'മഹുവ മൊയ്ത്ര എന്ന എം.പിയുടെ 2019 മുതൽ 2024 വരെയുള്ള ലോക്‌സഭയിലെ ഇടപെടലുകൾ ദേശീയ ശരാശരിയിലും താഴെയാണ്. എന്നിട്ടും എന്തുകൊണ്ട് അവർ നരേന്ദ്ര മോദി സർക്കാരിന് ഒട്ടേറെ തലവേദന സൃഷ്ടിച്ചു. പാർലമെന്റിൽ നിന്നും പുറത്താക്കിയിട്ടും വീണ്ടുമിതാ അവർ പൂർവ്വാധികം ശക്തിയോടെ വിജയശ്രീലാളിതയായി തിരിച്ചെത്തിയിരിക്കുന്നു.
പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്ര വീണ്ടും മോദിക്ക് തലവേദനയാകും എന്ന കാര്യത്തിൽ സംശയം വേണ്ട. തുടക്കം മുതൽ മണ്ഡലത്തിൽ ലീഡ് നിലനിർത്തിയ മഹുവയുടെ വിജയം ബിജെപിയോടുള്ള മധുര പ്രതികാരം കൂടിയാണ്.
രാഷ്ട്രീയത്തിലിറങ്ങിയ കാലം മുതൽ ബിജെപിയുടെ കണ്ണിലെ കരടാണ് മഹുവ. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ പ്രാവശ്യം പാർലമെന്റിൽ നിന്നുതന്നെ മഹുവയെ ബിജെപി പുറത്താക്കിയത്.
പാർലമെന്റിൽ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നായിരുന്നു മഹുവയെ ബിജെപി പുറത്താക്കിയത്. പാർലമെന്ററി ലോഗിൻ വിവരങ്ങൾ വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി പങ്കുവെച്ചതായിരുന്നു കുറ്റം. ആ കുറ്റത്തെ കുറച്ചുകാണാനാകില്ലെങ്കിലും ഇത്ര ക്രൂരശിക്ഷയുടെ ആവശ്യമുണ്ടോ എന്നതാണ് വിഷയം.
ലണ്ടനിലെ ജെ.പി. മോർഗൻ ചേസിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് 2009ൽ മഹുവ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗമായ ഇന്ത്യൻ യൂത്ത് കോൺഗ്രസിൽ ചേർന്നു. പിന്നീട് രാഹുൽ ഗാന്ധിയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന മഹുവ പാർലമെന്റിൽ രാഹുലിനോളം പോന്ന എതിരാളിയായിരുന്നു ബിജെപിക്ക്. 2010 ലാണ് മഹുവയുടെ തൃണമൂൽ കോൺഗ്രസ് പ്രവേശനം. ചാനൽ ചർച്ചകളിൽ തൃണമൂൽ കോൺഗ്രസിന്റെ തുറുപ്പുചീട്ടായിരുന്നു ഈ പെൺ പോരാളി. റിപ്പബ്ലിക് ടിവി ചർച്ചക്കിടെ അർണബ് ഗോസ്വാമായോട് നടുവിരൽ ഉയർത്തി പ്രതികരിച്ച മഹുവ അന്ന് വലിയ ചർച്ചയായിരുന്നു.
2016ലാണ് കരിംപൂർ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭയിലെത്തിയത്. പിന്നീട് 2019ൽ നിന്നും ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 6,14,872 വോട്ടുകൾ നേടിയായിരുന്നു അന്ന് മഹുവ മൊയ്ത്ര വിജയിച്ചത്. 63,218 വോട്ടിന്റെ ഭൂരിപക്ഷം. 5,51,654 വോട്ടുകളായിരുന്നു ബിജെപിയുടെ കല്യാൺ ചൗബെയ്ക്ക് ലഭിച്ചത്. 2009 മുതൽ തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് കൃഷ്ണനഗർ.
'മഹുവ മൊയ്ത്ര എന്ന എം.പിയുടെ 2019 മുതൽ 2024 വരെയുള്ള ലോക്‌സഭയിലെ ഇടപെടലുകൾ ദേശീയ ശരാശരിയിലും താഴെയാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവർ മോദി ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുന്ന വ്യക്തിയായത്?'
കഴിഞ്ഞ പാർലമെന്റിൽ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും മുൾമുനയിൽ നിർത്തിപ്പൊരിച്ച മഹുവ മൊയ്ത്ര വീണ്ടും പാർലമെന്റിലത്തുമ്പോൾ പഴയ പല രംഗങ്ങളും ഓർമ്മയിൽ തെളിയാതിരിക്കില്ല.
അക്കാലത്ത് എൻ.ഡി.യെക്കെതിരെ മഹുവ പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചവയായിരുന്നു. ഫാസിസം വരുന്നതിന്റെ ഏഴു ലക്ഷണങ്ങൾ വരച്ചിട്ട, ബി.ജെ.പി.
വാദമുഖങ്ങൾ ഓരോന്നും എടുത്തുവെച്ച് അതിന്റെ എതിർവാദങ്ങളുയർത്തിയായിരുന്നു മഹുവയുടെ കന്നി പ്രസംഗം തന്നെ..!
സന്ദേശ്ഖലി
സംഭവത്തിന്റെ ചുവടുപിടിച്ച് ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
താരപ്രചാരകനായി മോദി തന്നെ നേരിട്ടിറങ്ങിയെങ്കിലും ബി.ജെ.പിക്ക് യാതൊരു
നേട്ടവുമുണ്ടാക്കാനായില്ല. എന്നുമാത്രമല്ല, നഷ്ടങ്ങളുണ്ടാവുകയും ചെയ്തു.
ഇതിനെ തുടർന്ന് ബി.ജെ.പി എം.എൽ.എയായ മുകുന്ദ് മണി അധികാരി ടി.എം.സിയിൽ
ചേരുകയായിരുന്നു. സംസ്ഥാനത്തെ ബി.ജെ.പിയുടെ വളർച്ചക്ക് കാര്യമായ
തകർച്ചയുണ്ടാക്കുന്ന ഫലമാണിതെന്നാണ് വിലയിരുത്തലുകൾ. ബംഗാളിൽ മറ്റാരു
ജയിച്ചാലും തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര ജയിക്കരുതെന്ന ഒറ്റ
വാശിയിലായിരുന്നു ബി.ജെ.പി. അത് കൃഷ്ണനഗറിലെ ജനങ്ങൾ വേണ്ട വിധം കൈകാര്യം
ചെയ്തു.
മണ്ഡലത്തിൽ സ്വാധീനമുള്ള രാജകുടുംബത്തിലെ അംഗത്തെയിറക്കിയാൽ മഹുവയെ തോൽപ്പിക്കാം എന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. 18 -ാം നൂറ്റാണ്ടിൽ നാദിയ മേഖല ഭരിച്ചിരുന്ന രാജാകൃഷ്ണചന്ദ്രറോയുടെ പേരിലുള്ളതാണ് കൃഷ്ണനഗർ മണ്ഡലം. രാജകുടുംബത്തിലെ മുതിർന്ന അംഗമാണ് അമൃത റോയ്. തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പ്, മാർച്ചിലാണ് അമൃത റോയിയും കുടുംബവും ബി.ജെ.പിയിൽ അംഗങ്ങളായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃണമൂൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയാണ് അമൃതയെ സ്ഥാനാർഥിയാക്കുന്നതിന് ചരടുവലി നടത്തിയത്. സുവേന്ദു അധികാരിയുടെ കാലുമാറ്റം മേഖലയിൽ തൃണമൂലിന് വൻതിരിച്ചടിയാകുമെന്ന ആശങ്കയുണ്ടായിരുന്നു.
ബി.ജെ.പിയുടെയും
നരേന്ദ്ര മോദിയുടെയും കോർപറേറ്റ് ബാന്ധവം തുറന്നുകാട്ടി നിർഭയം
ആക്രമിക്കുന്ന മഹുവയെ തോൽപ്പിക്കാൻ കാടടച്ച പ്രചാരണമായിരുന്നു ബി.ജെ.പി
നടത്തിയിരുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും കൃഷ്ണനഗറിലെത്തിയാണ്
മഹുവയ്‌ക്കെതിരായ കാമ്പയിന് നേതൃത്വം നൽകിയത്.
കൃഷ്ണനഗർ കൊട്ടാരത്തിലെ
'രാജമാത' അമൃത റോയി ആയിരുന്നിട്ടുപോലും അവരെ അമ്പതിനായിരത്തിൽപരം
വോട്ടുകൾക്ക് പിന്നിലാക്കിയാണ് മഹുവ വിജയിച്ചുകയറിയത്.
