ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സ്റ്റാര്‍ബക്‌സിനെതിരെ ബഹിഷ്‌കരണം ആഹ്വാനം ചെയ്ത് മേയര്‍ സൊഹ്‌റാന്‍ മംദാനി. തുച്ഛ വേതനത്തില്‍ പ്രതിഷേധിച്ച് 10000 ത്തില്‍ അധികം തൊഴിലാളികള്‍ പണിമുടക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു മേയറുടെ ആഹ്വാനം. തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമ്പോള്‍ സ്റ്റാര്‍ബക്‌സില്‍ നിന്ന് താന്‍ ഒന്നും വാങ്ങുകയില്ലെന്നും എല്ലാവരും ഈ ബഹിഷ്‌കരണത്തില്‍ പങ്കുചേരണമെന്നും മംദാനി എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.
'തൊഴിലാളികള്‍ വേതനം കുറഞ്ഞതിനെ തുടര്‍ന്ന് സമരത്തിലായിരിക്കുമ്പോള്‍ ഞാന്‍ എങ്ങനെ സ്റ്റാര്‍ബക്‌സില്‍ നിന്ന് സാധനം വാങ്ങാനാണ്? ഈ ബഹിഷ്‌കരണത്തില്‍ കൂടുതല്‍ പേര്‍ പങ്കുചേരണം. എല്ലാവരും പങ്കെടുക്കുന്നതോടെ മാന്യമായി കരാര്‍ പുതുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന സന്ദേശം നമുക്ക് പകര്‍ന്നുനല്‍കാം. കഠിനമായി പണിയെടുത്തിട്ടും തുച്ഛമായ വേതനമാണ് സ്റ്റാര്‍ബക്‌സ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. മാന്യമായ വേതനത്തിന് വേണ്ടി മാത്രമാണ് അവര്‍ തെരുവിലിറങ്ങിയിരിക്കുന്നത്.'.- മംദാനി എക്‌സില്‍ പറഞ്ഞു.
10000ലധികം തൊഴിലാളികളാണ് സ്റ്റാര്‍ബക്‌സിനെതിരെ സംഘടിപ്പിച്ച ദേശീയ പണിമുടക്കിന്റെ ഭാഗമായത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് വരെ സ്റ്റാര്‍ബക്‌സിന്റെ ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്തു. ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, സാന്‍ ഡിയഗോ, ഡല്ലാസ്, കൊളംബസ് തുടങ്ങിയ 45ഓളം നഗരങ്ങളിലുള്ള സ്റ്റാര്‍ബക്‌സ് സ്റ്റോറുകളെ ബഹിഷ്‌കരണം ദോഷകരമായി ബാധിക്കുമെന്നാണ് സൂചന.
മാന്യമായ വേതനം ഉറപ്പാക്കിക്കൊണ്ട് കരാര്‍ പുതുക്കുകയാണെങ്കില്‍ സമരം അവസാനിപ്പിക്കുമെന്നാണ് സംഘാടകരുടെ പക്ഷം. നേരത്തെയും ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണഘട്ടത്തിലും തൊഴിലാളികളുടെ പ്രശ്‌നം മനസ്സിലാക്കിക്കൊണ്ട് സ്റ്റാര്‍ബക്‌സിനെതിരെ മംദാനി ശബ്ദമുയര്‍ത്തിയിരുന്നു.
'പ്രതിവര്‍ഷം 96 മില്ല്യണ്‍ സമ്പാദിക്കുന്ന ഒരു കമ്പനിയെ കുറിച്ചാണ് നാം സംസാരിക്കുന്നത്. മാന്യമായ വേതനം മാത്രമാണ് ഈ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ജീവിക്കാനുള്ള മിനിമം വേതനം മാത്രമാണ് ചോദിക്കുന്നത്. സമാധാനത്തോടെയുള്ള ജീവിതം അവര്‍ അര്‍ഹിക്കുന്നുണ്ട്. അത്തരമൊരു ന്യൂയോര്‍ക്ക് സിറ്റിയെയാണ് ഞാനും ആഗ്രഹിക്കുന്നത്. ഞാന്‍ ഈ പാവപ്പെട്ട തൊഴിലാളികളുടെ കൂടെയായിരിക്കുമെന്ന് സ്റ്റാര്‍ബക്‌സ് അധികാരികള്‍ അറിഞ്ഞിരിക്കണം. അവരെ സമരത്തിന് പറഞ്ഞയക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ അവരോടൊപ്പം ഞാനും സമരത്തിനിറങ്ങും.' മംദാനിയുടെ പ്രചരണവേളയിലെ ആഹ്വാനം ഇതായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
