ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരോ? അമേരിക്കയില്‍ സംഭവിക്കുന്നതെന്ത്?

APRIL 9, 2024, 5:24 PM

ഇന്ത്യക്കാര്‍ക്കിടയില്‍ അമേരിക്കയിലെ പഠനവും ജോലിയും സ്വപ്നം കാണുന്ന യുവതലമുറ ധാരാളമാണ്. അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍ നേരത്തെ തന്നെ പരിശ്രമം നടത്തുന്നവരും ധാരാളമാണ്. യുഎസിന്റെ കണക്കനുസരിച്ച് 2022-2023 കാലയളവില്‍ 2.6 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുഎസിലേയ്ക്ക് കുടിയേറിയത്. കഴിഞ്ഞ സീസണിനേക്കാള്‍ 35 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ രാജ്യം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പേടിസ്വപ്നമായി മാറുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. അതിന് നിരവധി കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അമേരിക്കയില്‍ കാണാതാവുകയും മരണപ്പെടുകയും ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുകന്നു എന്നതാണ് ഇത്തരം ഒരു ചിന്താഗതിക്ക് പ്രധാന കാരണം. ഒരു മാസമായി കാണാതായ ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ ന്യൂയോര്‍ക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.

ക്‌ളീവ്ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്തിനെ (25) ആണ് ഒഹിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ഫാത്തിന്റെ മരണം ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.

അമേരിക്കയില്‍ കാണാതാവുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പതിനൊന്നാമത്തെ കേസാണ് അര്‍ഫാത്തിന്റേത് എന്നത് ഏറെ ഞെട്ടിക്കുന്ന സംഭവമാണ്. ഏപ്രില്‍ ആറിനും ഓഹിയോയില്‍ നിന്ന് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്‌ളീവ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ഉമാ സത്യസായ് ഗാദ്ദെയാണ് മരണപ്പെട്ടത്. ഈ വര്‍ഷമാദ്യം ഹൈദരാബാദ് സ്വദേശിയായ സെയ്ദ് മസാഹിര്‍ അലി ഷിക്കാഗോയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു.

ജനുവരിയില്‍ മാത്രം അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ മരണപ്പെട്ടത്. പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ നീല്‍ ആചാര്യ, ജോര്‍ജിയയിലെ വിദ്യാര്‍ത്ഥിയായ വിവേക് സൈനി എന്നിവരുടെ മരണവും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇല്ലിനോയിസ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ അകുല്‍ ധവാന്‍, തെലങ്കാന, ആന്ധ്രാപ്രദേശ് വിദ്യാര്‍ത്ഥികളായ ജി ദിനേഷ്, നികേഷ് എന്നിവരാണ് അമേരിക്കയില്‍ ഉപരിപഠനത്തിനായി എത്തി മരണപ്പെട്ട മറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.

എന്താണ് പിന്നിലെ കാരണം

2018 മുതല്‍ 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 36 മരണങ്ങള്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി 2023 ഡിസംബറില്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. സ്വാഭാവിക കാരണങ്ങളും അപകടങ്ങളും അസുഖങ്ങളുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണകാരണമായി അധികൃതര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ വംശീയ വിദ്വേഷത്തിന്റെ ഇരകളായി മരണപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അമേരിക്കയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭയമാണെന്നും എപ്പോഴും ജാഗരൂകരായി കഴിയേണ്ട അവസ്ഥയാണെന്നും പല വിദ്യാര്‍ത്ഥികളും വെളിപ്പെടുത്തുന്നു. യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള ആശങ്കയുണ്ടെന്ന് 2017 ലെ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ശാരീരിക സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്നും അമേരിക്കക്കാര്‍ക്കിടയില്‍ സ്വാഗതം ചെയ്യപ്പെടുന്നില്ലെന്ന അനുഭവം ഉണ്ടെന്നും പല ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും വെളിപ്പെടുത്തിയതായും പഠനത്തില്‍ വ്യക്തമാക്കുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ (ഐ ഐ ഇ) ആണ് സര്‍വേ നടത്തിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസിലെ പഠന സാദ്ധ്യതയെക്കുറിച്ച് ഉയര്‍ന്ന തലത്തിലുള്ള ആശങ്കയുണ്ടെന്ന് പഠനത്തില്‍ അഭിപ്രായപ്പെടുന്നു. ശാരീരിക സുരക്ഷയെക്കുറിച്ചാണ് 80 ശതമാനം വിദ്യാര്‍ത്ഥികളും ആശങ്കപ്പെടുന്നത്. തങ്ങള്‍ യുഎസില്‍ സ്വാഗതാഹര്‍രല്ലെന്നാണ് 30 ശതമാനം വിദ്യാര്‍ത്ഥികളും ആശങ്കപ്പെടുന്നതെന്നും പഠനം പറയുന്നു. ഇക്കാരണത്താല്‍ തന്നെ പഠനത്തിനായും തൊഴിലിനായും മറ്റ് രാജ്യങ്ങളെ ആശ്രയിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam