ഫ്‌ലോറിഡ: മകന്റെ ജീവന്‍ തിരിച്ചുകിട്ടാന്‍ സ്വന്തം ജീവന്‍ ബലികൊടുത്ത് ഒരു അമ്മ. ഫ്‌ലോറിഡയിലെ സെന്റ് ജോണ്‍സ് നദിയില്‍ വീണ നാല് വയസ്സുകാരനായ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് നാല്‍പ്പത്തിമൂന്നുകാരിയായ നിക്കോള്‍ ഗ്രേസണ്‍ എന്ന ആറുമക്കളുടെ അമ്മ മരണപ്പെട്ടത്.
ഡീലാന്‍ഡിലെ എഡ് സ്റ്റോണ്‍ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. നദീതീരത്തെ മര വേലിക്കരികെ കളിക്കുകയായിരുന്ന കുട്ടി വെള്ളത്തിലേക്ക് വീണ ഒരു സാധനം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. ഇതുകണ്ട ഉടന്‍തന്നെ മകനെ രക്ഷിക്കാനായി നിക്കോള്‍ യാതൊരു ആലോചനയുമില്ലാതെ നദിയിലേക്ക് ചാടി. ഒഴുക്കുള്ള നദിയില്‍ മകനെ വെള്ളത്തിന് മീതെ ഉയര്‍ത്തിപ്പിടിക്കാന്‍ ആവതുശ്രമിച്ച നിക്കോള്‍ ക്രമേണ വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോവുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഒരു ബോട്ടുകാരന്‍ എത്തുമ്പോഴേക്കും സ്ഥിതി വഷളായിരുന്നു. കുട്ടി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടെങ്കിലും വെള്ളത്തില്‍ മുങ്ങിപ്പോയ നിക്കോളിനെ മറ്റൊരു വ്യക്തിയുടെ സഹായത്തോടെയാണ് ബോട്ടിലേക്ക് കയറ്റിയത്. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
സ്വന്തം കാര്യത്തെക്കാള്‍ എപ്പോഴും മക്കളുടെ സന്തോഷത്തിനും സുരക്ഷിതത്വത്തിനും മുന്‍ഗണന നല്‍കിയിരുന്ന അമ്മയുടെ വിയോഗം തങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് നിക്കോളിന്റെ മൂത്ത മകള്‍ മോണ്‍ട്രേവിയ ആഡംസ് വേദനയോടെ പങ്കുവെച്ചു. നിക്കോളിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കും കുടുംബത്തിന്റെ സാമ്പത്തിക സഹായത്തിനുമായി മകള്‍ ഒരു ഓണ്‍ലൈന്‍ ഫണ്ട് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. സ്വന്തം ജീവന്‍ നല്‍കി മകനെ രക്ഷിച്ച ഈ അമ്മയുടെ ധീരതയെയും ത്യാഗത്തെയും വൊളൂഷ്യ കൗണ്ടി ഷെരീഫ് ഓഫീസും ജനങ്ങളും ആദരവോടെ സ്മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
