മയാമി: ഫ്‌ളോറിഡയുടെ സമീപകാല ചരിത്രത്തില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന ഏറ്റവും പ്രായം കൂടിയ തടവുകാരനായ 74 കാരന്‍ ഡെനീസ് സോച്ചറിന്റെ വധശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചു. 1980 കള്‍ മുതല്‍ വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്ന സോച്ചറിനെ സ്റ്റാര്‍ക്കിന് സമീപമുള്ള ഫ്‌ലോറിഡ സ്റ്റേറ്റ് പ്രിസണില്‍ വിഷസൂചി പ്രയോഗിച്ചാണ് വധിക്കുക.
ഒറ്റ മാസത്തിനുള്ളില്‍ ഫ്‌ലോറിഡയില്‍ മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന മൂന്ന് മുതിര്‍ന്ന തടവുകാരില്‍ ഒരാളാണ് ഇയാള്‍. വൈകാതെ തന്നെ 80 വയസ്സുള്ള മറ്റൊരു തടവുകാരന്റെ വധശിക്ഷയും സ്‌റ്റേറ്റില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഫ്‌ലോറിഡയുടെ ചരിത്രത്തില്‍ വധശിക്ഷ ലഭിക്കുന്ന ആദ്യത്തെ എണ്‍പതുകാരനായി ഇയാള്‍ മാറും.
1982 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ ഫോര്‍ട്ട് ലൊഡെര്‍ഡേല്‍ മേഖലയിലെ ബാറില്‍ വെച്ച് പരിചയപ്പെട്ട 18 കാരിയായ പട്രീഷ്യ ഗിഫോര്‍ഡ് എന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന കേസിലാണ് സോച്ചറിന് കോടതി വധശിക്ഷ വിധിച്ചത്. ലൈംഗികമായി വഴങ്ങാന്‍ തയ്യാറാകാതിരുന്ന യുവതിയെ സോച്ചര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വിജനമായ സ്ഥലത്ത് തള്ളുകയുമായിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തി.
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് 1986 ല്‍ മറ്റ് ചില കേസുകളില്‍ ജോര്‍ജിയയില്‍ വെച്ച് അറസ്റ്റിലായ സോച്ചറിനെ ഫ്‌ലോറിഡയ്ക്ക് കൈമാറുകയും, 1987 ല്‍ കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. ചില ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് ഫ്‌ലോറിഡയില്‍ ഡസ്റ്റി റേ സ്‌പെന്‍സര്‍ എന്ന 74-കാരനായ മറ്റൊരു തടവുകാരന്റെ വധശിക്ഷ നടപ്പാക്കിയത്.
അമേരിക്കയില്‍ വധശിക്ഷ കാത്തുകഴിയുന്ന തടവുകാരുടെ ശരാശരി പ്രായം വര്‍ദ്ധിച്ചുവരുന്നതും ഫ്‌ലോറിഡയില്‍ വധശിക്ഷകളുടെ എണ്ണം കുത്തനെ ഉയരുന്നതും രാജ്യത്ത് വലിയ രീതിയിലുള്ള നിയമ-മനുഷ്യാവകാശ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നിലവില്‍ യുഎസിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് നടപ്പാക്കിയ വധശിക്ഷകളേക്കാള്‍ കൂടുതല്‍ ഈ വര്‍ഷം ഫ്‌ലോറിഡയില്‍ മാത്രം നടപ്പിലാക്കിയിട്ടുണ്ട്.
വധശിക്ഷകള്‍ തുടര്‍ച്ചയായി നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച അവസാന നിമിഷ അപ്പീല്‍ നിലവില്‍ യു.എസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
