കാലിഫോര്‍ണിയ: മൗണ്ട് ഷാസ്തയ്ക്ക് സമീപമുള്ള ഗ്രാമീണ മേഖലയില്‍ വെച്ച് രണ്ട് യു.എസ് ഫോറസ്റ്റ് സര്‍വീസ് ജീവനക്കാരെ അച്ഛനും മകനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി യു.എസ് അറ്റോര്‍ണി എറിക് ഗ്രാന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജോസഫ് ചാള്‍സ് ഹെന്റിച്ച്‌സന്‍ (49), മകന്‍ ഫീനിക്‌സ് ഹെന്റിച്ച്‌സന്‍ എന്നിവരാണ് ഫെഡറല്‍ ജീവനക്കാരെ ഒരു ട്രെയിലറിനുള്ളില്‍ ഒക്ടോബറില്‍ തടവിലാക്കിയത്. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ ഷാസ്ത ട്രിനിറ്റി നാഷണല്‍ ഫോറസ്റ്റിലുള്ള ഗംബൂട്ട് തടാകത്തിന് സമീപം വെച്ചാണ് പ്രതികള്‍ ജീവനക്കാരെ സിപ് ടൈ ഉപയോഗിച്ച് കെട്ടിയിട്ടത്.
തട്ടിക്കൊണ്ടുപോയതിന് ശേഷം പ്രതിയായ ജോസഫ് ചാള്‍സ് തനിക്ക് എഫ്.ബി.ഐ ഉദ്യോഗസ്ഥരുമായി സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തട്ടിക്കൊണ്ടുപോകല്‍ വിവരം ഫോറസ്റ്റ് സര്‍വീസിലെ മറ്റൊരു ജീവനക്കാരന്‍ അധികൃതരെ അറിയിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ക്വാണ്ടിക്കോയില്‍ നിന്നുള്ള എഫ്.ബി.ഐയുടെ പ്രത്യേക തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചാ വിദഗ്ദ്ധന്‍ സംഭവസ്ഥലത്തെത്തി പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1:50 ഓടെ ആദ്യത്തെ ജീവനക്കാരനെയും, പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാമത്തെ ജീവനക്കാരനെയും എഫ്.ബി.ഐ സുരക്ഷിതമായി മോചിപ്പിച്ചു. പുലര്‍ച്ചെ 2:30 ഓടെ പ്രതികള്‍ രണ്ടുപേരും എഫ്.ബി.ഐക്ക് മുന്നില്‍ കീഴടങ്ങുകയും ചെയ്തു.
ജീവനക്കാര്‍ സുരക്ഷിതമായി തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ ഭയാനകമായ സാഹചര്യത്തെ അതിജീവിച്ച ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ഫോറസ്റ്റ് സര്‍വീസ് ചീഫ് ടോം ഷൂള്‍ട്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതികള്‍ എന്തിനാണ് ഫെഡറല്‍ ജീവനക്കാരെ തട്ടിക്കൊണ്ടുപോയതെന്നോ എഫ്.ബി.ഐയുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്നോ ഉള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പിടിയിലായ രണ്ട് പ്രതികള്‍ക്കെതിരെയും ഫെഡറല്‍ ജീവനക്കാരെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചുമത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യു.എസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
