ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാനായ മനുഷ്യനെന്നും തന്റെ സുഹൃത്തെന്നും വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദിയോടുള്ള ആദരവ് പ്രകടിപ്പിച്ച ട്രംപ്, ഇന്ത്യയുമായി നല്ലൊരു വ്യാപാര കരാറിനുള്ള പ്രതീക്ഷയും പ്രകടിപ്പിച്ചു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
"നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു മികച്ച മനുഷ്യനാണ്, എന്റെ ഒരു സുഹൃത്തും. നമുക്ക് നല്ലൊരു കരാർ ഉണ്ടാകും"- ഇന്ത്യ - യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തോട് ട്രംപ് വ്യക്തമാക്കി.
അതേസമയം അമേരിക്കയെ ലോകത്തിന്റെ സാമ്പത്തിക എഞ്ചിൻ എന്ന് വിശേഷിപ്പിച്ച ട്രംപ് അമേരിക്കയുടെ സാമ്പത്തിക വളർച്ച ലോകം മുഴുവൻ ഗുണം ചെയ്യുമെന്നും അവകാശപ്പെട്ടു. തന്റെ ഭരണത്തിന്റെ ആദ്യ വർഷത്തിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയർന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതിനാൽ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ അനിശ്ചിതത്വത്തിലാണ്. നേരത്തെ, ഇന്ത്യയുമായുള്ള വ്യാപാര കരാർ പരാജയപ്പെടാൻ കാരണം മോദി ട്രംപിനെ വിളിക്കാത്തതാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് പറഞ്ഞിരുന്നു.
എന്നാൽ ഇന്ത്യ ഇത് നിഷേധിച്ചു. 2025 ൽ മോദിയും ട്രംപും എട്ട് തവണ സംസാരിച്ചു എന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായി കാണുന്നുവെന്നും വ്യാപാര ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
