വാഷിങ്ടണ്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 11 ഓടെ വൈറ്റ്ഹൗസിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിക്കുക. അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പിനെ ധിക്കരിച്ച് നിരവധി പാശ്ചാത്യ നേതാക്കള്‍ പാലസ്തീന്‍ രാഷ്ട്രം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് യുഎസ് പ്രസിഡന്റ് ഗാസ സമാധാന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്.
ജനുവരിയില്‍ ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം നെതന്യാഹുവിന്റെ നാലാമത്തെ സന്ദര്‍ശനമാണിത്. ഗാസ മുനമ്പില്‍ ഹമാസിനെതിരായ യുദ്ധത്തില്‍ ഏകദേശം രണ്ട് വര്‍ഷമായി വളരുന്ന അന്താരാഷ്ട്ര ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുന്ന തന്റെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം ശക്തിപ്പെടുത്താന്‍ വലതുപക്ഷ ഇസ്രായേല്‍ നേതാവ് ശ്രമിക്കും.
കൂടിക്കാഴ്ചയില്‍ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ സമാധാന പദ്ധതി ട്രംപ് നെതന്യാഹുവിന് മുന്‍പില്‍ അവതരിപ്പിച്ചേക്കും. നെതന്യാഹു എത്തുന്നതിന്റെ മുന്നോടിയായി വൈറ്റ്ഹൗസിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 11 ഓടെ വൈറ്റ് ഹൗസിലെത്തുന്ന നെതന്യാഹുവിനെ ട്രംപ് സ്വീകരിക്കും. ഇതിനുശേഷം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിക്കും. 12 മണിയോടെ ട്രംപും നെതന്യാഹുവും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് ഒന്നേകാലോടെ ഇരുവരും സംയുക്തമായി വാര്‍ത്താസമ്മേളനത്തിലും പങ്കെടുമെന്നാണ് നിലവില്‍ പുറത്തുവരുന്നവിവരങ്ങള്‍.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി 21 നിര്‍ദേശങ്ങളടങ്ങിയ സമാധാനപദ്ധതിയാണ് യുഎസ് അവതരിപ്പിക്കുകയെന്ന് യുഎസിന്റെ മിഡില്‍ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിക്കോഫ് പറഞ്ഞിരുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. പക്ഷേ, ചില മാധ്യമങ്ങള്‍ യുഎസിന്റെ സമാധാനപദ്ധതിയെക്കുറിച്ചുള്ള ചില സൂചനകള്‍ റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്. ഭാവിയിലെ പലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള ഒരു പാതയായിരിക്കും ഈ സമാധാനപദ്ധതിയെന്നാണ് ടൈംസ് ഓഫ് ഇസ്രേയല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലസ്തീനികളെ ഗാസയില്‍ തന്നെ തുടരാന്‍ അനുവദിക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്