ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം

FEBRUARY 2, 2026, 12:29 PM

ഷിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) യുടെ ഷിക്കാഗോ ചാപ്റ്ററിന്റെ 2026 -2027 കാലയളവിലേക്കുള്ള പുതിയ നേതൃത്വസംഘത്തെ തെരഞ്ഞെടുത്തു.

ചാപ്റ്ററിന്റെ തുടർച്ചയായ വളർച്ചയെയും മാധ്യമ രംഗത്തെ പ്രതിബദ്ധതയെയും ശക്തിപ്പെടുത്തുന്ന ഒരു സുപ്രധാന ചുവടുവയ്പായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പ്രസിഡന്റ് പ്രസന്നൻ പിള്ള, സെക്രട്ടറി അലൻ ജോർജ്, ട്രഷറർ അനിലാൽ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, ജോയിന്റ് സെക്രട്ടറി റോസ് വടകര, ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ എന്നിവരാണ്. ചാപ്റ്റർ അഡൈ്വസറി ബോർഡ് അംഗങ്ങളായി മുൻ പ്രസിഡന്റ്മാരായ ബിജു സക്കറിയ, ബിജു കിഴക്കേക്കുറ്റ്, ശിവൻ മുഹമ്മ എന്നിവർ പ്രവർത്തിക്കും.

ഡിസംബർ 12ന് ഇല്ലിനോയിയിലെ നൈൽസിലുള്ള മാജിക് പെപ്പർ റെസ്റ്റോറന്റിൽ ചേർന്ന ചാപ്റ്റർ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ ഔപചാരികമായി പൂർത്തിയാക്കിയത്. ചാപ്റ്റർ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന യോഗത്തിൽ, മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവിയിലെ പ്രവർത്തന രൂപരേഖകളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു.

