നാണ് പ്രതിജ്ഞ.
ഇങ്ങനെ സത്യം ചെയ്യാൻ അത് ചെയ്യുന്ന ആൾക്ക് ഒരു ചെലവും ഇല്ല. ഹാജരാവണം, സത്യം ചെയ്യണം, ഒപ്പു വെക്കണം കഴിഞ്ഞു.
ഘോഷമായ ഒരു ആചാരമായതിനാൽ പ്രത്യേകിച്ചൊരു വിശേഷപ്പെട്ട വലിയ പന്തൽ പണിയണം. അലങ്കാരങ്ങളും സജ്ജീകരണങ്ങളും വേണം. നല്ല ഇരിപ്പിടങ്ങൾ ആയിരിക്കണം. എല്ലാം വൃത്തിയും ഭംഗിയും വേണം. ചടങ്ങുകൾ കൃത്യമായി പാലിക്കണം.
ടീപാർട്ടിയോ ഊണോ പതിവുണ്ടോ എന്നറിയില്ല. പതിനായിരക്കണക്കിന് കണക്കിന് പ്രേക്ഷകർ ഉണ്ടാവും എന്ന് കരുതപ്പെടുന്നു. കാണാൻ വിശേഷിച്ച് ഒന്നുമില്ല. ഒരോരുത്തരായി എഴുന്നേറ്റുവന്നുള്ള ഈ ശൈലീ ബദ്ധമായ ഏറ്റുപറച്ചിൽ മാത്രം.
സാധാരണ ദൃഢപ്രതിജ്ഞകളിൽനിന്ന് ഇതിന് ഒരു വ്യത്യാസം ഉണ്ട്. മാതൃസ്‌നേഹ പ്രതിജ്ഞയോ ദേശസ്‌നേഹ പ്രതിജ്ഞയോ ലഹരിവിരുദ്ധ പ്രതിജ്ഞയോ ശുചിത്വ പ്രതിജ്ഞയോ മതനിരപേക്ഷതാപ്രതിജ്ഞയോ ഒക്കെ എല്ലാരും ഒരുമിച്ച് ഒരേ ശ്വാസത്തിൽ ഉറക്കെയാണ് പതിവ്. ഇവിടെ പക്ഷേ ഒരോരുത്തരായി ഞാൻ എന്നു പേര് പറഞ്ഞാണ് ചടങ്ങ്.
അപ്പോൾ ഒരു അർത്ഥത്തിൽ ഈ സത്യപ്രതിജ്ഞയുടെ വില എന്ന് പറയുന്നത് അന്നത്തെ മൊത്തം ചെലവിന്റെ ആളോഹരി വിഹിതം ആണോ? ഉദാഹരണത്തിന് ആ സംഭവം ഒരുക്കാൻ പത്തു കോടി ചെലവായെങ്കിൽ പത്തുപേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത് എങ്കിൽ ഒരു പ്രതിജ്ഞക്ക് ഒരു കോടി? ഒരുപാട് ചെലവ് ഉണ്ടെങ്കിൽ ഒരുപാട് വില കൂടുമോ സത്യത്തിന്?
ഏതായാലും കറിയിൽ കടുകു വറുത്തിടുന്ന രീതിയിൽ എളുപ്പം കഴിഞ്ഞു പോകുന്ന മറ്റൊരു സത്യപ്രതിജ്ഞയേക്കാൾ എപ്പോഴും വളരെ മുൻപിൽ ആണ് ഇത്. 'സത്യമേ പറയൂ ഈശ്വരൻ സാക്ഷി' എന്ന രണ്ടേ രണ്ടു വാചകമാണ് ആ പ്രതിജ്ഞ. 'അന്യായം ബോധിപ്പിക്കുമ്പോ'ഴാണ് ഈ ചടങ്ങ്. സത്യം സാക്ഷ്യപ്പെടുത്താൻ കയറി നിൽക്കുമ്പോഴും. സാക്ഷ്യം ജീവിത വൃത്തിയാക്കിയവർക്ക് ഇത് കാണാപ്പാഠമാണ്. ഏത് ഉറക്കത്തിലും ഒന്ന് തോണ്ടിയാൽ കൃത്യമായി പറയും.
വിശുദ്ധ ബൈബിളിൽ നിന്ന് ഞാൻ പഠിച്ച പാഠം ദൈവ ഭക്തനേക്കാൾ ദൈവത്തിന് പ്രിയപ്പെട്ടവൻ നീതിമാനാത്രേ എന്നാണ്. അതായത്, ഒരു പൊതു സേവകന്റെ ഇരിപ്പിടം സത്യ കോടതിയാണ്. ആ കസേരയിൽ ഇരിക്കുന്നത് ദൈവംതന്നെ! ആ കസേരയിൽ ഇരിക്കുമ്പോൾ ഞാൻ നീതിയേ പാലിക്കു എന്ന നിഷ്ഠ പരമപ്രധാനം.
വാളെടുത്തവൻ വെളിച്ചപ്പാട് എന്നാണ് മുറ എങ്കിലും കുഴപ്പമില്ല. ഒരു ആവേശത്തിന് സ്വയം വെളിച്ചപ്പെടുകയാണ്. ആരോടും ഒരു കള്ളവും പറഞ്ഞല്ലല്ലോ വരുന്നത്. പ്രതിഫലം ഒന്നും കിട്ടുമെന്ന് വിചാരിച്ചും അല്ല. തനിക്ക് തോന്നുന്ന ചിലത് വിളിച്ചു പറയാൻ മാത്രം.
നായന്മാർക്കിടയിൽ മലബാറിൽ പണ്ട് കെട്ടുകല്യാണം എന്നൊരു ഏർപ്പാട് ഉണ്ടായിരുന്നു. ഏതു തറവാട്ടിലെയും ഏറ്റവും അഭിമാനകരമായ മുഹൂർത്തം. തങ്ങൾക്ക് എല്ലാവർക്കും വളരെ പ്രിയപ്പെട്ടവളായ കൊച്ചു മരുമകളുടെ കഴുത്തിൽ താലികെട്ടുന്ന ചടങ്ങ്.
ഒട്ടേറെ ആർഭാടവും ഗംഭീരമായ സദ്യയും മാനം മുട്ടേ പന്തലും ഒക്കെ വേണം. തറവാട് തന്നെ വിറ്റാലും ഇത് കൂടാതെ കഴിയില്ല.
എന്നാൽ ഇതൊരു യഥാർത്ഥ വിവാഹം അല്ല. എല്ലാരും പിറ്റേന്ന് തന്നെ മറന്നു പോകുന്ന ഒരു ചടങ്ങ്. പ്രായപൂർത്തിയാവുമ്പോൾ ബന്ധത്തിന് വേറെ ആളെ അന്വേഷിക്കണം. ഉറങ്ങാൻ കള്ള് വേറെ കുടിക്കണം എന്നതുതന്നെ മുറ!
അപ്പോൾ, ഈ പണമൊക്കെ ചെലവായത്? ഇത്രയും സമയവും അധ്വാനവും പാഴിൽ ആയതോ?
ചുമ്മാ!
ഇതൊന്ന് കഴിഞ്ഞുകിട്ടിയിട്ടു വേണ്ട അന്തചിദ്രം തുടങ്ങാൻ!
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
