സെക്രട്ടറിയേറ്റിനു മുമ്പിൽ കടുത്ത സമരമുറയായി ആശമാരുടെ ഹെയർ കട്ട്, എമ്പുരാൻ സിനിമയ്ക്ക് 24 കട്ട്

APRIL 3, 2025, 12:49 AM

സെക്രട്ടറിയേറ്റിനു മുമ്പിൽ ആശമാരുടെ ഹെയർ കട്ട്. ഞായറാഴ്ച പോലും പ്രവൃത്തി ദിനമാക്കി ചെന്നൈയിലെ സെൻസർ ബോർഡിന്റെ ഓഫീസിൽ എമ്പുരാൻ സിനിമയുടെ ഫിലിംകട്ട്. ക്രൈസ്തവരുടെ വിശ്വാസ പ്രമാണങ്ങളെ കാറ്റിൽ പറത്തി ഒരു ക്രൈസ്തവ നാമമുള്ള ഫിലിം പ്രൊഡ്യൂസറുടെ വക കുരിശിനും വെട്ടോട് വെട്ട്. പ്രേക്ഷകരാകട്ടെ, എല്ലാം സിനിമയല്ലേ എന്ന മട്ടിൽ ഭ്രാന്ത് പിടിച്ചതുപ്പോലെ തിയറ്ററുകളിലേക്ക് ഓടിക്കയറുന്നു. 5 ദിവസം കൊണ്ട് എമ്പുരാൻ 200 കോടി ക്ലബ്ബിൽ കയറിക്കഴിഞ്ഞു. ദിവസക്കൂലിയായി കിട്ടുന്ന 232 രൂപ കൂട്ടിത്തരണമേയെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപയെങ്കിലും തരണമേയെന്ന യാചനയുമായി ആശമാരുടെ സമരം 53 ദിവസം പിന്നിടുമ്പോൾ, മുഖ്യമന്ത്രിയും 9 മന്ത്രിമാരും മധുരയ്ക്ക് പോയിക്കഴിഞ്ഞു. 24-ാമത് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ. പൊള്ളുന്ന ചൂടിന് ആശ്വാസമായി ചൊവ്വാഴ്ച പെയ്ത മഴ സെക്രട്ടറിയേറ്റിനു മുമ്പിൽ നിരാഹാരം കിടക്കുന്ന ആശമാരെയും കോട്ടയത്തും പാലക്കാട്ടുമുള്ള വരമ്പത്ത് നെല്ല് കൊയ്തു വച്ച നെൽ കർഷകരെയും ദുരിതത്തിലാഴ്ത്തി. 

എമ്പുരാനും ചില ഇളക്കങ്ങളും

എമ്പുരാൻ വലിയ ക്യാൻവാസിലെടുത്ത സിനിമയാണ്. പൃഥ്വീരാജ് ഷൂട്ടിങ്ങിനായി കണ്ടെത്തിയ രാജ്യങ്ങളെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച പൊടിപൊടിക്കുന്നുണ്ട്. ഇറാഖിൽ ക്രൈസ്തവരെ വംശഹത്യ ചെയ്ത നഗരത്തിലെ ദേവാലയത്തിലേക്ക് ലാലിന്റെ  കഥാപാത്രത്തെ ഒരു സംഘടനാസാരഥി ചർച്ചയ്ക്ക് വിളിക്കുന്നതും, ആ ദേവാലയത്തിലെ കൂറ്റൻ കുരിശ് തകർന്നു വീണ് (ഘ ) എന്ന ലൂസിഫറിന്റെ  ആദ്യാക്ഷരമായി മാറുന്നതും, ആ രംഗത്ത് യേശുനാഥനെതിരെയുള്ള സത്യവിരുദ്ധമായ പരാമർശങ്ങളും ജിബിൻ ജേക്കബ്ബ് എന്നൊരാൾ ആർ.എസ്.എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ വിവരിച്ചെഴുതിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി എമ്പുരാനെതിരെ തുടർച്ചയായി മൂന്ന് എഡിറ്റോറിയലുകളാണ് ഓർഗനൈസറിൽ വന്നത്. അതെല്ലാം കലാകാരന്മാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കരുതുന്നവർ, മറിച്ച് ഇപ്പോൾ ഇന്ത്യയിലെ ഒന്നാമത്തെ ന്യൂനപക്ഷമായ മതത്തെക്കുറിച്ചോ? അവരുടെ പ്രവാചകനെക്കുറിച്ചോ എന്തെങ്കിലും പരാമർശം നടത്തിയാൽ എന്തായിരിക്കും സ്ഥിതിയെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു മലയാള സിനിമ ആഗോളതലത്തിൽ വിപണനം ചെയ്യുന്നത് നല്ല കാര്യമാണ്. പൃഥ്വീരാജ് എന്ന സംവിധായകന്റെ  കൃത്യമായ പ്ലാനിംഗും മേക്കിംഗ്‌സിൽ പ്രകടിപ്പിച്ച മികവും അപാരമാണ്. പക്ഷെ അതൊരു തരത്തിൽ ആഗോളതലത്തിൽ ചോരപുരണ്ട ഒരു ഉൽപ്പന്നത്തിന്റെ  മാർക്കറ്റിംഗ് ആയി തരം താണുവെന്നാണ് ചിലരുടെ ആരോപണം.