vachakam
vachakam
vachakam

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും സജീവവും പ്രവർത്തനക്ഷമവുമായ ചാപ്റ്ററുകളിലൊന്നായി അറിയപ്പെടുന്ന IPCNA ഷിക്കാഗോ ചാപ്റ്റർ, നിരവധി ശ്രദ്ധേയവും അഭിമാനകരവുമായ മാധ്യമ പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. വേൾഡ് പ്രസ് ഫ്രീഡം ഡേ ആഘോഷവും 'മീഡിയ ഇഗ്‌നൈറ്റ് ' വർക്ക്‌ഷോപ്പും ഇതിൽ പ്രധാനപ്പെട്ടവയാണ്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം, ഷിക്കാഗോ മേഖലയിലെ മാധ്യമ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് കൂടുതൽ മാധ്യമബന്ധിത പരിപാടികൾ, പ്രൊഫഷണൽ വികസന വർക്ക്‌ഷോപ്പുകൾ, സമൂഹസമ്പർക്ക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. മാധ്യമ നൈതികത പ്രോത്സാഹിപ്പിക്കുക, മാധ്യമ പ്രവർത്തകരിൽ സഹകരണം വളർത്തുക, ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നിവയാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രസന്നൻ പിള്ള രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പ് കൈരളി ടി വി യുടെ യു എസ് വീക്കിലി റൗണ്ട് അപ്പ് പ്രോഗ്രാമിൽ ഹൈടെക് കോർണർ എന്ന ടെക്‌നോളജി ന്യൂസ് പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടാണ് മാധ്യമ രംഗത്ത് കടന്നുവരുന്നത്. ഇന്ത്യാ പ്രസ്സ് ക്ലബ് ഷിക്കാഗോ ചാപ്റ്ററിന്റെ തുടക്കം മുതൽ സജീവമായി നിരവധി ചുമതലകൾ കൈകാര്യം ചെയ്തിരുന്നു. ഷിക്കാഗോ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഷിക്കാഗോയിൽ വച്ച് നടന്ന നാല് മുൻ നാഷണൽ പ്രസ് ക്ലബ് കോൺഫറൻസുകളിലും പവർ പോയിന്റ് പ്രസന്റേഷനും രജിസ്‌ട്രേഷനും കൈകാര്യം ചെയ്തിരുന്നു. നോർത്ത് സൗത്ത് ഫൗണ്ടേഷന്റെ ബോർഡ് മെമ്പർ, ഷിക്കാഗോ സാഹിത്യവേദിയുടെ ടെക്‌നിക്കൽ കോ -ഓർഡിനേറ്റർ, കെ.എച്ച്.എൻ.എ യുടെ ട്രസ്റ്റി ബോർഡ് മെമ്പർ, ലാന ദേശീയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഷിക്കാഗോ ചാപ്റ്ററിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി അലൻ ജോർജ് വിവിധ സന്നദ്ധ സംഘടനകളുടെ നടത്തിപ്പിലും മാധ്യമ സംബന്ധിയായ നിരവധി പദ്ധതികൾ നടപ്പാക്കിയതിലും ദീർഘകാലത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ്. അമേരിക്കയിലെ മാധ്യമമേഖലയിൽ സജീവ സാന്നിധ്യമായ അദ്ദേഹം, സിനിമാ നിർമ്മാണത്തിലും സിനിമാ അധിഷ്ഠിത പത്രപ്രവർത്തനത്തിലും ശക്തമായ താൽപ്പര്യം പുലർത്തുന്ന വ്യക്തിയാണ്. ഹോളിവുഡിൽ നിന്നുള്ള പ്രത്യേക റിപ്പോർട്ടുകൾ ഉൾപ്പെടെ സണ്ടാൻസ് ഫിലിം ഫെസ്റ്റിവൽ, സൈൻ എക്‌സ്‌പോ, അമേരിക്കൻ ഫിലിം മാർക്കറ്റ് തുടങ്ങിയ പ്രമുഖ ചലച്ചിത്ര മേളകളെക്കുറിച്ച് അദ്ദേഹം വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊച്ചി തേവരയിലെ സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർത്ഥിയായിരിക്കെ തന്നെ അലൻ ജോർജ് തന്റെ നേതൃപരമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കോളേജ് കാലഘട്ടത്തിൽ വിവിധ സിനിമ മാധ്യമ ക്ലബ്ബുകളുടെ സജീവ അംഗമായിരുന്ന അദ്ദേഹം, നിരവധി സിനിമാ മാധ്യമ വർക്ക്‌ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

2011ൽ കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതിയിലെ കോർഡിനേറ്റർമാരിൽ ഒരാളായിരുന്ന അലൻ ജോർജ്, പിന്നീട് അമേരിക്കയിലും ചലച്ചിത്ര മേളകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടർന്നു. ഇന്ത്യയിൽ പഠിക്കുന്ന കാലത്ത് നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും നിർമ്മിക്കുകയും വിവിധ സിനിമാപദ്ധതികളുമായി സഹകരിക്കുകയും ചെയ്തു.

vachakam
vachakam
vachakam

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ശേഷം അദ്ദേഹം തന്റെ പഠനം തുടരുകയും, വിവിധ ഇന്ത്യൻ ഐപി ടി വി ചാനലുകൾക്ക് ഉയർന്ന നിലവാരത്തിലുള്ള ഓൺലൈൻ സംപ്രേക്ഷണം സജ്ജമാക്കുന്നതിൽ സാങ്കേതിക സഹായം നൽകുകയും ചെയ്തു.

