വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വത്തിലേക്കുള്ള എളുപ്പവഴിയായി ഗ്രീൻ കാർഡിനെ കാണുന്നവർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല. യുഎസ് പൗരനെ വിവാഹം കഴിച്ചു എന്നതുകൊണ്ടുമാത്രം ഇനി ഗ്രീൻ കാർഡ് ഉറപ്പാക്കാൻ കഴിയില്ലെന്ന് പ്രമുഖ അമേരിക്കൻ ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ് ബേൺസ്റ്റീൻ മുന്നറിയിപ്പ് നൽകുന്നു.
വിവാഹം നിയമപരമാണോ എന്ന് നോക്കുന്നതിലുപരി, ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നുണ്ടോ (Cohabitation) എന്നതിനാണ് നിലവിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രാധാന്യം നൽകുന്നത്. മുപ്പത് വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ബ്രാഡ് ബേൺസ്റ്റീന്റെ അഭിപ്രായത്തിൽ, കേവലം പ്രണയത്തിലോ വിവാഹിതരോ ആയതുകൊണ്ട് മാത്രം ഒരാൾക്ക് ഗ്രീൻ കാർഡിന് അർഹത ലഭിക്കില്ല.
'നിങ്ങൾ ഒരുമിച്ച് താമസിക്കുന്നുണ്ടെങ്കിൽ മാത്രമേ ഗ്രീൻ കാർഡ് ലഭിക്കൂ. ജോലി ആവശ്യങ്ങൾക്കോ പഠനത്തിനോ വേണ്ടിയാണ് മാറി താമസിക്കുന്നതെന്ന് പറഞ്ഞാലും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അത് അംഗീകരിക്കാൻ സാധ്യതയില്ല,' അദ്ദേഹം വ്യക്തമാക്കി.അമേരിക്കയിലെ പുതിയ ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിൽ ഗ്രീൻ കാർഡ് അപേക്ഷകളിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. വിവാഹം കേവലം ഗ്രീൻ കാർഡ് ലക്ഷ്യമിട്ടുള്ളതാണോ അതോ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ കർശനമായ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ദമ്പതികൾ ഒരു വീട്ടിൽ താമസിക്കുന്നണ്ടോ എന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തിയേക്കാം. അഡ്രസ് രേഖകൾ മാത്രമല്ല, ദമ്പതികൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ഉദ്യോഗസ്ഥർ വിലയിരുത്തും. മാറി താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അപേക്ഷ നിരസിക്കപ്പെടാനും വിവാഹ തട്ടിപ്പ് അന്വേഷണങ്ങൾ നേരിടാനും സാധ്യതയുണ്ട്.
അടുത്തിടെ അമേരിക്കയിലുണ്ടായ ചില അക്രമ സംഭവങ്ങളിൽ ഗ്രീൻ കാർഡ് ഉടമകൾക്ക് പങ്കുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന്, 'കൺസേൺ രാജ്യങ്ങളിൽ' (Coutnries of Concern) നിന്നുള്ളവരുടെ ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, ഗ്രീൻ കാർഡ് അപേക്ഷകർക്കുള്ള വർക്ക് പെർമിറ്റ് കാലാവധി 18 മാസമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ചുരുക്കത്തിൽ, അമേരിക്കൻ ഗ്രീൻ കാർഡ് ആഗ്രഹിക്കുന്നവർ കേവലം വിവാഹ രേഖകൾക്ക് പകരം തങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നതെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകൾ ഹാജരാക്കേണ്ടി വരും.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
