ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയകേന്ദ്ര സംഘടനനായ ഫോമായുടെ 2026ലെ ഒമ്പതാമത് ഇന്റർനാഷണൽ ഫാമിലി കൺവൻഷന്റെ ചെയർമാനായി സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും വ്യവസായിയുമായ സുബിൻ കുമാരനെയും ജനറൽ കൺവീനറായി സംഘാടകനായ ജോയി എൻ. സാമുവലിനെയും ഫോമാ മിഡ്‌ടേം ജനറൽ ബോഡി തിരഞ്ഞെടുത്തതായി പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ, നിലവിലെ ചെയർമാൻ മാത്യൂസ് മുണ്ടയ്ക്കൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ജനറൽ കൺവീനറായ സുബിൻ കുമാരനെ തൽസ്ഥാനത്തേയ്ക്ക് നിയോഗിച്ചതെന്ന് ബേബി മണക്കുന്നേൽ പറഞ്ഞു.
2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 തീയതികളിൽ ഹൂസ്റ്റണിൽ അരങ്ങേറുന്ന കൺവൻഷൻ ഏറ്റവും ഭംഗിയായി നടത്തുകയെന്നതാണ് തന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന് സുബിൻ കുമാരൻ പറഞ്ഞു. യു.എസ്.എ, യു.കെ, ദുബായ്, ഇന്ത്യകേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനിയായ കിയാൻ ഇന്റർനാഷണൽ എൽ.എൽ.സിയുടെ മാനേജിങ് ഡയറക്ടറായ സുബിൻ കുമാരൻ ഫോമായുടെ സജീവ പ്രവർത്തകനാണ്. സതേൺ റീജിയന്റെ ബിസിനസ്‌ഫോറം ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ പിറവം തിരുമാറാടിയിലുള്ള മണ്ണത്തൂർ സ്വദേശിയായ സുബിൻ ബാലസംഘത്തിലൂടെ സ്‌കൂൾതലം മുതൽ പൊതുരംഗത്തെത്തി.
ബാലസംത്തിന്റെ ജില്ലാനേതൃത്വത്തിൽ പ്രവർത്തിച്ച ഇദ്ദേഹം എം.ജി യൂണിവേഴിസിറ്റി, എറണാകുളം മഹാരാജാസ് കേളേജ് യൂണിയൻ ഭാരവാഹിയായിരുന്നു. നിലവിൽ ലോകകേരള സഭയുടെ അമേരിക്കയിൽ നിന്നുള്ള പ്രതിനിധിയായ സുബിന്റെ ജീവകാരുണ്യ പ്രവർത്തങ്ങൾ മാതൃകാപരമാണ്. ഇടുക്കി ജില്ലയിലെ ആദിവാസിമേഖലയിലുള്ള കുറത്തിക്കുടി, പെട്ടിമുടി സർക്കാർ സ്‌കൂളുകളിലെ 100ലധികം നിർധന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകി പഠിപ്പിക്കുന്നുണ്ട്, കൂടാതെ കണ്ണൂരിൽ രണ്ട്‌നേഴ്‌സിങ് വിദ്യാർത്ഥിനികൾക്ക് ഓരോ സെമസ്റ്ററിനും 50,000 രൂപയുടെ വിദ്യാഭ്യാസ സഹായവും നൽകിവരുന്നു. കേരളാ ടൂറിസംമേഖലിയിലെ സംരംഭകനുമാണ് സുബിൻ.
അമേരിക്കയിലെ അറ്റവും വലിയ സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച സുബിൻ ഈ സംഘടനയെ മികവിന്റെ മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സ്‌കൂൾ കേളേജ് യൂണിവേഴ്‌സിറ്റി രംഗത്ത് നിരവധി പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തും പിന്നീട് അമേരിക്കയിൽ നിരവധിഷോകൾ ഉൾപ്പെടെയുള്ള മെഗാ ഇവന്റുകൾ സംഘടപ്പിച്ചുമുള്ള പ്രവർത്തന പാരമ്പര്യവുമായാണ് സുബിൻ കുമാരൻ ഫോമാ ഫാമിലി കൺവൻഷൻ 2026ന്റെ ചെയർമാനായി എത്തുന്നത്.
ഫോമാ കൺവൻഷൻ ജനറൽ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ജോയി എൻ. സാമുവൽ, ഹൂസ്റ്റണിൽ നടന്ന ഫോമായുടെ പ്രഥമ കൺവൻഷന്റെ രജിസ്‌ട്രേഷൻ ചെയർമാനായിരുന്നു. ആ സ്ഥാനത്തിരുന്നുകൊണ്ട് കൺവൻഷന്റെ വിജയത്തിനായി എല്ലാ തലങ്ങളിലും പ്രവർത്തിച്ച് തന്റെ സംഘാടന മികവ് അദ്ദേഹം പ്രകടമാക്കി. ജോയി എൻ. സാമുവലും ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായരുടെ പത്‌നിയും കൂടിയാണ് ഫോമാ എന്നപേര് അംഗീകാരത്തിനായി സമർപ്പിച്ചത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. 2022ലെ കാൻകൂൺ കൺവൻഷനിലും രജിസ്‌ട്രേഷൻ ചുമതല നിർവഹിച്ചു.