2015ൽ കൈരളി ടിവി യുഎസ്എയിൽ ചേർന്ന അലൻ ജോർജ്, ഷിക്കാഗോയിൽ നിന്നുള്ള ഡെയ്റ്റൺ എയർ ഷോ, കമ്മ്യൂണിറ്റി വാർത്തകൾ, വ്യത്യസ്തവും വിജ്ഞാനപ്രദവുമായ വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടെ നിരവധി സെഗ്മെന്റുകൾ അവതരിപ്പിച്ചു. 2016ൽ ഏഷ്യാനെറ്റ് യുഎസ്എ ടീമിൽ ചേർന്ന അദ്ദേഹം, കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡക്ഷൻ ടീമിന്റെ ഭാഗമായി ഷിക്കാഗോയിൽ നിന്ന് പ്രവർത്തനം തുടരുകയാണ്. നിലവിൽ ഷിക്കാഗോയിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റൽ സർവീസിലും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

മാധ്യമരംഗത്തെ സംഭാവനകൾക്ക് അംഗീകാരമായി അലൻ ജോർജിന് നിരവധി കമ്മ്യൂണിറ്റി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2022ലെ IPCNA ബെസ്റ്റ് ക്യാമറാമാൻ അവാർഡും, 2025ൽ മാധ്യമമേഖലയിലെ സംഭാവനകൾക്കായി ജോനാഥൻ ജാക്‌സൺ നൽകുന്ന പ്രത്യേക കോൺഗ്രഷണൽ അവാർഡും അദ്ദേഹത്തെ തേടിയെത്തി.

ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട അനിലാൽ ശ്രീനിവാസൻ 28 വർഷങ്ങളായി മാധ്യമ കലാസാംസ്‌കാരിക സാഹിത്യരംഗങ്ങളിൽ സജീവമാണ്. കൈരളി ടി വി യുഎസ്.എയുടെ ആദ്യകാല ന്യൂസ് ആങ്കർ/ എഡിറ്റർ, IPCNA ചാപ്റ്റർ സെക്രട്ടറി, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന പ്രസിഡന്റ്, ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ ചാപ്റ്റർ പ്രസിഡന്റ് തുടങ്ങിയ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥ, യാത്രാക്കുറിപ്പുകൾ, സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് OPEDs തുടങ്ങിയവ എഴുതുന്നു. 'ദി ടെസ്റ്റ്‌മെന്റ് ', സമയരഥം പിന്നോട്ട് ' എന്നീ ഡോക്യുമെന്ററികളും 'മനസ്സറിയാതെ' എന്ന മിനി സിനിമയും എഴുതി സംവിധാനം ചെയ്തു.

അനിലാൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയാണ്. 5G/LTE മൊബൈൽ ടെക്‌നോളജി വിഭാഗത്തിൽ സീനിയർ എഞ്ചിനീയർ ആയി 25 വർഷത്തെ സേവനമനുഷ്ടിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ്, ബിസിനസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി സാമൂഹികപൊതുപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തിലേക്ക് കടന്ന സാജു, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠിക്കുമ്പോൾ തന്നെ സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ സജീവ സാന്നിധ്യം കാഴ്ചവെച്ച് സാമൂഹിക പൊതു പ്രവർത്തനങ്ങളിൽ പരിചയം നേടി.

2000ലെ കേരള പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ചരിത്രവിജയം നേടിയ സാജു, ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി ജനങ്ങൾക്കാവശ്യമുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ പ്രവർത്തിച്ചു. ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയ ശേഷവും പൊതുപ്രവർത്തനവും സാമൂഹിക ഇടപെടലുകളും തുടരുകയാണ്. ക്‌നാനായ സമുദായത്തിനും അമേരിക്കൻ മലയാളി സമൂഹത്തിനും വേണ്ടിയുള്ള വിവിധ സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിക്കുകയും, ക്‌നാനായ വോയ്‌സ് ' പോലെയുള്ള ആഗോള മാധ്യമ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു.

അമേരിക്കയിലെ പ്രമുഖ കമ്പനിയുടെ ധനകാര്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന മലയാളി പ്രൊഫഷണലാണ് സാജു കണ്ണമ്പള്ളി. യുഎസിലെ ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന Liberaltax.com എന്ന സ്വന്തം ഫിനാൻസ് സർവീസ് സ്ഥാപനവും അദ്ദേഹം നടത്തിവരുന്നു. ധനകാര്യ രംഗത്ത് തൊഴിലും സംരംഭകത്വവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന വ്യക്തിത്വമാണ് സാജു കണ്ണമ്പള്ളി.

ജോയിന്റ് സെക്രട്ടറി റോസ് വടകര മാധ്യമസാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. നിലവിൽ ഫ്‌ളവേഴ്‌സ് യുഎസ്എ ചാനലിൽ ന്യൂസ്/പ്രോഗ്രാം അവതാരകയായി പ്രവർത്തിക്കുന്നു. മുൻപ് ഏഷ്യാനെറ്റ് ചാനലിൽ ലൈഫ് & ഹെൽത്ത് പരിപാടിയുടെ അവതാരകയായിരുന്നു. FOMAA വിമൻസ് ഫോറത്തിന്റെ നിലവിലെ ചെയർപേഴ്‌സണായ റോസ് മുമ്പും ഈ പദവി വഹിച്ചിരുന്നു. കൂടാതെ ഷിക്കാഗോ മലയാളി അസോസിയേഷൻ ബോർഡ് മെമ്പറായും വിമൻസ് ഫോറം ചെയർപേഴ്‌സനായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഇലിനോയിൽ വിവിധ കമ്മിറ്റി പദവികൾ വഹിച്ചു, ഇപ്പോൾ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സേവനമനുഷ്ടിക്കുന്നു.

മാധ്യമങ്ങളും സംഘടനകളും മാത്രമല്ല, സഭാപ്രവർത്തനങ്ങളിലും റോസ് സജീവ സാന്നിധ്യം പുലർത്തുന്നു. കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി കുട്ടികൾക്ക് ചിത്രകല പഠിപ്പിക്കുന്നതിൽ സന്നദ്ധ സേവനം നടത്തുകയും ചെയ്യുന്നുണ്ട്.

ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ ഫൊക്കാനയുടെ 2021 -2023 കാലഘട്ടത്തിൽ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മതസൗഹാർദ്ദ കോഓർഡിനേറ്റർ, നാഷണൽ കമ്മിറ്റി മെമ്പർ, അസോസിയേറ്റ് ട്രഷറർ, ട്രഷറർ, റീജണൽ വൈസ് പ്രസിഡന്റ്, ഫൗണ്ടേഷൻ മെമ്പർ എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഷിക്കാഗോയിലുള്ള മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് (രണ്ടുതവണ), ട്രസ്റ്റി ബോർഡ് ചെയർമാൻ (രണ്ടുതവണ), ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ ജനറൽ സെക്രട്ടറി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ ഇംഗ്ലീഷും, മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ ഇംഗ്ലീഷും, സിക്കിം മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് റീട്ടെയിൽ ഓപ്പറേഷനിൽ എംബിഎയും നേടിയിട്ടുണ്ട്. ഐടി മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഷിക്കാഗോ സെന്റ് ജോർജ് പള്ളിയിൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. നിലവിൽ നോർത്ത് അമേരിക്കയിലെ സിറിയൻ ഓർത്തഡോക്‌സ് സഭയുടെ മലങ്കര അതിരൂപതയുടെ പിആർഒ ആയി വർഗീസ് പാലമലയിൽ പ്രവർത്തിച്ചു വരുന്നു.

IPCNA ഷിക്കാഗോ ചാപ്റ്ററിലെ മറ്റ് അംഗങ്ങൾ ഷാന മോഹൻ, റോയ് മുളകുന്നം, അനിൽ മറ്റത്തിക്കുന്നേൽ, ചാക്കോ തോമസ് മറ്റത്തിൽപറമ്പിൽ, ഡൊമിനിക് ചൊള്ളമ്പേൽ, ജോർജ് ജോസഫ്, ജോയിച്ചൻ പുതുക്കുളം, റോമിയോ കാട്ടൂക്കാരൻ, സജി ജേക്കബ് പണയപ്പറമ്പിൽ, സരിത മേനോൻ, സിമി ജെസ്റ്റോ ജോസഫ് എന്നിവരാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam