യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അടുത്ത ആഴ്ച ഡെൻമാർക്കിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബുധനാഴ്ച അറിയിച്ചു. എന്നാൽ, ഗ്രീൻലാൻഡിനെ കൈവശപ്പെടുത്തണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യത്തിൽ നിന്ന് യു.എസ്. പിന്മാറില്ലെന്നും അദ്ദേഹം സൂചന നൽകി. ഈ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസ്, ജർമനി ഉൾപ്പെടെയുള്ള യു.എസ്. സഖ്യരാജ്യങ്ങൾ ഇതിനുള്ള മറുപടി നല്കാൻ തയ്യാറാകുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം വാരാന്ത്യത്തിൽ നടന്ന ഒരു യു.എസ്. സൈനിക ഓപ്പറേഷനിൽ വെനിസ്വേലയിലെ നേതാവിനെ പിടികൂടിയ സംഭവവും, ഗ്രീൻലാൻഡിനോടുള്ള യു.എസ്. ഉദ്ദേശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിട്ടുണ്ട്. എന്നാൽ, ഈ ഭയങ്ങൾ ശമിപ്പിക്കാൻ യു.എസ്. അധികൃതർ കാര്യമായ നടപടികൾ ഇതുവരെ എടുത്തിട്ടില്ല.
പ്രസിഡന്റ് ട്രംപിന് തന്റെ ലക്ഷ്യം നേടുന്നതിനായി സൈനിക മാർഗം ഉപയോഗിക്കാനുള്ള അവസരം ഇപ്പോഴും നിലനിൽക്കുന്നതായി റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഞാൻ ഇപ്പോൾ ഒരു ഡിപ്ലോമാറ്റാണ്. ഞങ്ങൾ എപ്പോഴും പ്രശ്നങ്ങൾ വ്യത്യസ്ത മാർഗങ്ങളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. വെനിസ്വേല വിഷയത്തിലും അങ്ങനെ തന്നെയായിരുന്നു” എന്നാണ് നാറ്റോ സഖ്യത്തെ പോലും അപകടത്തിലാക്കുന്ന തരത്തിൽ ഗ്രീൻലാൻഡ് ബലമായി കൈവശപ്പെടുത്താൻ യു.എസ്. തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടിയായി റൂബിയോ പറഞ്ഞത്.
ഡെൻമാർക്കിൽ നിന്നുള്ള, ഖനിജ സമ്പത്ത് നിറഞ്ഞ ആർക്ക്ടിക് ദ്വീപായ ഗ്രീൻലാൻഡ് യു.എസ്. സൈന്യം പിടിച്ചെടുക്കുന്നത്, നാറ്റോയിൽ വലിയ ഞെട്ടൽ സൃഷ്ടിക്കുകയും, ട്രംപും യൂറോപ്യൻ നേതാക്കളും തമ്മിലുള്ള ഭിന്നത കൂടുതൽ ആഴപ്പെടുത്തുകയും ചെയ്യും എന്നാണ് വിലയിരുത്തൽ.
അതേസമയം ഈ വിഷയത്തിൽ യു.എസ്. കോൺഗ്രസിലും എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ സെനറ്റർമാർ ചേർന്ന്, ട്രംപിന് ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന അധികാരം നിയന്ത്രിക്കുന്നതിനുള്ള നിയമനിർമാണം അവസാനം സെനറ്റിൽ വോട്ടിനായി കൊണ്ടുവരുമെന്ന് അറിയിച്ചു.
യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കുമിടയിൽ തന്ത്രപ്രധാനമായ സ്ഥാനത്തുള്ള ഗ്രീൻലാൻഡ്, പതിറ്റാണ്ടുകളായി യു.എസ്. ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ നിർണായക കേന്ദ്രമാണ്.
ട്രംപ് ആദ്യമായി ഗ്രീൻലാൻഡ് സ്വന്തമാക്കണമെന്ന ആശയം 2019-ൽ, തന്റെ ആദ്യ പ്രസിഡൻഷ്യൽ കാലയളവിലാണ് മുന്നോട്ടുവച്ചത്. ഡെൻമാർക്ക് ഗ്രീൻലാൻഡിനെ മതിയായ രീതിയിൽ സംരക്ഷിക്കുന്നില്ലെന്നാണ് ട്രംപിന്റെ വാദം. എന്നാൽ, 1951-ലും 2023-ലും ഒപ്പുവെച്ച രണ്ട് കരാറുകൾ വഴി
യു.എസ്. സൈന്യത്തിന് ഇതിനകം തന്നെ ദ്വീപിൽ വലിയ സ്വാതന്ത്ര്യവും പ്രവേശനാവകാശവും ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം യൂറോപ്യൻ രാജ്യങ്ങളുടെ എതിർപ്പുകൾ നിലനിൽക്കുന്നതിനിടയിലും, ഗ്രീൻലാൻഡ് സ്വന്തമാക്കുന്നതിനുള്ള മാർഗങ്ങൾ — സൈനിക മാർഗം ഉൾപ്പെടെ — ട്രംപ് പരിഗണിച്ചുവരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഈ ആഴ്ച, യൂറോപ്പിലെ പ്രധാന രാജ്യങ്ങളും കാനഡയും ഗ്രീൻലാൻഡ് അവിടുത്തെ ജനങ്ങളുടെതാണെന്ന് വ്യക്തമാക്കി പിന്തുണ പ്രഖ്യാപിച്ചു. ഫിൻലാൻഡ് പാർലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷൻ ജോഹന്നസ് കോസ്കിനൻ ഈ വിഷയം നാറ്റോയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നാറ്റോയുടെ തീരുമാനം കൈക്കുന്ന നോർത്ത് അറ്റ്ലാന്റിക് കൗൺസിൽ അടുത്ത വ്യാഴാഴ്ച ചേരാനിരിക്കെയാണ് ഈ ആവശ്യം.
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന് വെറും 57,000 ആളുകളാണ് ജനസംഖ്യ. നാറ്റോയിലെ സ്വതന്ത്ര അംഗമല്ലെങ്കിലും, ഡെൻമാർക്കിന്റെ അംഗത്വത്തിലൂടെയാണ് അത് സംരക്ഷിക്കപ്പെടുന്നത്. അന്താരാഷ്ട്ര നിയമ ലംഘനങ്ങൾ എവിടെ നടന്നാലും ഇ.യു. അംഗീകരിക്കില്ലെന്നും ആവശ്യമെങ്കിൽ ഗ്രീൻലാൻഡിനും ഡെൻമാർക്കിനും പിന്തുണ നൽകുമെന്നും യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
