കെണി എപ്പോഴാണ് വെല്ലുവിളിയായി മാറുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന ചൈനീസ് പഴമൊഴി വിശകലനം ചെയ്യാൻ കേരളത്തിന് അവസരമൊരുക്കുന്നു, കിഫ്ബിയെപ്പറ്റിയുള്ള വിദഗ്ധ സമിതി റിപ്പോർട്ട്. 'ഒരു കെണി, അതിനെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലാതിരിക്കുന്നിടത്തോളം നേരമേ കെണിയാകുന്നുള്ളൂ. അതേപ്പറ്റി നിങ്ങൾ അറിയുന്നതോടെ അതൊരു വെല്ലുവിളിയായി മാറുന്നു.'
അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ദിശബോധമേകാൻ സംസ്ഥാനത്തു രൂപവത്കരിച്ച കിഫ്ബി ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ സ്ഥാപനം സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായും സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും ധനവകുപ്പിന്റെ മേൽനോട്ടം മറികടന്നതായും മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയുടെ മേശപ്പുറത്ത് വെച്ച വിദഗ്ധ സമിതി റിപ്പോർട്ടിൽ ആരോപിക്കുന്നു. ധനകാര്യ വകുപ്പ് നിശ്ചയിച്ച വായ്പാപരിധി മറികടന്നും ധനകാര്യ വകുപ്പിന്റെ എതിർപ്പുകൾ അവഗണിച്ചുമാണ് കിഫ്ബി വായ്പകൾ വാങ്ങിക്കൂട്ടിയതെന്നും മുൻ ആസൂത്രണ കമ്മീഷൻ സെക്രട്ടറി സുധാപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി കണ്ടെത്തി.
പണം ചെലവഴിക്കുന്നിടത്ത് സാമ്പത്തിക അച്ചടക്കവും സന്തുലിതാവസ്ഥയും പാലിക്കാനുള്ള നിഷ്ഠ കിഫ്ബിക്കുണ്ടായില്ലെന്നാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്. ബജറ്റിന് പുറത്തുനിന്ന് ധനസമാഹരണം നടത്തുന്നതിലടക്കമുള്ള നിയമ പ്രശ്നങ്ങളെക്കുറിച്ച് ധനകാര്യ കമ്മീഷനും മുൻവർഷങ്ങളിലെ സി.എ.ജി റിപ്പോർട്ടുകളും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. പ്രതിപക്ഷനേതാവായിരിക്കെ, വി.ഡി. സതീശൻ നിയമസഭയ്ക്കകത്തും പുറത്തും ഈ വിഷയത്തിൽ ഗൗരവതരമായ ചില സംവാദങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. ഈ ആക്ഷേപങ്ങളും മുന്നറിയിപ്പുകളുമെല്ലാം ആധികാരിക ഡേറ്റ മുൻനിർത്തി ശരിവെയ്ക്കുന്നുണ്ട് വിദഗ്ധസമിതി റിപ്പോർട്ട്.
കിഫ്ബി ഇതുവരെ വരുത്തിവെച്ച കടബാധ്യത 32,198.33 കോടി രൂപയാണ്. അടുത്ത ഘട്ടത്തിലേക്ക് ഈയിനത്തിൽ 22,883 കോടി രൂപ കൂടി ആവശ്യമായി വരും. 2041 വരെയായി ഇതിന്റെ മുതലും പലിശയുമായി 47,532.54 കോടി തിരിച്ചടയ്ക്കേണ്ടി വരുമെന്ന കണക്ക് ആശങ്കാജനകമാണ്. വായ്പയെടുത്ത് നടപ്പാക്കുന്ന പദ്ധതികളിൽ നിന്ന് ഒരു നിശ്ചിത തുകയെങ്കിലും തിരികെ ലഭിച്ചാൽ മാത്രമേ തിരിച്ചടവ് സുഗമമാകൂ. എന്നാൽ ആകെ ലഭിച്ച ഫണ്ടിന്റെ 20.98 ശതമാനം മാത്രമാണ് വരുമാനദായക പദ്ധതികൾക്കായി കിഫ്ബി വിനിയോഗിച്ചത്. ഇത്തരം പദ്ധതികളിൽ മൂന്നെണ്ണം മാത്രമാണ് സ്വന്തം വരുമാനത്തിൽ നിന്ന് കടം തിരിച്ചടച്ചത്.
വിദഗ്ധ സമിതിയുടെ കണക്കനുസരിച്ച് 2021-22 മുതൽ 2024-25 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് കിഫ്ബിയിലേക്ക് കൈമാറിയ തുകയുടെ 99.4 ശതമാനത്തോളം വായ്പകളുടെ മുതലും പലിശയും തിരിച്ചടയ്ക്കാനാണ് ഉപയോഗിച്ചത്. പൊതുവരുമാനത്തിന്റെ ഗണ്യഭാഗം അടിസ്ഥാന സൗകര്യങ്ങൾക്ക് ചെലവഴിക്കുന്നതിനു പകരം പഴയ കടബാധ്യതകൾ തീർക്കുന്നതിന് വഴി തിരിച്ച അവസ്ഥ ഇതുവഴി വന്നുചേർന്നു. ഇത്തരം സാമ്പത്തിക ക്രമക്കേടുകളുടെ പാപഭാരം വഹിക്കേണ്ടിവരുന്നത് പൊതുജനം തന്നെ.
സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ബജറ്റിന് പുറത്തുനിന്ന് ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങളിൽ ഗുരുതരമായ ക്രമക്കേടുകളാണ് വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. വായ്പാധികാരം ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന് വലിയ സാമ്പത്തികബാധ്യത വരുത്തി, സർക്കാരിനെയും ധനവകുപ്പിനെയും ഇരുട്ടിൽനിർത്തി സമാന്തരഭരണം നടത്തി, അധികാര ദുർവിനിയോഗത്തിലൂടെ മെഗാ റിക്രൂട്ട്മെന്റുകൾക്ക് ചുക്കാൻപിടിച്ചു തുടങ്ങി ഒട്ടേറെ ഗുരുതരമായ കാര്യങ്ങൾ അക്കമിട്ടു നിരത്തിയിരിക്കുന്നു.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെൻഷനും പലിശ തിരിച്ചടവിനുമായി മാറ്റിവെക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ, വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനാണ് പിണറായി സർക്കാർ കിഫ്ബിയെ ആശ്രയിച്ചത്. റോഡുകൾ, പാലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ദീർഘകാല വികസനത്തിനായി അധികവിഭവം കണ്ടെത്തുക പ്രധാന ലക്ഷ്യമായിരുന്നു. പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നതും താലൂക്ക് ജില്ലാ ആശുപത്രികളിൽ പുതിയ ബ്ലോക്കുകളും ആധുനിക ഡയാലിസിസ് കേന്ദ്രങ്ങളും സ്ഥാപിതമായതും കിഫ്ബി വഴി അനുവദിച്ച ഫണ്ടുകൾ മുഖേനയാണ്. ബജറ്റിൽ വകയിരുത്തിയ, വർഷങ്ങൾ നീണ്ടുപോകുമായിരുന്ന പല പദ്ധതികളും കുറഞ്ഞ സമയത്തിനുള്ളിൽ യാഥാർഥ്യമാക്കാൻ സാധിച്ചു. പക്ഷേ, അതിന്റെ പേരിലും സംശയങ്ങൾ ബാക്കിയാകുന്നു.
പദ്ധതികൾ അനുവദിക്കുന്നതിൽ ജില്ലകൾക്കിടയിൽ അസമത്വം, ചില പ്രദേശങ്ങളിൽ അധികവില നൽകി ഭൂമി ഏറ്റെടുക്കൽ, അനധികൃത നിയമനങ്ങൾ തുടങ്ങി നിരവധി ക്രമക്കേടുകളാണ് സമിതി റിപ്പോർട്ടിലുള്ളത്. കണ്ണൂരിൽ ഏറ്റെടുത്ത ആയിരം ഏക്കറോളം ഭൂമിയിൽ 50 ഏക്കർ മാത്രമാണ് ഉപയോഗിച്ചത്. ഇത് സംസ്ഥാനത്തിന് വൻ കടബാധ്യത വരുത്തി വെച്ചു. ആവശ്യകത വിലയിരുത്തി വേണം വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നത്. ആവശ്യകത കണക്കിലെടുക്കാതെ ഭൂമി വാങ്ങിക്കൂട്ടുന്നതും വിപണി വിലയേക്കാൾ ഉയർന്ന വില നൽകുന്നതും നീതീകരിക്കാനാകാത്തതാണ്.
അടിസ്ഥാനസൗകര്യ വികസനത്തിന്റെ നിർവചനം വിപുലീകരിച്ച് 23 ഇനങ്ങളെ കിഫ്ബിയുടെ പരിധിയിൽ ഉൾപ്പെടുത്തിയതും കിഫ്ബിയുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങളിലെ വലിയ വീഴ്ചയായി സമിതി ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റങ്ങൾ സൃഷ്ടിച്ചത് വലിയ സാമ്പത്തിക ആഘാതമാണ്. മുക്കാൽ ലക്ഷം കോടിയുടെ ബാധ്യതയാണ് കിഫ്ബി വരുത്തിവെച്ചത്. കിഫ്ബിയിലൂടെ അധിക വിഭവ സമാഹരണം നടത്തിയെന്ന കാരണത്താൽ വായ്പാ പരിധി വെട്ടിക്കുറച്ചതിലൂടെ കാൽ ലക്ഷം കോടിയുടെ കടമെടുപ്പ് ശേഷിയും സംസ്ഥാനത്തിനു നഷ്ടമായി.
വഴിപാടായി ഓഡിറ്റ്
സി.എ.ജിയെ കൊണ്ട് 2016 മുതൽ 2026 വരെ കിഫ്ബി വഴി നടത്തിയ പ്രവർത്തനങ്ങളുടെ പെർഫോമൻസ് ഓഡിറ്റ് നടത്തണമെന്നാണ് സമിതിയുടെ പ്രധാന ശിപാർശ. കിഫ്ബിയുടെ പ്രവർത്തനം ഇതേരീതിയിൽ തുടരരുതെന്നും വിപണിയിൽ നിന്നുള്ള കിഫ്ബിയുടെ കടമെടുപ്പ് അവസാനിപ്പിക്കണമെന്നും നിർദേശിക്കുന്നു. സംസ്ഥാന ബജറ്റിൽ നിന്ന് മേട്ടോർ വാഹന നികുതിയും പെട്രോളിയം സെസ്സും നേരിട്ട് കിഫ്ബി അക്കൗണ്ടിലേക്ക് നൽകുന്ന നിലവിലെ അവസ്ഥ അവസാനിപ്പിക്കണമെന്നും ശിപാർശയുണ്ട്. എന്നാൽ ഓഡിറ്റ് നടത്തുമ്പോൾ അത് കണക്കുകളിലും സാമ്പത്തിക വിനിയോഗം സംബന്ധമായ വിഷയത്തിലും മാത്രം ഒതുങ്ങരുത്. സംസ്ഥാനത്തിന് വൻബാധ്യത വരുത്തിവെക്കാനിടയായ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ കർശന നിയമ നടപടികൾക്കു വിധേയമാക്കുകയും വേണം. അതേസമയം, കിഫ്ബിയുടെ കീഴിൽ നിർമാണം ആരംഭിച്ച സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രികൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവയുടെ നിർമാണം പാതിവഴിയിൽ നിലച്ചാൽ അത് ജനങ്ങളെ നേരിട്ടു ബാധിക്കും.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധമുൾപ്പെടെയുള്ള പ്രതികാരനടപടികൾക്കെതിരായ പ്രതിരോധം എന്ന നിലയിൽ നടപ്പിലാക്കിയ കിഫ്ബി പദ്ധതി വൻ സാമ്പത്തിക ദുരന്തമായി കലാശിച്ചുവെന്നതാണ് സമിതി റിപ്പോർട്ടിന്റെ രത്നച്ചുരുക്കം. എന്നുവെച്ച്, ഈ പദ്ധതി പെട്ടെന്ന് അവസാനിപ്പിക്കാനാവില്ല. സാമ്പത്തിക ബാധ്യതകൾക്കപ്പുറം ഒട്ടേറെ കിഫ്ബി പദ്ധതികൾ പാതിവഴിയിലാണ്. അതുകൂടി പരിഗണിച്ച് ഈ ഊരാക്കുടുക്കിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന ചോദ്യം ഗൗരവമേറിയതു തന്നെ.
1999 ൽ നായനാർ സർക്കാരിന്റെ കാലത്താണ് കിഫ്ബി രൂപവത്കരിക്കപ്പെട്ടത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമ പ്രകാരം സംസ്ഥാന സർക്കാരിന്റെ ധനകാര്യ വകുപ്പിനുകീഴിൽ പ്രവർത്തിച്ചിരുന്ന സ്വതന്ത്ര സ്ഥാപനമായിരുന്ന കിഫ്ബി ഏതാണ്ട് 15 വർഷത്തോളം ഏറക്കുറെ നിശ്ചലമായിരുന്നു. 2014ൽ, ഉമ്മൻ ചാണ്ടി സർക്കാർ കിഫ്ബിയെ പുനരുജ്ജീവിപ്പിക്കാനുള്ള ചില ശ്രമങ്ങൾ നടത്തി.
അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് ആവശ്യമായ മൂലധനം കണ്ടെത്താൻ വിപണിയധിഷ്ഠിതമായ ധനസമാഹരണ സംവിധാനമാക്കി കിഫ്ബിയെ പുനഃസംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനായിരുന്ന കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ പരിശോധിച്ചത്. കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാൻ അടിയന്തര ധനസമാഹരണം, സർക്കാർ കണ്ടെത്തിയ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് ഇടക്കാല ധനസഹായം, ഭാവിയിലെ വികസനപദ്ധതികൾക്കായി ദീർഘകാല ധനസമാഹരണ സംവിധാനം എന്നീ മൂന്ന് ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു ഈ നീക്കം.
ഇതിനായി ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എ.ഐ.എഫ്), ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (ഐ.ഡി.എഫ്) തുടങ്ങിയ സംവിധാനങ്ങൾ രൂപവത്കരിക്കാനും സമിതി നിർദേശിച്ചു. വാണിജ്യപരമായി ലാഭകരമായ പദ്ധതികളിൽനിന്ന് വരുമാനം ലഭിച്ചുതുടങ്ങുമ്പോൾ സർക്കാർ അതിലെ ഓഹരികളുടെ ഒരു ഭാഗം വിറ്റഴിച്ച് പുതിയ നിക്ഷേപങ്ങൾക്കുള്ള പണം കണ്ടെത്തുകയും അതുവഴി വൻപദ്ധതികൾക്കായി പണം കണ്ടെത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയുമായിരുന്നു ഇതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം. ഉമ്മൻ ചാണ്ടിക്കുശേഷം അധികാരത്തിൽവന്ന പിണറായി സർക്കാർ ഈ നിർദേശങ്ങൾ മറ്റൊരു തരത്തിൽ നടപ്പിലാക്കാനാണ് ശ്രമിച്ചത്.
2014 ൽ വിഭാവനം ചെയ്തതിൽനിന്ന് വ്യത്യസ്തമായി കിഫ്ബി നിയമം തന്നെ ഭേദഗതി ചെയ്തുകൊണ്ട് അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക് ഈ ബോർഡിനെ പുതിയൊരു സംവിധാനമാക്കി. അടിസ്ഥാനസൗകര്യ മേഖലയിൽ മൂലധനച്ചെലവ് വൻതോതിൽ ഉയർത്തി സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അധികാരത്തിലേറി ആദ്യ ബജറ്റിൽതന്നെ 20,000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പദ്ധതിക്ക് കിഫ്ബിയെ പ്രധാന ഉപാധിയാക്കി മാറ്റുകയും ചെയ്തു. സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽനിന്ന് കിഫ്ബിക്കായി വൻതുക നീക്കിവെക്കാൻ വ്യവസ്ഥ ചെയ്തതാണ് പിണറായി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളിലൊന്ന്. ഇതിന്റെ പ്രത്യാഘാതങ്ങളും വിദഗ്ധ സമിതി അക്കമിട്ട് നിരത്തിയിട്ടുണ്ട്.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
