സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തെ ദൗത്യം കഴിഞ്ഞ് മടങ്ങാനൊരുങ്ങുകയാണ്. എന്നാൽ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ മനുഷ്യ ശരീരത്തെ എങ്ങനെയൊക്കെ ബാധിക്കും എന്നറിയാമോ?
സുനിത വില്യംസും ബുച്ച് വിൽമോറും ഇപ്പോഴത്തെ ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശത്ത് ചെലവഴിച്ചത് 288 ദിവസങ്ങളാണ്. അതേസമയം മുൻ ദൗത്യങ്ങളും കൂടി ചേർത്താൽ സുനിത വില്യംസ് 605 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച് കഴിഞ്ഞു. എറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് തുടർച്ചയായി തങ്ങിയ റെക്കോർഡ് 437 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച റഷ്യൻ യാത്രികൻ വലേരി പോളിയാക്കോവിനാണ്. അമേരിക്കൻ വനിത ആസ്ട്രനോട്ട് ക്രിസ്റ്റീന കോച്ച് 328 ദിവസം തുടർച്ചയായി ബഹിരാകാശത്ത് തങ്ങിയിട്ടുണ്ട്. അഞ്ച് വ്യത്യസ്ത ദൗത്യങ്ങളിലായി 1110 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച റഷ്യയുടെ ഒലെഗ് കൊനോനെൻകോയ്ക്കാണ് എറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കോര്‍ഡ് ഉള്ളത്.
എന്നാൽ ഇത്രയും കാലം ബഹിരാകാശത്ത് തങ്ങുമ്പോൾ പലവിധ പ്രശ്നങ്ങളുമുണ്ട്. ഭൂമിയുടെ ഗുരുത്വാകർഷണത്തെ അനുഭവിച്ച് ജീവിക്കാൻ പാകത്തിന് പരിണമിച്ചതാണ് മനുഷ്യ ശരീരം. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് ജീവിക്കുമ്പോൾ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കും. അതിൽ പ്രധാനപ്പെട്ടത് പേശികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ്. ഗുരുത്വാകർഷണമില്ലാത്തിടത്ത് നിവർന്ന് നിൽക്കാനും നടക്കാനുമൊന്നും കാര്യമായി പേശി ബലം വേണ്ടല്ലോ. അപ്പോൾ മൂന്ന് മുതൽ ആറ് മാസം വരെ ബഹിരാകാശത്ത് ചെലവഴിച്ചാൽ ശരീരത്തിലെ മസിൽ മാസ് മുപ്പത് ശതമാനം വരെ നഷ്ടമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം കാലിലെയും കഴുത്തിലെയും പുറത്തെയും പേശികൾക്കാണ് പ്രധാനമായും ബലക്ഷയം സംഭവിക്കുന്നത് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എല്ലുകൾക്കും സമാന രീതിയിൽ ബലക്ഷയം സംഭവിക്കുന്നുണ്ട്. ഒരു പരിധി വരെയെങ്കിലും ഇത് രണ്ടും മറികടക്കാൻ കൃത്യമായ പദ്ധതി നാസയടക്കം ബഹിരാകാശ ഏജൻസികൾ ആവിഷ്കരിച്ചിട്ടുണ്ട്. ബഹിരാകാശത്തേക്ക് പോകുന്നതിനും ഒരു വർഷം മുമ്പ് തന്നെ ഇതിനായി തയ്യാറെടുപ്പുകൾ ആരംഭിക്കും.
അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ എത്തിക്കഴിഞ്ഞാൽ സഞ്ചാരികൾ രണ്ടര മണിക്കൂർ പ്രത്യേക വ്യായാമങ്ങൾ നിർബന്ധമായി ചെയ്തിരിക്കണം. ഇതിനായി ഒരു പ്രത്യേക ജിം തന്നെ നിലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സഞ്ചാരികളുടെ ഭക്ഷണക്രമവും പ്രത്യേകം ചിട്ടപ്പെടുത്തയതാണ്. ഓരോ സഞ്ചാരിക്കും അവരുടെ ശാരീരിക പ്രത്യേകതകൾ അനുസരിച്ച് പ്രത്യേക ഡയറ്റ് സപ്ലിമെന്റുകളും ഉറപ്പാക്കുന്നുണ്ട്. ഗുരുത്വാകർഷണം കുറവായതിനാൽ ശരീര ഭാരം അനുഭവപ്പെടില്ല. ഇത് കാരണം മറ്റൊരു പ്രശ്നം കൂടി സംഭവിക്കും. സഞ്ചാരികളുടെ നട്ടെല്ലിന് നീളം അൽപ്പം കൂടും. ഇത് തിരികെ ഭൂമിയിലെത്തിക്കഴിഞ്ഞ് അൽപ്പ കാലത്തിനുള്ളിൽ പഴയപടിയാകും. എന്നാല്‍, കടുത്ത പുറവേദനയും ഡിസ്ക് പ്രശ്നങ്ങളും ബഹിരാകാശ സഞ്ചാരികൾക്ക് ഭൂമിയിലെത്തിയാൽ അനുഭവിക്കേണ്ടി വരാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്