വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനിസ്വേലയ്‌ക്കെതിരെ ഉടന്‍ തന്നെ ഒരു കരസേനാ യുദ്ധം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനെതിരെ പ്രമേയം അവതരിപ്പിച്ച് യുഎസ് സെനറ്റര്‍മാര്‍. കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ വെനിസ്വേലയ്‌ക്കെതിരായ യുഎസ് സൈനിക നടപടി തടയുന്ന പ്രമേയം ഒരു കൂട്ടം ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍മാര്‍ ബുധനാഴ്ച സമര്‍പ്പിച്ചു.
സെപ്റ്റംബര്‍ ആദ്യം മുതല്‍ കരീബിയന്‍, പസഫിക് മേഖലകളില്‍ മയക്കുമരുന്ന് ബോട്ടുകള്‍ക്ക് നേരെ യുഎസ് സൈന്യം കുറഞ്ഞത് 21 ആക്രമണങ്ങള്‍ നടത്തിയിരുന്നു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാരിനെതിരെ ട്രംപ് സൈനിക നടപടികള്‍ ശക്തമാക്കിയതോടെ കുറഞ്ഞത് 83 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അമേരിക്കക്കാരെ കൊന്നൊടുക്കിയ നിയമവിരുദ്ധ മയക്കുമരുന്നുകളുടെ വിതരണം തടയാനുള്ള ശ്രമത്തിനായി ട്രംപ് ഭരണകൂടം ആഹ്വാനം ചെയ്യുന്ന ഒരു പ്രചാരണത്തിനായി വെനിസ്വേലന്‍ പ്രദേശത്തെ ആക്രമണം ഉള്‍പ്പെടെയുള്ളവ പരിഗണിക്കുന്നുണ്ട്. അതേസമയം നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മഡുറോ പറയുന്നത്.
കര ആക്രമണം വളരെ വേഗം ആരംഭിക്കുമെന്ന് ട്രംപ് കഴിഞ്ഞ രണ്ട് ദിവസമായി വൈറ്റ് ഹൗസില്‍ പലതവണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് മറുപടിയായി, വിര്‍ജീനിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍മാരായ ടിം കെയ്ന്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ചക്ക് ഷൂമര്‍, കാലിഫോര്‍ണിയയില്‍ നിന്നുള്ള ആദം ഷിഫ്, കെന്റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ എന്നിവര്‍ തങ്ങളുടെ യുദ്ധശക്തി പ്രമേയം ഫയല്‍ ചെയ്തതായാണ് പുറത്തുവരുന്ന വിവരം.
അതേസമയം പത്ത് ദിവസം മുന്‍പ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി താന്‍ ഫോണില്‍ സംസാരിച്ചെന്ന് സ്ഥിരീകരിച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ രംഗത്തെത്തി. ബഹുമാനപൂര്‍ണവും സൗഹാര്‍ദപരവുമായ സംഭാഷണം ട്രംപുമായി നടത്തിയെന്നാണ് മഡുറോ പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മില്‍ മാന്യമായ ചര്‍ച്ചകള്‍ക്കുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വെനസ്വേല വിടാന്‍ തയ്യാറാണെന്ന് മഡുറോ ട്രംപിനോട് പറഞ്ഞതായി റോയിട്ടേഴ്സ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപുമായി സംസാരിച്ചെന്ന് മഡുറോ തന്നെ വ്യക്തമാക്കിയത്. യുഎസ് ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതും രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് മുന്‍പാകെയുള്ള കേസ് അവസാനിപ്പിക്കുന്നതും ഉള്‍പ്പെടെ, തനിക്കും കുടുംബത്തിനും നിയമപരമായ പൊതുമാപ്പ് ലഭിച്ചാല്‍ രാജ്യം വിടാമെന്നാണ് മഡുറോ ട്രംപിനോട് പറഞ്ഞതെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.
മഡുറോയുമായി ഫോണില്‍ സംസാരിച്ചെന്ന് സ്ഥിരീകരിച്ച ട്രംപ്, എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല. 'നല്ല രീതിയിലാണോ മോശം രീതിയിലാണോ സംഭാഷണം നടന്നതെന്ന് ഞാന്‍ പറയില്ല. അതൊരു ഫോണ്‍ സംഭാഷണം ആയിരുന്നു.' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നവംബര്‍ 21ന് നടന്നതായി സൂചനയുള്ള സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎസ്, വെനസ്വേല സര്‍ക്കാരുകളും തയാറായില്ല. ഇതിനു ശേഷം ട്രംപും മഡുറോയും തമ്മില്‍ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് വിവരം.
വെനസ്വേലയുടെ വ്യോമാതിര്‍ത്തി പൂര്‍ണമായി അടച്ചെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സംസാരിക്കാന്‍ മഡുറോ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് മയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
