കേരള സെന്റർ ഏഴ് ഇന്ത്യൻ അമേരിക്കൻ മലയാളികളെ ആദരിക്കുന്നു

OCTOBER 7, 2025, 2:17 PM

സമൂഹനന്മക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഖലകളിൽ പ്രതിഭ തെളിയിച്ചവരുമായ ഏഴ് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ അവാർഡ് നൽകി ആദരിക്കുന്നതിന് തെരഞ്ഞെടുത്തു. ഒക്ടോബർ 25 ശനിയാഴ്ച്ച 5:30ന് കേരള സെന്റർ ഓഡിറ്റോറിയത്തിൽവച്ച് നടക്കുന്ന മുപ്പത്തിമൂന്നാമത് വാർഷിക അവാർഡ്ദാന ചടങ്ങിൽവച്ച് ഇവരെ ആദരിക്കുന്നതാണ്.

അമേരിക്കയിലെയും കേരളത്തിലെയും സാമൂഹ്യസാംസ്‌ക്കാരിക രാഷ്ട്രീയ നേതാക്കന്മാർ ഈ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കും. 'പ്രഗൽഭരും സമൂഹനന്മക്കുവേണ്ടി പ്രവർത്തിക്കുന്നവരുമായ അമേരിക്കൻ മലയാളികളെ കേരള സെന്റർ 1992 മുതൽ ആദരിച്ചുവരുന്നു. എല്ലാ വർഷവും അവാർഡ് നോമിനികളെ ക്ഷണിക്കുകയും അവരിൽനിന്ന് ഓരോ കാറ്റഗറിയിലെ ഏറ്റവും യോഗ്യരായവരെ അവാർഡ് കമ്മിറ്റി എതിരില്ലാതെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

ഈ വർഷം തെരഞ്ഞടുക്കപ്പെട്ടവരും കഴിഞ്ഞ വർഷങ്ങളിലെപോലെ പ്രതിഭാസമ്പന്നർ തന്നെയാണ്' കേരള സെന്റർ ട്രസ്റ്റിബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി മെമ്പറുമായ ഡോ.തോമസ് എബ്രഹാം പ്രസ്താവിച്ചു.

vachakam
vachakam
vachakam

'സ്വന്തം പ്രവർത്തനരംഗത്ത് പ്രതിഭ തെളിയിക്കുകയും മറ്റുള്ളവർക്ക് നന്മ ചെയ്ത് സമൂഹ പുരോഗതിക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന അമേരിക്കൻ മലയാളികളെ ആദരിക്കുന്നതിൽ കേരള സെന്ററിന് വളരെ സന്തോഷമുണ്ടെന്നും, അവരുടെ മാതൃക മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണെന്നും' ഡയറക്ടർ ബോർഡിന്റെയും അവാർഡ് കമ്മിറ്റിയുടെയും ചെയർമാനായ ഡോ. മധു ഭാസ്‌കരൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.  

വർക്കി ഏബ്രഹാം, ഡെയ്‌സി പി. സ്റ്റീഫൻ,മേരിലിൻജോർജ് എന്നിവരായിരുന്നു മറ്റു കമ്മിറ്റി അംഗങ്ങൾ. ഈ വർഷം ആദരിക്കപ്പെടുന്നവരും അവരുടെ പ്രവർത്തനമേഛലയും: 
ഇൻസ്‌പെക്ടർ ഷിബു മധു (ഗവൺമെന്റ് & പബ്ലിക് സർവീസ്), കോശി ഓ.തോമസ് (കമ്മ്യൂണിറ്റി സർവീസ്), പ്രിസില്ല സാമുവൽ (നഴ്‌സിംഗ്), ദിയ മാത്യൂസ് (ലീഗൽ സർവീസ്), ജയൻ വർഗീസ് (പ്രവാസി മലയാള സാഹിത്യം), നന്ദിനി മേനോൻ (എഡ്യൂക്കേഷൻ), ജൊഹാറത്ത് കുട്ടി (എൻജിനീയറിംഗ്).

