ജനാധിപത്യത്തിന് നേരെ മയക്കുവെടി

DECEMBER 10, 2025, 9:57 PM

ജനാധിപത്യം എന്ന പദം ഇന്ന് നമ്മുടെ പൊതുസമൂഹത്തിനു മുമ്പിൽ എല്ലൊടിഞ്ഞ്, ചോരയൊലിച്ച്, വിറങ്ങലിച്ചു നിൽക്കുന്നു. അധികാരം കൈയിൽ ഏന്തുന്നവർ ജനാധിപത്യത്തെ ഭയപ്പെടുത്തിയും സോപ്പിട്ടും തറവേലകൾ പയറ്റിയും തങ്ങളുടെ വരുതിയിലാക്കുന്നതിൽ വ്യാപൃതരാണ്. വാർഡുകൾ തോന്നിയതുപോലെ വെട്ടിമുറിച്ചും, ഭരിക്കുന്നവർക്ക് അനുകൂലമായി വീഴാൻ ഇടയില്ലാത്ത വോട്ടുകൾ നിഷ്‌ക്കരുണം വെട്ടിനീക്കിയും കേന്ദ്രസംസ്ഥാന ഭരണകൂടങ്ങൾ നടത്തുന്ന വിക്രിയകളും കോപ്രായങ്ങളും കണ്ട് ജനം അന്തംവിട്ടു നിൽക്കുന്നു.

ഭരണവിരുദ്ധവികാരമുണ്ടെങ്കിൽ, അതിനെ പല രീതിയിൽ പഞ്ഞിക്കിട്ട്, ഭരിക്കുന്നവർക്ക് വാഴ്ത്തു പാട്ട് പാടാനാകുന്ന വിധത്തിലുള്ള അന്തർനാടകങ്ങളും അണിയറയിൽ നടപ്പാക്കിക്കഴിഞ്ഞതായി മാധ്യമ വാർത്തകളുണ്ട്.

കൂറുമാറ്റം, കരിങ്കാലികൾ... എന്തെല്ലാം കാണണം?

vachakam
vachakam
vachakam

ഡിസംബർ 13ന് വോട്ടെണ്ണിക്കഴിയുമ്പോൾ എന്തെല്ലാം സംഭവിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും പാർട്ടിവിട്ടും കൂറുമാറിയും കളംമാറി ചവിട്ടിയും എന്തെല്ലാം നേടാനാകുമെന്ന് ഇപ്പോൾ തന്നെ സ്ഥാനാർത്ഥികൾ മനക്കണക്ക് കൂട്ടിക്കഴിഞ്ഞു. ജനാധിപത്യത്തിന്റെ സിംഹാസനത്തിലാണ് ഞങ്ങൾ എന്ന് വിശ്വസിക്കുന്ന സി.പി.എം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം നടത്തിയ പൊറാട്ടുനാടകങ്ങൾ മറക്കാറായിട്ടില്ല.

കൂറുമാറ്റം വഴി 21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇടതുമുന്നണി ഭരണം പിടിച്ചതിന്റെ പഴയ കണക്ക് പറയാം: തിരുവനന്തപുരം ജില്ലയിലെ 4 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൂറുമാറ്റം വഴിയെത്തിയവരെ മാലയിട്ട് സ്വീകരിച്ച് ഭരണത്തിലേറാൻ സി.പി.എം. മടിച്ചില്ല. പെരിങ്ങമ്മല, കാരോട്, നഗരൂർ എന്നിവിടങ്ങളിലെ യു.ഡി.എഫ്. മെമ്പർമാരെ ചാക്കിട്ടു പിടിച്ചായിരുന്നു ഈ ഭരണമാറ്റം. കല്ലിയൂരിലാകട്ടെ ബി.ജെ.പി. മെമ്പറെ കൂറുമാറ്റി ഭരണം പിടിക്കുകയായിരുന്നു. കൊല്ലം ജില്ലയിൽ വിളക്കുടി പഞ്ചായത്തിലും 2 കോൺഗ്രസ് അംഗങ്ങളെ ചാക്കിലാക്കി സി.പി.എം. ഭരണത്തിലേറി.

ശബരിമല വിഷയം ഇപ്പോൾ കത്തിനിൽക്കുന്ന പത്തനംതിട്ട ജില്ലയിലും നാലിടത്ത്  'അവിഹിത നീക്ക' ങ്ങൾ നടത്തി. സി.പി.എം. ഭരണം പിടിച്ചു. തിരുവല്ല നഗരസഭാ ഭരണം പിടിച്ചത് കേരളാ കോൺഗ്രസ്  ജെയുടെ അംഗത്തെ അടർത്തി മാറ്റിയായിരുന്നു. അവിടെ കൂറുമാറിയെത്തിയ അംഗത്തിന് ചെയർമാൻ പദമാണ് നൽകിയത്! കോന്നി, കോയി പ്രം ബ്ലോക്ക് പഞ്ചായത്തുകളിലും ചിറ്റാർ പഞ്ചായത്തിലും യു.ഡി.എഫിൽ നിന്ന് അംഗങ്ങളെ മുന്നണിയിലെത്തിച്ച് ഭരണത്തിലെത്തുകയായിരുന്നു. 

vachakam
vachakam
vachakam

വിപ്ലവകാരികളുടെ ജില്ലയായ ആലപ്പുഴയിൽ മൂന്നിടത്ത് (മാന്നാർ, മുട്ടാർ, വെളിയനാട്) കൂറുമാറ്റത്തിലൂടെയെത്തിയവരെ കൊണ്ട് ഭരണം പിടിക്കാൻ പാർട്ടിക്ക് ഒരു ഉളുപ്പുമുണ്ടായില്ല. ഇടുക്കിയിൽ കുടയത്തൂർ, വാത്തിക്കുടി പഞ്ചായത്തുകളിലും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും ഭരണം പിടിക്കാൻ എൽ.എഡി.എഫിന് 'മാമച്ചന്മാരെ' കിട്ടി. എറണാകുളം ജില്ലയിലെ പായിപ്ര, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ ഇടതുമുന്നണി ഭരണത്തിലേറിയത് കാലുമാറ്റക്കാരായ യു.ഡി.എഫ്. അംഗങ്ങളെ കൊണ്ടാണ്. 

തൃശൂരിൽ പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് പദം വാഗ്ദാനം ചെയ്തു യു.ഡി.എഫിൽ നിന്ന് ഒരംഗത്തെ സി.പി.എം. അടർത്തിമാറ്റിയെങ്കിലും ഇലക്ഷൻ കമ്മീഷൻ ഇടപെട്ട് അവരെ അയോഗ്യയാക്കി. മലപ്പുറം ജില്ലയിൽ ഏലംകുളം, ചുങ്കത്തറ പഞ്ചായത്തുകളും കോട്ടയ്ക്കൽ നഗരസഭയും ഇടതുമുന്നണി പിടിച്ചത് കൂറുമാറ്റക്കാരെകൊണ്ടായിരുന്നു. കോട്ടയ്ക്കലിൽ ലീഗ് വിമതയെയാണ് ചെയർപേഴ്‌സണാക്കിയത്!

വാല് നേരെയാവില്ല, കുഴൽ വളയും...

vachakam
vachakam
vachakam

ഇത്രയേറെ വിശദമായി ഈ കൂറുമാറ്റക്കഥകൾ എഴുതിയതിന് ഒരു കാരണമുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ ഭരണകക്ഷി ചാക്കെടുത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ കണക്കിന്റെ ലക്ഷ്യം പ്രാദേശികമായ രാഷ്ട്രീയ സഖ്യങ്ങൾക്കും ഭരണം പിടിക്കലിനും ഇത്തവണ ദേശീയ സംസ്ഥാന രൂപ ഘടനകളുമായി ബന്ധമുണ്ടാവില്ല. സി.പി.എമ്മും ബി.ജെ.പിയും ഒന്നുപോലെ ആഗ്രഹിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ തകർച്ചയാണ്. ദേശീയതലത്തിൽ ബി.ജെ.പിയെ ഇടതുമുന്നണി പരസ്യമായി എതിർത്തുവരുന്നുണ്ട്. എന്നാൽ ആ ദേശീയ ശൗര്യമൊന്നും പിണറായിയോ നേതാക്കളോ കേരളത്തിൽ പ്രകടിപ്പിക്കാറില്ല.