ചെങ്ങന്നൂരിനടുത്ത് കൊഴുവല്ലൂർ ചേരിയിൽ നാടാവള്ളിൽ സാമുവൽ സാർ-അമ്മിണി ദമ്പതികളുടെ മകനായ ജോയി എൻ. സാമുവൽ ഇലക്‌ട്രോണിക് എഞ്ചിനീയറായാണ് അമേരിക്കയിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. നിലവിൽ ഫോമാ സതേൺ റീജിയൺ ട്രഷററായി പ്രവർത്തിക്കുന്ന ഇദ്ദേഹം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) വൈസ് പ്രസിഡന്റ്, ട്രസ്റ്റിബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. പ്രമുഖ റിയൽറ്ററായ ജോയി (പ്രോംപ്റ്റ് റിയൽറ്റി ആൻഡ് മോർട്ട്‌ഗേജ്) ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിന്റെ ട്രസ്റ്റി ആയും പ്രവർത്തിക്കുന്നു.
ഹൂസ്റ്റണിൽ പിറന്ന ഫോമായുടെ മറ്റൊരു ഹൂസ്റ്റൺ കൺവൻഷന്റെ ജനറൽ കൺവീനറായി പ്രവർത്തിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്നും കൺവൻഷൻ വിജയകരമാക്കുന്നതിനായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ജോയി പറഞ്ഞു. വിഖ്യാതമായ എൻ.ആർ.ജി സ്റ്റേഡിയത്തിന് തൊട്ട് എതിർവശത്തുള്ള 'വിൻഡം ഹൂസ്റ്റൺ' ഹോട്ടലിൽ 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലാണ് 2026ലെഫോമാ ഫാമിലി ഇന്റർനാഷണൽ കൺവൻഷൻ നടക്കുന്നത്.
കൺവൻഷൻ
അവിസ്മരണീയമാക്കുന്നതിനുള്ള എല്ലാവിധ ആത്യാധുനിക സൗകര്യങ്ങളുമുള്ളതാണ്
വിഖ്യാതമായ എൻ.ആർ.ജി സ്റ്റേഡത്തിന് തൊട്ട് എതിർവശത്തുള്ള ഈ ആഡംബര ഹോട്ടൽ
സമുച്ചയം. 2500പേർക്ക് ഇരിക്കാവുന്ന തീയേറ്റർ സൗകര്യമുള്ള ഹാൾ,
യുവജനങ്ങൾക്കായി 700പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള ഹാൾ എന്നിവയ്ക്ക്
പുറമെ വിവിധ മീറ്റിങ്ങുകൾക്കായി 12ഓളം ഹാളുകളും 1000പേർക്ക് ഒരേസമയം ഭക്ഷണം
കഴിക്കാവുന്ന ഡൈനിങ് ഏരിയയും, 1250 വാഹനങ്ങൾക്കുള്ള പാർക്കിങ്‌ലോട്ടും
നേരത്തെതന്നെ ബുക്ക് ചെയ്തിട്ടുണ്ട്.
ഫോമയുടെ നൂറിലധികം അംഗസംഘടനകളിൽ
നിന്നുമായി 2500ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ കൺവൻഷനാണ്
പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു.
കൂടാതെ,
നാട്ടിൽനിന്നും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ
സാന്നിധ്യം നാലു ദിവസം നീണ്ടുനിൽക്കുന്ന ഈ കൺവൻഷനിൽ ഉണ്ടായിരിക്കും.
വിപുലമായ കലാസാംസ്‌കാരിക പരിപാടികൾ കൺവൻഷൻ സായാഹ്നങ്ങൾക്ക് കൊഴുപ്പേകും.
വിവിധ
റീജിയനുകൾ തമ്മിലുള്ള കലാമത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവർക്ക്
ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കും. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ
തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ബിസിനസ് രംഗത്ത് മാതൃകാപരമായ
മുന്നേറ്റങ്ങൾ നടത്തിയവരെയും പുരസ്‌കാരം നൽകി ആദരിക്കുന്നതാണ്. ആവേശകരമായ
ചീട്ടുകളി, ചെസ്സ്, ചെണ്ടമേളം തുടങ്ങിയ മത്സരങ്ങളും മെഗാതിരുവാതിരയും
കേരളത്തനിമയോടെയുളള ഘോഷയാത്രയും കൺവൻഷന്റെ പ്രത്യേകതകളാണ്. വിശദമായ
പ്രോഗ്രാം പിന്നാലെ അറിയിക്കുന്നതാണ്.
ഫാമിലി കൺവൻഷന് മുന്നോടിയായി ഫോമായുടെ കേരള കൺവൻഷന്റെ ഒരുക്കങ്ങൾ നടന്നുവരികയാണ്. 2026 ജനുവരി 9-ാം തീയതിയാണ് അക്ഷര നഗരിയായ കോട്ടയത്തെ വിൻഡ്‌സർ കാസിൽ ഹോട്ടലിൽ ഫോമാകേരള കൺവൻഷന് തിരിതെളിയുക. രണ്ടാം ദിവസമായ ജനുവരി 10-ാം തീയതി ശനിയാഴ്ച വേമ്പനാട്ട് കായലിലൂടെയുള്ള ആവേശകരമായ ബോട്ട് ക്രൂയിസാണ്. 11-ാം തീയതി എറണാകുളം ഗോകുലം പാർക്കിൽ വച്ച് ബിസിനസ് മീറ്റും നടത്തും. പ്രമുഖ സാമൂഹികസാംസ്‌കാരികജീവകാരുണ്യ പ്രവർത്തകനായ പീറ്റർ കുളങ്ങരയാണ് കേരള കൺവൻഷൻ ചെയർമാൻ.
ഹൂസ്റ്റൺ ഫാമിലി കൺവൻഷന്റെ പുതിയ കൺവൻഷൻ ചെയർമാൻ സുബിൻ കുമാരനും ജനറൽ കൺവീനർ ജോയി എൻ. സാമുവലിനും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
എ.എസ് ശ്രീകുമാർ, ഫോമാ ന്യൂസ് ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