ഡോ.സുരേഷ് കുമാർ ആണ് ഈ വർഷത്തെ കീനോട്ട് സ്പീക്കർ.  കഴിഞ്ഞ മുപ്പത്തിരണ്ട് വർഷങ്ങളിൽ കേരള സെന്റർ ആദരിച്ച 190  ഓളം അമേരിക്കൻ മലയാളികൾ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കുന്നതിലും സേവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

അവാർഡ്ദാന ചടങ്ങിനോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും അത്താഴ വിരുന്നും ഉണ്ടായിരിക്കും. ഈ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കുവാൻ നിങ്ങൾ ഓരോരുത്തരേയും കേരള സെന്ററിലേക്ക് ക്ഷണിക്കുന്നു. നിങ്ങളുടെ സീറ്റ് റീസർവ് ചെയ്യുവാൻ കേരള സെന്ററുമായി ബന്ധപ്പെടുക: ഫോൺ 516-358-2000, email: [email protected]

കൂടുതൽ വിവരങ്ങൾക്ക്: അലക്‌സ് കെ. എസ്തപ്പാൻ (പ്രസിഡന്റ്) 516-503-9387, രാജു തോമസ് (സെക്രട്ടറി) 516-434-0669, ജി. മത്തായി (പ്രോഗ്രാം ചെയർമാൻ) 516-816-4915.  

കേരള സെന്റർ ആദരിക്കുന്നവരുടെ ഹൃസ്വ ജീവചരിത്രവും പ്രവർത്തന മേഖലയും: 

vachakam
vachakam
vachakam


ഇൻസ്‌പെക്ടർ ഷിബു മധു  ഗവൺമെന്റ് & പബ്ലിക് സർവീസ്

ഇൻസ്‌പെക്ടർ ഷിബു മധു - 2007ൽ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്നു. ബ്രൂക്ലിനിലെ ബെഡഫോർഡ് സ്റ്റയിവെസന്റിൽ മിഡ്‌നൈറ്റ് പട്രോളിംഗ് ഓഫീസറായി അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു. 79 Precinct, 75 Precinct, 81 Precinct, 115 Precinct, ഡിറ്റക്ടീവ് ബ്യൂറോ എന്നിവിടങ്ങളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഡിറ്റക്ടീവ് ബൊറോ ബ്രൂക്ലിൻ സൗത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസറാണ്. ഡിറ്റക്ടീവ് ബൊറോ ബ്രൂക്ലിൻ സൗത്തിൽ 13 Precinct ഡിറ്റക്ടീവ് സ്‌ക്വാഡുകൾ ഉൾപ്പെടുന്നു. അവിടുത്തെ ക്രിമിനൽ കുറ്റങ്ങൾ അന്വേഷിക്കുന്നതിന് അദ്ദേഹം മേൽനോട്ടം വഹിക്കുന്നു. 2024 ഡിസംബറിൽ, ഇൻസ്‌പെക്ടർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം, NYPD-യുടെ ചരിത്രത്തിൽ ആ റാങ്ക് നേടുന്ന ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ ആണ്.


പ്രിസില്ല സാമുവൽ - നഴ്‌സിംഗ് ലീഡർഷിപ്പ്

ഡോ. പ്രിസില്ല സാമുവൽ മൗണ്ട് സൈനായ് ഹെൽത്ത് സിസ്റ്റത്തിലെ അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്‌സിംഗിന്റെ വൈസ് പ്രസിഡന്റാണ്. അവിടുത്തെ സങ്കീർണ്ണമായ, മൾട്ടിസൈറ്റ് ആരോഗ്യ സംവിധാനത്തിലുടനീളം അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്‌സിംഗ് വർക്കഫോഴ്‌സിന്റെ തന്ത്രപരമായ സംരംഭങ്ങൾക്ക് അവർ നേതൃത്വം നൽകുന്നു. സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡേഴ്‌സിന്റെ (APP) ഉദ്ഘാടന സഹനേതാവ് എന്ന നിലയിൽ, APP ക്ലിനിക്കൽ മികവ്, വർക്കഫോഴ്‌സ് വികസനം, വരുമാന ഒപ്റ്റിമൈസേഷൻ എന്നിവയിൽ നൂതന സംവിധാനങ്ങൾക്ക് അവർ ചുക്കാൻ പിടിക്കുന്നു. ഗുണനിലവാരമുള്ള പരിചരണത്തെയും സംഘടനാ വളർച്ചയെയും പിന്തുണയ്ക്കുന്ന ശക്തമായ ക്ലിനിക്കൽ പ്രാക്ടീസ് മോഡലുകൾ രൂപപ്പെടുത്താൻ അവരുടെ പ്രവർത്തനം സഹായിച്ചിട്ടുണ്ട്.