'ഇന്ത്യ' സഖ്യ സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എംഎൽഎ കൂടിയായിരുന്ന സിപിഎമ്മിന്റെ എസ്. എം. സാധി മൂന്നാം സ്ഥാനെത്തി. 1971 മുതൽ ഇടതിന്റെ ഉറച്ചകോട്ടയായിരുന്ന കൃഷ്ണനഗറിൽ 1999ലാണ് ആദ്യമായി ബി.ജെ.പി ജയിക്കുന്നത്. പിന്നീട്, ഇടതുപക്ഷത്തെ മണ്ഡലം പൂർണമായി കൈവിട്ടു. 2019ൽ 1,20,222 വോട്ടുകളായിരുന്നു ആകെ കിട്ടിയത്.
പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം മഹുവയുടെ
വീട്ടിലും ഓഫീസിലും തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുവരെ സിബിഐ റെയ്ഡ്
നടത്തിയും നിരന്തരം മഹുവയെ കടന്നാക്രമിച്ചുകൊണ്ടിരുന്നു ബി. ജെ.പി. എന്നാൽ,
ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട അന്നു മുതൽ അവർ മണ്ഡലത്തിലെ
ജനങ്ങളുമായി നേരിട്ടു സംവദിച്ചുകൊണ്ടിരുന്നു.
മോദി അദാനി
ബന്ധത്തെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും നിരന്തരം ചോദ്യങ്ങൾ
ഉയർത്തിയ എം.പിയാണ് മഹുവ മൊയ്ത്ര. തുറമുഖങ്ങൾ, കൽക്കരി ഖനികൾ, വൈദ്യുതി
വിതരണ കരാറുകൾ തുടങ്ങി നിരവധി മേഖലകളിൽ വഴിവിട്ട രീതിയിൽ അദാനി നേടിയെടുത്ത
സൗജന്യങ്ങൾ തെളിവുകൾ സഹിതം മഹുവ മൊയ്ത്ര ചോദ്യങ്ങളായി ഉന്നയിച്ചു. അദാനി
കമ്പനികളിൽ ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റ് പങ്കാളികളായ, 20,000 കോടി
രൂപയുടെ നിഗൂഢ നിക്ഷേപം നടത്തിയ, ചൈനീസ് പൗരനുമായുള്ള അദാനി ബന്ധങ്ങൾ
അറിയേണ്ടതല്ലേ..? ഇത്തരത്തിലുള്ള മഹുവയുടെ നിശിതമായ ചോദ്യങ്ങളാണ്
ഭരണകക്ഷിയെ വിറപ്പിച്ചത്.
4.5 മില്യൺ ടൺ പാചകവാതക സംഭരണശേഷി മാത്രമുള്ള ഒഡീഷയിലെ ധാംമ്ര തുറമുഖ ടെർമിനൽ ഉപയോഗത്തിനായി 46,000 കോടിയുടെ കരാർ 2042 വരെയുള്ള കാലാവധിക്ക്, യാതൊരുവിധ ടെണ്ടർ നടപടികളും കൂടാതെ, അദാനിയുമായി ഒപ്പുവെച്ചതും മഹുവ മൊയ്ത്ര പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. അത് തന്നെയായിരുന്നു മഹുവയെ ലോക്‌സഭയിൽ നിന്ന് കെട്ടുകെട്ടിക്കുന്നതിലേക്ക് നയിച്ച കാരണങ്ങൾ.
ബി.ജെ.പിക്ക് മുന്നേറ്റം പ്രവചിച്ച എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളെയും തള്ളി ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസിന്റെ ശക്തമായ മുന്നേറ്റമാണ് നാം കണ്ടത്. 42 ലോക്‌സഭ മണ്ഡലങ്ങളിൽ 29 സീറ്റുകളെന്ന നേട്ടവുമായി തൃണമൂൽ കോൺഗ്രസും ഒരു സീറ്റിന്റെ ഭൂരിപക്ഷം നിലനിർത്തി കോൺഗ്രസും. മമത ബാനർജിയെന്ന പോരാളിയിലൂടെ മോദി പ്രഭാവം ബംഗാളിൽ പൂർണമായി തകർന്നടിയുകയായിരുന്നു. 2019ൽ 18 സീറ്റുകളാണ് ബി.ജെ.പി ബംഗാളിൽ നിന്ന് നേടിയത്. ഇത്തവണ 12 എണ്ണമായി ചുരുങ്ങി.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1