വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാരക്കരാര്‍ തുടരുകയാണെങ്കില്‍ ഇറക്കുമതിച്ചുങ്കം 100 ശതമാനമായി ഉയര്‍ത്തുമെന്ന് കാനഡക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ ഭീഷണി. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി സഹകരിക്കുന്നത് നല്ല നീക്കമായാണ് കരുതുന്നതെങ്കില്‍ കാനഡ പ്രസിഡന്റ് തെറ്റിധാരണയിലാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
യുഎസിലേക്ക് ഉത്പന്നങ്ങള്‍ കടത്തുന്നതിനായി കാനഡയെ ചൈന ഡ്രോപ് പോര്‍ട്ടായി ഉപയോഗിക്കുകയാണ്. ഇത് അനുവദിച്ച് നല്‍കാമെന്ന് കാനഡ ഗവര്‍ണര്‍ കാര്‍ണി കരുതുന്നതെങ്കില്‍ അയാള്‍ വലിയ തെറ്റിധാരണയിലാണ്. ചൈന കാനഡയെ ഒരു വര്‍ഷത്തിനകം ജീവനോടെ വിഴുങ്ങിക്കളയും. വ്യാപാര മേഖലയിലെ കാനഡയുടെ ഉയര്‍ച്ചയും സാമൂഹിക അടിത്തറയും അന്തസുള്ള ജീവിതവും അവര്‍ക്ക് വൈകാതെ നഷ്ടമാകുമെന്നും ട്രംപ് വ്യക്തമാക്കി.
കാനഡ യുഎസില്‍ നിന്ന് ധാരാളം ആനുകൂല്യങ്ങള്‍ നേടുന്നുണ്ട്. അതിനുള്ള നന്ദി വേണം. അവരുടെ പ്രധാനമന്ത്രിയെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നെങ്കിലും അദ്ദേഹം നമ്മളോട് നന്ദിയുള്ളവനായിരുന്നില്ല. കൂടുതല്‍ നന്ദി കാണിക്കേണ്ടിയിരിക്കുന്നുവെന്ന് ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. ചൈനയുമായി കാനഡ ഏതെങ്കിലും തരത്തിലുള്ള കരാറുണ്ടാക്കുന്ന നിമിഷം യുഎസിലേക്ക് വരുന്ന മുഴുവന്‍ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്കും 100 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരിഫ് കുറയ്ക്കുന്നതിനും വ്യാപാരക്കരാറിലെ തടസങ്ങള്‍ നീക്കം ചെയ്യുന്നതിനായി ചൈനയുമായി നിര്‍ണായക കരാറിലേക്കെത്തിയിരിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ മാര്‍ക്ക് കാര്‍ണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നേരത്തെ, കാനഡയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള കുറഞ്ഞ തീരുവക്ക് പകരമായി ചൈനീസ് ഇലക്ട്രിക് കാറുകള്‍ക്ക് കാനഡ ഏര്‍പ്പെടുത്തിയിരുന്ന 100 ശതമാനം തീരുവ കുറയ്ക്കാന്‍ തയ്യാറായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാനഡയുടെ പ്രധാന കയറ്റുമതിയായ കനോല വിത്തുകളില്‍ ചൈന ചുമത്തിയിരുന്ന 84 ശതമാനം തീരുവ 15 ശതമാനമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
