ന്യൂജേഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ ട്രൈസ്റ്റേറ്റ് ന്യൂജേഴ്‌സി റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പ്രശസ്ത നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ മാലിനി നായർ ചുമതലയേൽക്കും.
തിരുവനന്തപുരം സ്വദേശിനിയായ മാലിനി നായർ നിലവിൽ ന്യൂജേഴ്‌സിയിലാണ് താമസം. എൻജിനീയറിങ് ബിരുദധാരിയായിരുന്ന അവർ, നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം പ്രൊഫഷണൽ ജീവിതമായി നൃത്തത്തെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം നർത്തകിയായ അവർ 2008ൽ സൗപർണിക ഡാൻസ് അക്കാദമി സ്ഥാപിക്കുകയും നിരവധി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ട്രൈസ്റ്റേറ്റ് ഏരിയയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ നേതൃത്വമാണ് മാലിനി നായർ. കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാഞ്ച്), നാമം എന്നിവയുടെ പ്രസിഡന്റ് സ്ഥാനങ്ങൾ ഉൾപ്പെടെ പ്രാദേശിക, ദേശീയ തലങ്ങളിലെ വിവിധ സംഘടനകളിൽ അവർ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് യു.എസ്.എയുടെ ആദ്യ അവതാരക കൂടിയായ അവർ ദേശീയ തലത്തിൽ രണ്ടുതവണ 'മലയാളി മങ്ക' പട്ടം നേടി. ഫോമാ മയൂഖം നാഷണൽസിൽ 'മിസ്. വിവേഷ്യസ്' പട്ടവും സ്വന്തമാക്കി. ദുബായ് ഗ്ലോബൽ വില്ലേജ് ഉൾപ്പെടെ നോർത്ത് അമേരിക്കയിലും വിദേശത്തും നിരവധി വേദികളിൽ അവർ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
മാലിനി നായരുടെ ഭർത്താവ് ജയകൃഷ്ണൻ മണിയിൽ ആണ്. അർജുൻ നായർ, അജയ് നായർ എന്നിവരാണ് മക്കൾ.
'പ്രൊഫഷണൽ മികവും, സംഘടനാ നേതൃത്വത്തിലെ വിപുലമായ അനുഭവപരിചയവും, കലാ സാംസ്‌കാരിക രംഗത്തെ മാലിനി നായരുടെ പ്രാഗത്ഭ്യവും ട്രൈസ്റ്റേറ്റ് മേഖലയിലെ കെ.എച്ച്.എൻ.എയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകും. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സമുദായ ഐക്യം ശക്തിപ്പെടുത്തുന്നതിലും അവരുടെ നേതൃത്വം നിർണായകമാകും,' കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്, ട്രസ്റ്റീ ബോർഡ് എന്നിവരും മാലിനി നായർക്ക് ആശംസകൾ നേർന്നു.
കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