ദിയ മാത്യൂസ് - ലീഗൽ സർവീസ്

ദിയ എ. മാത്യൂസ് ഒരു ട്രെയിൽബ്ലേസിംഗ് അഭിഭാഷകയും, ബിസിനസ് നേതാവും, കമ്മ്യൂണിറ്റി അഡ്വക്കേറ്റുമാണ്. നിയമം, സംരംഭകത്വം, സേവനം എന്നിവയെ കൂട്ടിയിണക്കുന്ന ഒരു കരിയർ ആണ് അവരുടേത്. Chugh LLP-യുടെ ന്യൂയോർക്കിലെയും ന്യൂജേഴ്‌സിയിലെയും ഓഫീസുകളുടെ പാർട്ണർ ഇൻ ചാർജ് എന്ന നിലയിൽ, ബിസിനസ് ഇമിഗ്രേഷൻ നിയമത്തിലും കോർപ്പറേറ്റ് കംപ്ലയൻസിലും കേന്ദ്രീകരിച്ചുള്ള തഴച്ചു വളരുന്ന ഒരു പ്രാക്ടീസിന് അവർ നേതൃത്വം നൽകുന്നു.

ചൈൽഡ് സ്റ്റാറ്റസ് പ്രൊട്ടക്ഷൻ ആക്ടിലെ (CSPA) വൈദഗ്ധ്യത്തിന് അവർ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ന്യൂയോർക്കിലും ഇന്ത്യയിലും നിയമം പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട്, ദിയയുടെ പ്രവർത്തനത്തിന് ഒരു ആഗോള കാഴ്ചപ്പാടുണ്ട്. ദി ഇൻഡസ് എന്റർപ്രണേഴ്‌സ് (TiE)  ന്യൂജേഴ്‌സി ചാപ്റ്ററിന്റെ നിയുക്ത പ്രസിഡന്റാണ് അവർ. 2013 മുതൽ, അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (AILA) പല നേതൃസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കൂടാതെ സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ പ്രാദേശിക പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്നു.


കോശി ഓ. തോമസ് - കമ്മ്യൂണിറ്റി സർവീസ്

അഡ്വക്കേറ്റ് കോശി ഉമ്മൻ തോമസ് വർഷങ്ങളായി ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന ഒരു കമ്മ്യൂണിറ്റി നേതാവാണ്. ദൈവം ഒന്നാണെന്നും സേവനം എല്ലാ വിഘടനങ്ങൾക്കും അതീതമായിരിക്കണമെന്നുമുള്ള വിശ്വാസ്സത്തിൽ അധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമാൻ എഡ്വേർഡ് ബ്രൗൺസ്‌റ്റൈന്റെ സ്‌പെഷ്യൽ അസിസ്റ്റന്റും കമ്മ്യൂണിറ്റി ലെയ്‌സണുമായി അദ്ദേഹം നിലവിൽ സേവനമനുഷ്ടിക്കുന്നു. ന്യൂയോർക്ക് സിറ്റി കൗൺസിൽ ഡിസ്ട്രിക്റ്റ് 23ലെ ഒരു മുൻ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. 

