മാര്‍ പൗവ്വത്തില്‍ കണ്ടെത്തിയ മാണിക്യം

DECEMBER 8, 2024, 7:19 AM

ചങ്ങനാശേരി മാമ്മൂട്ടിലെ കൂവക്കാട് കുടുംബത്തിലെ പ്രിയപ്പെട്ട ലിജിമോന്‍. മാര്‍ ജോസഫ് പൗവത്തിലിന്റെ അരുമ ശിക്ഷ്യന്‍. കൂട്ടുകാര്‍ക്കിടയിലെ കായികപ്രേമി. അഗതികള്‍ക്ക് വിശപ്പകറ്റുന്ന ദൈവദൂതന്‍. ഇതൊന്നും കൂടാതെ മാര്‍പാപ്പ ഭാവിയിലേക്ക് കൃത്യമായി കരുതിവെച്ച പ്രതിഭാശാലി ഇതെല്ലാമാണ് പുതിയതായി സ്ഥാനരോഹണം ചെയ്ത കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്.

സഭയുടെ വലിയ പട്ടങ്ങളിലേക്ക് അതിവേഗം അസാധാരണ നടപടികളിലൂടെ പോകാന്‍ അദ്ദേഹത്തിനായതില്‍ ആരും അദ്ഭുതങ്ങള്‍ കാണുന്നില്ല. കാരണം അര്‍ഹിക്കുന്നത് എന്ന ഒറ്റവാക്കല്ലാതെ വിശുദ്ധിയുടെ, വിശ്വാസത്തിന്റെ പരിമളം പരത്തുന്ന കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിനെ പറ്റി ഒന്നും തന്നെ പറയാനില്ല.

2024 ഒക്ടോബര്‍ ആറിനാണ് മാമ്മൂട്ടിലെ കൂവക്കാട് വീട്ടിലേക്ക്, വത്തിക്കാനില്‍ നിന്ന് മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ വിളി വന്നത്: ''ചാച്ചാ, വലിയ പിതാവ് ഒരു കൊച്ചുസമ്മാനം തന്നു'' -ഇതായിരുന്നു സംഭാഷണം. ഫോണിന്റെ മറുതലയ്ക്കല്‍ ജോര്‍ജ് കൂവക്കാടിന്റെ അച്ഛന്‍ ജേക്കബ് വര്‍ഗീസ് തെല്ല് അമ്പരപ്പോടെ വിശദാംശം തിരക്കി, വെറുതേ പറയുകയാണോ എന്ന സന്ദേഹത്തോടെ ചോദിച്ചു. ''അല്ല ചാച്ചാ, എന്നെ കര്‍ദിനാള്‍ പദവിയിലേക്ക് മാര്‍പാപ്പ ഉയര്‍ത്തി. സന്ദേശത്തിന്റെ ലിങ്കും ഇപ്പോള്‍ അയയ്ക്കുന്നു'' - ഇതായിരുന്നു ആ മകന്റെ വിനീതമായ മറുപടി.


മകന്റെ ദൈവവഴിയിലെ യാത്രയില്‍ വലിയ ദൂരങ്ങള്‍ താണ്ടാനുണ്ടെന്ന് മാതാപിതാക്കളായ ലീലാമ്മയ്ക്കും ജേക്കബിനും അറിയാമായിരുന്നു. സഭാ ആസ്ഥാനത്ത് മാര്‍പാപ്പയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചുവരുന്നതില്‍പ്പരം വലിയ സന്തോഷം മകന് കിട്ടാനില്ലെന്നും അവര്‍ വിശ്വസിച്ചിരുന്നു. തന്റെ യാത്രാ വഴികളില്‍ കൃത്യതയോടെ ഒപ്പം നിന്നിരുന്ന മോണ്‍സിഞ്ഞോര്‍ പദവിയിലുള്ള ജോര്‍ജ് ജേക്കബിന് മാര്‍പാപ്പ കരുതിവെച്ചത് മാതാപിതാക്കള്‍ സങ്കല്‍പിച്ചതിലും വലിയ പദവി ആയിരുന്നു.

ചങ്ങനാശ്ശേരി മാമ്മൂട്ടിലെ കൂവക്കാട് ജേക്കബ്-ലീലാമ്മ ദമ്പതിമാരുടെ മൂന്നുമക്കളില്‍ മൂത്തയാളായി 1973 ഓഗസ്റ്റ് 11-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചങ്ങനാശേരി എസ്.ബി കോളജിലായിരുന്നു ബിരുദപഠനം നടത്തിയത്. ക്രിക്കറ്റും ബാസ്‌കറ്റ്‌ബോളും ഫുട്‌ബോളും നന്നായി കളിച്ചിരുന്ന മിന്നുംതാരമെന്ന് കൂട്ടുകാര്‍.

കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റ് പ്രവര്‍ത്തകനായിരിക്കെ അഗതികള്‍ക്ക് ഉച്ചഭക്ഷണപരിപാടിക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. പില്‍ക്കാലത്ത് ഏതുപദവിയിലിരിക്കുമ്പോഴും വിശക്കുന്നവര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ അദ്ദേഹത്തിന്റെ മനസില്‍ വന്നത് കോളജ് കാലത്തെ ഭക്ഷണവുമായുള്ള യാത്രകളാണ്. വിശപ്പും മനുഷ്യദുഃഖങ്ങളും ഭൗതികതലത്തില്‍ മാത്രം നിന്ന് സമീപിച്ചാല്‍ മതിയാകില്ലെന്ന ബോധ്യമാണ് അദ്ദേഹത്തെ പൗരോഹിത്യവഴിയിലേക്ക് എത്തിച്ചത്.

കുറിച്ചി മൈനര്‍ സെമിനാരി, ആലുവ സെയ്ന്റ് ജോസഫ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി, റോമിലെ സാന്താക്രോച്ചേ എന്നിവിടങ്ങളിലായിരുന്നു ദൈവശാസ്ത്രപഠനം. റോമില്‍ നിന്ന് കാനന്‍ നിയമത്തില്‍ പിഎച്ച്.ഡിയും നേടി മടങ്ങിവന്ന അദ്ദേഹം 2004 ല്‍ പാറേല്‍ സെയ്ന്റ് മേരീസ് പള്ളിയില്‍ അസി. വികാരിയായി. ഇപ്പോള്‍ പൗരോഹിത്യത്തിന്റെ 20-ാം വര്‍ഷത്തില്‍ അദ്ദേഹത്തെത്തേടി കര്‍ദിനാള്‍പദവി എത്തി. ദൈവശാസ്ത്ര പഠനത്തിലെ മികവാണ് അദ്ദേഹത്തെ വത്തിക്കാന്‍ സേവനത്തിലേക്ക് നയിച്ചത്. സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളില്‍ നൈപുണ്യം പുലര്‍ത്തിയ ജോര്‍ജ് ജേക്കബിന്റെ ആത്മീയഗുരു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിലാണ്. പള്ളി ശുശ്രൂഷാകാലത്ത് ഗുരുകുലത്തില്‍ എന്നപോലെ മാര്‍ പൗവത്തില്‍, ജോര്‍ജ് ജേക്കബിന്റെ അറിവിന്റെ വഴികളില്‍ വിളക്കായിരുന്നു. മാര്‍ പൗവത്തിലാണ് പഠനത്തിനായി അദ്ദേഹത്തെ റോമിലേക്ക് അയച്ചത്.

2006-ലാണ് അദ്ദേഹം വത്തിക്കാന്‍ നയതന്ത്ര സര്‍വീസില്‍ പ്രവേശിക്കുന്നത്. അവിടെ മാര്‍പാപ്പയുടെ യാത്രകളുടെ ചുമതലക്കാരന്‍ എന്ന വലിയ ദൗത്യമാണ് അദ്ദേഹത്തെ കാത്തിരുന്നത്. അള്‍ജീരിയ, ദക്ഷിണകൊറിയ, മംഗോളിയ, ഇറാന്‍, കോസ്റ്ററീക്ക, എന്നിവിടങ്ങളില്‍ അപ്പോസ്തലിക്ക് നുണ്‍ഷോയുടെ സെക്രട്ടറിയുമായി. ഇപ്പോള്‍ വത്തിക്കാനില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ കര്‍ദിനാള്‍ പദവിയും. ചങ്ങനാശേരിക്കും കേരളസഭയ്ക്കും മാത്രമല്ല ഇന്ത്യയ്ക്ക് ആകെ ഇത് അഭിമാനത്തിന്റെ മുഹൂര്‍ത്തമാണ്.