ബി.ജെ.പിയുടെ മുമ്പിൽ വളഞ്ഞ വാലുമായി നിൽക്കുന്ന കേരളത്തിലെ സി.പി.എമ്മിന്റെ ആ സമീപനം മാറ്റാൻ, അതേ വാൽ ഏത് കുഴലിലിട്ടിട്ടും കാര്യമൊന്നുമില്ല. അത്രയ്‌ക്കേറെയാണ് അവരുടെ ബി.ജെ.പി. ബാന്ധവത്തിന്റെ ശക്തി. ഉദാഹരണം വേണോ? പറയാം. ശബരിമല വിഷയത്തിൽ പ്രതിപ്പട്ടികയിലുള്ളതിൽ ഭൂരിഭാഗവും സി.പി.എം. നേതാക്കളാണ്. എന്നാൽ കേരളത്തിലെ ബി.ജെ.പിയുടെ 'ഹൈടെക് നേതാവ്' ആരോപിച്ചത്, ഈ കൊള്ളയ്ക്കു പിന്നിൽ കോൺഗ്രസ് പക്ഷത്തുള്ള ഒരു ദല്ലാളുണ്ടെന്നാണ്! കോൺഗ്രസ് മുക്ത ഭാരതത്തിനായി ആദർശപരമായ ഒരു യുദ്ധമല്ല ഇപ്പോൾ ബി.ജെ.പി. നടത്തുന്നത്.

പകരം സി.പി.എംനെ കേരളത്തിൽ ശക്തിപ്പെടുത്താനുള്ള 'രാഷ്ട്രീയ രസായനമാണ്' അവർ അണിയറയിൽ ഒരുക്കുന്നത്. ബി.ജെ.പിയുമായി സംസ്ഥാനതലത്തിൽ കൂട്ടുചേർന്ന രാഷ്ട്രീയ കക്ഷികൾക്ക് എന്ത് സംഭവിച്ചുവെന്ന ചരിത്രം പോലും പിണറായിയും കൂട്ടരും പഠിക്കുന്നതേയില്ല. പകരം ജനാധിപത്യത്തെയും, ഭരണഘടനാസ്ഥാപനങ്ങളെയും വരുത്തിയിലാക്കുന്ന 'മോഡി മാജിക്' പഠിച്ചെടുക്കാനാണ് അവർ ശ്രമിക്കുന്നതെന്നു തോന്നുന്നു. 

എങ്ങനെയും കഴിയുന്നത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം പിടിച്ചെടുക്കാൻ ഏത് ഹീനതന്ത്രവും പയറ്റാൻ സി.പി.എം. സന്നദ്ധരായെന്ന പരാതികൾ ഇപ്പോൾ തന്നെ വ്യാപകമാണ്. തിരുവനന്തപുരത്തെ വഞ്ചിയൂർ വാർഡിലെ നിലവിലുള്ള കൗൺസിലർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്, വോട്ടർപട്ടികയിൽ പേരില്ലാത്ത ട്രാൻസ്‌ജെൻഡറുകളെ കൊണ്ട് ഇയാൾ കള്ളവോട്ട് ചെയ്യിച്ചതും പൊലീസോ ഇലക്ഷൻ കമ്മീഷൻ അധികൃതരോ കണ്ടില്ലെന്ന് നടിച്ചത് 'മറുനാടൻ' ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. അതായത് 'വോട്ട് ചോരി' കേരളത്തിൽ നടപ്പാക്കുന്നതിൽ ഭരണകക്ഷി അരയും തലയും മുറുക്കി രംഗത്തുണ്ടെന്നാണ് ഈ വാർത്ത സൂചിപ്പിക്കുന്നത്.

പിരിച്ചോ, വികസിച്ചോ, അതിനെന്താ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന നികുതിപ്പണത്തിന്റെ വിഹിതത്തിൽ ജനകീയ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹതയുണ്ടെങ്കിലും, സി.പി.എമ്മിന് ഭരണം ലഭിക്കാത്ത തദ്ദേശസ്വയംഭരണ   സ്ഥാപനങ്ങൾ ഇത്തവണ വല്ലാതെ ഞെരുങ്ങുമെന്ന കാര്യം തീർച്ചയായിട്ടുണ്ട്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് അർഹമായ നികുതിവിഹിതം നൽകുന്നില്ലെന്ന പരാതിയാണ് സംസ്ഥാന സർക്കാരിനുള്ളത്. എന്നാൽ, ഇതേ പരാതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉയർത്തിക്കാണിക്കുമ്പോൾ, അതിനെ പരിഹസിച്ചു തള്ളുന്ന ധനവകുപ്പാണ് കേരളത്തിലുള്ളത്. വികസന പദ്ധതികൾ നടപ്പാക്കാൻ സി.പി.എം. ഭരണമില്ലാത്ത പഞ്ചായത്തുകൾ പിച്ചപ്പാത്രമെടുത്തിറങ്ങേണ്ടി വന്നേക്കാം.