വിവിധ സംഘടനകളിൽ ദീർഘകാലമായി നേതൃസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കോശി ഒ. തോമസ്, ഫളോറൽ പാർക്ക്  ബെൽറോസ് ഇന്ത്യൻ മർച്ചന്റ്‌സ് അസോസിയേഷൻ Inc. (FBIMA)  ന്റെ പ്രസിഡന്റ്, ചെയർമാൻ, ക്വീൻസിലെ ഇന്ത്യ ഡേ പരേഡ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും വർഷങ്ങളായി സേവനമനുഷ്ടിക്കുന്നു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ ഒന്നിപ്പിക്കുന്നതിനും അതിന്റെ സംസ്‌കാരവും സംഭാവനകളും ആഘോഷിക്കുന്നതിനും വർഷങ്ങളോളമായി അർപ്പണ മനോഭാവത്തോടെ അദ്ദേഹം ശ്രമിക്കുന്നു. 

നിരവധി സർക്കാർ ഏജൻസികളും കമ്മ്യൂണിറ്റി സംഘടനകളും കോശിയുടെ സേവനത്തെ അംഗീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ, www.Lendme.com-ൽ കോശി ഒരു പങ്കാളിയാണ്. അദ്ദേഹം ചെന്നൈയിലെ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ന്യൂയോർക്കിലെ ടൂറോ ലോ സ്‌കൂളിൽ നിന്നും നിയമ ബിരുദം നേടിയിട്ടുണ്ട്.


ജൊഹാറത്ത് കുട്ടി - എൻജിനീയറിംഗ്

ജൊഹാറത്ത് കുട്ടി ന്യൂയോർക്ക് പവർ അതോറിറ്റി (NYPA) യിലെ സിസ്റ്റം എഞ്ചിനീയറിംഗിന്റെ സീനിയർ ഡയറക്ടറാണ്. ഇലക്ട്രിക് യൂട്ടിലിറ്റി ഇൻഡസ്ട്രിയിൽ അവർക്ക് 20 വർഷത്തിലേറെ പരിചയമുണ്ട്. പവർ ജനറേഷൻ & ഹൈ വോൾട്ടെജ് ട്രാൻസ്മിഷൻ, സബ്‌സ്റ്റേഷൻ ഡിസൈൻ, ഗ്രിഡ് മോഡേണൈസേഷൻ, പവർ സിസ്റ്റം ഓപ്പറേഷൻ & കൺട്രോൾ, ട്രാൻസ്മിഷൻ ഓപ്പറേഷൻസ് പ്ലാനിംഗ് എന്നിവയിൽ അവരുടെ കരിയർ വ്യാപിച്ചിരിക്കുന്നു.

കൂടാതെ ട്രാൻസ്മിഷൻ വിപുലീകരണ പദ്ധതികളുടെ എല്ലാ മേഖലകളിലും അവർ പങ്കാളിയാണ്. ലോംഗ് ഐലൻഡ് ട്രാൻസ്മിഷൻ വിപുലീകരണ പദ്ധതിക്ക് (പ്രൊപ്പൽ NY എനർജി) 'ചീഫ് എഞ്ചിനീയർ' എന്ന നിലയിൽ സമഗ്ര നേതൃത്വവും സാങ്കേതിക നിർദ്ദേശവും അവർ നൽകുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എൻട്രി ലെവൽ എഞ്ചിനീയർമാർക്കും ഇലക്ട്രിക് എനർജി ഇൻഡസ്ട്രിയിലെ ബിരുദ വിദ്യാർത്ഥികൾക്കും ഒരു മെന്റോർ ആയുള്ള ഒരു റോളും അവർ ഏറ്റെടുത്തിട്ടുണ്ട്.


