ന്യൂയോർക്ക് : വിശ്വാസ വളർച്ചയുടെ ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കി,
സിൽവർ ജൂബിലി നിറവിൽ നിൽക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ഒരു വർഷം
നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു 2026 ജൂലൈ
9,10,11,12 തിയതികളിൽ ഷിക്കാഗോയിൽവച്ചു നടക്കുന്ന 'സീറോ മലബാർ കൺവൻഷന്റെ '
ബ്രോങ്ക്‌സ് ഫൊറോന ഇടവകതല രജിസ്‌ട്രേഷൻ കിക്കോഫ്, ഡിസംബർ 7) ഞായറാഴ്ച
വിജയകരമായി നടന്നു.
വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ജനറാൾ
റവ. ഫാ. ജോൺ മേലേപ്പുറം വിശ്വാസികളിൽ നിന്നും രജിസ്‌ട്രേഷനുകൾ
ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കാൻ താൽപ്പര്യം അറിയിച്ചു
മുന്നോട്ടുവന്നു.
ഷിക്കാഗോയിലെ
പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് (McCormick Place) സീറോ
മലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻമാർ
ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.
പരസ്പരം
പരിചയപ്പെടുന്നതിനും, പരിചയങ്ങൾ പുതുക്കുന്നതിനും, സുഹൃത് ബന്ധങ്ങൾ
സ്ഥാപിക്കുന്നതിനുമെല്ലാം അവസരം നൽകുന്ന ഈ കൺവൻഷനിൽ എല്ലാവരും
പങ്കെടുക്കണമെന്ന് വികാരി ജനറാളും, ജൂബിലി ജനറൽ കൺവീനറും കൂടിയായ റവ. ഫാ.
ജോൺ മേലേപ്പുറം അഭ്യർത്ഥിച്ചു. അമേരിക്കയിൽ വളരുന്ന നമ്മുടെ മക്കളേയും
മഹത്തായ സീറോ മലബാർ വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും ഭാഗമായി
നിലനിർത്തുന്നതിനും ഷിക്കാഗോ കൺവൻഷൻ ഉപകരിക്കുമെന്നു വികാരി ജനറാൾ പറഞ്ഞു.
ജൂബിലി
കമ്മിറ്റി ചെയർമാൻ ജോസഫ് ചാമക്കാല കൺവൻഷനെ പറ്റി വിശദമായി
പ്രതിപാദിക്കുകയും, വിശ്വാസികൾക്ക് സംശയ ദൂരീരീകരണം നടത്തുകയും ചെയ്തു.
2026
ജൂലൈ മാസം നടക്കുന്ന സീറോ മലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്ഥാനം
പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ കമ്മിറ്റി
പ്രവർത്തിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. കൺവൻഷന്റെ മുന്നോടിയായി രൂപതയിലെ
വിവിധ പള്ളികളിൽ കൺവൻഷൻ കിക്കോഫുകൾ വിജയകരമായി നടന്നുവരുന്നതായും ജോസഫ്
ചാമക്കാല അറിയിച്ചു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിങ്
നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ. ഈ
അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് ജൂബിലി കമ്മിറ്റി ചെയർമാൻ
അഭ്യർത്ഥിച്ചു.
ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ദേവാലയ ട്രസ്റ്റി ബോബി ചിറയിലും കിക്കോഫിൽ പങ്കെടുക്കുകയും, എല്ലാവരേയും ഷിക്കാഗോയിലേക്കു ക്ഷണിക്കുകയും ചെയ്തു. റവ. ഫാ. രാജീവ് പാലക്കച്ചേരി ചടങ്ങിൽ സന്നിധനായിരുന്നു.
ബ്രോങ്ക്‌സ് സെയിന്റ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന, വികാരി ജനറാളിനേയും, കൺവൻഷൻ ഭാരവാഹികളെയും സ്വാഗതം ചെയ്തു. കൈക്കാരൻ ഷൈജു കളത്തിൽ, കൺവൻഷൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോസഫ് കാഞ്ഞമല, ഷോളി കുമ്പിളുവേലി, ഷാജിമോൻ വടക്കൻ, വിനു വാതപ്പള്ളി തുടങ്ങിയവർ കിക്കോഫിന് നേതൃത്വം നൽകി.
കൺവൻഷനെ കുറിച്ചു കൂടുതൽ അറിയുവാനും, രജിസ്റ്റർ ചെയ്യുവാനും താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക : www.syroconvention.org
ഷോളി കുമ്പിളുവേലി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