vachakam
vachakam
vachakam

വീട്ടിലിക്കുന്നവരെപ്പറ്റി പറയരുതേ...

പൃഥ്വീരാജിന്റെ ഭാര്യ സുപ്രിയാ മേനോനെക്കുറിച്ച് ബി.ജെ.പി. നേതാവ് ബി.ഗോപാലകൃഷ്ണൻ നടത്തിയ പരസ്യ വിമർശനങ്ങൾ അതിരുകടന്നുവോ? സുപ്രിയ വെറുമൊരു വീട്ടിലിരിക്കുന്ന സാധാരണക്കാരിയായ വീട്ടമ്മയല്ലാത്തതുകൊണ്ട് ഇത്തരം വിമർശനങ്ങളിൽ അവർ വേഗം വാടിപ്പോകില്ല. എന്നാലും സ്ത്രീകളെപ്പറ്റി പറയുമ്പോൾ കേരളീയർ കാണിക്കാറുള്ള അന്തസ്സ് വക്കീൽ കൂടിയായ ഗോപാലകൃഷ്ണനിൽ നിന്നുണ്ടായില്ല. പ്രത്യേകിച്ചും ശ്രീമതി ടീച്ചർക്ക് നേരെ നടത്തിയ പരാമർശത്തിന് രഹസ്യമായി മാപ്പ് പറഞ്ഞ് തടിയൂരിയ വിദ്വാനാണ് ഗോപാലകൃഷ്ണൻ. അതുകൊണ്ട് ഒഴിവാക്കാമായിരുന്ന ഒരു പരാമർശമാണ് സുപ്രിയയ്‌ക്കെതിരെ അദ്ദേഹം നടത്തിയത്.
മുരളിഗോപിയുടെ മൗനം പോലും വാചാലമായ ദിനങ്ങളാണ് കടന്നുപോകുന്നത്. എന്തിന് മോഹൻലാൽ ഇത്ര പെട്ടെന്ന് ഖേദം പ്രകടിപ്പിച്ചുവെന്ന് മറ്റുള്ളവർക്ക് ചോദിക്കാവുന്നതുമാണ്. പക്ഷെ മോഹൻലാൽ എന്ന നടനേക്കാൾ, അദ്ദേഹം ഒരു വ്യവസായിയാണ്. വർഷത്തിൽ നാലോ അഞ്ചോ ദിവസമോ മണിക്കൂറോ പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വിട്ടുകൊടുത്ത് കോടികൾ വാങ്ങി പോക്കറ്റിലിടുന്ന മോഹൻലാലിന്റെ ''മടിയിൽ കനമുള്ളതുകൊണ്ട് വഴിയിൽ പേടിക്കാതെ'' എന്തുചെയ്യും? അതൊന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യം തലയ്ക്കുപിടിച്ച ക്ണാപ്പന്മാർക്ക് മനസ്സിലാകണമെന്നുമില്ല. അവരോട് മോഹൻലാൽ പഴയ മാസ് ഡയലോഗ് പറയുമായിരിക്കാം: ''നീ കുട്ടിയാണ്, നിനക്കൊന്നുമറിയില്ല എന്ന്.