പഞ്ചായത്ത് വികസനത്തിനായുള്ള ഭൂമി, പണം, സാധന സാമഗ്രികൾ, സേവനം എന്നിവയെല്ലാം സംഭാവനകളിലൂടെ കണ്ടെത്തണമെന്ന ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിച്ചുകഴിഞ്ഞു. ഇതോടെ അടിസ്ഥാനവർഗത്തിൽപെട്ട ജനങ്ങൾക്ക് ലഭിക്കേണ്ട ജീവിത സൗകര്യങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്തുകൾ 'സ്‌പേൺസർമാരെ' തേടേണ്ടിവരും. പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ലഭിച്ച കമ്മീഷന്റെ ഈ നിർദ്ദേശങ്ങൾ കൈക്കൂലിയുടെയും അഴിമതിയുടെയും പുതിയ ഭൂതങ്ങളെ തുറന്നുവിട്ടും.

ഭിന്നശേഷിക്കാരുടെ സ്‌കൂൾ നടത്തിപ്പിനും ക്ഷേമപ്രവർത്തനങ്ങൾക്കുമെല്ലാം പഞ്ചായത്ത് പണം പൊതുജനങ്ങളിൽ നിന്ന് പിരിക്കണമെന്ന നിർദ്ദേശം എത്രത്തോളം പ്രായോഗികമാകും? വെള്ളം, റോഡ്, കളിസ്ഥലങ്ങൾ എന്നിവയ്‌ക്കെല്ലാം ഇനി സർക്കാർ പണം ലഭിക്കില്ല. അങ്ങനെയെങ്കിൽ സംസ്ഥാനത്തു നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം ജനങ്ങൾക്ക് അർഹതപ്പെട്ടതല്ലെന്ന് സർക്കാർ തന്നെ പ്രഖ്യാപിക്കേണ്ടിവരും.

അഴിമതിക്കാരെ തൊടരുതേ പ്ലീസ്

മാധ്യമങ്ങൾ എടുത്തിട്ടലക്കിയ കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി അന്വേഷിക്കാൻ സി.ബി.ഐ.യ്ക്ക് അനുമതി നൽകാതെ സർക്കാർ ഇപ്പോൾ ഹൈക്കോടതിയിൽ 'പാമ്പും കോണി' യും കളിക്കുകയാണ്. അഴിമതിയ്‌ക്കൊപ്പമാണോ ഇടതുസർക്കാർ എന്ന് ഹൈക്കോടതി ജഡ്ജി പച്ചയ്ക്ക് ചോദിച്ചിട്ടും അന്വേഷണത്തിന് അനുമതി നൽകാൻ ഡിസബർ 17 വരെ സമയം വേണമെന്ന് സർക്കാർ ഇന്ന്  (ബുധൻ) സാവകാശം ചോദിച്ചിരിക്കുകയാണ്. 

കോൺഗ്രസ് നേതാക്കൾക്കെതിരെ എന്ത് കേസ് കിട്ടിയാലും തല്ലി ഇഞ്ചപ്പരുവമാക്കുന്ന പിണറായി സർക്കാർ ഐ.എൻ.ടി.യു.സി. നേതാവ് ആർ. ചന്ദ്രശേഖരനെ സംരക്ഷിക്കുന്നതിലെ 'ഗുട്ടൻസ്' എന്തായിരിക്കും? അഴിമതിപ്പണത്തിൽ ഒരു പങ്ക് പാർട്ടിക്ക് കിട്ടിയതുകൊണ്ടായിരിക്കുമോ സർക്കാർ അന്വേഷണത്തിന് അനുമതി നൽകാതെ ഉഴപ്പുന്നത്?

അഴിമതി, പെണ്ണുപിടി, മയക്കു മരുന്ന് മദ്യകച്ചവടം, മണൽ മണ്ണ് മാഫിയകൾ എന്നിങ്ങനെ പാർട്ടിയിലെ ചില 'ഉന്നതർ' തങ്ങളുടെ രക്ഷക ജനനത്തിന്റെ ആഹ്ലാദത്തിമിർപ്പിലാണിപ്പോൾ. ഡിഫിക്കൊടിയിലേത് ചുവന്ന നക്ഷത്രമാണെങ്കിലും, അത് ഉയർത്തിപ്പിടിച്ചുകൊണ്ട് പാർട്ടിയുടെ രക്ഷകന് പിറക്കാൻ 45 ലക്ഷം രൂപ വില വരുന്ന കാലിത്തൊഴുത്ത് അവരുടെ മുഖ്യമന്ത്രി ഒരുക്കിവച്ചതിൽ അണികൾ ആർത്തുപാടുന്നത് 'ഹാപ്പി ക്രിസ്മസ്' എന്നതിനു പകരം 'പാർട്ടി ക്രിസ്മസ്' എന്നായിരിക്കുമോ?

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam