ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങളോടെ നോർത്ത് ടെക്‌സാസ് പ്രൊവിൻസ് മാറ്റുകൂട്ടി
ഡാളസ്: വേൾഡ് മലയാളീ കൗൺസിലിൽ (WMC) നടത്തുന്ന പതിനഞ്ചാമത് ബൈനിയൽ ഗ്ലോബൽ കോൺഫറൻസ് 2026 ആഗസ്റ്റ് 21 മുതൽ 24 വരെ തീയതികളിൽ ഡാളസിൽ നടക്കും. ഇതിന്റെ കിക്കോഫ് ഡാളസിൽ ജനുവരി മൂന്നിന് നടന്നു. ഇതോടൊപ്പം ചടങ്ങുകൾ പ്രൗഢഗംഭീരംമാക്കി നോർത്ത് ടെക്‌സാസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും നടന്നു.
പ്രൊവിൻസ് പ്രസിഡന്റ് ആൻസി തലച്ചെല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും കൗൺസിൽ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. എമ്മാ റോബിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ആൻസി തലച്ചെല്ലൂർ സ്വാഗതം ആശംസിച്ചു. പരമ്പരാഗതമായ നിലവിളക്ക് കൊളുത്തൽ ചടങ്ങോടെ ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. റവ. ഫാ. ബേസിൽ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി, ക്രിസ്തുമസ് പുതുവത്സര സന്ദേശം കൈമാറി.
പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്:
ചടങ്ങിൽ, ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള ഡാളസിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗ്ലോബൽ അപ്‌ഡേറ്റുകൾ പങ്കുവച്ച ശേഷം അദ്ദേഹം നോർത്ത് ടെക്‌സാസ് പ്രൊവിൻസിന്റെ അടുത്ത രണ്ടുവർഷത്തേക്കുള്ള സംഘടനയുടെ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു സദസിനു പരിചയപ്പെടുത്തി.
അമേരിക്ക റീജിയൻ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ വരാനിരിക്കുന്ന കോൺഫറൻസിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും രജിസ്‌ട്രേഷൻ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ ഫിലിപ്പ് തോമസ്, അമേരിക്ക റീജിയൻ ഇലക്ഷൻ കമ്മീഷണർ ചെറിയാൻ അലക്‌സാണ്ടർ തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രൊവിൻസിലെ പത്തോളം കുടുംബങ്ങൾ തദവസരത്തിൽ കോൺഫറൻസിനു രജിസ്റ്റർ ചെയ്തു രജിസ്‌ട്രേഷൻ കിക്കോഫ് വിജയകരമാക്കി.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ പ്രൊവിൻസ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളാണ് ആഘോഷങ്ങളിൽ അരങ്ങേറിയത്. സ്മിതാ ഷാൻ മാത്യു, റ്റിയാന, എവിന എന്നിവരുടെ മദർഡോട്ടർ മെഡ്‌ലി ഗാനം ശ്രദ്ധേയമായി.
അദ്വിക സെബിന്റെ സെമി ക്ലാസിക്കൽ സോളോ ഡാൻസും, ജോസിലിൻ സെബാസ്റ്റ്യൻ, ജോവാൻ തെരേസ മാത്യു എന്നിവരുടെ ഡാൻസും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സജേഷ് അഗസ്റ്റിനും അന്ന മരിയും ചേർന്നവതരിപ്പിച്ച ഫാദർഡോട്ടർ ഡ്യുയറ്റ് ഗാനം ഹൃദ്യമായിരുന്നു.
കവിതാ രാജപ്പനും സംഘവും അവതരിപ്പിച്ച 'കിളിയെ കിളിയെ..' എന്ന ഗാനത്തോടെ തുടങ്ങിയ മോഡേൺ മോളിവുഡ് ഫ്യൂഷൻ ഡാൻസും അതീവ ഹൃദ്യമായി.
ശീതൾ സെബിൻ കൊറിയോഗ്രഫി നിർവ്വഹിച്ച മനോഹരമായ സെമിക്ലാസിക്കൽ നൃത്തം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദ്യാർത്ഥിനികളായ ആഞ്ജലീന സഖറിയാസ്, ജെസ്സിക്ക ജോം, എല്ല ജോസഫ്, ജൂലിയ മുണ്ടക്കൽ, എമ്മാ റോബിൻ, ജോവാന ജോൺ, അനന്യ സെബിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഈ നൃത്തവിരുന്ന് സദസ്സിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
സെന്റ് അൽഫോൻസാ കാത്തലിക് ചർച്ച് ടീം അവതരിപ്പിച്ച ക്രിസ്മസ് കരോൾ സംഗീത വിരുന്നായി. വിവിധ ഗ്രൂപ്പുകൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ, വെസ്റ്റേൺ ഡാൻസുകൾ പരിപാടിക്ക് വർണ്ണാഭമായ സമാപ്തി കുറിച്ചു. ഏവർക്കും ന്യൂ ഇയർ ഡിന്നറും ഒരുക്കിയിരുന്നു.
പ്രോഗ്രാം കോർഡിനേറ്റർ ആൻസി തലച്ചെല്ലൂർ പരിപാടികൾ ഏകോപിപ്പിച്ചു. സ്മിതാ ജോസഫ്, അമ്പിളി ലിസ ടോം എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. വൈസ് ചെയർപേഴ്‌സൺ അമ്പിളി ലിസ ടോം നന്ദി രേഖപ്പെടുത്തി.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