ആശാ സമരപന്തലിനെ സെൽഫി പോയിന്റെന്ന് ആക്ഷേപിച്ച ഐ.എൻ.ടി.യു.സി.നേതാവാണ് ആർ.ചന്ദ്രശേഖരൻ പിണറായിക്ക് ഏറെ ഇഷ്ടമുള്ള തൊഴിലാളി നേതാവാണ് കക്ഷി. പഴയൊരു കശുവണ്ടി ഇറക്കുമതി ഇടപാടിൽ ആരോപണ മുനയിൽ നിൽക്കുന്ന ചന്ദ്രശേഖരനെ സി.ബി.ഐ. നോട്ടമിട്ടിട്ടുണ്ട്. കേസന്വേഷണത്തിന് സി.ബി.ഐക്ക് സംസ്ഥാന സർക്കാർ അനുമതി നൽകാത്തതുകൊണ്ടാണ് ചന്ദ്രശേഖരനും മച്ചാനായ രതീഷും ഇപ്പോഴും വീട്ടിൽ കിടന്നുറങ്ങുന്നത്. അങ്ങനെയുള്ള ചന്ദ്രശേഖരൻ  ''സൂപ്പർ കെ.പി.സി.സി.'' കളിച്ചാണ് ആശാ സമരത്തെ ഊശിയാക്കി പറഞ്ഞത്. എന്നാൽ കെ.പി.സി.സി. മീശ പിരിച്ചതോടെ ചന്ദ്രശേഖരൻ  വഴങ്ങി. ഇപ്പോൾ വ്യാഴ്യാഴ്ചത്തെ 'വീണ മന്ത്രി'യുമായുള്ള ചർച്ചയ്ക്ക് എ.ഐ.റ്റി.യു.വി.നോടൊപ്പം ഐ.എൻ.ടി.യു.സിക്കും ക്ഷണമുണ്ട്.

vachakam
vachakam
vachakam

ഒരു കാര്യം പറയാം: ആഗോളതലത്തിൽ ആരോഗ്യരംഗത്തെ ജോലിക്കാർക്ക് നല്ല സമയമല്ല. തിങ്കളാഴ്ച ട്രംപ് പിരിച്ചുവിട്ടത് 10,000 ഹെൽത്ത് വർക്കേഴ്‌സിനെയാണ്. ബി.ജെ.പി.ഭരിക്കുന്ന ഗുജറാത്തിലാകട്ടെ അയ്യായിരം ആശാ വർക്കർമാർക്ക് സമരം ചെയ്യുന്നതിന്റെ പേരിൽ പിരിച്ചുവിടൽ നോട്ടീസ് നൽകിക്കഴിഞ്ഞു.

കഴിഞ്ഞ തവണ മാധ്യമങ്ങൾ തോളിൽ ധരിച്ച ബാഗിന്റെ വില മാധ്യമങ്ങൾ അന്വേഷിച്ചു പോയതുകൊണ്ടാകാം, ഇത്തവണ തോളത്ത് ബാഗില്ലാതെയാണ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യമന്ത്രിയെ കാണാൻ പോയത്. വീണാ ജോർജ്ജിന്റെ സഭയിൽപ്പെട്ട ഒരു വൈദികൻ പോലും സമരം ചെയ്യുന്ന ആശമാരോട് അനുഭാവം പ്രകടിപ്പിക്കാനായി മുടി മുറിച്ചു നൽകാൻ സമരപ്പന്തലിലെത്തിയത് കഴിഞ്ഞ ദിവസങ്ങളിലെ കൗതുകമുള്ള ചാനൽ ദൃശ്യമായി മാറി.

മധുര കോൺഗ്രസ് മധുരിക്കില്ല...

vachakam
vachakam
vachakam

സി.പി.എം.ന്റെ പാർട്ടി കോൺഗ്രസ് മധുരയിൽ തുടങ്ങിക്കഴിഞ്ഞു. ഹിന്ദുത്വത്തോട് മൃദു സമീപനം, കോൺഗ്രസ് പാർട്ടിയോട് കട്ട കലിപ്പ് എന്ന കേരളാ നേതാക്കളുടെ ലൈനിലൂടെയായിരിക്കും സമ്മേളനഗതിയെന്നത് തീർച്ചയായിട്ടുണ്ട്.

ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യിലേക്ക് സഖാക്കളുടെ വോട്ട് ചോർന്നിട്ടുണ്ടെന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിലുണ്ട്. ക്ഷേത്രസമിതികളിലും മറ്റ് മതക്കാരുടെ സംഘടനകളിലും കയറിപ്പറ്റാൻ സഖാക്കളെ പാർട്ടി പ്രോത്സാഹിപ്പിച്ചിരുന്നു. ഉത്സവത്തിന് 'പുഷ്പനെ അറിയാമോ' എന്ന പാട്ട് പാടി ഡിഫിക്കാർ  ഹൈന്ദവ വിശ്വാസികളെ കൈയിലെടുക്കാൻ പോയ കടയ്ക്കൽ ക്ഷേത്രത്തിൽ 'സീൻ കോൺട്ര' ആയത് പാർട്ടിക്ക് വല്ലാത്ത അക്കിടിയായി. ചില സഖാക്കൾക്ക് ഒരു കുഴപ്പമുണ്ട്. അവർ പാർട്ടി പറഞ്ഞാൽ നേരെ കയറി ശത്രുനിരയെ പഞ്ഞിക്കിടും. അതായത് എന്തെങ്കിലും 'ഊടൻപണി' ചെയ്യുമ്പോൾ ഒരു നയമൊക്കെ വേണ്ടേ എന്ന് ചോദിച്ചാൽ അതൊന്നും ഞങ്ങൾക്ക് ആരും പഠിപ്പിച്ചു തന്നിട്ടില്ലെന്നേ ആ സഖാക്കൾ പറയൂ.

പേരുകൊണ്ട് ബേബിയാണെങ്കിലും ഈ കൊല്ലത്തുകാരനെ കണ്ടു വേണം സി.പി.എം.കാർ പഠിക്കേണ്ടത്. ബേബിയുടെ വിസ്തൃതമായ സുഹൃത് വലയത്തിൽ ഇല്ലാതിരുന്ന ഒരാൾ പിണറായിയായിരുന്നു. എന്നാൽ പിണറായിയെപോലെ ഒരു ഇടിവണ്ടി നേരെ വരുമ്പോൾ മസിൽ പിടിച്ച് മുമ്പിൽ നിന്നിട്ടു കാര്യമില്ലെന്ന് കൊല്ലംകാരനായ ബേബി പെട്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ പിണറായിക്ക്  ബേബിയോടുള്ള പിണക്കം മാറിയിട്ടുണ്ടെങ്കിൽ ബേബി രാജ്യത്തെ സി.പി.എമ്മിനെ നയിക്കും. സംസ്ഥാനത്ത് ഗോവിന്ദൻ, ദേശീയ തലത്തിൽ ബേബിയും. ഉഗ്രൻ ടീം. ബേബി പി.ബി.അംഗങ്ങളിൽ സീനിയറാണ്. ബേബിയേക്കാൾ സീനിയറായ ബൃന്ദ കാരാട്ട് റിട്ടയർ ചെയ്യുകയാണ്. മഹാരാഷ്ട്രയിലെ കർഷക നേതാവായ അശോക് ധാവ്‌ലെയെ കേരള ഘടകം, അതായത് പിണറായി സഖാവിന് പഥ്യമില്ല. അതുകൊണ്ട് ബേബി തന്നെ ദേശീയ സെക്രട്ടറിയായി വന്നേക്കും. 

ദേശീയതലത്തിൽ സി.പി.എമ്മിന്റെ മോശം കാലഘട്ടമാണിത്. കെ.രാധാകൃഷ്ണനെ ഉൾപ്പെടുത്തിയാൽ നാല് സി.പി.എം.അംഗങ്ങളെ പാർലിമെന്റിൽ പാർട്ടിക്കുള്ളൂ. രാധയെ ഒഴിച്ചു നിർത്തിയാൽ  മറ്റ് 3 എം.പി.മാരും കോൺഗ്രസിന്റെയും സഖ്യകക്ഷികളുടേയും പിന്തുണയോടെ പാർലിമെന്റിൽ എത്തിയവരാണ്. എങ്കിലും കേരളാഘടകത്തിന്റെ കോൺഗ്രസിനോടുള്ള ശത്രുത ഹൈഡിഗ്രിയിലാണെന്നതാണ് കൗതുകം.

നവ ലിബറൽ കുപ്പായവും പാർട്ടിയും 

നവ ലിബറൽ സമ്പദ്‌വ്യവസ്ഥയെ വേളി കഴിച്ച പാർട്ടിയുടെ പുതുമണവാളൻ ടച്ച് കൊല്ലത്തെ സമ്മേളനത്തിലെന്നപോലെ മധുര പാർട്ടി കോൺഗ്രസിലും ചാനൽ കാഴ്ചകളെ മൾട്ടികളറാക്കും. ചുവപ്പാണ് താരമെങ്കിലും ചില നേതാക്കളുടെ ഉള്ളിലുള്ള പണാധിപത്യത്തിനോടും പാർലിമെന്റെറി മോഹത്തോടുമുള്ള സന്ധിചെയ്യൽ വലിയൊരളവിൽ സി.പി.എമ്മിന്റെ ആടയാഭരണങ്ങൾ മാറ്റുക തന്നെ ചെയ്യും. ഭരണത്തുടർച്ച നേടിയ ആദ്യത്തെ ഇടതു മുഖ്യമന്ത്രിയെന്ന വിശേഷണം പിണറായിയിൽ അവസാനിക്കാതിരിക്കാനുള്ള കേരള സി.പി.എമ്മിന്റെ അടവു തന്ത്രങ്ങൾ ഏതായാലും ദേശീയതലത്തിൽ പാർട്ടിയെ വല്ലാതെ മാറ്റിമറിച്ചേക്കാം. നവലിബറൽ നയത്തിലേക്കുള്ള മാറ്റത്തോടൊപ്പം ഒരു വലതുപക്ഷ ചായ്‌വ് കൂടി തെരഞ്ഞെടുപ്പിൽ സ്വീകരിച്ചാൽ കേരള സി.പി.എം. പൂർണ്ണമായും അടിമുടി മാറ്റത്തിന് വേദിയാകാം. പാലക്കാട്ടുകാരനാണെങ്കിലും കണ്ണൂരിന്റെ മരുമകനാണ് പുതിയ ബി.ജെ.പി. പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അണികൾക്ക് കൂടുതൽ ഇഷ്ടമുള്ള പക്ഷത്തേയ്ക്ക് ചാഞ്ഞാൽ  എന്തെന്ന ചോദ്യം മധുരയിൽ ഉയരും. ചെകുത്താന്റെ കൂട്ടുപിടിച്ചാലും വിജയിക്കണമെന്ന 'എമ്പുരാനി'ലെ ഡയലോഗ് നാം ആരും ചിന്തിക്കാത്ത രാഷ്ട്രീയ ഗൂഢ നീക്കുപോക്കുകൾക്ക് വരും കാലങ്ങളിൽ അരങ്ങൊരുക്കാം. കാരണം, ഒരു വിഭാഗത്തിന്റെ വോട്ട് ഇനി കിട്ടാനേ സാധ്യതയില്ലെന്നു വന്നാൽ, പിന്നെ വോട്ട് കിട്ടാവുന്ന മറു ചേരിയെ 'കമ്മ്യുണിസ്റ്റ് കുട്ടിയുടുപ്പ'ണിയിച്ച് അവതരിപ്പിക്കാനുള്ള സൈദ്ധാന്തിക മാന്ത്രിക ഫോർമുല കൈവശമുള്ള രണ്ട് പാർട്ടികളേ ഇന്ന് ഇന്ത്യയിലുള്ളൂ. അതാരാണെന്നു പറയാതെ സസ്‌പെൻസ് നിലനിർത്തി ഈ ആഴ്ചക്കുറിപ്പ് ഇത്തവണ അവസാനിപ്പിക്കട്ടെ.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam