ടെക്‌സസ്: കഴിഞ്ഞ വര്‍ഷമുണ്ടായ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പ്രളയക്കെടുതിക്ക് ശേഷം, ടെക്‌സസിലെ ഹില്‍ കണ്‍ട്രി മേഖലയില്‍ നടപ്പിലാക്കിയ പുതിയ പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇത്തവണ നിരവധി ജീവനുകള്‍ രക്ഷിച്ചു. ഈ ആഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്ന് 2025 ല്‍ നാശനഷ്ടമുണ്ടായ അതേ പ്രദേശങ്ങളില്‍ വീണ്ടും കടുത്ത ഫ്‌ലാഷ് ഫ്‌ലഡ് അഥവാ പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടായെങ്കിലും, മുന്‍കൂട്ടി നല്‍കിയ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സഹായകരമായി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ രണ്ട് പേര്‍ മാത്രമാണ് പ്രളയത്തില്‍ മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ പരാജയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇത്തവണ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. രാത്രിയില്‍ പുതുതായി സ്ഥാപിച്ച ഫ്‌ലഡ് സൈറണുകള്‍ മുഴങ്ങിയതും മൊബൈല്‍ ഫോണുകളിലേക്ക് തുടര്‍ച്ചയായി അപായ സൂചനകള്‍ എത്തിയതും ജനങ്ങളെ ഉണര്‍ത്തി.
കെര്‍ കൗണ്ടിയിലും കെര്‍വില്ലി നഗരത്തിലും കൃത്യ സമയത്ത് തന്നെ ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെടുന്ന അടിയന്തര സന്ദേശങ്ങള്‍ അധികൃതര്‍ അയച്ചിരുന്നു. കൂടാതെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ്, പ്രളയ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെ നിരവധി അലര്‍ട്ടുകള്‍ മൊബൈല്‍ ഫോണുകളിലേക്കും മാധ്യമങ്ങള്‍ വഴിയും ജനങ്ങളിലേക്ക് എത്തിച്ചു. എന്നിരുന്നാലും ചില ഉള്‍നാടന്‍ ഗ്രാമീണ മേഖലകളില്‍ ഇപ്പോഴും ആശയവിനിമയ സംവിധാനങ്ങളുടെ പോരായ്മകള്‍ വെല്ലുവിളിയായി തുടരുന്നുണ്ട്.
ഉവല്‍ഡെ കൗണ്ടിയിലെ ബേറ്റ്‌സ്വില്ലെ പോലുള്ള പ്രദേശങ്ങളില്‍ തദ്ദേശീയമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പലരും ഉറക്കത്തില്‍ പെട്ടെന്ന് വെള്ളം ഇരച്ചുകയറിയാണ് പ്രളയവിവരം അറിഞ്ഞത്. ഫോണുകള്‍ നിശബ്ദമാക്കി വെച്ചിരുന്നതിനാല്‍ സുഹൃത്തുക്കള്‍ വിളിച്ച വിവരം അറിയാന്‍ വൈകിയതായും ചിലര്‍ വ്യക്തമാക്കി. നിലവില്‍ ഇത്തരം മേഖലകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ആളുകളെ ഒഴിപ്പിക്കുന്നത്.
പ്രളയ സാധ്യത മുന്‍കൂട്ടി അറിയാന്‍ നദീ തീരങ്ങളില്‍ ജലനിരപ്പ് അളക്കുന്ന അത്യാധുനിക സെന്‍സറുകളും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സൈറണ്‍ ടവറുകളും പുതുതായി സ്ഥാപിച്ചിട്ടുണ്ട്. ആളുകള്‍ താമസിക്കുന്ന ക്യാമ്പുകള്‍, ആര്‍വി പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് നൂറിലധികം സൈറണുകളാണ് ഈയടുത്തായി പ്രവര്‍ത്തന സജ്ജമാക്കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനം കൈവരിച്ച ഈ ഒരുക്കങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഏറെ സഹായിച്ചതായും നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞതായും ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
