വാഷിംഗ്ടണ്‍: ലഹരിക്കടത്ത് സംഘങ്ങള്‍ക്കെതിരെയുള്ള കടുത്ത നീക്കങ്ങളുടെ ഭാഗമായി പസഫിക് സമുദ്രത്തില്‍ യു.എസ് സൈന്യം നടത്തിയ ബോട്ട് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ലാറ്റിനമേരിക്കന്‍ ലഹരിക്കടത്തുകാരെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം മാസങ്ങളായി തുടരുന്ന സൈനിക നീക്കത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്.
കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യം മുതല്‍ നാര്‍ക്കോ ടെററിസ്റ്റുകള്‍ എന്ന് യു.എസ് വിശേഷിപ്പിക്കുന്ന സംഘങ്ങള്‍ക്കെതിരെ ആരംഭിച്ച ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 211 ആയി ഉയര്‍ന്നു. പസഫിക് സമുദ്രത്തിലെയും കരീബിയന്‍ കടലിലെയും സ്ഥിരം ലഹരിക്കടത്ത് പാതകളിലാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സതേണ്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍ തകര്‍ത്ത ബോട്ടില്‍ ലഹരിമരുന്ന് ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളൊന്നും സൈന്യം പുറത്തുവിട്ടിട്ടില്ല. അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ബോട്ട് മിസൈല്‍ ആക്രമണത്തില്‍ തകരുന്ന ദൃശ്യങ്ങള്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്നുണ്ട്.
ലാറ്റിനമേരിക്കന്‍ ലഹരി മാഫിയയുമായി അമേരിക്ക യുദ്ധത്തിലാണെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. രാജ്യത്തേക്കുള്ള മയക്കുമരുന്ന് ഒഴുക്കും അതുവഴിയുണ്ടാകുന്ന മരണങ്ങളും തടയാന്‍ ഇത്തരം ആക്രമണങ്ങള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം ന്യായീകരിക്കുന്നു. എന്നാല്‍ ലഹരിക്കടത്തുകാരെ വധിക്കുന്നു എന്ന വാദത്തിന് ട്രംപ് ഭരണകൂടം കൃത്യമായ തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
അമേരിക്കയിലെ മയക്കുമരുന്ന് മരണങ്ങള്‍ക്ക് പ്രധാന കാരണമാകുന്ന 'ഫെന്റാനില്‍' പോലുള്ള മാരക മരുന്നുകള്‍ ഭൂരിഭാഗവും മെക്‌സിക്കോ അതിര്‍ത്തി വഴി കരമാര്‍ഗ്ഗമാണ് യു.എസിലേക്ക് എത്തുന്നതെന്നിരിക്കെ, സമുദ്രത്തിലെ ഈ ബോട്ട് ആക്രമണങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് മെക്‌സിക്കോയിലാണ് ഇവ നിര്‍മ്മിക്കുന്നത്.
സൈനികാക്രമണങ്ങളുടെ എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് യു.എസ് സെനറ്റര്‍മാര്‍ പെന്റഗണിനോട് ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക് ജനപ്രതിനിധികളും അന്താരാഷ്ട്ര നിയമവിദഗ്ധരും ഈ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. സെപ്റ്റംബറില്‍ നടന്ന ആദ്യത്തെ ആക്രമണം വലിയ നിയമവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് ഒന്‍പത് പേര്‍ കൊല്ലപ്പെട്ട ആദ്യ സ്‌ഫോടനത്തിന് ശേഷം രക്ഷപ്പെട്ട രണ്ട് പേര്‍ ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ തൂങ്ങിക്കിടക്കവെ, രണ്ടാമതും ആക്രമണം നടത്തി അവരെക്കൂടി വധിക്കുകയായിരുന്നു. സ്വയംരക്ഷാര്‍ത്ഥമാണ് രണ്ടാമത് ആക്രമിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയെങ്കിലും, പരിക്കേറ്റ് അതിജീവനത്തിനായി ശ്രമിക്കുന്നവരെ വധിക്കുന്നത് അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സൈന്യത്തിന്റെ ഈ ആക്രമണങ്ങള്‍ കൃത്യമായ ചട്ടക്കൂടുകള്‍ പാലിച്ചാണോ നടക്കുന്നത് എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പെന്റഗണ്‍ വാച്ച്‌ഡോഗ് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും, ഈ അന്വേഷണം ആക്രമണങ്ങളുടെ നിയമസാധുതയെക്കുറിച്ചല്ല, മറിച്ച് സൈനിക നടപടിക്രമങ്ങള്‍ ശരിയായി പാലിച്ചിട്ടുണ്ടോ എന്ന് മാത്രമായിരിക്കും പരിശോധിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