അതേസമയം പുതിയ 21 കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണത്തോടെ ആഗോള കത്തോലിക്കാ സഭയില്‍ ആകെ കര്‍ദിനാള്‍മാരുടെ എണ്ണം 253 ആയി. അതില്‍ 140 പേര്‍ക്ക് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശം ഉള്ളവരുമാണ്. 80 വയസ് പിന്നിട്ട 113 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഈ 140 വോട്ടര്‍മാരായ കര്‍ദിനാള്‍മാരില്‍ 110 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പയും 24 പേരെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ആറുപേരെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

മൊത്തം കര്‍ദിനാള്‍മാരില്‍ 115 പേര്‍ യൂറോപ്പില്‍ നിന്നും 37 പേര്‍ ഏഷ്യയില്‍ നിന്നും 29 പേര്‍ ആഫ്രിക്കയില്‍ നിന്നും 68 പേര്‍ അമേരിക്കയില്‍ നിന്നും (വടക്കേ അമേരിക്കയില്‍ നിന്നും 28 പേര്‍ എട്ട് പേര്‍ മധ്യ അമേരിക്കയില്‍ നിന്നും 32 പേര്‍ തെക്കേ അമേരിക്കയില്‍ നിന്നുമാണ്) നാല് പേര്‍ ഓഷ്യാനിയയില്‍ നിന്നും ഉണ്ട്. കോണ്‍ക്ലേവില്‍ പങ്കെടുക്കാവുന്ന കര്‍ദിനാള്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍  ഉക്രേനിയന്‍ ബിഷപ്പ് മൈക്കോള ബൈചോക്ക് ആണ്. അദ്ദേഹത്തിന് 44 വയസാണ്. ഈ വര്‍ഷം ഡിസംബര്‍ 24 ന് എണ്‍പത് വയസ് തികയുന്ന ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാവുന്ന ഏറ്റവും പ്രായം കൂടിയ കര്‍ദിനാള്‍.

സഭയില്‍ കര്‍ദിനാള്‍മാരുടെ സ്ഥാനം

കത്തോലിക്ക സഭയില്‍ കര്‍ദിനാള്‍മാരുടെ സ്ഥാനവും പദവിയും ദൗത്യവുമെല്ലാം വളരെ കൃത്യമായി തന്നെ നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. പൗരസ്ത്യ കാനോന സംഹിതയില്‍ പരാമര്‍ശമില്ലാത്തതും ലത്തീന്‍ സഭയുടെ കാനന്‍ നിയമത്തില്‍ഉള്‍ക്കൊള്ളുന്നതുമായ കര്‍ദിനാള്‍ സംഘത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം കോണ്‍ക്ലേവില്‍ പങ്കെടുത്ത് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുക തന്നെയാണ്.

എങ്കിലും സാര്‍വത്രിക സഭയെ ഭരിക്കാനും നയിക്കാനുമുള്ള മാര്‍പാപ്പയുടെ ദൗത്യത്തില്‍ അദേഹത്തോട് ഏറ്റവും അധികം സഹകരിക്കുന്നവരാണ് കര്‍ദ്ദിനാള്‍മാര്‍. മാര്‍പാപ്പയാല്‍ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ മരണം വരെ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളായിരിക്കുമെങ്കിലും അതില്‍ 80 വയസ് പൂര്‍ത്തിയായവര്‍ക്ക് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശം ഉണ്ടായിരിക്കുകയില്ല.

കാര്‍ദോ എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് കര്‍ദിനാള്‍ എന്ന വാക്കിന്റെ ഉത്ഭവം. കാര്‍ദോ എന്ന വാക്കിന്റെ അര്‍ഥം വിജാഗിരി എന്നതാണ്. ഒരു വാതിലിന് വിജാഗിരി എത്രമാത്രം പ്രാധാന്യമുള്ളതാണോ അതു പോലെ വിശ്വാസികളുടെ വാതിലായ സഭയില്‍ വളരെ പ്രധാനമായ ഒരു ദൗത്യം നിര്‍വഹിക്കുന്നവരാണ് കര്‍ദിനാള്‍മാര്‍.

കത്തോലിക്കാ സഭയുടെ ഹയരാര്‍ക്കിയില്‍ രണ്ടാം സ്ഥാനത്ത് കാണപ്പെടുന്ന കര്‍ദിനാളുമാര്‍ ഗ്രിഗറി മാര്‍പാപ്പയുടെ കാലം (590-604 എഡി) മുതലെങ്കിലും പ്രസ്തുത പേരിലും ഔന്നത്യത്തിലും അറിയപ്പെടുകയും മാര്‍പാപ്പമാരെ തിരഞ്ഞെടുക്കുക തുടങ്ങി കത്തോലിക്കാ സഭയുടെ റോമിലെ ഭരണത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുകയും ചെയ്തിരുന്നു. മാര്‍പാപ്പയെ സാര്‍വത്രിക സഭയുടെ ഭരണത്തില്‍ സഹായിക്കുന്ന ഡിക്കാസ്റ്ററികളില്‍ മിക്കതിന്റെയും തലപ്പത്തുള്ളവര്‍ കര്‍ദ്ദിനാള്‍മാര്‍ തന്നെയാണ്.

അങ്ങനെ മാര്‍പാപ്പമാരെ ഭരണത്തില്‍ സഹായിച്ചും പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പാപ്പയ്ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടും കത്തോലിക്കാ സഭയില്‍ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന കര്‍ദിനാള്‍ സ്ഥാനം, പക്ഷേ, മെത്രാന്‍ പട്ടത്തിന് മുകളിലുള്ള മറ്റൊരു പട്ടമല്ല. കത്തോലിക്കാ സഭയിലെ പട്ടങ്ങള്‍ ഡീക്കന്‍ പട്ടം, പുരോഹിത പട്ടം, മെത്രാന്‍ പട്ടം എന്നിങ്ങനെ മൂന്നാണ്. എന്നാല്‍, കര്‍ദിനാള്‍മാര്‍ മൂന്ന് ഗണമായി തരം തിരിക്കപ്പെട്ടിരിക്കുന്നു. അവ കര്‍ദിനാള്‍ മെത്രാന്‍, പുരോഹിത കര്‍ദിനാള്‍, ഡീക്കന്‍ കര്‍ദിനാള്‍ എന്നിവയാണ്. പൗരസ്ത്യ സഭയുടെ ഒരു പാത്രിയാര്‍ക്കീസിനെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുമ്പോള്‍ മാര്‍പാപ്പ അദേഹത്തെ നേരിട്ട് കര്‍ദ്ദിനാള്‍ മെത്രാന്‍ സ്ഥാനത്തേക്കാണ് ഉയര്‍ത്തുക.

കത്തോലിക്കാ സഭയിലെ ഒരു വൈദികനെങ്കിലുമായിട്ടുള്ള ഏതൊരു വ്യക്തിയെയും മാര്‍പാപ്പയ്ക്ക് കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്താമെങ്കിലും മെത്രാന്‍പട്ടം സ്വീകരിക്കാത്തവരെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിന് മുന്‍പായി അവര്‍ക്ക് മെത്രാന്‍ പട്ടം കൊടുക്കേണ്ടതാണന്ന് ലത്തീന്‍ സഭയുടെ കാനന്‍ നിയമത്തിലെ 351-ാം കാനോനയുടെ ഒന്നാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്.

നേരിട്ട് പുരോഹിത കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഒരു വ്യക്തിയെ നിയമിക്കുന്നത് അസാധാരണമല്ല. പദവികൊണ്ട് കത്തോലിക്കാ സഭയില്‍ മാര്‍പാപ്പയ്ക്ക് തൊട്ടു താഴെയാണ് കര്‍ദിനാള്‍മാര്‍ വരിക. എന്നിരുന്നാലും അവരെ ഏത് ദൗത്യമാണ് മാര്‍പാപ്പ ഏല്‍പ്പിച്ചിരിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും അവരുടെ അധികാരം. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു വൈദികനെ മാര്‍പാപ്പ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. വൈദികരെ കര്‍ദിനാളുമാരായി ഉയര്‍ത്താന്‍ നിശ്ചയിക്കുമ്പോള്‍, പ്രസ്തുത കണ്‍സിസ്റ്ററിക്ക് മുമ്പായി അവര്‍ക്ക് മെത്രാന്‍പട്ടം നല്‍കും. മോണ്‍. ജോര്‍ജ് കൂവക്കാട് അതനുസരിച്ച് നവംബര്‍ 24 ന് ചങ്ങനാശേരിയില്‍ വച്ച് മെത്രാന്‍ പട്ടം സ്വീകരിച്ചിരുന്നു.

തങ്ങളുടെ പ്രശംസനീയമായ സഭാ സേവനത്തെയോ, ദൈവശാസ്ത്ര സംഭാവനകളെയോ മാനിച്ച് എണ്‍പത് വയസിന് മുകളില്‍ പ്രായമായ വൈദികരെ മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തുമ്പോള്‍ അവര്‍ മെത്രാന്‍ പട്ടം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതില്‍ നിന്ന് അവര്‍ക്ക് മാര്‍പാപ്പമാര്‍ ഒഴിവ് കൊടുക്കാറുമുണ്ട്. അങ്ങനെ മെത്രാന്‍ പട്ടത്തില്‍ നിന്ന് ഒഴിവു വാങ്ങി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയില്‍ നിന്ന് 2001 ജനുവരി 21 ന് കര്‍ദിനാള്‍ പദവി സ്വീകരിച്ച പ്രശസ്ത അമേരിക്കന്‍ ദൈവശാസ്ത്രജ്ഞനാണ് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ജോണ്‍ ഫോസ്റ്റര്‍ ഡീസിന്റെ പുത്രന്‍ അവേരി ഡള്ളസ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam