മെറ്റയുടെ എഐ വൻനിക്ഷേപം തിരിച്ചടിയായി; ഓഹരികൾക്ക് കനത്ത ആഘാതം

JULY 29, 2026, 9:17 PM

വാഷിംഗ്ടൺ: എഐ വികസനത്തിനായി വൻതോതിൽ നടത്തുന്ന നിക്ഷേപത്തിന്റെ ആഘാതം നേരിട്ട് അനുഭവിച്ച് മെറ്റ പ്ലാറ്റ്ഫോംസ്. രണ്ടാം പാദത്തിൽ കനത്ത സാമ്പത്തിക സമ്മർദം നേരിട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 2026 ജൂൺ 30-ന് അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ ഫ്രീ ക്യാഷ് ഫ്ലോ (Free Cash Flow) കഴിഞ്ഞ വർഷത്തെ 8.55 ബില്യൺ ഡോളറിൽ നിന്ന് 784 മില്യൺ ഡോളറായി ഇടിഞ്ഞു. ഇത് 91 ശതമാനത്തിന്റെ ഇടിവാണ്. ഫലപ്രഖ്യാപനത്തിന് പിന്നാലെ മെറ്റയുടെ ഓഹരികൾ ആഫ്റ്റർ-മാർക്കറ്റ് വ്യാപാരത്തിൽ 10 ശതമാനം വരെ താഴ്ന്നു.

മെറ്റയുടെ ഫ്രീ ക്യാഷ് ഫ്ലോ ഇടിവ് കഴിഞ്ഞ ആഴ്ച ആൽഫബെറ്റ് (Alphabet) റിപ്പോർട്ട് ചെയ്ത ആദ്യത്തെ നെഗറ്റീവ് ക്യാഷ് ഫ്ലോ പാദത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. എഐ അടിസ്ഥാനസൗകര്യങ്ങൾക്കായി ബിഗ് ടെക് കമ്പനികൾ നടത്തുന്ന വൻ ചെലവുകൾ നിക്ഷേപകരിൽ ആശങ്ക ഉയർത്തുകയാണ്.

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് , എഐ ചെലവുകളെ ന്യായീകരിച്ച്, കമ്പനിയുടെ ഭാവി വളർച്ചയ്ക്ക് ഈ നിക്ഷേപങ്ങൾ നിർണായകമാണെന്ന് വ്യക്തമാക്കി. എഐ മോഡലുകളുടെ പരിശീലനം, പ്രധാന ബിസിനസ് വികസനം, വ്യക്തിഗത എഐ അസിസ്റ്റന്റുകൾ, പുതിയ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായാണ് കമ്പ്യൂട്ടിംഗ് ശേഷിയുടെ വലിയൊരു ഭാഗം ഉപയോഗിക്കുകയെന്നും, വലിയ കോർപ്പറേറ്റ് ഉപഭോക്താക്കൾക്കായി എഐ സേവനങ്ങൾ നൽകുന്ന പുതിയ ബിസിനസും വളർത്താനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വിപുലമായ എഐ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ ലാഭമുണ്ടാക്കുമെന്ന ചോദ്യത്തിന് മറുപടിയായി, വ്യക്തിഗത എഐ ഏജന്റുമാർ ഭാവിയിൽ വലിയ ഉപഭോക്തൃ വിപണിയാകുമെന്ന വിശ്വാസമാണ് കമ്പനിയെ ഈ നിക്ഷേപത്തിലേക്ക് നയിക്കുന്നതെന്ന് സക്കർബർഗ് വ്യക്തമാക്കി.

2022 അവസാനത്തിനുശേഷം മെറ്റയുടെ ഏറ്റവും താഴ്ന്ന ഫ്രീ ക്യാഷ് ഫ്ലോയാണ് ഇപ്പോഴത്തേത്. അന്നും കമ്പനി മെറ്റാവേഴ്സ് (Metaverse) പദ്ധതികളിലെ വൻ ചെലവുകൾ കാരണം നിക്ഷേപകരുടെ വിമർശനം നേരിട്ടിരുന്നു. മെറ്റയുടെ റിയാലിറ്റി ലാബ്സ് (Reality Labs) വിഭാഗം ഇതുവരെ 80 ബില്യൺ ഡോളറിലേറെ പ്രവർത്തന നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മൈക്രോസോഫ്റ്റ് ജൂൺ പാദത്തിൽ ഫ്രീ ക്യാഷ് ഫ്ലോയിൽ 23 ശതമാനം ഇടിവ് റിപ്പോർട്ട് ചെയ്തെങ്കിലും, ക്ലൗഡ് ബിസിനസിലെ ശക്തമായ വളർച്ച നിക്ഷേപകരുടെ ആശങ്ക കുറച്ചു. ഇതോടെ കമ്പനിയുടെ ഓഹരികൾ 4.4 ശതമാനം ഉയർന്നു.

vachakam
vachakam
vachakam

മെറ്റയുടെ വരുമാനത്തിന്റെ പ്രധാന ഉറവിടം ഇപ്പോഴും പരസ്യ ബിസിനസാണ്. എഐയിലൂടെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. രണ്ടാം പാദത്തിൽ കമ്പനിയുടെ ഒരു ഓഹരിക്കുള്ള ലാഭം (EPS) 6.18 ഡോളറായിരുന്നു, എന്നാൽ വിപണി പ്രതീക്ഷിച്ച 7.22 ഡോളറിനെ മറികടക്കാൻ സാധിച്ചില്ല.

ഫോറസ്റ്റർ (Forrester) ഗവേഷണ സ്ഥാപനത്തിലെ മുതിർന്ന എക്സിക്യൂട്ടീവ് മൈക്ക് പ്രൗൾക്‌സ് (Mike Proulx) പറയുന്നത്, ലാഭവിഹിതം ഉയർന്നിരുന്നപ്പോൾ എഐ നിക്ഷേപം ആഘോഷിക്കപ്പെട്ടിരുന്നുവെങ്കിലും, ഇപ്പോൾ അതിന്റെ ചെലവ് സാമ്പത്തിക കണക്കുകളിൽ വ്യക്തമായി പ്രതിഫലിക്കുന്നതിനാൽ നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തുകയാണെന്നാണ്. ഫേസ്ബുക്കിനെയും ഇൻസ്റ്റാഗ്രാമിനെയും മെച്ചപ്പെടുത്തുക മാത്രമല്ല, എഐയെ അടിസ്ഥാനമാക്കി പൂർണമായും പുതിയ ബിസിനസുകൾ സൃഷ്ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2026-ൽ മാത്രം എഐ അടിസ്ഥാനസൗകര്യങ്ങൾക്കായി 130 മുതൽ 145 ബില്യൺ ഡോളർ വരെ ചെലവഴിക്കാനാണ് മെറ്റയുടെ പദ്ധതി. വർഷത്തിന്റെ തുടക്കത്തിൽ കമ്പനി പ്രഖ്യാപിച്ച 115–135 ബില്യൺ ഡോളർ ചെലവ് കണക്കിനെ അപേക്ഷിച്ച് ഇത് ഗണ്യമായ വർധനവാണ്. ഈ മാസം റോയിട്ടേഴ്സ് (Reuters) റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ വർഷം കമ്പനി മൊത്തം കമ്പ്യൂട്ടിംഗ് ശേഷി 7 ഗിഗാവാട്ടായി ഇരട്ടിയാക്കുകയും, അടുത്ത വർഷം അത് വീണ്ടും 14 ഗിഗാവാട്ടായി ഉയർത്തുകയും ചെയ്യും. നിലവിൽ ലോകമെമ്പാടുമായി മെറ്റയ്ക്ക് 32 ഡാറ്റാ സെന്ററുകൾ പ്രവർത്തനത്തിലോ നിർമാണത്തിലോ ഉണ്ട്.

vachakam
vachakam
vachakam

എന്നാൽ വരുമാനത്തിൽ മെറ്റയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം 28 ശതമാനം വർധിച്ച് 60.8 ബില്യൺ ഡോളറിലെത്തി. 2021-ന്റെ അവസാന പാദത്തിനുശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വളർച്ചയാണിത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള മെറ്റയുടെ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വീണ്ടും ഉയർന്നതും വരുമാന വർധനയ്ക്ക് കാരണമായി. പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം 3.6 ബില്യണായി, കഴിഞ്ഞ വർഷത്തേക്കാൾ 3 ശതമാനം വർധിച്ചു.

മാഡിസൺ ആൻഡ് വാൾ (Madison and Wall) സ്ഥാപനത്തിലെ മാനേജിങ് ഡയറക്ടർ ലൂക്ക് സ്റ്റിൽമാൻ (Luke Stillman), മെറ്റയുടെ പരസ്യ ബിസിനസ് ഇപ്പോഴും ശക്തമായ പ്രകടനം തുടരുന്നതിനാലാണ് കമ്പനിക്ക് ഇത്ര വലിയ എഐ നിക്ഷേപം തുടരാൻ കഴിയുന്നതെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, മെറ്റയ്ക്ക് നിയമപരമായ വെല്ലുവിളികളും തുടരുകയാണ്. ഫേസ്ബുക്ക് (Facebook), ഇൻസ്റ്റാഗ്രാം (Instagram) പ്ലാറ്റ്ഫോമുകൾ യുവാക്കളെ അടിമകളാക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തെന്നും, സുരക്ഷാ കാര്യങ്ങളിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള ആരോപണത്തിൽ നാല് അമേരിക്കൻ സംസ്ഥാനങ്ങൾ ചേർന്ന് 1.4 ട്രില്യൺ ഡോളർ പിഴ ആവശ്യപ്പെട്ട് കേസ് നൽകിയിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും യുവാക്കളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ കമ്പനിയുടെ ബിസിനസിനെ കാര്യമായി ബാധിക്കാമെന്നും മെറ്റ മുന്നറിയിപ്പ് നൽകി.

കൂടാതെ, എഐ കേന്ദ്രീകരിച്ചുള്ള പുനഃസംഘടനയുടെ ഭാഗമായി ഈ വർഷം മേയിൽ കമ്പനി ഏകദേശം 8,000 ജീവനക്കാരെ, അതായത് മൊത്തം തൊഴിലാളികളുടെ 10 ശതമാനത്തെ, പിരിച്ചുവിട്ടിരുന്നു. നിയമച്ചെലവുകളും പിരിച്ചുവിടലുമായി ബന്ധപ്പെട്ട ചെലവുകളും ഇല്ലായിരുന്നെങ്കിൽ രണ്ടാം പാദത്തിലെ പ്രവർത്തനലാഭം 9 ശതമാനം ഉയർന്നേനെയിരുന്നുവെന്ന് മെറ്റയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സൂസൻ ലി വ്യക്തമാക്കി. എന്നാൽ യാഥാർഥ്യത്തിൽ കമ്പനിയുടെ പ്രവർത്തനലാഭം 8 ശതമാനം കുറഞ്ഞു.

യുവാക്കളുമായി ബന്ധപ്പെട്ട നിയമപരമായ കേസുകൾ ഈ വർഷവും തുടരുന്ന സാഹചര്യത്തിൽ, അവ കമ്പനിക്ക് ഗണ്യമായ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കാനിടയുണ്ടെന്നും മെറ്റ മുന്നറിയിപ്പ് നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam