നോർത്ത് കരോലിന: ഷാർലറ്റിൽ പുതിയതായി സ്ഥാപിതമായ സെന്റ് ജോർജ് യാക്കോബായ സുറിയാനിപ്പള്ളിയുടെ കൂദാശ കർമ്മം 2025 ഓഗസ്റ്റ് 8, 9 (വെള്ളി, ശനി) തീയതികളിൽ അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യെൽദോ മോർ തീത്തോസ് തിരുമേനി നിർവ്വഹിച്ചു.
8-ാം തീയതി വെള്ളിയാഴ്ച ഷാർലറ്റിൽ എത്തിച്ചേർന്ന അഭിവന്ദ്യ തിരുമേനിക്ക് പള്ളി വികാരി റവ. ഫാദർ കുര്യാക്കോസ് പുന്നച്ചാലിലും, പള്ളി ഭരണസമിതി അംഗങ്ങളും വിശ്വാസികളും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. തുടർന്ന് സന്ധ്യാപ്രാർത്ഥനാനന്തരം പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മവും പള്ളി കൂദാശയുടെ 1-ാം ഭാഗവും നടന്നു.
തദവസരത്തിൽ സിറ്റി മേയർ റിച്ചാർഡ് ഫ്രാങ്ക്‌സ്, വാർഡ് കൗൺസിൽ മെമ്പർമാരായ ഡോണിയേൽ ബാർബർ, ഡിമിഗ്രി എന്നിവരും ഫയർ ഡിപ്പാർട്ട്‌മെന്റ് മേലധികാരികളായ ഹണ്ട് റോബർട്ട്, ചാൾസ് എന്നിവരും വന്ദ്യ കോറെപ്പിസ്‌കോപ്പമാരായ മാത്യു തോമസ് ഇടത്തറയും, ജോസഫ് സി ജോസഫും, വൈദീകരായ റവ. ഫാദർ ബേസിൽ എബ്രഹാം, റവ. ഫാദർ ജോസഫ് കുളത്തറമണ്ണിൽ, റവ. ഫാദർ ഡോക്ടർ തോമസ് ഫിലിപ്പ്, റവ. ഫാദർ ജെയിംസ് എബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു.
9-ാം തീയതി ശനിയാഴ്ച അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമികത്വത്തിലും, വന്ദ്യ കോറെപ്പിസ്‌കോപ്പമാരുടേയും വൈദീകരുടേയും സഹകാർമ്മികത്വത്തിലും പള്ളി കൂദാശയുടെ രണ്ടാം ഭഗമായ വിശുദ്ധ മൂറോൻ കൂദാശയും തുടർന്ന് നടന്ന വിശുദ്ധ കുർബാനയോടു കൂടി കൂദാശ കർമ്മപരിപാടികൾ പര്യവസാനിച്ചു.
തദവസരത്തിൽ മുൻ വികാരിമാരായ വന്ദ്യ കോറെപ്പിസ്‌കോപ്പ മാത്യു തോമസ് ഇടത്തറയേയും, റവ. ഫാദർ ജെയിംസ് എബ്രഹത്തിനേയും ആദരിച്ചു.
പള്ളി കൂദാശയോടനുബന്ധിച്ച് നടന്ന റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 2500 ഡോളർ ഷാർലറ്റിൽ നിന്നുമുള്ള ജെയിംസ് ജോസഫും, രണ്ടാം സമ്മാനമായ 1500 ഡോളർ ലിനിൻ ബ്രൂക്ക് സെന്റ്‌മേരീസ് ഇടവകാംഗമായ ജോജി കുര്യാക്കോസിനും മൂന്നാം സമ്മാനമായ 1000 ഡോളർ ഷാർലറ്റിൽ നിന്നുമുള്ള ക്രിസ് തോമസിനും ലഭിച്ചു.
പള്ളി വികാരി റവ. ഫാദർ കുര്യാക്കോസ് പുന്നച്ചാലിൽ, സെക്രട്ടറി ഷാജി പീറ്റർ, ട്രസ്റ്റി രൂബേൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വർഗീസ് പാലമലയിൽ, മലങ്കര അതിഭദ്രാസന പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്