ന്യൂയോര്‍ക്ക്: ആമസോണിന്റെയും ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും പാത പിന്തുടര്‍ന്ന് ടെക് മേഖലയിലെ വമ്പനായ ഐബിഎമ്മും. 2005 ലെ സാമ്പത്തിക വര്‍ഷത്തില്‍ ആഗോള തലത്തില്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലും നിരവധി ഓഫീസുകള്‍ ഐബിഎമ്മിനുണ്ട്. ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊച്ചി ഉള്‍പ്പെടെയുള്ള പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിരവധി ജീവനക്കാരാണ് ഐബിഎമ്മിനുള്ളത്.
2025 അവസാനത്തിലാണ് ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യം കമ്പനി മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍സ് എന്നിവയിലെ തസ്തികകള്‍ ഒഴിവാക്കിയിരുന്നു. എച്ച്ആര്‍ വിഭാഗത്തിലെ ഇരുന്നൂറോളം തസ്തികകളാണ് എഐ ഏജന്റുമാരെ കൊണ്ട് മാറ്റി സ്ഥാപിച്ചത്. കമ്പനിയുടെ സേവനങ്ങളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ആയിരക്കണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. ഇക്കാര്യം ഐബിഎം വക്താവ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ ഐബിഎമ്മിന് ആഗോള തലത്തില്‍ 270000 ജീവനക്കാരുണ്ട്. കമ്പനി അതിന്റെ ഒരു ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് വക്താവ് അറിയിച്ചു. അതായത് ഏകദേശം 2700 ജീവനക്കാരെ കമ്പനിയില്‍ നിന്ന് പിരിച്ചു വിടും. കമ്പനിയുടെ പുനക്രമീകരണത്തിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടലുകള്‍. ഐബിഎം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എഐ അധിഷ്ഠിത ക്ലൗഡ് സേവനങ്ങളിലും സോഫ്‌റ്റ്വെയര്‍ വികസനത്തിലുമാണ്. സോഫ്‌റ്റ്വെയര്‍ ബിസിനസ് വരുമാനത്തില്‍ 10 ശതമാനം വര്‍ധനയാണ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് ഉണ്ടായത്.
ഐബിഎമ്മിന്റെ ഏറ്റവും പുതിയ നീക്കം കോര്‍പ്പറേറ്റ് മേഖലയില്‍ ആരുടെയും ജോലി സുരക്ഷിതമല്ല എന്ന് മുന്നറിയിപ്പാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. നിരവധി കമ്പനികളാണ് തങ്ങളുടെ ജീവനക്കാരെ ഒഴിവാക്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് കൂടുമാറുന്നത്. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനുമാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ മാസം ഇ-കൊമേഴ്സ് മേഖലയിലെ വമ്പനായ ആമസോണ്‍ 14000 കോര്‍പ്പറേറ്റ് ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ എഐ വിഭാഗത്തിലെ 600 ജോലികള്‍ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഐബിഎമ്മിന്റെ നിലവിലെ പിരിച്ചുവിടല്‍ യുഎസിലുള്ളവരെ ആയിരിക്കും ബാധിക്കുന്നത്. അധികം വൈകാതെ അന്താരാഷ്ട്ര വിപണികളിലും തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ ഉണ്ടായേക്കാം എന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