നന്ദിനി മേനോൻ - എഡ്യൂക്കേഷൻ

ഡോ. നന്ദിനി അമ്പാട്ട് മേനോൻ, Ed.D., ന്യൂജേഴ്‌സിയിലെ സോമർസെറ്റിലുള്ള സീഡർ ഹിൽ പ്രിപ്പറേറ്ററി സ്‌കൂളിന്റെ സ്ഥാപകയും ചീഫ് എഡ്യൂക്കേഷൻ ഓഫീസറുമാണ്. അവരുടെ നേതൃത്വത്തിൽ, സീഡർ ഹിൽ പ്രെപ്പ് ദേശീയ അംഗീകാരം നേടിയെടുത്തു. 2017ലെ  അഭിമാനകരമായ നാഷണൽ ബ്ലൂ റിബൺ അവാർഡ്, 2021ലെ മിഡിൽ സ്റ്റേറ്റ്‌സ് അസോസിയേഷന്റെ അക്രഡിറ്റേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ ഒരു International Baccalaureate World School ആയി മാറാനുള്ള പാതയിലാണ് ഈ സ്‌കൂൾ ഇപ്പോൾ. അക്കാദമിക് മികവിന്റെ തെളിയിക്കപ്പെട്ട റെക്കോർഡോടെ, സീഡർ ഹിൽ പ്രെപ്പ് ബിരുദധാരികൾ രാജ്യത്തുടനീളമുള്ള വളരെ സെലക്ടീവ് ആയ സ്വകാര്യ ഹൈസ്‌കൂളുകളിലും ഉന്നതതല സർവകലാശാലകളിലും പഠിക്കുവാൻ പോകുന്നു.

NJ അക്കാഡമി ഓഫ് സയൻസിന്റെയും ഇന്ത്യൻ അമേരിക്കൻ വനിതാ സംരംഭക അസോസിയേഷന്റെയും ബോർഡിലും, TiE NJ Next Gen-ന്റെ co-chair ന്റെയും TiE Global Nxt Gen-ന്റെ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചുകൊണ്ട് അവർ പൊതു വിദ്യാഭ്യാസത്തിനും സംരംഭക സമൂഹത്തിനും സംഭാവന നൽകുന്നു.


ജയൻ വർഗീസ് - പ്രവാസി മലയാള സാഹിത്യം

പതിനൊന്നാം വയസിൽ ആദ്യ കഥ പ്രസിദ്ധീകരിച്ചുകൊണ്ടാരംഭിച്ച സാഹിത്യ യാത്ര ഇന്നും തുടരുന്ന ജയൻ വർഗീസ് സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി പ്രസിദ്ധീകരിക്കപ്പെട്ട പത്ത് പുസ്തകങ്ങളുടെ രചയിതാവാണ്. അമേരിക്കയിലെയും ബ്രിട്ടനിലെയും ജർമ്മനിയിലെയും മലയാള മാധ്യമങ്ങളിൽ ഇന്നും സജീവ സാന്നിധ്യമാവുന്ന അദ്ദേഹത്തിന്റെ രചനകൾ മാനവികതയുടെയും മതനിരപേക്ഷകതയുടെയും സന്ദേശങ്ങൾ പ്രസരിപ്പിച്ചുകൊണ്ട് ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളയെക്കുറിച്ചുള്ള മനോഹര സ്വപ്‌നങ്ങളുടെ വാങ്മയ ചിത്രങ്ങളാണ്. 

കേരള സംഗീത നാടക അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത്, ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടി, ആൾഇന്ത്യാ റേഡിയോ മുതലായ ഇന്ത്യൻ സ്ഥാപനങ്ങളുടെയും കൈരളി, മലയാള വേദി, ഫൊക്കാന മുതലായ അമേരിക്കൻ സ്ഥാപനങ്ങളുടെയും സാഹിത്യ പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള ജയൻ വർഗീസിന് ലഭിക്കുന്ന പതിനഞ്ചാമത്തെ അവാർഡാണ് കേരളാ സെന്റർ പ്രഖ്യാപിച്ചിട്ടുള്ളത്. 

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ ആദ്യമായി ഒരുവിദേശ യൂണിവേഴ്‌സിറ്റി ഇംഗ്ലീഷിലുംമലയാളത്തിലുമായി പ്രസിദ്ധീകരിച്ച ഏക കൃതിയുടെ രചയിതാവ് എന്ന നിലയിൽ (ജ്യോതിർഗമയ, Towards The Light, published by CUNY/Ctiy Universtiy of New York) ഇതുവരെ ഒരു മലയാളിക്കും കൈവരിക്കാൻകഴിയാത്ത വലിയ അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam